നിങ്ങളൊക്കെ കൂടിയല്ലെ...

“ഓ ഭാഗ്യം, ഒടുവിൽ ഒന്ന് മഴ പെയ്തല്ലോ” ... കനത്ത ചൂടിൽ തളർന്ന ഞാൻ പറഞ്ഞുപോയ ഈ വാക്കുകൾക്ക് ഒരു കളിയാക്കി ചിരിയായിരുന്നു ഓട്ടോ ഡ്രൈവറുടെ മറുപടി. എന്താ കാര്യം എന്ന് ചോദിക്കുന്പോഴേക്കും അദ്ദേഹം ഉത്തരം പറഞ്ഞു. “രണ്ടു ദിവസം ഈ മഴ പെയ്യട്ടെ, അപ്പോൾ ഇതേ നാവ് കൊണ്ട് ശോ ഇതെന്ത് മഴയെന്ന് സാറ് തന്നെ പറയും. അത്രയേയുള്ളൂ ഈ മനുഷ്യൻന്ന് പറയുന്ന സാധനം..” ഒരു സാധാരണ ഓട്ടോ ഡ്രൈവർ വലിയ ജീവിത തത്വങ്ങളൊക്കെ പറയുന്നത് കേട്ടപ്പോൾ ഒരു നിമിഷം എന്റെ അഹന്തയ്ക്ക് അടിയേറ്റത് പോലെ തോന്നി. പക്ഷെ, നാട്ടിലൊന്നും ചൂടില്ലെന്നും, ശരിക്കുള്ള ചൂടൊക്കെ അങ്ങ് ഗൾഫിൽ ആണെന്നും, മൂന്ന് വർഷം അതനുഭവിച്ചവനാ താനെന്നുമൊക്കെ അദ്ദേഹം പറഞ്ഞപ്പോൾ ഒരു പ്രവാസിക്ക് മറ്റൊരു പ്രവാസിയെ കാണുന്പോഴുണ്ടാകുന്ന സ്വാഭാവിക സൗഹാർദം പതിയെ എന്റെ മനസ്സിലും ഉണർന്നു.
സംസാരിച്ച് തുടങ്ങിയപ്പോൾ ആള് പരമ രസികനാണെന്ന് മനസിലായി. വർഷങ്ങൾക്ക് മുന്പ് സൗദി അറേബ്യയിൽ ഡ്രൈവറുടെ വിസയിൽ പോയിട്ട് അവിടെ ഒരു അറബിയുടെ വീട്ടിലെ അടുക്കളപണിക്കാരനായി മാറേണ്ടി വന്ന അവസ്ഥയും അവിടെ ആദ്യ ദിവസം കഴിക്കാനായി തന്ന ബിരിയാണി പൂച്ച കൊണ്ടുപോയതും തുടർന്ന് പട്ടിണി കിടക്കേണ്ടി വന്നതുമൊക്കെ അഞ്ചാറ് വർഷങ്ങൾ കഴിഞ്‍ഞിട്ടും അദ്ദേഹം മറന്നിട്ടില്ലായിരുന്നു. സ്വപ്നം കണ്ട പ്രവാസം ലഭിക്കാത്തതിൽ ചെറിയ നിരാശയുണ്ടായിരുന്നുവെങ്കിലും സുനാമി ആഞ്ഞടിച്ച ആ നാളുകളിൽ പത്രത്തിൽ കണ്ട ഒരു ചിത്രം തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയെന്ന് അദ്ദേഹം പറഞ്‍ഞപ്പോൾ ആ ചിത്രമേതെന്ന് അറിയാനുള്ള കൗതുകം എനിക്കും വർദ്ധിച്ചു. സുനാമി തിരമാലകളിൽ പെട്ട് തന്റെ കുടുംബത്തിലെ എല്ലാവരും നഷ്ടമായ ഒരു ചെറിയകുട്ടി ഒരു പാക്കറ്റ് റൊട്ടിയുമായി പതിയെ നടന്നുനീങ്ങുന്ന ചിത്രമായിരുന്നുവത്രെ അത്. അന്ന് മുതൽ താനൊരിക്കലും ജീവിതത്തോട് പരാതിപ്പെടാറില്ലെന്ന് ആ ഓട്ടോ ഡ്രൈവർ പറഞ്ഞപ്പോൾ എന്റെ തൊണ്ടയിലും സങ്കടം ഉടക്കിനിന്നു.
മൂന്ന് വർഷത്തെ പ്രവാസത്തിനൊടുവിൽ നാട്ടിലെത്തിയപ്പോൾ താനൊരു ഓട്ടോ മുതലാളിയായി മാറിയെന്ന് അഭിമാനത്തോടെ അദ്ദേഹം പറഞ്ഞപ്പോൾ സാധാരണ ഓട്ടോക്കാർ തൊഴിലാളിയെന്നല്ലെ പറയാറുള്ളതെന്ന് ഞാൻ ചോദിച്ചു. തങ്ങൾ ചെയ്യുന്ന തൊഴിലിനെ തന്നെ ഏറ്റവും വലിയ മുതലായി കണ്ടാൽ ഈ ലോകത്തുള്ളവരെല്ലാം മുതലാളിമാരാകില്ലെ എന്ന അദ്ദേഹത്തിന്റെ മറുചോദ്യം പക്ഷെ എന്റെ ചിന്തയെ തന്നെ മാറ്റിമറിക്കുന്നതായിരുന്നു. മഴ കാരണം റോഡിൽ ട്രാഫിക്ക് വർദ്ധിച്ചിരുന്നത് എന്നെ അസ്വസ്ഥനാക്കുന്നുവെന്ന് അറിഞ്ഞത് പോലെ അദ്ദേഹം വഴിയരികിലെ കടല വിൽപ്പനക്കാരിൽ നിന്ന് രണ്ട് പാക്കറ്റ് ചൂട് കടല വാങ്ങി അതിൽ ഒന്നെനിക്കും തന്നു. “ചുമ്മാതാങ്ങ് കഴിക്ക് സാറെ, ഈ ട്രാഫിക്കൊക്കെ ഇപ്പ ശരിയാകും... നമുക്ക് അത് വരേയ്ക്കും സംസാരിച്ചിങ്ങനിരിക്കാം”, അദ്ദേഹം തുടർന്നു.
മഴ ചാറ്റലിന് നടുവിലും കവലയിൽ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുന്നുണ്ടായിരുന്നു. കുട പിടിച്ച് പത്ത് പതിനഞ്ച് പേർ സ്ഥാനാർത്ഥിയുടെ പ്രസംഗം കേൾക്കുന്നു. ആഗോള സാന്പത്തികമാന്ദ്യവും, വർഗ്ഗീയതയും, വികസനമില്ലായ്മായും ഒക്കെ തന്നെ പ്രസംഗ വിഷയം. പ്രസംഗം കേൾക്കുന്നതിനിടയിൽ വന്നു ഓട്ടോ സുഹൃത്തിന്റെ അടുത്ത ചിന്ത.. “സാറെ ഈ ഇലക്ഷൻ ഉണ്ടല്ലാ.. അത് അഞ്ച് കൊല്ലത്തിൽ ആക്കരുത്... എല്ലാ കൊല്ലവും വേണം. സാർ കണ്ടില്ലെ കഴിഞ്ഞ ആറ് മാസം ഈ നാട്ടിലെന്ത് വികസനമായിരുന്നു.. പാലം വരുന്നു, റോഡ് വരുന്നു... കെട്ടിടങ്ങൾ വരുന്നു...അങ്ങിനെ ഒരു കൊല്ലമാണ് ഇവർക്ക് എപ്പോഴും നൽകുന്നതെങ്കിൽ ആറ് മാസമെങ്കിലും ഈ നാടൊന്ന് നന്നാകുമായിരുന്നു... ബാക്കി ആറ് മാസം സഹിച്ചാ മതിയല്ലോ” .. ചിരിച്ചു കൊണ്ടു തലകുലുക്കാനെ അപ്പോഴും എനിക്ക് സാധിച്ചുള്ളൂ...
വലിയ കാര്യങ്ങൾ ചെറിയ വാക്കുകളിലൂടെ ലളിതമായി വിവരിക്കുന്ന ഇദ്ദേഹത്തോട് സ്നേഹം കൂടിവരുന്പോഴേക്കും എനിക്ക് ഇറങ്ങാനുള്ള സ്ഥലമെത്തിയിരുന്നു. പൈസ കൊടുത്ത് ഇറങ്ങുന്പോൾ അദ്ദേഹത്തെ ഇംപ്രസ് ചെയ്യിക്കാൻ പത്രത്തിലാണ് ജോലി എന്ന് പറഞ്ഞത് പക്ഷെ അബദ്ധമായി. അതിന്റെ മറുപടി ഇങ്ങിനെയായിരുന്നു.. “ആഹാ, എന്നാ നിക്ക് കുറച്ചധികം പറയാനുണ്ടായിരുന്നു. നിങ്ങൾ പത്രക്കാർക്കേ ഒരു കുന്തവും ചെയ്യാൻ പറ്റില്ല. ആരെങ്കിലും പറഞ്ഞു തരുന്നത് അതുപോലെ എഴുതാനല്ലാതെ... നിങ്ങളൊക്കെ കൂടിയല്ലെ ഈ നാടിനെ ഇങ്ങിനെയാക്കിയത്... സമയം കിട്ടുന്പോൾ ആലോചിച്ച് നോക്ക്...” പിറുപിറുത്ത് കൊണ്ട് അദ്ദേഹം തന്റെ ഓട്ടോ മുന്പോട്ട് നീക്കി... മുഖത്ത് അടിയേറ്റത് പോലെ ഞാൻ പിന്നോട്ടും...