സന്പന്നത പാപമല്ല...


കൊച്ചിയിൽ ആരംഭിക്കാനിരിക്കുന്ന മെട്രോ റെയിൽ പാതയെ ഏറെ പ്രതീക്ഷയോടെയാണ് നമ്മൾ മലയാളികൾ കാത്തിരിക്കുന്നത്. നാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന ഒരു സംവിധാനമായി ഇത് മാറുമെന്ന് തന്നെയാണ് പൊതുവെയുള്ള പ്രതീക്ഷ. പ്രത്യേകിച്ച് ഇ. ശ്രീധരനെ പോലെയുള്ള പ്രഗത്ഭമതികൾ നേതൃത്വം നൽകുന്ന ഒരു സംരഭമായത് കൊണ്ട് തന്നെ കൊച്ചി നഗരത്തിന്റെ ഗതാഗത കുരുക്ക് അനുഭവിക്കുന്നവർക്ക് മെട്രോ എന്നത് ഒരു സ്വപ്നസമാനമായ പദ്ധതി തന്നെയാണ്. ഈ പദ്ധതി വിജയപ്പിക്കാനായി നാട്ടുകാരും അകമഴിഞ്ഞ് സഹകരിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

കഴിഞ്ഞ കുറേ ദിവസമായി നമ്മുടെ മാധ്യമങ്ങളിൽ ഇവിടെ പ്രവർത്തിക്കുന്ന ശീമാട്ടി എന്ന വസ്ത്രസ്ഥാപനം മെട്രോ പദ്ധതിക്കായി സ്ഥലം വിട്ടു നൽകുന്നില്ലെന്ന വാർത്ത സജീവമായിരുന്നു. എന്നാൽ ഒടുവിൽ ഇന്നലെ തന്റെ ന്യായവാദങ്ങളൊക്കെ ഉപേക്ഷിച്ച് ശീമാട്ടിയുടെ ഉടമസ്ഥയായ ബീനാ കണ്ണൻ 17 കോടി രൂപയ്ക്ക് തന്റെ കൈവശമുണ്ടായിരുന്ന 32 സെന്റ് സ്ഥലം മെട്രോയുടെ ആവശ്യത്തിനായി വിട്ടുകൊടുത്തിരിക്കുന്നു. ഇനി ഇതേ പാതയിൽ തന്നെ ഒരു പ്രമുഖ സ്വർണ്ണാഭരണ സ്ഥാപനം കൂടി ഇത്തരത്തിൽ സ്ഥലം നൽകാനുണ്ടെന്ന് പറയപ്പെടുന്നു.

നമ്മുടെ നാട്ടിൽ വികസനപ്രവർത്തനങ്ങൾ, അല്ലെങ്കിൽ പുതിയ പദ്ധതികൾ നടപ്പിലാക്കുന്പോൾ എന്നും ഇത്തരത്തിലുള്ള പരാതികൾ ഉയർന്ന് കേൾക്കാറുണ്ട്. അപ്പോഴൊക്കെ ഭൂരിഭാഗം ജനങ്ങളും സ്ഥലം വിട്ടുനൽകാത്ത ആളുകളെ കുറ്റം പറയാനാണ് ശ്രമിക്കാറുള്ളത്. ഉദാഹരണത്തിന് ശീമാട്ടിയെ തന്നെ എടുക്കാം. അവർ ഏറെ കാലമായി വലുതോ ചെറുതോ ആയ ഒരു സ്ഥാപനം നടത്തി കൊണ്ടു പോകുന്ന സ്ഥലമായിരിക്കാം അത്. അവിടെ സർക്കാറിന്റെ ഒരു പദ്ധതിക്കായി സ്ഥലം നൽകണമെന്ന് പറഞ്ഞപ്പോൾ തീർച്ചയായും നിരവധി പേർക്ക് ജോലി നൽകുന്ന ഒരു സ്ഥാപനം നടത്തുന്ന സ്ത്രീ എന്ന നിലയിൽ ശ്രീമതി ബീന കണ്ണനും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടാകും. മാത്രമല്ല, മറ്റൊരിടത്ത് ഇതേ പോലുള്ള ഒരു കച്ചവട കേന്ദ്രം നിർമ്മിച്ചാൽ തനിക്ക് ഇപ്പോൾ ലഭിക്കുന്ന കച്ചവടം ലഭിക്കുമോ എന്ന ആശങ്കയും അവർക്ക് തോന്നിയിരിക്കാം. അതോടൊപ്പം തന്നെ ഇന്ന് തനിക്ക് നഷ്ടപരിഹാരമായി ലഭിക്കുന്ന വിലയേക്കാൾ, മുതൽ മുടക്കിയ ഒരാളെന്ന നിലയിൽ അവിടെ നിന്ന് നാളെ അവർക്ക് ലഭിക്കാമായിരുന്ന ലാഭത്തെ പറ്റി ഒരു ബിസിനസുകാരി എന്ന നിലയിൽ ബീനാ കണ്ണൻ ചിന്തിച്ചിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റുള്ളത്?

