കരുതലെടുക്കേണ്ടത് സമൂഹമാണ്...

കൂക്കാനം റഹ്്മാൻ
കുറച്ചു കാലം മുന്പുവരെ പ്രണയവും ഇഷ്ടവും തുറന്നു പറയാൻ പേടിയായിരുന്നു. നിഷ്‌ക്കളങ്കമായിരുന്നു പ്രണയവും അനുരാഗവുമൊക്കെ. അപൂർവ്വമായിട്ടേ അക്കാലത്ത് ആണും പെണ്ണും പരസ്പരം പരിചയപ്പെടലും, സ്‌നേഹവായ്പ് പ്രകടിപ്പിക്കലും ഉണ്ടായിരുന്നുള്ളു. അക്കാലത്ത് ഇടപഴകാനുള്ള അവസരങ്ങൾ കുറവായതിനാലാവാം വർത്തമാന കാലത്ത് നടക്കും പോലുള്ള പ്രണയ ചാപല്യങ്ങൾ വർദ്ധിച്ചതോതിൽ നടക്കാതിരുന്നത്.
ഇന്ന് പൊതു ഇടങ്ങളിൽ കൗമാരക്കാരായ ആണും പെണ്ണും സൗകര്യമുണ്ടാക്കിയെടുത്ത് സ്വകാര്യസംഭാഷണങ്ങളിൽ ഏർപ്പെടുന്ന കാഴ്ചകൾ എങ്ങും കാണാം. നല്ല സൗഹൃദബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നവരും കൂട്ടത്തിലുണ്ടാവാം. സഹോദര തുല്യമായ മാനസിക അവസ്ഥയോടെ ഇടപഴകുന്നവരുമുണ്ടാകാം. പക്ഷേചിലരുടെ സംഭാഷണം ശ്രദ്ധിച്ചാൽ അവരുടെ ശരീരഭാഷ കണ്ടാൽ കാഴ്ചക്കാർക്ക് തിരിച്ചറിയാൻ കഴിയും പ്രണയക്കുരുക്കിൽ അകപ്പെട്ടവരോ, അകപ്പെടാൻ പോകുന്നവരോ ആണിവരെന്ന്. ഇക്കാലത്ത് പ്രണയവിവാഹങ്ങൾ പെരുകി വരുന്നതായിട്ടാണ് കാണുന്നത്. വീട്ടുകാരുടെ അംഗീകാരം കിട്ടാത്തപ്പോൾ ഒളിച്ചോട്ട വർദ്ധനവും ഉണ്ടായിട്ടുണ്ട്.
നന്മതിന്മകൾ തിരിച്ചറിയാതെ അപകടക്കുഴികളിൽ വീണു പോകുന്നതിൽ ആണിനെയും പെണ്ണിനെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവസരങ്ങളാണ് അനാരോഗ്യകരമായ ഇടപെടലുകളിലേയ്ക്ക് ഇവരെ നയിക്കുന്നത്. കുടുംബപശ്ചാത്തലം, സാമൂഹ്യ ചുറ്റുപാട്, വ്യക്ത്യാധിഷ്ഠിത അമിത ലൈംഗിക അഭിവാഞ്ച, ഇതൊക്കെ പരസ്പരം കൂട്ടു കൂടുന്നതിലേയ്ക്കും, അടുപ്പത്തിലേയ്ക്കും യുവതീയുവാക്കളെ നയിക്കാം. ജ്യേഷ്ഠന്‍ അനുജത്തിയേയും കൂട്ടിവന്നതാണ്. അവളുടെ പ്രണയക്കുരുക്കിനെക്കുറിച്ച് സംസാരിക്കാൻ. ഏഴാം ക്ലാസുകാരി പെൺകുട്ടിയാണവൾ. മൂന്നാമത്തെ പ്രണയമാണ് ഇപ്പോൾ നടക്കുന്നത്. അവളുടെ ഉമ്മയെ ബാപ്പ ഉപേക്ഷിച്ചു പോയതാണ്. ഉമ്മ വീണ്ടും വിവാഹിതയായി. ഉമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യവുമുണ്ട്. ജ്യേഷ്ഠൻ അവരുടെ കൂടെയല്ല താമസം. ഇതാണവളുടെ കുടുംബ പശ്ചാത്തലം.
ഇനി പെൺകുട്ടി പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. ‘എനിക്ക് സ്‌നേഹം കിട്ടണം. എന്നെക്കാൾ അൽപം പ്രായമുള്ള ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ഞങ്ങൾ അടുത്തു. വിവാഹം കഴിക്കാമെന്ന് വാക്കുതന്നു. വീട്ടിലറിയിച്ചപ്പോൾ ഈ ജ്യേഷ്ഠനടക്കം പ്രശ്‌നങ്ങളുണ്ടാക്കി. എനിക്കവനെത്തന്നെ കിട്ടണം. ഞാനതിനൊരു വഴിയുണ്ടാക്കി. ഞങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള ഒരു അന്യമതക്കാരനായ ചെറുപ്പക്കാരനുമായി ലോഹ്യത്തിലായി. ഈ ചെറുപ്പക്കാരനൊപ്പം ജീവിക്കാനാണെനിക്കിഷ്ടം എന്ന് വീട്ടുകാരോട് പറഞ്ഞു. അന്യമതത്തിൽ പെട്ടവന്റെ കൂടെ അയക്കില്ലായെന്ന് വീട്ടുകാർ പറയും, അപ്പോൾ ആദ്യം സ്‌നേഹിച്ച സ്വമതക്കാരനായവന്റെ ഒപ്പം പോകാൻ സമ്മതിക്കും. എന്നിട്ടും അതിന് സമ്മതിച്ചില്ല. ഇപ്പോൾ ജ്യേഷ്ഠന്റെ കൂടെ അവന്റെ സുഹൃത്ത് വീട്ടിലേയ്ക്ക് വരാറുണ്ട്. അവനെമതി എന്നാണ് ഞാൻ ആവശ്യപ്പെടുന്നത്.’ അവൾ പറഞ്ഞ അതേ ഭാഷയിൽ കുറിച്ചതാണിത്. കേവലം 13 വയസ്സുകാരിയായ പെൺകുട്ടിയാണ്. ഒരു കൂസലുമില്ലാതെ ഇങ്ങിനെയൊക്കെ സംസാരിക്കുന്നത്.
ഒരു പ്ലസ്ടുക്കാരി പെൺകുട്ടിയുടെ തുറന്നു പറച്ചിൽ കേട്ടപ്പോൾ അൽപം പ്രയാസം തോന്നി. അവളുടെ കുടുംബ പശ്ചാത്തലവും, അവൾക്കുലഭിച്ച അവസരങ്ങളുമാണ് ഈ തുറന്നു പറച്ചിലിലൂടെ അവൾ അനാവരണം ചെയ്യുന്നത്. ‘എനിക്ക് ആ സാറിനെ ഭയങ്കര ഇഷ്ടമാണ്. അദ്ദേഹം എടുക്കുന്ന വിഷയവും നല്ല ഇഷ്ടമാണ്. അദ്ദേഹത്തെ ഒരു ദിവസം പോലും കാണാതിരിക്കാൻ എനിക്കു പറ്റില്ല. എന്റെ കൂട്ടുകാരൊക്കെ എന്നെ വിലക്കുന്നുണ്ട്. ആ സാറിന് ഭാര്യയും മക്കളുമുണ്ട്. എന്നേക്കാൾ ഒരു പാട് പ്രായം ഉണ്ട് എന്നൊക്കെ അവർ പറയും. ആ സാറ് ബൈക്കിൽ വരുന്നത് ഞാൻ നോക്കിയിരിക്കും. അടുത്ത് ചെന്ന് ഗുഡ് മോർണിംഗ് പറയും. സമയം കിട്ടുന്പോഴൊക്കെ സ്റ്റാഫ് റൂമിന്റെ സമീപത്തു കൂടി നടന്ന് അദ്ദേഹത്തെ നോക്കും.
എന്റെ നോട്ടുബുക്കുകളിലെല്ലാം അദ്ദേഹത്തിന്റെ പേർ എന്റെ പേരിനൊപ്പം എഴുതിവെച്ചിട്ടുണ്ട്. വീടിന്റെ ചുമരിലും എഴുതിയിട്ടുണ്ട്.’ ഈ പെൺകുട്ടിയുടെ തുറന്നു പറച്ചിൽ കേട്ടപ്പോൾ അവളുടെ അമ്മയെ കാണാൻ തോന്നി. അവരെ കണ്ടു സംസാരിച്ചു. അവരും പ്രയാസങ്ങളുടെ തീ ചൂളയിലാണ്. ഭർത്താവ് കേന്ദ്രസർക്കാർ സർവ്വീസിൽ ഉയർന്ന ഉദ്യോഗസ്ഥനാണ്. ഇവരുടെ അകന്ന ബന്ധത്തിൽപ്പെട്ട വ്യക്തിയുമാണ്. വിവാഹം കഴിഞ്ഞന്നുമുതൽ അദ്ദേഹത്തിന്റെ ‘സ്വഭാവ ഗുണങ്ങൾ‘ അനുഭവിക്കാൻ തുടങ്ങി.
