ഉപയോഗിക്കൂ പക്ഷെ വലിച്ചെറിയല്ലെ...

ചാർജ്ജ് ചെയ്യുക എന്നത് ഇന്ന് നമ്മൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു പദമാണ്. മൊബൈൽ ഫോൺ, ഐ പാഡ്, ലാപ് ടോപ്പ് തുടങ്ങി നമ്മുടെ ലോകത്തെ ഇന്ന് നിയന്ത്രിക്കുന്ന യന്ത്രങ്ങളുടെ ജീവൻ നിലനിർത്താൻ ഈ ചാർജ്ജറുകൾ അത്യന്താപേക്ഷികമാണ്. ഒരു വീട്ടിൽ കയറി ചെന്നാൽ പോലും ഒരു ഗ്ലാസ് വെള്ളത്തിന് പകരം പലപ്പോഴും മൊബൈൽ ഫോണിന്റെ ചാർജ്ജർ അന്വേഷിക്കാനുള്ള വ്യഗ്രതയാണ് നമ്മൾ കാണിക്കാറുള്ളത്. ചാർജ്ജ് സിഗ്നലിന്റെ വരകൾ മൊബൈൽ ഡിസ്പ്ലെയിൽ കുറഞ്ഞു വരുന്പോൾ മാനസിക സമ്മർദ്ദം ഉയരുന്നവരുടെ എണ്ണവും ഇന്ന് ധാരാളം. ഏത് സമയത്തും ചാർജ്ജ് ചെയ്യാനായ പവർ ചാർജ്ജറുകൾ കൈയിൽ കൊണ്ടു നടക്കുന്നവരും ഏറെയുണ്ട്. പറഞ്ഞു വരുന്നത് ചാർജ്ജറുകളെ പറ്റി മാത്രമല്ല. മറിച്ച് നമ്മുടെ വീടുകളിൽ ഓരോ ദിവസവും നിറഞ്ഞു കൊണ്ടിരക്കുന്ന ഇ മാലിന്യങ്ങളെ കുറിച്ചാണ്.
വീടിന്റെ പവര്‍ സോക്കറ്റുകളിൽ തൂങ്ങിയാടുന്ന ചാർജ്ജറുകൾക്കൊപ്പം അത്ര തന്നെ ഉപയോഗ ശൂന്യമായ ചാർജ്ജറുകൾ നമ്മുടെ അലമാരകളിലോ, തട്ടിൻപുറത്തോ കിടക്കുന്നുണ്ടാകും. ഇതു പോലെ തന്നെ ഔട്ട് ഡേറ്റഡ് ആയ റേഡിയോ, ടെലിവിഷൻ, കന്പ്യൂട്ടർ, എന്തിന് ഫ്രിഡ്ജ് പോലും പല വീടുകളിലും പൊടി പിടിച്ചു കിടപ്പുണ്ടാകും. മുന്പൊക്കെ ടെലിവിഷൻ പോലുള്ള ഒരു ഇലക്ട്രോണിക്ക് ഉപകരണം കുറഞ്ഞത് അഞ്ചും പത്തും വർഷം നമ്മൾ ഉപയോഗിക്കുമായരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ ഏറെ മാറിയിരിക്കുന്നു. ഇടയ്ക്കിടെ ഈ യന്ത്രങ്ങളെ നമ്മൾ മാറ്റുന്നു. സെക്കന്റ് ഹാന്റായി വിൽക്കാൻ സാധിച്ചില്ലെങ്കിൽ പഴയത് വീട്ടിൽ തന്നെ കിടക്കും. അതോടൊപ്പം ഓരോ യന്ത്രങ്ങളുടെയും കൂടെ വരുന്ന അക്സസെറീസും ഉപയോഗ ശൂന്യമാകും. ഇനി വരുന്ന നാളുകളിൽ നമ്മുടെ ഉറക്കം കെടുത്തുന്ന ഇനങ്ങളായി ഇവ മാറുമെന്നാണ് പാരിസ്ഥിതിക വിദഗ്ദ്ധർ പറയുന്നത്. നിലവിൽ ഇ വേസ്റ്റ് ഉത്പാദനത്തിൽ അമേരിക്കയും ചൈനയുമാണ് മുന്പിലെങ്കിലും, ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി കഴിഞ്ഞു. ഇനിയും ഇത് വർദ്ധിക്കാൻ തന്നെയാണ് സാധ്യത.
