ഒപ്പിയെടുത്ത കാഴ്‌ചകൾ...


ഗോൾ‍ഡൻ ഫ്രെയിം ഉള്ള എന്റെ കണ്ണട എല്ലാവരും കണ്ടിട്ടുണ്ടാകും. മിക്ക ഫോട്ടോയിലും ഞാൻ അതാണ് വെച്ചിരിക്കുന്നത്. അത് ഇന്നലെ എവിടെയോ വീണുപോയി. എവിടെ വെച്ചാണ്‍ നഷ്‌ടപ്പെട്ടതെന്ന് ഓർ‍ത്തെടുക്കാനാവുന്നില്ല. ആരെങ്കിലും മനഃപൂർ‍‌വ്വം മോഷ്‌ടിച്ചതുമാകാം. ആ കണ്ണടയുടെ രഹസ്യം അറിയാവുന്ന ആരുടെയെങ്കിലും കൈയിൽ‍ അത് കിട്ടിയാൽ‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. എന്റെ മാത്രമല്ല, മറ്റുപലരുടെയും ജീവനെ തുലാസിൽ‍ നിർ‍ത്തുന്ന ആ കണ്ണട ആർ‍ക്കെങ്കിലും കിട്ടുകയാണെങ്കിൽ‍ ദയവായി തിരികെത്തരണമെന്ന് അഭ്യർ‍ത്ഥിക്കുന്നു.

അഭിനയത്തിൽ‍ മിടുക്കുള്ളവരാണെല്ലാവരും. മിഴിവേറും ഭാവങ്ങൾ‍ മുഖത്തു വരുത്തി അറിഞ്ഞഭിനയിക്കുന്നവർ‍ വലിയ നടീനടന്മാരാകുന്നു. സിനിമകളിലും നാടകങ്ങളിലുമൊക്കെയവർ‍ തകർ‍ത്തഭിനയിക്കും. കാണികളുടെ പ്രശംസയും കൈയ്യടിയും നേടി അവർ‍ കൂടുതൽ‍ ഉന്നതിയിലേക്ക് കുതിക്കും. പ്രാരാബ്‌ധങ്ങൾ‍ക്ക് നടുവിൽ‍ക്കിടന്ന് നട്ടം തിരിയുന്നവരുടെയും, ജീവിതച്ചരടിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാനായി പെടാപ്പാട് പെടുന്നവരുടെയും അഭിനയം ആരും കാണാതെ പോകുന്നു. മുഖംമൂടി വെയ്‌ക്കാതെയുള്ള അഭിനയം ആരെങ്കിലും കണ്ടാൽ‍ അത് അതിലും പുലിവാലാകും.

ഇക്കാലത്ത് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ക്യാമറക്കണ്ണുകൾ‍ ഒപ്പിയെടുക്കുന്നുണ്ടാകും. പോകുന്ന വഴികളിലൊക്കെ സി.സി ടി.വികളുടെ പ്രളയമാണ്. ക്യാമറക്കണ്ണിൽ‍ പെടാതെയിന്ന് ഒരടി പോലും മുന്നോട്ടു വെയ്‌ക്കുവാനാകില്ല. ഇളംകാറ്റിൽ‍ ഉടുവസ്ത്രമൊന്നു മാറിയാൽ‍ അത് നിമിഷങ്ങൾ‍ക്കുള്ളിൽ‍ വാട്‌സ്‌ആപ്പിൽ‍ കാണാം. സ്വകാര്യ നിമിഷങ്ങൾ‍ പോലും ആരെങ്കിലുമൊക്കെ ഒപ്പിയെടുത്ത് ലോകത്തെ കാണിച്ചു കൊണ്ടേയിരി‌‌ക്കുന്നു. രഹസ്യക്ക്യാമറകൾ‍ ഇന്ന് ഏതൊക്കെ രീതികളിലാണുള്ളതെന്ന് ആർ‍ക്കും പ്രവചിക്കാനാവില്ല. ഭിക്ഷക്കാരുടെ പക്കൽ‍ പോലും വിലകൂടിയ ഐഫോണുള്ളപ്പോൾ‍ സാധാരണക്കാർ‍ അവരേക്കാൾ‍ പിന്നിലാകുന്നത് ശരിയല്ലല്ലോ. വീട്ടിൽ‍ കഞ്ഞി വെയ്‌ക്കാൻ വകയില്ലെങ്കിലും, രണ്ടു മൂന്നു ദിവസം ഒന്നും കഴിച്ചില്ലെങ്കിലും ആരുമറിയാൻ പോകുന്നില്ല. ഒരു ദിവസം ഓൺലൈനിൽ‍ വരാതെയിരുന്നാൽ‍, നമ്മുടെ പേരിനു നേരെയുള്ള പച്ചലൈറ്റ് കത്താതെയിരുന്നാൽ‍ ലോകം അപ്പോൾ‍ത്തന്നെയത് അറിയുകയും അവരെ പാതാളത്തോളം ചവിട്ടിത്താഴ്‌ത്തുകയും ചെയ്യും. ഞാനും എനിക്കു വേണ്ടപ്പെട്ടവരും ഓൺലൈനിൽ‍ പച്ചകത്തി നിൽ‍ക്കുന്നത് കാണുന്പോൾ‍ മനസ്സിനൊരാശ്വാസം തോന്നും.

