വികസനത്തെയും കാത്ത്...
ഒടുവിൽ കേരളത്തിലെ റോഡ് വികസനത്തിന് വേണ്ടി സംസ്ഥാന സർക്കാരും, കേന്ദ്ര സർക്കാരും കൈകോർക്കാൻ തീരുമാനിച്ചിരിക്കുന്നു. ദേശീയപാത നാല് വരിയാക്കുന്നതിന് വേണ്ടി സ്ഥലം ഏറ്റെടുത്ത് നൽകാൻ കേരള സർക്കാരും, അങ്ങിനെയെങ്കിൽ 25,000 കോടി രൂപയുടെ വിസകന പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര സർക്കാരും തയ്യാറായി എന്ന സന്തോഷ വർത്തമാനമാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. വികസനത്തിലേയ്ക്ക് ഓടിയെത്താൻ നല്ല റോഡുകൾ നമ്മെ സഹായിക്കും എന്നതിന് രണ്ടഭിപ്രായം ഉണ്ടാകേണ്ട കാര്യമില്ല. കേരളം മുഴുവനും ഓടിയെത്താൻ സുഗമമായ ഒരു ഗതാഗത സംവിധാനം വേണമെന്ന ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. കുറേ നഗരങ്ങൾ അടുപ്പിച്ച് കിടക്കുന്ന വലിയൊരു നഗരമാണ് കേരളമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇവ തമ്മിലുള്ള അകലം കുറയ്ക്കാൻ സാധിച്ചാൽ അത് കേരളത്തിലെ ജനങ്ങളെ ഏറ്റവും സഹായിക്കുന്ന നടപടിയായി മാറും.
ഇന്നലെ മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർ കേന്ദ്ര ഗതാഗത മന്ത്രിയെ കണ്ടപ്പോൾ എടുത്ത പ്രധാന തീരുമാനങ്ങളിൽ ചിലത് ഇതാണ്. 1) കണ്ണൂർ വിമാനത്താവളത്തിലേയ്ക്കുള്ള കണ്ണൂർ മട്ടന്നൂർ റോഡ് ദേശീയ പാതയായി വികസിപ്പിക്കും. 2). വിഴിഞ്ഞം തുറമുഖത്തെ ദേശീയപാത 47ലെ തിരുവനന്തപുരം ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന റോഡും ദേശീയപാതയാക്കും. 3)600 കിലോമീറ്റർ മലയോര ഹൈവേ പദ്ധതി കേന്ദ്രം ഏറ്റെടുക്കും. 4) എറണാകുളം വല്ലാർപാടം കോഴിക്കോട് തീരദേശ പാത സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. 5) റോഡ് വികസനം നടക്കുന്പോൾ ആരാധനാലയങ്ങൾ, സാംസ്കാരിക പ്രധാന്യമുള്ള പ്രദേശങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുള്ള സ്ഥലങ്ങളിൽ ബദൽ മാർഗങ്ങൾ ആരായും. ഈ നിർദ്ദേശങ്ങളും, തീരുമാനങ്ങളും നടപ്പിലായാൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നുറപ്പാണ്. പക്ഷെ നടക്കുമോ എന്നതാണ് ചിന്തിക്കേണ്ട കാര്യം.
