കാലം മാറുന്പോൾ മാറുന്ന കോലങ്ങൾ...
“സ്വാഹ!! അല്ലേലും ആ കപ്പിന് ഒരു വൃത്തികെട്ട ഷേപ്പാണ്. ഒരു മാതിരി പത്തലുമ്മെ തേങ്ങ വെച്ച പോലെ, ഞങ്ങക്ക് വേണ്ട”. ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ഇതുമാതിരി നിരവധി മെസേജുകളാണ് വാട്സ് ആപ്പിലൂടെയും, ഫേസ്ബുക്കിലൂടെയും നമ്മൾ പരസ്പ്പരം പങ്ക് വെച്ചത്. ലോകകപ്പ് ആരംഭിച്ചത് മുതൽ ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ സെമിഫൈനലിൽ എത്തിയതെന്ന കാര്യം പോലും ഓർക്കാതെയാണ് നമ്മളൊക്കെ ഈ കമന്റുകൾ പാസാക്കിയത്. ലോകം ഇങ്ങിനെയാണ്. വിജയികളുടെ കൂടെ മാത്രമേ നിൽക്കൂ. പരാജിതരെ ആർക്കും വേണ്ട. എന്തായാലും പൊരുതിതന്നെ കളിച്ച ഇന്ത്യൻ ടീമിന് എല്ലാ വിധ ആശംസകളും നേർന്നു കൊണ്ട് ഇന്നത്തെ തോന്ന്യാക്ഷര ചിന്തകളിലേയ്ക്ക് കടക്കട്ടെ.
നമ്മുടെ ഇടയിൽ സജീവമായി കഴിഞ്ഞ ഒന്നു രണ്ടുദിവസം കറങ്ങി കളിക്കുന്ന വാർത്തകളാണ് ശ്രീ എം.വി. നികേഷ് കുമാർ എന്ന മാധ്യമ പ്രവർത്തകന് നേരിട്ടിരിക്കുന്ന ദുർഗതിയും, അതോടൊപ്പം തന്നെ കാസർഗോഡ് ലോകസഭാമണ്ധലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. ടി. സിദ്ദിഖുമായി ബന്ധപ്പെട്ട ആരോപണങ്ങളും. രണ്ടു പേരും കേരളത്തിന്റെ പൊതുസമൂഹത്തിൽ അവരവരുടെ മേഖലകളിൽ തിളങ്ങി നിൽക്കുന്ന രണ്ട് വ്യക്തികളാണ്. ഇതിൽ ആദ്യത്തെയാളെ സഖാവ് എം.വി.ആറിന്റെ മകൻ എന്ന നിലയിൽ അറിയപ്പെടുന്നതിനേക്കാൾ ഏഷ്യാനെറ്റ് വഴി, ഇന്ത്യാവിഷനിലെത്തി, പിന്നീട് റിപ്പോർട്ടർ എന്ന വാർത്ത ചാനലിന്റെ മേധാവിയായ മാന്യദ്ദേഹം എന്ന രീതിയിലാണ് പൊതുസമൂഹം വിലയിരുത്തുന്നത്. അദ്ദേഹം ഓരോ ദിവസവും വൈകുന്നേരം കേരള രാഷ്ട്രീയത്തിലേയും, പൊതുമണ്ധലങ്ങളിലേയും വ്യക്തിത്വങ്ങളെ കീറി മുറിച്ച് അവലോകനം ചെയ്യാറുള്ളത് എന്നും കാണുന്നവരാണ് ബഹുഭൂരിപക്ഷം മലയാളി ടെലിവിഷൻ ആസ്വാദകരും. പലപ്പോഴും അദ്ദേഹത്തിന്റെ സ്റ്റുഡിയോവിൽ ഓരോ ആളെയും വിചാരണ ചെയ്യുന്പോൾ നമ്മളും കോരിത്തരിച്ചിട്ടുണ്ട്. അതോടൊപ്പം ഇത് തന്റെ ശൈലിയാണ് എന്ന രീതിയിൽ നികേഷ് കുമാർ സ്റ്റുഡിയോ ഫ്ളോറിൽ പൊട്ടിത്തെറിക്കുന്പോൾ മറുത്തൊന്നും പറയാനാകാതെ ഉത്തരം മുട്ടി പോകുന്നവരെ കാണുന്പോൾ സങ്കടവും തോന്നിയിട്ടുണ്ട്.
