സ്വാ­തന്ത്ര്യം എന്ന സ്വപ്നത്തിലേക്ക് ....


മ്മുടെ രാജ്യമായ ഭാരതം മറ്റൊരു സ്വാതന്ത്യദിന പുലരി കൂടി കാണാനുള്ള ഒരുക്കത്തിലാണ്. സ്വതന്ത്ര്യം എന്ന വാക്കിന് തന്നെ പുതിയ അർത്ഥങ്ങളും നിർവ്വചനങ്ങളും തേടിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഇത്തവണ നാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.

തനിക്കിഷ്ടമില്ലാത്തതിനെ അതിക്രൂരമായി തന്നെ നശിപ്പിച്ച് ഇല്ലാതാക്കുകയാണ് തന്റെ സ്വാതന്ത്ര്യം എന്ന് കരുതുന്നവർ നമ്മുടെ ഇടയിൽ ഏറെ വർദ്ധിച്ചിരിക്കുന്നു. തന്റെ ലൈംഗികദാഹം അടിച്ചേൽപ്പിക്കണ്ടവരാണ് സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും എന്ന് ചിന്തിക്കുന്നതിനോടൊപ്പം അത് തന്റെ സ്വാതന്ത്ര്യമാണെന്ന് വിശ്വസിക്കുന്നവരുടെയും എണ്ണം കൂടിയിരിക്കുന്നു. രാജ്യ തലസ്ഥാനത്തിലെ പൊതുനിരത്തിൽ അന്ത്യശ്വാസം വലിച്ചു കിടക്കുന്നവന്റെ പോക്കറ്റടിക്കുന്നതാണ് തന്റെ സ്വാതന്ത്ര്യമെന്നും ചിലർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ഇങ്ങിനെ സ്വന്തം സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ഓരോ നിമിഷവും സ്വയം പുനർനിർണ്ണയിച്ചു കൊണ്ട്, ആണ്ടിൽ ഒരു ആഗസ്റ്റ് 15 വരുന്പോൾ ഫേസ് ബുക്ക് പ്രൊഫെൽ പിക്ചറും, വാട്സാപ്പിന്റെ ഡിപിയും ത്രിവർണ്ണ പതാകയാക്കി രാവിലെ ഉറക്കപായയിൽ നിന്നെഴുന്നേറ്റ് ടെലിവിഷനിൽ പരേഡും കണ്ട് മേരാ ഭാരത് മഹാൻ എന്നു പറഞ്ഞ് നമ്മളിൽ ഭൂരിഭാഗം പേരും ദേശസ്നേഹം ആവർത്തിച്ച് തെളിയിക്കുന്നു, ആശ്വസിക്കുന്നു, സംതൃപ്തിയടയുന്നു.

എഴുപതിന്റെ പടിവാതിലിൽ എത്തുന്പോഴും എപ്പോഴാണ് നമ്മുടെ ഭാരതത്തിനും, അധിവസിക്കുന്ന 120 കോടിയിൽപരം ജനതയ്ക്കും പ്രായപൂർത്തിയാവുക എന്ന ചോദ്യമാണ് ഇന്ന് നമ്മൾ സ്വയം ചോദിക്കേണ്ടത്. ഭൂമിയിൽ മറ്റൊരിടത്തും കാണാൻ സാധിക്കാത്ത മനോഹരമായ ഭൂപ്രകൃതിയാണ് നമ്മുടെ രാജ്യത്തിനുള്ളത്. കാടും, മലയും, മഴയും, പുഴയും, കടലും, മരുഭൂമിയും, മഞ്ഞണിഞ്ഞ പർവ്വതങ്ങളും ഒക്കെ ഈ രാജ്യത്തിന് സ്വന്തം.

പക്ഷെ ഇതോടൊപ്പം ഇവിടെ അധിവസിക്കുന്ന നമ്മൾ ഓരോരുത്തരും ഇനിയും ഏറെ നന്നാകാനുണ്ട്. പ്രവർത്തിയിൽ മാത്രമല്ല ചിന്തകളിലും മാറ്റം വരണം. പക്വതയും പാകതയും നേടണം. ലോകത്തെ തന്നെ മുന്നിൽ നിന്ന് നയിക്കാൻ നമ്മുടെ പ്രിയ രാജ്യത്തിന് കഴിയണം. ഞാനും എന്റെ രാജ്യവും സ്വതന്ത്രയാണെന്ന് പരിപൂർണ്ണമായ അർത്ഥത്തിൽ പറയാൻ സാധിക്കുന്ന ആ ഒരു ദിനത്തെ സ്വപ്നം കാണാൻ പറ്റുന്ന ദിവസമാകട്ടെ ഇത്തവണത്തെ നമ്മുടെ സ്വാതന്ത്ര്യ ദിനം. ജയ് ഹിന്ദ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed