ആരാണ് ഭീകരൻ...


പത്ത് വർഷം മുന്പ് അമേരിക്കയിലെ പെൻസിൽവാനിയിൽ വെച്ച് പ്രസിദ്ധീകരിക്കുന്ന ദ പീറ്റ്ബർഗ് പോസ്റ്റ് ഗസറ്റ് എന്ന പത്രത്തിന്റെ എഡിറ്റോറിയൽ കോളത്തിൽ റോബ് റോജേർസ് എന്ന കാർട്ടൂണിസ്റ്റ് വരച്ച ലോകപ്രശസ്തമായ ഒരു കാർട്ടൂൺ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഒരു ചെറിയ കുട്ടി അച്ഛന്റെ മടിയിലിരുന്ന് ടെലിവിഷനിൽ ഹിരോഷിമ ദുരന്തത്തിന്റെ അറുപതാം വാർഷികത്തിന്റെ ഓർമ്മകുറിപ്പ് കാണുന്പോൾ ചോദിക്കുന്ന ഒരുചോദ്യമാണ് കാർട്ടൂണിന്റെ വിഷയം. ഏത് ഭീകരന്മാരുടെ ഗ്രൂപ്പാണ് ഈ കൊടുംകൃത്യം ചെയ്തതെന്നാണ് കുട്ടി ചോദിക്കുന്നത്. ഈ ഒരു ചോദ്യത്തിന് ദിനം പ്രതി പ്രസക്തി കൂടി വരുന്നു എന്നാണ് ഹിരോഷിമയുടെ ഓർമ്മകൾക്ക് എഴുപത് വയസാകുന്പോഴും തോന്നുന്നത്.

ഇന്ന് ലോകം ഏറ്റവുമധികം സംസാരിക്കുന്നത് ചില വാക്കുകളെ ചുറ്റിപറ്റിയാണ്.അതിൽ മതമുണ്ട്, രാഷ്ട്രീയമുണ്ട്, വർണ്ണവിവേചനമുണ്ട്. എന്നാൽ ഏറ്റവുമധികം ഭയത്തോടെ നമ്മൾ സംസാരിക്കുന്നത് ഭീകരവാദത്തെ പറ്റിയും തീവ്രവാദത്തെ
പറ്റിയുമാണ്. എപ്പോഴും എവിടെയും എന്തും സംഭവിക്കാം എന്ന തരത്തിൽ ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഒരു ദുരവസ്ഥയിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലെയും ജനങ്ങൾ വളരെ ആശങ്കയോടെ ഓരോ ദിവസവും തള്ളിനീക്കുന്നു. ആരാണ് ഈ
തീവ്രവാദികളെ സൃഷ്ടിച്ചത് എന്ന ചോദ്യം വരുന്പോൾ അവിടെ ഉത്തരമായി കടന്നുവരുന്നത് മുകളിലെ കുട്ടി ചോദിച്ച അതേ ഉത്തരം തന്നെയാണ്.