കാലം മാറി വന്നപ്പോൾ നികേഷിനോടും ചിലർ കണക്ക് ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. അത് വരാൻ പോകുന്ന പുതിയ ചാനലിന്റെ പണിക്കാർ മോഡി വഴി കൊടുത്ത പണിയാണെന്നും ചിലർ പറയുന്നു. നികേഷാണെങ്കിൽ ഈ വാർത്ത അറിഞ്ഞ ഉടനെ തന്നെ കോടികൾ അദ്ദേഹത്തിന് ലഭിച്ചതായും പറയുന്നു. ഇവിടെ സംശയം ഇത് മാത്രമാണ്. റിപ്പോർട്ടർ ചാനൽ കുറേ നാളായി നഷ്ടത്തിലാണെന്ന് കേൾക്കുന്നു. അപ്പോഴൊന്നും സഹായിക്കാൻ തോന്നാത്ത സുഹൃത്തുക്കൾ എന്തു കൊണ്ടാണ് മണിക്കൂറുകൾക്കുള്ളിൽ പണം അയച്ചു കൊടുക്കാൻ തയ്യാറായത്. ചോദ്യം ബുദ്ധിമുട്ടിക്കുന്നതാണെങ്കിൽ ഉത്തരം നൽകേണ്ടതില്ല. പക്ഷെ ഈ സംഭവം കൊണ്ട് ശ്രീ നികേഷ് കുമാറും മനസിലാക്കേണ്ട കാര്യം തന്റെ സ്റ്റുഡിയോ റൂം മാത്രമല്ല ഈ അണ്ധകടാഹം എന്നു തന്നെയാണ്. ഒരാളെ മുന്നിലിരുത്തി അയാളെ ചോദ്യം ചെയ്യുന്പോൾ അദ്ദേഹത്തിനും ഒരു കുടുംബമുണ്ടെന്നും, അത് ചിന്തിച്ച് വേണം ചോദ്യത്തോരം തയ്യാറാക്കാൻ എന്നുമുള്ള ബോധം ഈ ഒരു സംഭവത്തോടു കൂടി അദ്ദേഹത്തിന് ലഭിക്കട്ടെ എന്നാഗ്രഹിക്കുന്നു. ഒപ്പം ഈ സംഭവം തങ്ങളെ സഹായിക്കാത്ത ഒരാളുടെ വായ മൂടിക്കെട്ടാനുള്ള പരിപാടിയാണെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണെന്നും വ്യക്തമാകട്ടെ.
മറ്റൊരു സംഭവം ടി. സിദ്ദിഖും, അദ്ദേഹത്തിന്റെ ആദ്യഭാര്യ നസീമയും തമ്മിലുള്ള വേർപിരിയലാണ്. നമ്മുടെ നാട്ടിൽ ഇതാദ്യമായല്ല ഒരാൾ വിവാഹം വേർപ്പെടുത്തുന്നത്. നമ്മുടെ തന്നെ കുടുംബത്തിലേയ്ക്ക് നോക്കിയാൽ, ചുറ്റുപാടും നോക്കിയാൽ എത്രയോ പേർ ദിവസവും വേർപിരിയുന്നുണ്ട്. അതിന് പല കാരണങ്ങളുമുണ്ടാകാം. എന്നാൽ ഫേസ്ബുക്ക് പോലുള്ള പൊതു മാധ്യമങ്ങളിലൂടെ പരസ്പരം ചെളി വാരിയെറിയൽ തുടർന്നാൽ അത് നൽകുന്നത് വളരെ തെറ്റായ ഒരുസന്ദേശമാണെന്ന് പറയാതെ വയ്യ. ഇങ്ങിനെ പോയാൽ സ്വന്തം പുരയിടത്തിലെ വഴി പ്രശ്നത്തിന് വരെ നടത്തുന്ന വഴക്കുകൾ നാട്ടിലെങ്ങും അറിഞ്ഞുതുടങ്ങും. ഒടുവിൽ പണ്ടു കാലത്തെ പാണന്റെ ഡ്യൂട്ടിയാകും ഫേസ് ബുക്കിന്. അതോടൊപ്പം സിദ്ദിഖിനെ പോലുള്ള ന്യൂ ജനറേഷൻ നേതാക്കൾ കുറച്ചു കൂടി നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനും പഠിക്കേണ്ടതുണ്ട്. കാരണം ഇവർ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങൾ എല്ലാവരും ന്യൂജൻ ആകണമെന്നില്ല!