ആതുര സേവനരംഗത്ത് ഇരകളാക്കപ്പെടുന്നവർ

ഇ.പി അനിൽ
കേരളത്തിലെ ആരോഗ്യ രംഗത്ത് സേവനവും അതുപോലെ കച്ചവട താൽപര്യവും മാറി മാറി പ്രകടമാകുന്ന അവസരങ്ങൾ പൊതുവെ കൂടുതലായിട്ടുണ്ട്. അതു വ്യക്തമാക്കുന്നതാണ് കേരളീയരുടെ ആയുർദൈർഘ്യവും രോഗാതുരതയും (Mortality and Morbidity)തമ്മിലുള്ള അസ്വാഭാവികമായ ബന്ധം. ആരോഗ്യ രംഗത്തെ കച്ചവടം ചികിത്സയുടെ വിവിധ ഘട്ടങ്ങളിലൂടെ രോഗി മാത്രം അനുഭവിക്കുന്ന വിഷയമല്ല. പ്രസ്തുത രംഗത്ത് പണി എടുക്കുന്ന വിവിധ തട്ടിൽ പെട്ടവർ അതിന് ഇരകളാക്കപ്പെടുകയാണ്. ആരോഗ്യരംഗത്തെ കേന്ദ്രബിന്ദു ഭിഷഗ്വരരാണ്. ചികിത്സ എന്ന വളരെ സങ്കീർണ്ണവും അനുകന്പ നിറഞ്ഞതുമായ പ്രക്രിയയിൽ മുന്തിയ പങ്കുവഹിക്കുന്നവർ നേഴ്സുമാരാണ് എന്നത് ഏവർക്കും അറിയാം. എന്നാൽ ആരോഗ്യരംഗത്തെ നിയന്ത്രിക്കുന്ന കച്ചവട താൽപര്യങ്ങൾ നേഴ്സിംഗ് രംഗത്തെ വല്ലാതെ ചൂഷണത്തിനു വിധേയമാക്കുകയാണ്.
രോഗം വരുവാനുള്ള സാധ്യത സ്വാഭാവികമായി ആയുസ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്പോൾ മലയാളികളുടെ അനുഭവം നേരെ മറിച്ചാണ്. ഇങ്ങനെയുള്ള അവിചാരിതമായ അനുഭവങ്ങൾ എന്തുകൊണ്ടാകാം എന്നുള്ള അന്വേഷണം നിരവധി കാരണങ്ങളിലേയ്ക്ക് നമ്മെ എത്തിക്കും. ജീവിത ശൈലീ രോഗങ്ങൾ മുതൽ ഹൃദ്രോഗം, വൃക്കരോഗം അർബുദം വരെ (Breast,Colon, Uterus)യുള്ള കേരളത്തിൽ പക്ഷേ ജനങ്ങൾക്ക് ചികിത്സ ലഭ്യമാക്കുവാൻ കിട്ടുന്ന കൂടുതൽ അവസരങ്ങൾ, അതിനു സഹായകരമായ വിപുലമായ ധർമ്മ ആശുപത്രികൾ, ഉയർന്ന സാക്ഷരത, (വിശിഷ്യ സ്ത്രീ സാക്ഷരത), ഭക്ഷ്യ സുരക്ഷ മുതലായ വിഷയങ്ങൾ അവരുടെ ആയുസ് വർദ്ധിപ്പിച്ചു.
ആരോഗ്യമേഖലയെ സേവന രംഗമായിട്ടാണ് സമൂഹം കരുതി വരുന്നത്. സേവന രംഗത്തെ തൃതീയ മേഖലയായി പരിഗണിക്കുന്നു. മനുഷ്യന് അത്യന്താപേക്ഷിതമായ ഭക്ഷണം ഉത്പാദിപ്പിക്കുന്ന കൃഷിയെ പ്രാഥമിക രംഗമായും (Primary)വ്യവസായത്തെ ദ്വിതീയ രംഗ (Secondary)മായും വിലയിരുത്തുന്നു. കൃഷി ലാഭത്തിനുപരിയായി മനുഷ്യന്റെയും വളർത്തു മൃഗങ്ങളുടെയും ജീവന്റെ നിലനിൽപ്പിന് ആവശ്യമായതിനാൽ ആ രംഗത്തെ സംരക്ഷിക്കുവാൻ സർക്കാർ ബാധ്യസ്ഥമാണ്. വിദ്യഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന രംഗം ഭാവിതലമുറയ്ക്കും മുതിർന്നവർക്കും സുരക്ഷ ഒരുക്കുവാനായി ലക്ഷ്യം വെച്ചു പ്രവർത്തിക്കേണ്ടതുണ്ട്. വ്യവസായത്തിന്റെ കൂടി അനുബന്ധമായ വ്യാപാരത്തിലൂടെ കണ്ടെത്തുന്ന മിച്ചം കാർഷിക സേവന രംഗത്തെ താങ്ങി നിർത്തുമെന്നതാണ് സാമൂഹികമായ രീതി. അതുകൊണ്ട് വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ ചൂഷണങ്ങൾ വളരെ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.
