വേണ്ടത് സാമാന്യ ബോധം
                                                            കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതും ചർച്ച ചെയുന്നതും ഒരു മകൻ നഷ്ടപ്പെട്ട അമ്മയുടെയും കുടുംബത്തിന്റെയും ദുരിതപർവമാണ്. തങ്ങൾ ചെയുന്നതിനെ ന്യായീകരിക്കാൻ സർക്കാരാണെങ്കിൽ പത്രപരസ്യങ്ങളും നൽകിയിരിക്കുന്നു. ഇത്തരം ഘടങ്ങളിലാണ് സാമാന്യ ബോധം എന്ന വാക്കിന്റെ വില മനസിലാകുന്നത്. ജിഷ്ണു പ്രണോയി എന്ന മകൻ നഷ്ടപ്പെട്ട വേദന ഒരു സമൂഹത്തിന്റെ മുന്പിൽ ദിവസങ്ങളായി വിളിച്ചു പറയുന്ന ഒരമ്മയാണ് മഹിജ. സ്വാശ്രയ വിദ്യാഭ്യാസ മേഖല നേരിടുന്ന പല പ്രശ്നങ്ങളും ഈ ഒരു വിദ്യാർത്ഥിയുടെ മരണത്തോടെ പൊതു സമൂഹം ചർച്ച ചെയ്യുന്നതിനും കാരണമായി തീർന്നു. ഇതിനെ കേവലമൊരു വിദ്യാർത്ഥി മരണമായി കാണാൻ സാധിക്കില്ലെന്ന സാമാന്യ ബോധമെങ്കിലും ഭരണാധികാരികൾ കാണിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നം ഇത്തരത്തിൽ വഷളാവുകയില്ലായിരുന്നു.
താൻ വിശ്വസിക്കുന്ന ഒരാദർശവും പ്രസ്ഥാനവും, അതിന്റെ നേതാക്കളും തന്റെ പരാതി കേൾക്കുമെന്ന വിശ്വാസം കാരണം തന്നെയാണ് മഹിജയെന്ന ആ അമ്മയും കുടുംബവും വടകരയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വണ്ടി കയറിയത്. അല്ലാതെ പോലീസുകാരുടെയും മാധ്യമ പ്രവർത്തകരുടെയും മുന്പിൽ നാടകം കളിക്കാനാണെന്ന് മഹാ ഭൂരിഭാഗം പേരും വിശ്വസിക്കില്ല. ഇത്രയും അധികം ചർച്ച ചെയ്യപ്പെട്ട ഒരു സംഭവത്തിലെ ആവലാതിക്കാർ തങ്ങളെ കാണാനും സങ്കടം ബോധിപ്പിക്കാനും വരുന്പോൾ ഏറ്റവും കുറഞ്ഞത് എല്ലാം ശരിയാക്കാം എന്ന ആശ്വാസ വാക്കെങ്കിലും പറയാൻ പോലീസ് ഉദ്യോഗസ്ഥരോ, ഭരണാധികാരികളെങ്കിലും സാമാന്യ ബോധം കാണിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കാണുന്നതൊന്നും കാണേണ്ടി വരില്ലായിരുന്നു.
ഇനിയെങ്കിലും പ്രിയപ്പെട്ട മുഖ്യമന്ത്രിയും ഭരണത്തിൽ ഇരിക്കുന്നവരും തിരിച്ചു കൊണ്ടുവരേണ്ടത് ഈ സാമാന്യ ബോധമാണ്. സന്പന്നരായ വ്യവസായികൾക്കൊപ്പം  ആവശ്യത്തിലധികം സമയം ചിലവഴിക്കാനും അവരുടെ കാര്യങ്ങൾ നടത്തി കൊടുക്കാനും കാണിക്കുന്ന ഉത്സാഹത്തിന്റെ പകുതിയെങ്കിലും പൊരിവെയിലത്ത് ക്യൂ നിന്ന് വോട്ട് ചെയ്ത് വിജയിപ്പിച്ച പാവങ്ങളുടെ പരാതികൾ കേൾക്കാനും  കാണിക്കുമെന്ന പ്രതീക്ഷയോടെ...
												
										