ഞാൻ ദാരിദ്ര്യത്തിലാണ് പഠിച്ചതും വളർന്നതും. വീട്ടിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥ. എങ്ങിനെയോ രണ്ട് കുട്ടികളുണ്ടായി. ആദ്യത്തേത് പെൺകുട്ടി രണ്ടാമത്തേത് ആൺകുട്ടി. അദ്ദേഹം ഒരു സ്ത്രീലന്പടനാണ്. കുറച്ച് ആരോഗ്യവും സൗന്ദര്യവും ഉള്ള സ്ത്രീകളെക്കണ്ടാൽ പിറകെ കൂടും. മൂന്ന് സ്ത്രീ പീഡനകേസുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്നുതവണയും സസ്‌പെൻഷനിലായിരുന്നു.
അവസാനമായി ലിഫ്റ്റിൽ അദ്ദേഹത്തോടൊപ്പം കയറിയ പെൺകുട്ടിയെ അതിനകത്തുനിന്നും കയറിപ്പിടിച്ചു എന്നതാണ് അവസാനത്തെ കേസ്. പത്രങ്ങളിലും റേഡിയോയിലും, ടിവിയിലും ഒക്കെ വാർത്ത വന്നു. അയാളെ ജയിലിലടച്ചു. ഇപ്പോൾ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. അയാൾ ഇപ്പോൾ സ്വസ്ഥമായി വീട്ടിലിരിക്കുന്നു. ഞാനും മക്കളും എന്റെ അമ്മയുടെ കൈവശമുള്ള സ്ഥലത്തുള്ള ഈ വീട്ടിലും. ഈ വീടും പറന്പും അടുത്തു തന്നെ ജപ്തി ചെയ്തുകൊണ്ടുപോകും. ഇത് പണയം വെച്ച് ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുണ്ട്. അതിന്റെ പലിശ കൂടി കൂടി വരുന്നു. ഇനി തിരിച്ചെടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. വീടും കുടിയുമില്ലാത്ത അവസ്ഥയിലാകും ഞാനും മക്കളും. ചെറിയ ആൺകുട്ടിയെ ഒന്നാം ക്ലാസിൽ ചേർത്തിട്ടുണ്ട്. അവന് മാനസിക അസ്വസ്ഥ്യമുണ്ട്.
ജീവിതം വഴിമുട്ടി നിൽക്കുന്നു. ഞാൻ തെറ്റിലേയ്ക്ക് വഴുതിപ്പോവാൻ ഇടവരും. ജീവിക്കേണ്ടെ? മകളുടെ കാര്യം സൂചിപ്പിച്ചപ്പോൾ ആ അമ്മ പറഞ്ഞത്. ‘അവൾ ആരുടെയെങ്കിലും കൂടെ ഇറങ്ങി പോകട്ടെ. എനിക്കു സംരക്ഷിക്കാൻ പറ്റില്ല.’ കൂടെ താമസിക്കുന്ന അമ്മമ്മയുടെ സ്വഭാവവും അപകടകരമാണ്. അവർ രാവിലെ എഴുന്നേറ്റ് എങ്ങോട്ടെന്നില്ലാതെ പോകും. കുളിച്ച് കണ്‍മഷിയിട്ട്, ലിപ്സ്റ്റിക്ക് പുരട്ടി, നെയിൽ പോളിഷ് ചെയ്തിട്ടേ പുറത്തിറങ്ങു. വയസ്സ് അറുപതിനോടടുത്താവും. ആളുകൾ അതുമിതും പറയുന്നുണ്ട്. നോക്കൂ. ആ പെൺകുട്ടി അങ്ങിനെ പ്രവർത്തിക്കാൻ ഇടവന്ന സാഹചര്യങ്ങൾ ഇതൊക്കെയാണ്. സമൂഹം ഇത്തരം കുടുംബസാഹചര്യമുള്ളവരെ കരുതലോടെ കാക്കാൻ ശ്രമിക്കണം. അത് സമൂഹത്തിന്റെ ബാധ്യതയായി ഏറ്റെടുക്കണം. അല്ലാതെ കുറ്റപ്പെടുത്തിയതുകൊണ്ടോ, ഒറ്റപ്പെടുത്തിയതുകൊണ്ടോ പ്രശ്‌നം പരിഹരിക്കപ്പെടില്ല.