വൈകിയെത്തുന്ന നീതി...
ആവശ്യത്തിന് കിട്ടാതെ ഒരാവശ്യവും ഇല്ലാത്ത നേരത്ത് നമ്മുടെ മുന്പിൽ എത്തുന്ന നീതിയാണ് ഇന്ത്യൻ നിയമവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ പ്രധാനം. വൈകി ലഭിക്കുന്ന ഇത്തരം നീതിയുടെ നെറികേടുകളെ പറ്റി മുന്പും തോന്ന്യാക്ഷരത്തിൽ പറഞ്ഞിരുന്നു. ഒരു കുറ്റം ചെയ്തുകഴിഞ്ഞാൽ കുറ്റവാളിയ്ക്ക് അതിന്റെ ശിക്ഷ നൽകണമെങ്കിൽ നമ്മുടെ കോടതികൾക്ക് കുറഞ്ഞത് വർഷങ്ങൾ വേണം. അതിവേഗ കോടതികൾ വന്നിട്ടുപോലും എത്രയോ കേസുകൾ തീർപ്പാകാതെ ചിതൽ പിടിച്ചു കിടക്കുന്നു. ചെറുപ്പത്തിലെ ഇല്ലാ കേസുമായി വന്ന് വാർദ്ധക്യത്തിലും കോടതി വരാന്തയിൽ ജീവിതം ഹോമിക്കപ്പെടേണ്ടി വന്ന ധാരാളം പേരും നമ്മുടെ ഇടയിലുണ്ട്.
ഈ സാഹചര്യത്തിൽ ഇതിനിടെ വിവരാവകാശ നിയമ പ്രകാരം പുറത്ത് വന്ന ചില വിവരങ്ങൾ കാലിക പ്രസക്തമാണ്. നമ്മുടെ നാട്ടിൽ ഒരു അഴിമതിയാരോപണമുയർന്നാൽ, സംഘർഷങ്ങളുണ്ടായാൽ പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാൻ സർക്കാറുകൾ ഉടനെ തന്നെ പ്രഖ്യാപ്പിക്കാറുള്ള ജുഡീഷ്യൽ അന്വേഷണത്തിന്റെ പൊള്ളത്തരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നമ്മുടെ സർക്കാർ വിവിധ കേസുകളുടെ അന്വേഷണത്തിനായി നിയോഗിച്ച നാല് ജൂഡീഷ്യൽ കമ്മീഷനുകൾ ചേർന്ന് ചെലവഴിച്ചത് 63.12 ലക്ഷം രൂപയാണ് എന്ന വിവരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. 2005 ജനുവരി മുതൽ 2015 മെയ് വരെയുള്ള കാലയളവിൽ പ്രവർത്തിച്ച ജുഡീഷ്യൽ കമ്മീഷനുകളാണ് ഇവ. ഇതിൽ ഒരു കമ്മീഷനെ 9 ലക്ഷം രൂപ മുടക്കിയ ശേഷം പാതി വഴിയിൽ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഇത് 2009 നവംബർ 15ന് കാസർഗോഡ് നടന്ന പോലീസ് വെടിവെപ്പിനെ പറ്റി റിട്ട. ജില്ലാ ജഡ്ജി എം.എ നിസാർ അദ്ധ്യക്ഷനായി പ്രവർത്തിച്ച കമ്മീഷനായിരുന്നു. സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം അന്നത്തെ ഇടത് സർക്കാരാണ് കമ്മീഷനെ നിയോഗിച്ചത്. കേസിൽ കോടതി അന്വേഷണ നടപടികൾ രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കിയപ്പോൾ തന്നെ നാല് മാസം പ്രവർത്തിച്ച ഈ കമ്മീഷനെയും സർക്കാർ പിരിച്ചുവിട്ടു. അപ്പോഴേയ്ക്കും ഇതിന് വേണ്ടി 9.96 ലക്ഷം രൂപ ചിലവിട്ടിരുന്നു.
2006 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള പോലീസ് കസ്റ്റഡിമരണങ്ങളെ പറ്റി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായ സമിതി 2007 ഏപ്രിലിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും എത്ര തുകയാണ് ചെലവഴിച്ചതെന്നതിന്റെ കണക്ക് സർക്കാരിന്റെ പക്കലുമില്ല. 2009 മെയ് മാസം ചെറിയ തുറയിലുണ്ടായ പോലീസ് വെടിവെപ്പ് സംബന്ധിച്ചു അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട തിരുവനന്തപുരം ജില്ലാ ജഡ്‌ജി കെ.രാമകൃഷ്‌ണൻ അദ്ധ്യക്ഷനായ സമിതിക്കു മൂന്നു വർഷമായിരുന്നു പ്രവർത്തന കാലാവധി. 2009 ആഗസ്റ്റ് മുതൽ 2012 ജനുവരി വരെ മാത്രം പ്രവർത്തിച്ച കമ്മിറ്റി ഇതേ കാലയളവിനിടെ 35.27 ലക്ഷം രൂപയാണ് ചിലവഴിച്ചത്. ഉമ്മൻചാണ്ടി സർക്കാരിനെ പിടിച്ചു കുലുക്കിയ സോളാർ കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഹൈക്കോടതി റിട്ട. ജഡ്‌ജ് ജി.ശിവരാജൻ അദ്ധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ കഴിഞ്ഞ അഞ്ചു മാസം കൊണ്ട് 20.88 ലക്ഷം രൂപ ഇതിനകം ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇത് വെറും നാല് കേസുകളുടെ വിവരം മാത്രമാണ്. ഇതുപോലെ എത്രയോ കേസുകളിൽ സർക്കാർ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. എന്നാൽ ഇത്രയും പണം ചിലവാക്കിയതിന് ശേഷം പുറത്ത് വരുന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടുകളും, അന്വേഷണങ്ങളും സർക്കാർ ഫയലുകളിൽ സുഖമായി ഉറങ്ങുകയാണ് പതിവ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സോളാർ കമ്മീഷൻ റിപ്പോർട്ടും അതേപോലെ ഉറങ്ങുമെന്നതിന് യാതൊരു തർക്കവും വേണ്ട. നമ്മുടെ നീതിവ്യവസ്ഥയ്ക്ക് വയസായിരിക്കുന്നുവെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ട കാലമാണ് ഇത്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എന്തും എത്രയും പെട്ടന്ന് ചെയ്യാൻ സാധിക്കുന്ന ഒരു ലോകത്ത് ഒരു മനുഷ്യന്റെ ജീവിതം തന്നെ ഇല്ലാതാക്കാൻ സാധിക്കുന്ന നീതി ന്യായ സ്ഥാപനങ്ങൾക്കും വേഗത വരേണ്ടതല്ലേ. ചിന്തിക്കാൻ സമയമായിരിക്കുന്നു.
കാരണം വൈകി വരുന്ന നീതികളെ ഇനി വരുന്ന തലമുറകൾ സംശയിക്കും. അത് ഈ മഹാരാജ്യത്ത് ഉണ്ടാക്കുന്നത് വലിയ നീതികേടുകളും, നീതിനിക്ഷേധങ്ങളുമായിരിക്കും, സംശയമില്ല !!