ഉദാഹരണത്തിന് പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി മുതൽ തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി വരെയുള്ള ഭാഗത്ത് ആറുവരി പാതയുടെ പണി തുടങ്ങിയിട്ട് ഏകദേശം പത്ത് വർഷമാകുന്നു. കുറേ വീടുകളും, കെട്ടിടങ്ങളും ഇരുവശത്തും പകുതി പൊളിച്ച് മാറ്റിയ നിലയിൽ കാണാമെന്നാല്ലാതെ ഇന്നും ആ ജോലി പൂർത്തിയായിട്ടില്ല. സ്ഥലം നഷ്ടമായ കുറേപേരുടെ ആത്മഹത്യകളടക്കം, എത്രയോ ജനങ്ങളുടെ കണ്ണുനീര് മാത്രമാണ് ഇപ്പോഴും ഇവിടെ ബാക്കി. ജനസാന്ദ്രത ഏറെയുള്ള കേരളം പോലെയൊരു സ്ഥലത്ത് സ്ഥലലഭ്യത തന്നെയാണ് റോഡ് വികസനം നടത്താൻ പറ്റാത്തതിന്റെ പ്രധാന കാരണം. ഭൂമിക്ക് മറ്റ് സംസ്ഥാനങ്ങളെക്കാൾ ഇരട്ടി വിലയാണ് നമ്മുടെ നാട്ടിൽ ഉള്ളത്. അതേസമയം പരന്പരകളായി ഒരു ഭൂമിയിൽ തന്നെ വീടും കെട്ടി താമസിച്ചു വരുന്നവർക്ക് പെട്ടെന്നൊരു ദിവസം ഈ വഴിയിലൂടെ വികസനം വരുന്നു എന്ന് പറഞ്ഞ് ഒഴിഞ്ഞു കൊടുക്കാൻ പറ്റണമെന്നില്ല. അവരുടെ അവലാതികൾ കേൾക്കാനും സർക്കാർ ശ്രമിക്കണം. ഇവിടെ വികസനം വരേണ്ടതിന്റെ ആവശ്യകത ജനങ്ങളെ മനസ്സിലാക്കുകയും, ഭൂമി നഷ്ടപ്പെടുന്നവരുടെ ജീവിത സാഹചര്യങ്ങൾ പഠിച്ച് അവർക്ക് ഏറ്റവും അർഹമായ തുക നഷ്ടപരിഹാരമായി നൽകാനും, പുനരധിവാസ പാക്കേജ് ആവശ്യമുണ്ടെങ്കിൽ അത് നൽകിയും വേണം ഓരോ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കാൻ.
ഓരോ തവണയും റോഡ് വികസനത്തെ പറ്റി വാർത്തകൾ നിറയുന്പോൾ നമ്മുടെ നാട്ടിൽ സജീവമാകുന്ന ഒരു വിഭാഗമാണ് റിയൽ എേസ്റ്ററ്റ് മേഖല. റോഡ് വന്നാൽ പിന്നെ സ്ഥലത്തിന് പൊന്നിൻ വിലയാണെന്ന് പറഞ്ഞ് ഓണം കേറാമൂലകൾ പോലും എത്രയോ ഇരട്ടി വിലയ്ക്ക് ഇവർ കച്ചവടം ചെയ്യുന്നു. ഇതിൽ ശരിക്കും പെട്ടുപോകുന്നത് ഒന്നോ രണ്ടോ വർഷം കൂടുന്പോൾ നാട്ടിലെത്തുന്ന പ്രവാസികളാണ്. വാർത്തകൾ വായിച്ച്, സർക്കാറിനെ വിശ്വസിച്ച് ഇങ്ങിനെ സ്ഥലം വാങ്ങി പിന്നീട് വിൽക്കാൻ പറ്റാതെ പെട്ടു പോകുന്ന എത്രയോ പേർ പ്രവാസികളുടെ ഇടയിൽ ഉണ്ട്. ഇവരിൽ തന്നെ ചിലർ ആധാരം എഴുതുന്പോൾ വില കുറച്ച് കാണിക്കും. ഒടുവിൽ റോഡ് വികസനത്തിന്റെ പേരിൽ സ്ഥലം സർക്കാർ ഏറ്റെടുക്കുന്പോൾ ആധാരത്തിലെ വില വെച്ചാണ് നഷ്ടപരിഹാരം നൽകുക. അപ്പോഴും നഷ്ടം സംഭവിക്കുന്നത് ഒന്നുമറിയാതെ ആട്ടം കാണുന്ന പ്രവാസികളെപ്പോലുള്ള പാവങ്ങൾക്ക് തന്നെ. ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ലത് !!