ഏതോ വിജയത്തിന്റെ ഓർ‍മ്മയുണർ‍ത്തി, കൂട്ടുകാർ‍ നിർ‍ബന്ധിച്ചതിനാലാണ്‍ ഹോട്ടലിൽ‍ കയറിയത്. എല്ലാവരും മൂക്കുമുട്ടെ കോഴി ബിരിയാണി കഴിച്ചതിന്റെ ബില്ലടയ്‌ക്കേണ്ടത് അവന്റെ മാത്രം ഉത്തരവാദിത്വമാകുമെന്ന് അവനൊരിക്കലും വിചാരിച്ചിരിക്കില്ല. ബില്ലടയ്‌ക്കാൻ കൈയിൽ‍ പണം തികയാതെ വന്നപ്പോൾ‍ അവന്റെ മുഖഭാവമൊന്നു കാണേണ്ടതായിരുന്നു. ഹോട്ടൽ‍മാനേജർ‍ വലിയവായിൽ‍ ശകാരിച്ചിറക്കി വിടുന്നതൊരു കാഴ്‌ച തന്നെയായിരുന്നു. മരിച്ചു പോയ അച്ഛനെയും മുത്തച്ഛനെയും സ്‌മരിക്കുന്ന രംഗവും, തൊലിയുരിയുന്ന ചമ്മലും, നിറകണ്ണൂകളുമൊക്കെ അപ്പോൾ‍ത്തന്നെ ലോകത്തെയറിയിച്ചു. ഹോട്ടൽ‍ മാനേജരുടെ വായിൽ‍ നിന്നു വീണത് പുളിച്ച തെറിയായിരുന്നതിനാൽ‍ ആ വീഡിയോ വൈറലായി ലോകം മുഴുവൻ‍ പലവട്ടം ചുറ്റിവന്നു. സുഹൃത്തിന്റെ ചമ്മലിനെ ലോകത്തെയറിയിച്ചവനാണ്‍ യഥാർ‍ത്ഥസുഹൃത്ത്. തീവ്രമായി മറക്കാനാഗ്രഹിക്കുന്ന ആ സംഭവം യൂട്യൂബ്‌ ഇടയ്‌ക്കിടെ സൗജന്യമായി ഓർ‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

വധുവിന്റെ കൈപിടിച്ച് കതിർ‍മണ്ധപത്തെ വലം വെയ്‌ക്കുന്പോൾ‍, വരന്റെ കസവ് മുണ്ടിന്റെ കോണിൽ‍ അവളു ചവിട്ടുന്നതും, മുണ്ടഴിഞ്ഞു പോകുന്നതും, ഫെയ്‌സ്ബുക്കു വഴി ലോകരെ മുഴുവൻ കാണിച്ച് ലൈക്കും കമന്റും നേടി ആത്മനിർ‍വൃതിയടഞ്ഞത് അടുത്ത സുഹൃത്തു തന്നെയായിരുന്നു. ഇതൊക്കെ ഒളിച്ചിരുന്ന് ഞാനാണ്‍ ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ് ആരെങ്കിലുമെന്റെ രഹസ്യക്ക്യാമറ പരിശോധിച്ചാൽ‍ അവൻ ബോധംകെട്ടു വീഴുമെന്നുറപ്പ്. കല്ലാണദിനം പോലും പെണ്ണിന്റെ അപകടകരമായ ആംഗിളുകളും ക്ലോസപ്പുകളുമാണ്‍ ക്യാമറയിൽ‍ പതിഞ്ഞത്. അവന്റെ വീടിനുള്ളിലെ എന്റെ സന്ദർ‍ശനക്കാഴ്‌ചകൾ‍ വേറെയും ഉണ്ടാകും.

നഷ്‌ടപ്പെട്ടതൊരു സാധാരണ കണ്ണടയായിരുന്നില്ലെന്ന് മനസ്സിലായല്ലോ. എത്ര സൂക്ഷിച്ചു നോക്കിയാലും അതിന്റെ മധ്യത്തിലുള്ള രഹസ്യക്യാമറ കണ്ടെത്താനാവില്ല. കണ്ണുകൾ‍ കാണും മുന്‍പേ തന്നെ പല രഹസ്യങ്ങളും ക്യാമറക്കണ്ണ് ഒപ്പിയെടുത്തിരിക്കും. ഇതിനോടകം ലോകത്തെ അറിയിച്ചിട്ടുള്ളത് ചില ചെറിയ സാന്പിളുകൾ‍ മാത്രമാണ്. കണ്ണടയുടെ രഹസ്യ അറയിൽ‍ സൂക്ഷിച്ചിരിക്കുന്ന വലിയ ശേഖരം ഒരിക്കലും ലോകം അറിയാൻ പാടില്ല. എന്റെ കണ്ണട ആയതിനാൽ‍ ഒരു വീഡിയോയിലും എന്റെ മുഖം ഉണ്ടായിരിക്കുകയില്ല. പക്ഷേ അതീവരഹസ്യമായി കണ്ട പല കാഴ്‌ചകളുടേയും മറുഭാഗം ഞാൻ മാത്രമായിരിക്കുമെന്ന് നിങ്ങൾ‍ക്കുറപ്പിക്കാനാവും. അത് പരസ്യമായാൽ‍ പിന്നെ ഞാനുണ്ടാവില്ല, എന്റെ കുടുംബവും ഉണ്ടാകില്ല, നിങ്ങളിൽ‍ പലരും ഉണ്ടാവില്ല. അതിനാൽ‍ ആ ഗോൾ‍ഡൻ ഫ്രെയിം ഉള്ള കണ്ണട ആർ‍ക്കെങ്കിലും കളഞ്ഞു കിട്ടുകയാണെങ്കിൽ‍ എന്നെ തിരികെ ഏൽ‍പ്പിക്കുക അല്ലെങ്കിൽ‍ ഒരിക്കലും തിരിച്ചെടുക്കാൻ പറ്റാത്ത വിധം നശിപ്പിച്ചു കളയുക പ്ലീസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed