ക്വിറ്റ് ഇന്ത്യ ഓർമ്മിപ്പിക്കുന്നത്...
കഴിഞ്ഞ ദിവസം മൂന്നാറിന്റെ ഹരിത ഭംഗി ആസ്വദിക്കാൻ ഒരു യാത്ര പോയപ്പോൾ വഴിനീളെ കാണാൻ സാധിച്ചത് മുകളിൽ കാണുന്നത്പോ ലെയുള്ള ബോർഡുകൾ ആയിരുന്നു. ഇവിടെ നിന്ന് ഉത്്പ്പാദിപ്പിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങൾ ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ ചിത്രം ഈ ബോർഡുകളിൽ പതിപ്പിച്ചു സ്നേഹത്തോടെ നന്ദി പറയുകയാണ് ഇവിടെ ഉള്ളവർ. പ്രവസികളായ എത്രയോ ലക്ഷം ആളുകൾക്ക് ജോലിയും ജീവിതവും നൽകി സംരക്ഷിക്കുന്ന ആ ഭരണാധികാരികളുടെ ചിത്രം മൂന്നാറിലേയ്ക്കുള്ള ഹെയർപിൻ വളവുകളിലും ഇടുങ്ങിയ റോഡുകളുടെ വശങ്ങളിലും കണ്ടത് എന്റെ പ്രവാസ മനസ്സിലും സന്തോഷം നൽകി.
മൂന്നാറിൽ എത്തി അവിടെയുള്ള ഡി.ടി.പി.സി സെന്ററിൽ ചെന്ന് സന്ദർശിക്കേണ്ട സ്ഥലങ്ങൾ അന്വേഷിക്കുന്പോൾ തൊട്ടു പുറകിൽ സൗദി അറേബ്യയിൽ നിന്നുള്ള വലിയൊരു കുടുംബം. അവരും മൂന്നാർ കാണാൻ വന്നതാണ്. നല്ല ഇംഗ്ലീഷ് സംസാരിക്കുന്ന അവർ രണ്ടാഴ്ചയായി കേരളത്തിലെ പല സ്ഥലങ്ങളും കണ്ടു വരികയാണ്. മരുഭൂമിയിലെ ചൂടിൽ നിന്ന് രക്ഷ തേടി എത്തിയതാണവർ. വൈകുന്നേരം
അവിടെ നിന്ന് തിരിച്ചു വരുന്നത് വരെ മൂന്നാറിലെ പല സ്ഥലങ്ങളിലും ഇത് പോലെ ധാരാളം അറബ് വംശജരെ കാണാൻ സാധിച്ചു.
ഭാരതവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. ജീവിതത്തിന്റെ പല മേഖലകളിലും ഈ സമൂഹവുമായി നമുക്കുള്ള സാമ്യതകൾ ഏറെയുള്ളത് തന്നെയാണ് ഈ സഹോദര ഭാവത്തിന്റെ പ്രധാന കാരണം. ആധുനിക ലോകത്ത് ഈ രാജ്യങ്ങൾ ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിലെ എത്രയോ പേർക്ക് നല്ല ജീവിതം നൽകാൻ സഹായിച്ചു. കോളനിവൽക്കരണത്തിന്റെ വേദനകൾ നമ്മളെ പോലെ തന്നെ പങ്കു വെച്ച ജനതയായിരുന്നു അറബ് രാജ്യങ്ങളും. എന്നാൽ ആ ഓർമ്മകളെ തങ്ങളുടെ കർമ്മ വീഥിയിൽ ഇന്ധനം ആക്കി ആ രാജ്യങ്ങൾ മുന്നേറി. സന്പത്തിന്റെ നെറുകയിൽ അവർ എത്തിയത് വിശാലമായ വീക്ഷണവും സഹകരണ മനോഭാവവും കൊണ്ടാണ്.
എന്നാൽ ഇന്ന് പതിയെ ഈ രാജ്യങ്ങളുടെ സ്വസ്ഥത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. കോളനിവൽക്കരണത്തിന്റെ നശിച്ച ആ ദിനങ്ങൾ ഈ മേഖലകളിൽ തിരിച്ചു വരികയാണോ എന്ന സംശയം ആരിലും ഉയർന്നു വന്നിരിക്കുന്നു. മുന്പ് ബ്രിട്ടീഷുകാർ ആയിരുന്നുവെങ്കിൽ ഇന്ന് അമേരിക്കക്കാർ എന്ന വ്യത്യാസം മാത്രം. ആയുധ കച്ചവടക്കാർ വട്ടമിട്ട് പറക്കുന്പോൾ സ്വാഭാവികമായും തങ്ങളുടെ സന്പത്തിൽ ഏറ്റകുറച്ചിൽ ഉണ്ടാകുമെന്ന ഭീതിയിൽ ആണ് വലിയൊരു വിഭാഗം ജനത. അങ്ങനെ വന്നാൽ അധിക ബാധ്യതയുടെ ബലിയാടുകൾ ആയി ഇവിടെ ജീവിക്കുന്ന പ്രവാസികൾ മാറേണ്ടി വരുമോ എന്നത് മറ്റൊരു പ്രധാനപ്പെട്ട ആശങ്കയാണ്. വർഷങ്ങളായി തങ്ങൾക്കു ലഭിക്കുന്ന സബ്സിഡികൾ ഇല്ലാതാകുന്പോൾ, ദുബൈ പോലെയുള്ള വലിയ രാജ്യത്ത് ഇന്ധനത്തിന് വില ഇരട്ടിയാകുന്പോൾ, വരുമാനത്തിന് മുകളിൽ ടാക്സ്വ രുമെന്ന് വാർത്ത പരക്കുന്പോൾ നെഞ്ചിടിപ്പ് കൂടുന്നത് സാധാരണക്കാരുടേതാണ്.
ഇന്ന് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 73ാം വാർഷികമാണ്. ഐശ്വര്യവും സമാധാനവും കളിയാടുന്ന അറബ് മേഖലയിൽ നിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്ന അസ്വസ്ഥതയുടെ കാർമേഘം ഒഴിഞ്ഞു പോകണമെങ്കിൽ ലോക ജനത ആയുധ വിൽപ്പന നടത്തുന്നവരോട് ഉയർത്തേണ്ട മുദ്രവാക്യം ഗാന്ധിജി പറഞ്ഞു തന്ന അതേ മുദ്രാവാക്യം തന്നെയാണ്. ക്വിറ്റ് അറേബ്യ... !!!