നമ്മൾ മലയാളികൾക്ക് മാത്രമായി ലഭിച്ചിരിക്കുന്ന ചില അസുഖങ്ങളെ പറ്റിയാണ് ഇപ്പോൾ ചിന്തിച്ച് പോകുന്നത്. അതിൽ തൊട്ടടുത്തിരിക്കുന്നവന് വെറുതെ പാര പണിയുന്നത് മുതൽ തനിക്ക് യാതൊരു ബന്ധവുമില്ലാത്ത അതുപോലെ ആരെയും ചീത്ത വിളിക്കാനുള്ള അസുഖം വരെ ഉൾപ്പെടും. ആരുടെയെങ്കിലും കീശയിൽ അൽപ്പം കാശ് അധികം വന്നു പോയാൽ പിന്നെ നമുക്ക് ഇരിക്കപ്പൊറുതിയുണ്ടാകില്ല. ആ പണമൊക്കെ ഉണ്ടാക്കിയത് ശരിയായ വഴിയിലൂടെയല്ല എന്ന് പറഞ്ഞ് സ്വയം ചൊറിഞ്ഞ്, പതുക്കെ അടുത്തുള്ളവനെയും ചൊറിയുന്ന ഏർപ്പാടും നമുക്ക് മാത്രം സ്വന്തമാണ്. ഇതിന് കണ്ണുകടി, കുശുന്പ് എന്നീ വാക്കുകളാണ് ഏറ്റവുമധികം ചേരുക. അതിന്റെ ഒരു ഉദാഹരണമാണ് ശീമാട്ടി വാർത്തയും അതോടനുബന്ധിച്ചുണ്ടായ പ്രതികരണങ്ങളും.

വികസനത്തിന് വേണ്ടി മുറവിളി കൂട്ടുന്നവരുടെ അടുക്കളപ്പുറത്ത് കൂടി ഒരു റോഡ് വരുന്നു എന്ന് പറഞ്ഞാൽ മിക്കവരും എതിർപ്പുമായി മുന്പോട്ട് വരുമെന്നതാണ് സത്യം. ഇതിൽ അസ്വഭാവികതയില്ല. ഇന്നത്തെ കാലത്ത് ആരും സ്വമനസാലെ ഭൂമി വിട്ടുനൽകില്ല. യഥാർത്ഥത്തിൽ വേണ്ടത് സ്ഥലം വിട്ടുനൽകുന്നവർക്ക് സ്ഥലത്തിന്റെ നിലവിലെ വിപണി മൂല്യം വെച്ച് നഷ്ടപരിഹാരം കൊടുക്കുകയും, അവിടെ വരുന്ന പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്ന ആളുകൾക്കോ, അവരുടെ ആശ്രിതർക്കോ ജോലി നൽകുകയും, പറ്റുമെങ്കിൽ സർക്കാർ അവരെ പ്രത്യേക പരിഗണന നൽകി ആദരിക്കുകയുമാണ്. അതിൽ സന്പന്നനെന്നോ, ദരിദ്രനെന്നോ വേർതിരിവ് പാടില്ല. കാരണം ഇത് രണ്ടും മനുഷ്യൻ തന്നെയാണ് എന്ന തിരിച്ചറിവും നമുക്കുണ്ടാകേണ്ടതുണ്ട്. ലോകത്തുള്ള എൺപ്പത്തിയഞ്ച് ശതമനം കോടീശ്വരൻമാരും പാരന്പര്യമായി ധനികരല്ല. തങ്ങളുടെ അധ്വാനവും, ബുദ്ധിയും ഉപയോഗിച്ചാണ് അവർ സന്പന്നരായത് എന്നു കൂടി ഈ നേരത്ത് ഓർമ്മിപ്പിക്കട്ടെ. അതു കൊണ്ട് തന്നെ സന്പന്നത ഒരു കുറ്റമോ, പാപമോ അല്ല. അത് വ്യക്തിപരമായ ഒരു തീരുമാനം മാത്രമാണ്!!

You might also like

  • Lulu Exchange
  • Straight Forward

Most Viewed