ചൂടുകാലത്തെ നീന്തൽ ചിന്തകൾ...

പ്രദീപ് പുറവങ്കര
പ്രവാസ ലോകത്ത് കത്തുന്ന ചൂട് തുടങ്ങിയിരിക്കുന്നു. ഈ പൊള്ളലിലാണ് പ്രവാസികളടക്കമുള്ള ലക്ഷങ്ങൾ അവരുടെ ജീവിത സ്വപ്നങ്ങൾ ഉരുക്കിയെടുക്കുന്നത്. നാട്ടിലെ ചൂട് പോലെയല്ല മണലാര്യണത്തിലെ ചൂട്. ഇവിടെ ശരീരത്തിലെ നിർജ്ജലീകരണം കുറേ കൂടി വേഗത്തിൽ സംഭവിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഇതിന് പ്രതിവിധി ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെയാണ്. പ്രത്യേകിച്ച് ഇന്ന് പലർക്കും ഈ ശീലം ഏറെ കുറഞ്ഞുവരുന്ന സാഹര്യമാണ് ഉളളത്. ചൂട് വളരെ കൂടുന്പോൾ ഇവിടെയുള്ള പലരും ഹിപ്പോപൊട്ടാമസുകളുമാകും. നീന്തൽ കുളത്തിൽ നീന്തിയും മുങ്ങികുളിച്ചും അവർ ചൂടിനെ തണുപ്പിക്കാനും ശ്രമിക്കും. സ്വിമ്മിങ്ങ് പൂളുകളിലെ ഈ നീരാട്ടം പക്ഷെ പലപ്പോഴും വലിയ അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. ബഹ്റൈനിൽ മിക്ക വർഷങ്ങളിലും വേനൽകാലമാകുന്പോൾ വഴുതി കാൽ തെറ്റി വീണ് ജീവൻ തന്നെ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഏറെയുണ്ടായിട്ടുണ്ട്.
വാരാന്ത്യങ്ങളിൽ വിശേഷങ്ങൾ പങ്കിട്ട് പാട്ടും ആട്ടവുമൊക്കെയായി ഒത്തു കൂടാൻ താത്പര്യമുള്ളവരുടെ പ്രിയ ഇടം കൂടിയാണ് സ്വിമ്മിങ്ങ് പൂളിന്റെ പരിസരങ്ങൾ. നാട്ടിൽ പച്ചപായൽ വിരിച്ച കുളങ്ങളിലും, തോടുകളിലും, പുഴകളിലുമൊക്കെ നീന്തി തുടിച്ച ഗൃഹാതുരതയിൽ ഇവിടെ സ്വിമ്മിങ്ങ് പൂളിൽ പലരും നീന്തി നീരാടും. ആരോഗ്യത്തിന് ഏറെ ഗുണകരവുമായ നീന്തൽ പഠിക്കുന്നതും നീന്തുന്നതും തീർത്തും നല്ലതാണെങ്കിലും പലപ്പോഴും അതിര് വിട്ട കളികൾ കാരണം ജീവൻ നഷ്ടപ്പെടുത്തുന്ന സാഹര്യങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്. സ്വിമ്മിങ്ങ് പൂളുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകടങ്ങളിൽ മിക്കവാറും മരണപ്പെടുന്നത് ചെറിയ കുഞ്ഞുങ്ങളോ, പതിനാല് വയസിന് താഴെയുള്ളവരോ ആണെന്ന് കണക്കുകൾ പറയുന്നു. ഭൂരിഭാഗം അപകടങ്ങളിലും പരിക്കുകൾ സംഭവിക്കുന്നത് തലയ്ക്കാണ്. ഇത് കാരണം മരിച്ചില്ലെങ്കിൽ പാതിമരണം സംഭവിക്കുന്ന കേസുകളും ഏറെ.
അവധി കാലമായത് കൊണ്ട് കുട്ടികളെ നിന്തോളജി പഠിക്കാൻ വിടുന്നവരും ഏറെ. കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നത് നല്ല കാര്യമാണെങ്കിലും ട്രെയിനിങ്ങ് ചെയ്യുന്നയാളെ പറ്റി രക്ഷിതാക്കൾ നന്നായി പഠിക്കേണ്ടതുണ്ട്. പ്രവാസലോകത്തെ സ്വിമിങ്ങ് ട്രെയിനർമാരിൽ വലിയൊരു വിഭാഗവും നീന്തൽ വിദഗ്ധരാണെങ്കിലും പാതിപഠിച്ചവരുടെ എണ്ണവും ഏറെയാണ്. പല പരിശീലന കേന്ദ്രങ്ങളും അനധികൃതമായി പ്രവർത്തിക്കുന്നവയാണെന്ന് ഇവിടെയുള്ള മന്ത്രാലയങ്ങൾ തന്നെ പറയുന്നു. പലതും സ്വകാര്യ വ്യക്തികൾ ഹോട്ടലുകളിൽ നിന്നോ ഫാമുടമസ്ഥരിൽ നിന്നോ മണിക്കൂർ കണക്കിൽ വാടകയ്ക്കെടുത്ത് നടത്തുന്നവയാണ്. സുരക്ഷാമാനദണ്ധങ്ങൾ മിക്കതും കാറ്റിൽ പറത്തിയാണ് ഇവരുടെ നീന്തൽ പഠനം നടക്കുന്നത്. വൈകുന്നേരങ്ങളിൽ കൂട്ടുക്കാരൊത്ത് വെള്ളത്തിൽ നീന്താൻ പോകുന്പോൾ അകത്തോട്ടും അൽപ്പം വെള്ളം അകത്താക്കുന്നവരും കുറവല്ല. ഒടുവിൽ ആൽക്കഹോളിന്റെ അമിതമായ ഉപയോഗം കാരണം നീന്താനുള്ള കെൽപ്പിലാതെ മുങ്ങിമരണം വരെയുള്ള അപകടങ്ങൾ ഇവർ വിളിച്ചുവരുത്തുകയും ചെയ്യും.
എന്തായാലും ഇത്തവണയെങ്കിലും സ്വിമിങ്ങ് പൂൾ അപകടങ്ങളുടെ ഒരു വാർത്തയും ഉണ്ടാകാതിരിക്കട്ടെ എന്നാഗ്രഹിച്ച് കൊണ്ട്...