പേരുണ്ടാക്കുന്ന പൊല്ലാപ്പുകൾ
"മോളേ കരയാൻ പാടില്ല കേട്ടോ... കൊതുക് കടിക്കുന്ന വേദനയേ ഉണ്ടാകൂ’’... വാക്സിനേഷൻ കൊടുക്കാനായി നഴ്സ് പതിവ് ആശ്വാസ വചനങ്ങൾ അഞ്ചാം വയസ്സുകാരിയായ എന്റെ മകൾ ധ്വനിയോട് പറഞ്ഞപ്പോഴും അവളുടെ മുഖത്ത് ഒരു ഭാവവ്യത്യാസവുമുണ്ടായില്ല. പുറത്ത് മാറി നിന്ന് അവളുടെ കരച്ചിൽ കേൾക്കാനായി കാത്ത് നിന്ന എന്നെ അതിശയപ്പെടുത്തി കൊണ്ട് ‘‘കഴിഞ്ഞു അച്ഛാ പോകാം’’ എന്ന് വളരെ പതിയെ പറഞ്ഞ് എന്റെ അരികിൽ അവൾ എത്തിയപ്പോൾ വാമഭാഗത്തിനും, അനുജത്തിയുടെ കരച്ചിൽ കാണാൻ വന്ന ചേച്ചിയ്ക്കും ഒരു പോലെ അത്ഭുതം. ഒപ്പം നഴ്സിന്റെ വക ഒരു കമന്റും. മിടുക്കിയാ, ഒരു തുള്ളിപോലും കരഞ്ഞില്ല. ആശുപത്രിയുടെ പുറത്തേക്ക് ഇറങ്ങുന്പോൾ എന്റെ മനസ്സിലെ ചിന്ത അവളുടെ പേരിനെ പറ്റിയായിരുന്നു. ശബ്ദം പുറപ്പെടുവിക്കുന്ന എന്ന അർത്ഥം വരുന്ന ധ്വനി എന്ന ആ പേരിടുന്പോൾ ഞാൻ കരുതിയത് ഏറ്റവുമധികം ശബ്ദമുണ്ടാക്കുന്നവളായി എന്റെ ഈ മകൾ മാറുമെന്നായിരുന്നു. ചിലപ്പോൾ ഇനി വളർന്നു വരുന്പോൾ മാറിയേക്കാം. എങ്കിലും ഇതുവരെ അപരിചതരോടോ, അല്ലെങ്കിൽ അൽപ്പമെങ്കിലും പരിചയമുള്ളവരോടോ സംസാരിക്കാൻ അവൾ ഇതു വരെ കൂട്ടാക്കിയിട്ടില്ല. അതിന്റെ ബാക്കിയായിരുന്നു വാക്സിനേഷൻ ടേബിളിലും കാണിച്ചത്.
ഒരു പേരിലെന്തിരിക്കുന്നു എന്ന ചോദ്യം ഉന്നയിച്ചത് സാഹിത്യകാരനായ ഷേക്സ്പിയറാണ്. എന്നാൽ ഒരു പേരിൽ പലതുമിരിക്കുന്നു എന്നതാണ് പലപ്പോഴും പേര് മാറ്റാനായി പരസ്യം കൊടുക്കുന്ന ധാരാളം പേർ ഞങ്ങളുടെ പത്രമോഫീസിൽ വരുന്പോൾ എനിക്ക് തോന്നാറുള്ളത്. പേരുകളിൽ പലതും ഒളിഞ്ഞിരിക്കുന്നുണ്ട്. ജാതിയും, മതവും, സമൂഹത്തിലെ സ്ഥാനവും ഒക്കെ തിരിച്ചറിയിച്ചു കൊണ്ടാണ് ഇന്നും പലരും മക്കൾക്ക് പേരിടുന്നത്. ഇന്നത്തെ കാലത്ത് ഒരു കുട്ടിക്ക് പേര് നൽകാനായി നിരവധി വെബ്സൈറ്റുകൾ വരെ നമ്മുടെ ഇടയിലുണ്ട്. അപൂർവ്വമായ പേരുകളാണ് മിക്കവരും തപ്പിയെടുക്കുന്നത്. അതിൽ നാവിന് വഴങ്ങാത്ത പേരുകളും ധാരാളം. ഒരു പേര് ആദ്യമായി കേൾക്കുന്പോൾ തന്നെ അവന്റെ അല്ലെങ്കിൽ അവളുടെ രൂപം നമ്മുടെ മനസ്സിൽ തെളിയും. എന്നാൽ ആ രൂപവുമായി യാതൊരു ബന്ധവുമില്ലാത്ത കോലമുള്ള ആളെയായിരിക്കും പിന്നീട് കണ്ടുമുട്ടുന്നത്. ചില പേരുകൾ കേൾക്കാൻ വളരെ സൗമ്യമായ പേരുകളായിരിക്കാം. എന്നാൽ നേരിട്ട് കണ്ടാൽ ഭീകരജീവിയായിരിക്കും. നേരേ മറിച്ചും സംഭവിക്കാം. ഇന്ന് ചില പേരുകൾ കേട്ടാൽ ആണാണോ അതോ പെണ്ണാണോ എന്നു പോലും തിരിച്ചറിയാൻ സത്യത്തിൽ ബുദ്ധിമുട്ടാണ്. ചിലർ അമ്മയുടെയും പേരിന്റെ അക്ഷരങ്ങൾ കൂട്ടികലർത്തി പേരിടാറുണ്ട്. ഉദാഹരണത്തിന് രാമന്റെയും, ജാനകിയുടെയും മകൾക്ക് രാജി എന്ന് പേര് വരാറുള്ളത് പോലെ.
