നവീകരിക്കുന്ന ശാസ്ത്രം, നവീകരിക്കാത്ത മനസ്സുകൾ

അടുത്തിടെ ഒരു തൂക്കണാം കുരുവി തന്റെ കൂടു നെയ്തുണ്ടാക്കുന്ന വീഡിയോ കാണാനിടയായി. അത് കണ്ടപ്പോൾ സ്വാഭാവികമായും ഈ കഴിവ് ആ കുരുന്നു ജീവന് നൽകിയ പ്രകൃതി ചൈതന്യത്തെ മനസ്സുകൊണ്ട് വന്ദിച്ചു. മഹാത്ഭുതങ്ങൾ യുക്തികൊണ്ട് വ്യാഖ്യാനിക്കാൻ ശ്രമിക്കാതെ അതിലെ അത്ഭുതത്തെ പൂർണമായി ഉൾക്കൊള്ളുകയാണ് പ്രകൃതി തന്നെ യുക്തിചിന്ത കൊടുത്ത മനുഷ്യൻ ചെയ്യേണ്ടതെന്ന് തോന്നി. ആ കുരുന്നു ജീവൻ അതിന്റെ കൂടു ചമയ്ക്കാൻ വേണ്ട നാരുകൾ പലയിടത്തുനിന്നും ശ്രദ്ധാപൂർവ്വം ശേഖരിച്ച് കൊണ്ടുവന്ന് അവകൊണ്ട് കൃത്യമായി കെട്ടുകളിട്ട് കൂട്ടിത്തയിച്ച് നിരന്തരമായ ശ്രമഫലമായി അതിസുന്ദരമായി രൂപകൽപ്പന ചെയ്ത ഒരു കൂട് മെനഞ്ഞുണ്ടാക്കുന്നതിന് പിന്നിലെ അത്ഭുതം അതിന്റെ പൂർണമായ അർത്ഥത്തിൽത്തന്നെ മനസ്സിലാക്കേണ്ടതാണ്. അതിന്റെ ജീവിതത്തിന് ആവശ്യമായ ഈ വൈദഗ്ദ്ധ്യം ഏതു യൂണിവേഴ്സിറ്റിയിൽ നിന്നാണ് അത് പഠിച്ചത് എന്നത് ഈ അത്ഭുതത്തിന്റെ കാതലാണ്. അതിന്റെ പൂർവികരിൽ നിന്ന് ജീനുകളിലൂറെ ആർജ്ജിച്ചതാണ് എന്ന് നാം മനസ്സിലാക്കുന്നു. എന്നാൽ അത് ചോദ്യത്തിനുള്ള മുഴുവൻ ഉത്തരമായിട്ടില്ല. ബുദ്ധിരാക്ഷസനായ മനുഷ്യൻ വിചാരിച്ചാൽ ആ കൂട് ഒരിക്കലും അത്ര വൈദഗ്ദ്ധ്യത്തൊടെ ഇത്രയും സുന്ദരമായി നിർമിക്കാനാവില്ല. ഒരു ചെറിയ ചുണ്ടും കുരുന്നു കാലുകളും ഉപയോഗിച്ച് ആ ചെറു ജീവി കാണിക്കുന്ന വൈദഗ്ദ്ധ്യം അവയുടെ ബോധത്തിൽ എഴുതിച്ചേർത്ത പ്രകൃതിയെ വന്ദിക്കുവാനല്ലാതെ യുക്തിപൂർവം വ്യാഖ്യാനിച്ചുകളയാം എന്ന് ആരെങ്കിലും കരുതിയാൽ അത് അവരുടെ കാഴ്ച്ചപ്പാടിന്റെ അപര്യാപ്തത മാത്രമാണ് കാണിക്കുന്നത്.
തൂക്കണാം കുരുവി കേവലം ഒരു ജീവി വർഗം മാത്രം. ഇത്തരം എട്ടു മില്ല്യൻ ജീവജാതികൾ ലോകത്ത് അധിവസിക്കുന്നു എന്നാണു കണക്ക്.അവയിൽ ഓരോന്നിനും ഓരോ സവിശേഷതകൾ. ഇത്രയധികം വൈവിധ്യം എങ്ങിനെ പ്രകൃതി സൃഷ്ടിച്ചെടുത്തു, പരിണാമത്തിന്റെ വിവിധഘട്ടങ്ങൾ ഏതു ക്രമത്തിൽ സംഭവിച്ചതുകൊണ്ടാണ് ഇങ്ങനെ വ്യത്യസ്തതകളും വൈവിധ്യങ്ങളും ഉടലെടുത്തത്, എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രകൃതിയുടെ മഹാരഹസ്യത്തിന്റെ ഭാഗമാണ്. വിശദീകരണത്തിനു മുഴുവനായി വഴങ്ങാത്തതുമാണ്. വൈവിധ്യങ്ങളുടെ കളിയരങ്ങാണ് പ്രകൃതി. ജീവജാലങ്ങളിലൂടെയും പുൽക്കൊടികളിലൂടെയും ചെടികളിലൂടെയും വൃക്ഷങ്ങളിലൂടെയും അവയുടെ ഫലങ്ങളിലൂടെയും നീളുന്ന ആ വൈവിധ്യം ഏതാനും വാക്കുകളിൽ ക്രോഡീകരിക്കുന്നത് ശ്രമകരമാകും. എന്തുകൊണ്ടാണിത് സംഭവിച്ചതെന്ന് പൂർണമായ ഒരു വിശദീകരണം സാധ്യമല്ല. പൂക്കൾ ഇത്ര നിറപ്പകിട്ടോടെ ഓരോ ചെടിയിൽനിന്നും പുറത്തു വരുന്നതിന്റെ ഓരോ ഘട്ടവും പ്രകൃതി ആസൂത്രണം ചെയ്തിരിക്കുന്നതിലെ പിഴവില്ലാത്ത കൃത്യത അറിയാവുന്ന ശാസ്ത്രസത്യങ്ങളുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കാമെങ്കിലും അതിനുമപ്പുറത്താണ് ആ പ്രതിഭാസം.