ഇവയുടെ നിർമ്മാജനം മറ്റ് മാലിന്യങ്ങളുടേത് പോലെ എളുപ്പമല്ല. ഇ-വേസ്റ്റിൽ അപകടകാരികളായ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാവും. ഇ-വേസ്റ്റ് ശരിയായ രീതിയിൽ നിർമ്മാർജനം ചെയ്യാതിരുന്നാൽ അവയിലടങ്ങിയിട്ടുള്ള അപകടകാരിയായ രാസപദാർത്ഥങ്ങൾ ജലവും വായുവുമായി പ്രതിപ്രവർത്തനം നടത്തി ജലത്തെയും വായുവിനെയും മലിനമാക്കുന്നു. പുനരുപയോഗം(re-use), പുന ചംക്രമണം(re-cycle) എന്നിവയൊക്കെയാണ് ഇ-വേസ്റ്റ് നിർമ്മാർജനത്തിൽ അവലംബിക്കാവുന്ന സുരക്ഷിത മാർഗ്ഗങ്ങൾ. ഈ രീതികളിലൂടെ നിർമ്മാർജനം സാധിക്കാത്തതു മാത്രമേ തീർത്തും ഉപയോഗശൂന്യമെന്ന രീതിയിൽ സംസ്കരിക്കാവൂ. കന്പ്യൂട്ടർ/ടെലിവിഷൻ മോണിറ്ററിൽ രണ്ട് കിലോഗ്രാമോളം ലെഡ് (ഈയം) അടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ കാഡ്‌മിയം, ക്രോമിയം, ടിൻ, മെർക്കുറി, ആഴ്സനിക്‍, കോബാൾട്ട്, നിക്കൽ തുടങ്ങി 100ലേറെ അപകടകരമായ മൂലകങ്ങളോ സംയുക്തങ്ങളോ ഇ-മാലിന്യത്തിൽ അടങ്ങിയിരിക്കുന്നു. ഇവ ശ്വാസകോശം, തലച്ചോറ്, ആമാശയം എന്നിവയ്ക്ക് കടുത്ത രോഗഭീഷണി ഉയർത്തുന്നു, മാത്രമല്ല, അർബുദത്തിന് വരെ വഴി മരുന്നിടാം.
കേരളത്തിൽ പലയിടത്തും ഇ-മാലിന്യം ശേഖരിക്കാനുള്ള കേന്ദ്രങ്ങൾ ആരഭിച്ചിട്ടുണ്ട്. ഏറെ സ്വാഗതാർഹമായ പരിപാടിയാണത്. ഒരു കിലോ ഇ-വേസ്റ്റിന് പത്ത് രൂപ മുതൽ 25 രൂപ വരെയാണ് നൽകുന്നത്. ജൈവ മാലിന്യങ്ങളെക്കാൾ എത്രയോ ഇരട്ടി അപകടകാരിയാണ് ഇ-മാലിന്യമെന്ന തിരിച്ചറിവ് ഉണ്ടായാൽ ഇത്തരം ശേഖരണ കേന്ദ്രങ്ങൾ സ്വാഭാവകമായും വിജയിക്കും. അതോടൊപ്പം സ്മാർട്ട് സിറ്റികളും, ഇൻഫോ പാർക്കുകളും, സൗജന്യ വൈഫൈ ഇടങ്ങളും വർദ്ധിക്കുന്ന നമ്മുടെ കൊച്ച് കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏത് സർക്കാർ വന്നാലും വേണ്ട പ്രധാനപ്പെട്ട നയങ്ങളിൽ ഒന്ന് ഇലക്ട്രോണിക്ക് മാലിന്യ നയം തന്നെയാണ് എന്നത് തീർച്ച !!