തങ്ങളാണ് ഈ ലോകത്തിന്റെ പരമാധികാരികളെന്ന രീതിയിൽ അമേരിക്കയെന്ന രാജ്യം എത്രയോ വർഷങ്ങളായി ഈ ലോകത്തിന്റെ പോലീസ് ചമയുന്നു, ഒപ്പം കൂടുതൽ ഭീകരരെmഅതിന്റെ മറവിൽ വാർത്തെടുക്കുന്നു. സമീപകാലത്ത് ഈ ഭീകരത അനുഭവിച്ച്mതുടങ്ങിയത് ഇറാഖ് അധിനിവേശവുമായി ബന്ധപ്പെട്ടാണ്. സദാം ഹുസൈനെ വധിച്ച് ഒരു ദശാബ്ദം കഴിഞ്ഞിട്ടും ആ രാജ്യത്ത് നിന്ന് പൂർണ്ണമായി ഇറങ്ങിപോകാൻ അമേരിക്ക ഇപ്പോഴും തയ്യാറായിട്ടില്ല. യഥാർത്ഥത്തിൽ പശ്ചിമേഷ്യയിലും
വടക്കൻ ആഫ്രിക്കയിലും ഭീകരവാദത്തിനെതിരെ രണ്ട് ദശാബ്ദങ്ങളായി ഇവർ നടത്തിവരുന്നു എന്നവകാശപ്പെടുന്ന പോരാട്ടം ഭീകരവാദത്തിനെ തളർത്തുന്നതിന് പകരം വളർത്തുകയാണ് ചെയ്യുന്നത്. സദാം ഹുസൈനെ നേരിടാൻ അമേരിക്ക തന്നെ പരിശീലനം നൽകിയവരാണ് ഇന്നത്തെ ഐ.എസ് ഭീകരവാദികൾ. ഇറാഖിന് ശേഷം, ടുണീഷ്യ, ഈജിപ്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലും അസമാധാനത്തിന്റെ വിത്തുകൾ അമേരിക്ക തന്നെ പാകി. ഇന്ന് ആ വിത്തുകൾ മുളച്ച് വലുതായിരിക്കുന്നു. അവ സമീപ പ്രദേശങ്ങളിൽ പോലും ഭീകരതയുടെ വേരുകൾ ആഴ്ത്തിയിരിക്കുന്നു. ഇതിനിടയിൽ കുളം കലക്കി മീൻ പിടിക്കുകയെന്ന ദുർബുദ്ധിയുമായി മേഖലയിലാകെ അസ്വാരസ്യം പടർത്തിവിടുകയാണ് അമേരിക്ക ഇന്ന് ചെയ്യുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഐ.എസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്ത് എന്ന വാർത്ത പടരുന്പോൾ അത് സൃഷ്ടിക്കുന്ന ആശങ്ക ഏറെയാണ്.

ഇനിയുള്ള നാളുകളിൽ അമേരിക്കയുടെ ലക്ഷ്യം പ്രധാനമായും രണ്ട് രാജ്യങ്ങളാണ്.സൗദി അറേബ്യയും, ഇറാനും. ലോകത്തിന്റെ എണ്ണ ഉൽപ്പാദന രാജ്യങ്ങളിൽ പ്രഥമസ്ഥാനങ്ങൾ വഹിക്കുന്ന ഈ രാജ്യങ്ങളെ പരസ്പരം പോരടിപ്പിച്ച് ചോരകുടിക്കാനൊരുങ്ങുന്ന ചെന്നായയുടെ രൂപമാണ് ഇപ്പോൾ ലോകപോലീസിനുള്ളത്. കഴിഞ്‍ഞ ദിവസം സൗദി അറേബ്യയിലുണ്ടായ സ്ഫോടനം സൂചിപ്പിക്കുന്നത് മേഖലയിൽ കൂടുതൽ അക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് തന്നെയാണ്. തങ്ങളുടെ യുദ്ധവിമാനം ഇടിച്ചിറക്കാനുള്ള ചിന്തയോടെ ലോകപോലീസ് സ്വസ്ഥതയോടെ മുന്പോട്ട് പോകുന്ന ഓരോ രാജ്യത്തിലേയ്ക്കും കടന്നുവരുന്പോൾ മനുഷ്യസ്നേഹികൾ തീർച്ചയായും ആശങ്കപ്പെടും. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും വളരെ മുന്പെ ആലോചിച്ച് നടപ്പിലാക്കുന്ന നിഗൂഢമായ പ്രവർത്തനങ്ങളുടെ ഇരകളാണ് ഇന്ന് തീവ്രവാദികളായി പിടിക്കപെടുന്നവരിൽ ഭൂരിപക്ഷവും എന്ന് തിരിച്ചറിയാത്തതോ, തിരിച്ചറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത സാഹയവസ്ഥയോ തന്നെയാണ് ഇന്നത്തെ ലോകത്തിന്റെ യഥാർത്ഥ പരാജയം!!

You might also like

  • Lulu Exchange
  • Straight Forward

Most Viewed