പഴയകാല മലയാള നാട്ടിൽ ആയുർവേദവും പ്രകൃതിചികിത്സയും യുനാനിയും പിന്നീട് ഹോമിയോപ്പതിയും ജനങ്ങളിൽ വലിയ സ്വാധീനം ചെലുത്തി. ആയുർവേദത്തെ സജീവമാക്കിയ ബുദ്ധമതം, അവരുടെ ദേവാലയങ്ങളിൽ ഉണ്ടായിരുന്ന ചികിത്സാ വിധികൾ, അറേബ്യൻ സഞ്ചാരികൾ പരിചയപ്പെടുത്തിയ യുനാനി രീതി, നമ്മുടെ നാട്ടറിവുകൾ, ജർമ്മൻകാർ നമുക്ക് സമ്മാനിച്ച ഹോമിയോപ്പതി എന്നിവ കേരളീയരിൽ ആരോഗ്യത്തെ പറ്റി കൂടുതൽ അവബോധമുണ്ടാക്കുവാൻ സഹായിച്ചു.
തിരുവിതാംകൂറിൽ പത്തൊന്പതാം നൂറ്റാണ്ടിൽ പുറപ്പെട്ട വസൂരി അലോപ്പതി ചികിത്സ പെട്ടെന്നു വ്യാപകമാക്കുവാൻ ഇടനൽകി. അലോപ്പതി ആശുപത്രികൾ മൂലം തിരുനാൾ, ആയില്യം തിരുനാൾ തുടങ്ങിയവരുടെ കാലത്ത് തിരുവിതാംകൂറിന്റെ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ചു.ക്രിസ്ത്യൻ മിഷിനറി പ്രവർത്തകർ ആധുനിക ചികിത്സക്ക് കൂടുതൽ ജനകീയ മുഖം നൽകി. മൊത്തത്തിൽ കേരളീയ ആരോഗ്യരംഗം കൂടുതൽ ജനകീയവൽക്കരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്തു. സർക്കാരിന്റെ ധർമ്മാശുപത്രികൾ വർദ്ധിച്ചു കൊണ്ടിരുന്നു. രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഉള്ള കേരളീയ ഗ്രാമങ്ങൾ മറ്റുള്ളവർക്ക് മാതൃകയായി.
ആരോഗ്യരംഗത്തെ വളർച്ച ആരോഗ്യ വിദ്യാഭ്യാസ രംഗത്തെയും വിപുലമാക്കി. 1990കൾ വരെ കേരളത്തിലെ മെഡിക്കൽ കോളേജുകൾ എല്ലാം സർക്കാർ നിയന്ത്രണത്തിലായിരുന്നു. അവിടെ നിന്നു പഠിച്ചിറങ്ങുന്നവരേക്കാൾ കൂടുതൽ ആളുകൾ ശുശ്രൂഷാ രംഗത്ത് ആവശ്യമായിരുന്നു. കേരളത്തിനു പുറത്ത് ക്രിസ്ത്യൻ മെഷിനറികൾ നടത്തിയ പരിശീലനങ്ങൾ മലയാളികൾക്ക് കൂടുതൽ ലഭ്യമായി. ക്രിസ്ത്യൻ മെഷിനറിമാരുടെ കാരുണ്യ പ്രവർത്തനങ്ങൾ സാധാരണ കർഷക കുടുംബത്തിലെ പെൺകുട്ടികളെ നേഴ്സിംഗ് രംഗത്തേയ്ക്ക് ആകർഷിച്ചു. മാന്യമായ തൊഴിൽ, വേതനം, സേവനം ചെയ്യൽ കാരുണ്യ പ്രവർത്തനമാണെന്ന വിശ്വാസം എല്ലാം പെൺകുട്ടികളെ ആതുര സേവന രംഗത്ത് കൂടുതലായി എത്തിച്ചു. കേരളത്തിന് പുറത്ത് ഇന്ത്യയിലെ വൻ നഗരങ്ങളിൽ അവർക്ക് പ്രത്യേക