പഴയകാല പേരുകൾ ന്യൂ ജനറേഷൻ മാതാപിതാക്കൾ തങ്ങളുടെ മക്കൾക്കിടാനായി ഉപയോഗിക്കുന്നത് ഒരു ട്രെൻഡായി മാറുന്നുണ്ട്. കല്യാണിയും, കാളിദാസനുമൊക്കെ ഉദാഹരണം. എങ്കിലും പങ്കജാക്ഷൻ, ഉത്പലാക്ഷൻ, കോമളവല്ലി, കോമളൻ തുടങ്ങിയ പേരുകൾ ഒക്കെ ഇന്ന് വംശനാശം വന്ന പേരുകളായി മാറിയിരിക്കുന്നു. അതുപോലെ ചിലരുടെ ശരിക്കുള്ള പേര് പറഞ്ഞാൽ നാട്ടിൽ ആരും തന്നെ അവരെ അറിഞ്ഞെന്നും വരില്ല. അവർ അറിയപ്പെടുന്നത് തന്നെ ഇരട്ടപ്പേരുകളിലുടെയോ, വട്ടപ്പേരുകളിലുടെയോ ഒക്കെയാണ്. വളരെ രസകരമായ അത്തരം പേരുകൾ ഒരിക്കൽ ചാർത്തി കിട്ടിയാൽ പിന്നീട് മരിച്ചാൽ പോലും ആ പേര് നിലനില്‍ക്കും. സാധാരണ സ്കൂളിൽ എത്തുന്പോഴാണ് ഇത്തരം പേരുകൾ നിലവിൽ വരുന്നത്. ഉണ്ടക്കണ്ണി, മത്തകോഴി, നീർക്കോലി, ഉണ്ടപക്രു തുടങ്ങിയവയൊക്കെ ഉദാഹരണങ്ങൾ. ആരെങ്കിലുമായി വഴക്കിടുന്പോഴാകും കൂടുതലായും ഇത്തരം പേരുകൾ പുനർജനിക്കുന്നത്. ഇതിനിടെ ഗൂഗിൾ എർത്തിൽ എന്റെ നാട്ടിലൂടെ കണ്ണോടിച്ചപ്പോൾ പലരുടെയും വീടിന്റെ മുകളിൽ അവരുടെ ഇരട്ടപേര് അപ്ഡേറ്റ് ചെയ്തത് കണ്ട് സത്യത്തിൽ ഞാനും പൊട്ടിചിരിച്ചത് ഓർത്തുപോകുന്നു. എനിക്കറിയാവുന്ന ഒരു വാച്ച്മാന്റെ പേര് ആസാദ് എന്നാണ്. കുറേ കാലമായി താൻ ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ പുറത്തേക്ക് ഒന്നിറങ്ങാൻ പോലും സാധിക്കാതെ സ്പോൺസറുടെ കൺചുവട്ടിൽ നിന്ന് മാറാൻ സാധിക്കാത്ത ആ പാവം ആസാദിനെ കാണുന്പോൾ, അവന് ആ പേര് സമ്മാനിച്ചവരെ പറ്റി ഓർക്കുന്പോൾ എന്റെ ചുണ്ടിൽ ചിരിയാണ് വരിക. ഇങ്ങിനെ സ്വന്തം പേരിനെ പറ്റിയും ചുറ്റുമുള്ളവരുടെ പേരിനെ പറ്റിയും ചിന്തിച്ചാൽ തല തല്ലി ചിരിക്കാനുള്ള വക നിങ്ങൾക്കും കിട്ടും തീർച്ച !!
വാൽകഷ്ണം: സിനിമകളിലെ കഥാപാത്രങ്ങളുടെ പേരോ അഭിനയിക്കുന്നവരുടെ പേരോ ചിലപ്പോൾ നല്ലതായോ മോശമായോ ഒരാളെ ബാധിച്ചുവെന്ന് വരാം. അങ്ങിനെ പെട്ടു പോയ ഷക്കീല എന്ന സഹോദരിയെ പറ്റി മുന്പൊരിക്കൽ തോന്ന്യാക്ഷരത്തിൽ തന്നെ എഴുതിയിരുന്നത് കൊണ്ട് അത് ആവർത്തിക്കുന്നില്ല. അതേ സമയം കഴിഞ്ഞ ദിവസം കണ്ട ഒരു സിനിമയിൽ നായകന്റെയും നായികയുടെയും പേര് ഏറെ രസകരമായിരുന്നു എന്നു കൂടി പറയട്ടെ. ബാലൻ കെ നായരും, ഷീലയും. ബാലൻ കെ നായരുടെ പഞ്ചപാവമായ സുഹൃത്തിന്റെ പേര് അതിലേറെ രസകരം.. ഉമ്മർ..! ഓരോ പേര് ഉണ്ടാക്കുന്ന പൊല്ലാപ്പ്... എന്താലേ...!!