ഒരു കവിഭാവനയിലൂടെ മാത്രമേ ഇപ്പറഞ്ഞ വൈവിധ്യത്തെ അതിന്റെ പൂർണതയിൽ ഉൾക്കൊണ്ട് അതിന്റെ അപരിമേയമായ സൗന്ദര്യം നുകരാനാവൂ. നെഞ്ചിൽ അതിസുന്ദരമായ ചുവപ്പ് തിളങ്ങുന്ന ഒരു അപൂർവയിനം പക്ഷിയെ എവിടെയോ കണ്ടപ്പോൾ ഓർക്കാതിരിക്കാനായില്ല, അതിന്റെ ശരീരത്തെ ഇത്ര ചുവപ്പിനാൽ വർണാഭമാക്കിയ പ്രകൃതി രഹസ്യം എന്താണ് എന്ന്. അതിന്റെ നെഞ്ചിൽ മാത്രം ആ നിറം പകരാനുള്ള നിർദ്ദേശം ഏതു ജീനിലൂടെ അടുത്ത തലമുറയിലേക്കു പ്രകൃതി കൈമാറുന്നു? അത്ഭുതകരമായ മറ്റൊരു പ്രതിഭാസം ഗോൾഡൻ പ്ലൊവർ എന്ന പക്ഷി വർഗ്ഗത്തിന്റെ ദേശാന്തര യാത്രയാണ്. അത് സ്വദേശമായ അലാസ്ക്കയിൽ നിന്ന് പുറപ്പെട്ടു ജപ്പാൻ വഴി ഇന്തോനേഷ്യ ഹൊങ്കൊങ്ങ് വഴി ചൈനയിലെത്തി അവിടെനിന്നും ജന്മദേശമായ അലാസ്ക്കയിൽ എട്ടു മാസം കൊണ്ട് ഇരുപത്തിമൂവായിരം കിലോമീറ്റർ പറന്ന് തിരികെയെത്തുന്നു. കടലിനു മുകളിലൂടെ നിർത്താതെ ദിവസങ്ങളോളം പറന്നാണ് ഈ ചെറു പക്ഷികൾ തങ്ങളുടെ ദൗത്യം പൂർത്തിയാക്കുന്നത്. ഇവയുടെ അനന്തര തലമുറകളും ഇത് തന്നെ ആവർത്തിക്കുന്നു. ഈ നിർദ്ദേശങ്ങൾ ഇവരുടെ കുരുന്നു തലച്ചോറിൽ പ്രകൃതി രേഖപ്പെടുത്തി വെച്ചിരിക്കുന്നു. അത്തരം പതിനായിരക്കണക്കായ പ്രതിഭാസങ്ങളെ വിശദീകരണത്തിൻ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഭാവനാ ശൂന്യർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്.
കണ്ടെത്തിയതിനേക്കാൾ എത്രയോ കൂടുതലായി കണ്ടെത്തേണ്ടതായി ഉണ്ടെന്നത് അറിയുന്നതാണ് ശാസ്ത്രം. പ്രപഞ്ച രഹസ്യങ്ങളെ ഇന്നത്തെ അറിവിന്റെ വെളിച്ചത്തിൽ മുഴുവനായി ഉൾക്കൊള്ളാം എന്ന് കരുതുന്നതിലെ അടിസ്ഥാനപരമായ മണ്ടത്തരം അൽപ്പജ്ഞാനികൾ ഒട്ടും മനസ്സിലാക്കുന്നില്ല, ഐൻൈസ്റ്റനെ പോലെയുള്ള യഥാർത്ഥ ശാസ്ത്രജ്ഞർ മനസ്സിലാക്കുന്നു. ഇപ്പോൾ വസ്തുക്കൾക്ക് പിണ്ധം ഉണ്ടാകുന്നത് ഹിഗ്ഗ്സ് മണ്ധലം കൊണ്ടാണെന്ന് കണ്ടെത്തിയിരിക്കുന്നു. ദൈവകണം എന്ന് അറിയപ്പെടുന്ന അതിലെ ഹിഗ്ഗ്സ് ബോസോൺ കണികയാണ് പിണ്ധമുണ്ടാക്കുന്നത്. അവ ഇല്ലായിരുന്നെങ്കിൽ എല്ലാം സൂക്ഷ്മാസ്ഥിത്വതിൽ നിലനിന്നേനെ, നാമടക്കം എല്ലാം. അതുകൊണ്ടാണ് ഹീഗ്സ് ബോസോൺ ദൈവകണമാകുന്നത്. അഞ്ചു വർഷം മുൻപ് അങ്ങിനെയൊരു കണികയുടെ സാന്നിധ്യം ശാസ്ത്രം പൂർണമായി അംഗീകരിച്ചിരുന്നില്ല. ഈ അനുസ്യൂത നവീകരണമാണ് പ്രകൃതിയും ശാസ്ത്രവും ഉദ്ബോധിപ്പിക്കുന്നത്. വന്ദനം മഹാപ്രപഞ്ചത്തിന്, ഇനിയുമെത്ര മഹാരഹസ്യങ്ങൾ അവിടെയൊളിക്കുന്നു...