പരിഗണനകൾ നേടുവാൻ കഴിഞ്ഞു. ആതുരസേവന രംഗം മലയാളികളുടെ കുത്തകയായി മാറി. മിഷനറിമാരുടെ സഹായത്താൽ തന്നെ യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും മലയാളി നേഴ്സന്മാർ പോകുകയും ഏവരുടെയും പ്രശംസ നേടി എടുക്കുന്നതിലും വിജയിച്ചു. പൊതുവെ കാർഷികവൃത്തിയും സാധാരണ സർക്കാർ തൊഴിലും ചെയ്തവരുടെ മക്കൾ വൻകിട രാജ്യങ്ങളിൽ നിന്നും ഡോളർ വരുമാനക്കാരായി. അത്തരത്തിലുള്ള കുടുംബങ്ങൾ സാന്പത്തികമായി മെച്ചപ്പെട്ടു. അവരുടെ ബന്ധുക്കളും അയൽവാസികളും കൂടുതലായി പ്രസ്തുത രംഗത്തേയ്ക്ക് ആകർഷിക്കപ്പെട്ടു. 1970കളിൽ പേർഷ്യൻ, ഗൾഫ് രാജ്യങ്ങളിൽ ഉണ്ടായ സാന്പത്തിക കുതിപ്പ് ആതുര ശുശ്രൂഷാ പഠന രംഗത്തെ സജീവമാക്കി. (1940കൾ മുതൽ നേഴ്സന്മാർ ഗൾഫ് രാജ്യങ്ങളിൽ സേവനം ചെയ്യുന്നുണ്ട്).
1990കൾ വരെ കേരളത്തിൽ അനാരോഗ്യകരമായ എണ്ണത്തിൽ നേഴ്സിംഗ് സ്കൂളുകൾ വർദ്ധിച്ചു. ഇതേ അവസരത്തിൽ അമേരിക്കയിലും യൂറോപ്പിലും ആരോഗ്യരംഗത്തു കൂടി തിരിച്ചടികൾ ഉണ്ടായി. സ്വന്തം നാട്ടിലെ തൊഴിലില്ലായ്മ അവിടുത്തെ കുട്ടികളെ ആശുപത്രി തൊഴിലിലേയ്ക്ക് ആകർഷിച്ചു. ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ, ഫിലിപ്പെൻസ്, ഇൻന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കൂടുതൽ ചെറുപ്പക്കാർ അന്തർദേശീയ തൊഴിൽ രംഗത്തെത്തി. ഇവ എല്ലാം മലയാളികളുടെ േനഴ്സിഗ് രംഗത്തെ മുൻതൂക്കം കുറയ്ക്കുവാൻ ഇട നൽകി.
നേഴ്സിംഗ് രംഗത്തെ തൊഴിൽ സാധ്യതകളിലെ (ഡിമാന്റുകൾക്കുള്ള) തിരിച്ചടികൾ നേഴ്സിംഗ് പഠനത്തിന്റെ താൽപര്യത്തിൽ കുറവു വരുത്തിയില്ല. കച്ചവടം ലാക്കാക്കി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങളും അവരുടെ ഓഫറുകളും കടം വാങ്ങിയ പണം കൊണ്ട് കുട്ടികളെ പഠിപ്പിക്കുവാൻ രക്ഷിതാക്കളെ നിർബന്ധിതമാക്കി. ഡിപ്ലോമാ കോഴ്സുകളും ബിരുദ കോഴ്സുകളും കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് പണി ലഭിച്ചില്ല എങ്കിൽ വിദ്യാഭ്യാസ വായ്പ കുടുംബത്തെ തന്നെ പാപ്പരാക്കുന്ന അവസ്ഥ ഉണ്ടാക്കി.
കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ നിയന്ത്രണങ്ങളില്ലാത്ത സ്ഥാപനങ്ങളുടെ വർദ്ധന, പഠിക്കുവാൻ എത്തുന്നവർ എടുക്കുന്ന വിവിധ വായ്പകൾ 10 ലക്ഷം കുടുംബങ്ങളെയാണ് പാപ്പരാക്കിയത്. ജപ്തികളും ആത്മഹത്യകളും അരങ്ങേറുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ ഇടിമുറികളും പലതരത്തിലുള്ള ചൂഷണങ്ങളും നടക്കുന്നത് ഇന്ന് അത്ഭുതത്തോടെയല്ല ജനങ്ങൾ കേൾക്കുന്നത്.
കേരളത്തിലെ ആരോഗ്യരംഗത്ത് വൻകിട പണക്കാർ വൻ മുതൽ മുടക്കി ആരംഭിച്ച പഠന സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ ചികിത്സയെ വൻ ലാഭം കണ്ടെത്താവുന്ന ഇടങ്ങളാക്കിയിരുന്നു. സർക്കാരിന്റെ സംവിധാനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും തൊഴിലാളി നേതാക്കളെയും നിയന്ത്രിക്കുവാൻ ശേഷിയുള്ള കച്ചവടക്കാരും മത ജാതി മനേജ്മെന്റുകളും പഴയകാലത്തെ ക്ഷേമ സങ്കല്പങ്ങളിൽ വിശ്വസിച്ചിരുന്നവരിൽ നിന്നും വ്യത്യസ്തരാണ്. രോഗികളിൽ നിന്നു പരമാവധി, തൊഴിലെടുക്കുന്നവർക്ക് ഏറ്റവും കുറച്ച് എന്ന നിലയിൽ കച്ചവടം ഉറപ്പിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. കേരളം ഇന്നു നേരിടുന്ന ആരോഗ്യ രംഗത്തെ വെല്ലുവിളികളിൽ പ്രധാനമായ ഒരു വിഷയം ഇതു തന്നെയാണ്.
ആശുപത്രിയുടെ കച്ചവടവൽക്കരണം ഒരേസമയം ചികിത്സാ ചെലവുകൾ വർദ്ധിപ്പിച്ചു. ഒപ്പം ചെലവേറിയ ചികിത്സകൾ (അനവസരത്തിൽ പോലും) നടപ്പിൽ വരുത്തുവാൻ അവസരങ്ങൾ ഒരുങ്ങി. ജനങ്ങളുടെ ഉത്കണ്ഠകളെ ലക്ഷ്യം വെച്ചും പരീക്ഷണങ്ങളുടെ ധാരാളിത്തത്തിലൂടെയും ചികിത്സയെ നല്ല ചൂഷണ ഉപാധിയാക്കിയിട്ടുണ്ട്. ആശുപത്രിയുടെ ആകർഷക മുഖം ഭിഷഗ്വരൻ ആകുന്നു എന്നതും ചികിത്സയുടെ അവസാന വാക്കും രോഗി ഏറ്റവും വിശ്വാസം അർപ്പിക്കുന്നതും ഭിഷഗ്വരൻ ആയതിനാലും മിക്കപ്പോഴും ആശുപത്രി ഉടമകൾ ഭിഷഗ്വരന്റെ സഹായത്താലാണ് ചികിത്സയെ ചൂഷണത്തിന്റെ മറയാക്കുന്നത്. ആശുപത്രി മാനേജ്മെന്റിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്ന ചികിത്സകൻ അങ്ങനെ കച്ചവടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്ന ഘടകമായി മാറുന്നു.
ചികിത്സകൾ തീരുമാനിച്ച ശേഷം എപ്പോഴും രോഗിയെ പരിചരിക്കുന്ന നേഴ്സിംഗ് തൊഴിലാളികൾ തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളികളല്ലാത്തതിനാൽ അവരെ പരമാവധി ചൂഷണം ചെയ്യുവാൻ നടത്തിപ്പുകാർ തയ്യാറാകുന്നു. തൊഴിലാളി സംഘടനകൾ സേവന മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കുവാൻ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന ശുഷ്കാന്തി കാട്ടിവരുന്നില്ല. ഒപ്പം മധ്യവർഗ്ഗ കുടുംബത്തിൽ നിന്നു വരുന്ന പെൺകുട്ടികൾക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള േനഴ്സിംഗ് രംഗത്ത് അവകാശങ്ങൾ സമരം ചെയ്തു നേടുവാൻ ശക്തി ഇല്ലാതിരുന്നത് ചൂഷണത്തെ കൂടുതൽ സാധ്യമാക്കി. സംഘടിക്കുവാൻ ശ്രമിച്ചവരെ ഒറ്റപ്പെടുത്തി പുറത്താക്കുവാൻ ആശുപത്രി ഉടമകൾ (വൻകിട മുതലാളിമാർ, മത നേതാക്കൾ, ആശ്രമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ മുതലായവർ) വിജയിച്ചപ്പോൾ പല ഇടങ്ങളിലും ഉയർന്ന സമരങ്ങൾ ലക്ഷ്യം കണ്ടില്ല.
