മാലാഖമാർക്ക് വേദനിക്കുന്പോൾ...

പ്രദീപ് പുറവങ്കര
നാട്ടിൽ പനിയാണ്. പനിമരണങ്ങളാണ്. പനിയില്ലാത്ത വീടുകളും കുറവ്. അവിടെ നിന്ന് വരുന്ന വാർത്തകളും ഭയപ്പെടുത്തുന്നു. ആരോഗ്യവും നശിച്ചാൽ പിന്നെന്തിന് എന്നതാണ് ആശങ്ക. മുഖ്യമന്ത്രിയും മന്ത്രിമാരും ഇടയ്ക്കിടെ ഗ്ലൗസിട്ട് തൂന്പായുമായി ഇറങ്ങുന്നതും കൊതുകിനെ തുരുത്തുന്നതും ആവേശകരമായ കാഴ്ച്ചയാണെങ്കിലും ഈ തോന്നൽ കുറഞ്ഞത് നൂറ് ദിവസം മുന്പേ ഉണ്ടാകാമായിരുന്നു എന്നു മാത്രം ചിന്തിച്ചു പോകുന്നു. അതേസമയം ചികിത്സാലായങ്ങളൊക്കെ നിറഞ്ഞു കവിയുകയാണ്. സർക്കാറിന്റെയും, സ്വാകാര്യത്തിന്റെയും ഒരുപോലെ രോഗികളെ കൊണ്ടു നിറയുന്ന ഈ കാലത്ത് കൂനിമേൽ കുരു എന്ന പോലെയാണ് ഒരു സമരവും ഉണ്ടായിരിക്കുന്നത്.
മരുന്നുമണക്കുന്ന, വേദനയുടെ ആർത്തനാദങ്ങൾ മുഴങ്ങുന്ന ആശുപത്രി മുറികളിലെ വെള്ളയുടുപ്പിട്ട മാലാഖമാർ രാവും പകലുമില്ലാതെ ചിരിച്ച മുഖത്തോടെ രോഗികളെ പരിചരിക്കുന്പോൾ ആരും അവരുടെ വിടർന്ന ചിരിക്ക് പിന്നിലെ നൊന്പരകഥകളെ പറ്റി ചോദിക്കാറില്ല എന്നത് വളരെ സത്യമായ കാര്യമാണ്. ആരും മടിക്കുന്ന ജോലി ഏറ്റെടുത്ത് ചെയ്യുന്ന ഇവരുടെ ശന്പള കാര്യം മാത്രം വരുന്പോൾ നമ്മൾ സമൂഹം മുഖം കറുപ്പിക്കും. പക്ഷെ എങ്കിലും ശബ്ദമുയർത്തിയാൽ എന്തെങ്കിലും ലഭിക്കുമെന്ന ആഗ്രഹത്താൽ അവർ സമരം ചെയ്തു തുടങ്ങിയിരിക്കുന്നു. േനഴ്സിങ്ങ് മേഖലയിൽ ബഹുഭൂരിപക്ഷം പേരും വനിതകളാണ്. വീടിന്റെ പ്രാരബ്ധങ്ങൾ ചുമലിലേറ്റുന്നവരാണ് മഹാഭൂരിഭാഗം പേരും. ഇത് കാരണം ഒരിക്കലും ഇവർ സമരം ചെയ്യാൻ തുനിയില്ലെന്ന ധാരണയിലായിരുന്നു മിക്ക കഴുത്തറപ്പൻ ആശുപത്രി മാനേജ്മെന്റുകളും. അവർക്ക് വലിയൊരു തിരിച്ചടിയാണ് ഈ സമരം.
രാവും പകലുമെന്ന് നോക്കാതെ, നേരത്തിന് ഭക്ഷണം പോലും കഴിക്കാതെയാണ് ഇവരിൽ മിക്കവരും ജോലി ചെയ്യുന്നത്. എന്നിട്ടും ജീവിക്കാനാവശ്യമായ വരുമാനം കിട്ടാത്തത് കൊണ്ടാണ് ഇവർ സമരം ചെയ്യാൻ ഇറങ്ങുന്നത്. കൂലി പണിക്ക് പോകുന്നവർക്ക് വരെ ഒരു ദിവസം ആയിരം രൂപ വേതനം ലഭിക്കുന്പോൾ തങ്ങൾക്ക് ലഭിക്കുന്ന ശന്പളത്തെക്കുറിച്ച് പരസ്യമായി പറയാൻ പോലും അവർ മടിക്കുകയാണ്. ലക്ഷങ്ങൾ കൊടുത്ത് ബിഎസ്സി േനഴ്സിങ്ങും ജനറൽ േനഴ്സിങ്ങും പഠിച്ചിറങ്ങുന്നവർ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ പോലുമാകാതെയാണ് സമരമുഖത്തേക്കിറങ്ങുന്നത്. അതുകൊണ്ട് ഈ സമരം ന്യായമാണെന്നതിൽ യാതൊരു സംശയവുമില്ല. അതേസമയം ആ ധീരതയോട് ഐക്യദാർഡ്ഢ്യം പ്രകടിപ്പിക്കുന്പോൾ തന്നെ തെരഞ്ഞെടുത്ത സമയം കുറച്ച് മോശമായി പോയില്ലെ എന്ന സംശയവും മറച്ച് വെയ്ക്കുന്നില്ല. കാറ്റുള്ളപ്പോൾ തൂറ്റുക എന്ന പഴമൊഴിയാണോ പ്രിയ സഹോദരിമാർ മുന്പോട്ട് വെയ്ക്കുന്നതെന്നും തോന്നി പോകുന്നു.