കേരളത്തിലെ നേഴ്സിംഗ് രംഗത്ത് വളർന്നു വന്ന അസംതൃപ്തി ഒരു പൊട്ടിത്തെറി ആകാതിരിക്കുവാനായി സംസ്ഥാന സർക്കാർ നിയമിച്ച (2012) കമ്മീഷൻ അവതരിപ്പിച്ച നിർദേശങ്ങളുടെ എണ്ണം 50 വരുന്നു. അതിൽ പ്രധാനമായത് വേതനവുമായി ബന്ധപ്പെട്ടതാണ്. ഡോക്ടർ ബലരാമൻ കമ്മീഷൻ മുന്നോട്ടുവെച്ച ശന്പളം അത്രയധികം ആകർഷകമാണെന്നു പറയുവാൻ കഴിയുന്നതല്ല.
നിർദേശങ്ങൾ താഴെ കൊടുക്കുന്നു
ആരോഗ്യരംഗത്തെ മൂന്നര മുതൽ നാലു വർഷത്തെ പഠനം കഴിഞ്ഞെത്തുന്നവരും ചികിത്സയിൽ നിർണ്ണായക പങ്കുവഹിക്കുന്നവരുമായ നേഴ്സുമാർക്ക് എട്ട് മണിക്കൂർ തൊഴിലിന് 430 രൂപ മുതൽ 550 രൂപ വരെ വേതനം കൊടുക്കണമെന്ന ആവശ്യം കേരളം പോലെയുള്ള നാട്ടിൽ ഒട്ടും അധിക വേതനമല്ല. എന്നാൽ ഡോ.ബലരാമൻ കമ്മീഷൻ നിർദേശങ്ങൾ നടപ്പിൽ വരുത്തുന്നതിൽ ആശുപത്രികൾ പിന്നോട്ടു പോയിട്ടും സർക്കാർ ശക്തമായ തിരുമാനങ്ങൾ എടുത്ത് സർക്കാർ, മുതലാളിമാരെ നിയന്ത്രിക്കുവാൻ വിമുഖതകാട്ടി.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ പണി ചെയ്യുന്ന മറ്റു രംഗത്തുള്ളവരും തുച്ഛമായ വേതനമാണ് പറ്റുന്നത്. സേവന മേഖലയായ വിദ്യാലയങ്ങൾ, പണമിടപാടു സ്ഥാപനങ്ങൾ ഒക്കെ അവിടെ പണി ചെയ്യുന്നവരെ വല്ലാതെ ചൂഷണം ചെയ്യുന്നു. സ്വർണ്ണക്കടകൾ, തുണിക്കടകൾ തുടങ്ങി കച്ചവട കേന്ദ്രങ്ങൾ എല്ലാം തന്നെ തൊഴിലാളികളെ (വിശിഷ്യ സ്ത്രീ തൊഴിലാളികളെ) വൻതോതിൽ ചൂഷണത്തിനു വിധേയമാക്കുന്നു. ഇത്തരക്കാരെ സംഘടിപ്പിച്ച് സമരം ചെയ്യുവാൻ മടിച്ചുനിൽക്കുന്ന ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ അവരുടെ ഉത്തരവാദിത്വങ്ങൾ മറക്കുകയാണ് എന്നതാണു വാസ്തവം.
സുപ്രീംകോടതി നിർദേശിച്ച 20,000 വേതനം ഇക്കാലത്ത് പ്രൊഫഷണൽ വിദ്യാഭ്യസം കഴിഞ്ഞു ജോലി ചെയ്യുന്ന നേഴ്സിംഗ് തൊഴിലാളികൾക്ക് തീർത്തും ലഭിക്കേണ്ടതാണ്. നേഴ്സിംഗ് രംഗത്തെ തൊഴിലാളികൾ നടത്തുന്ന സമരം മറ്റ് സംഘിടത മേഖലകൾക്കും കൂടി പ്രചോദനമായി തീരട്ടെ എന്നാശിക്കാം.