ഒന്നിച്ച് മുന്നോട്ട്...
കഴിഞ്ഞ വ്യാഴാഴ്ച ബഹ്റിൻ വഴി കുവൈറ്റിലേയ്ക്ക് പറന്ന ഗൾഫ് എയറിന്റെ GF170 എന്ന വിമാനത്തിൽ സൗദിയിൽ നിന്നും ഒരു യാത്രക്കാരൻ ഉണ്ടായിരുന്നു. ബഹ്റിൻ വഴി വന്നിട്ടും ബഹ്റിനിൽ ഇറങ്ങാതിരുന്ന ഈ സൗദിക്കാരന്റെ ലക്ഷ്യം കുവൈറ്റ് മാത്രമായിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്ത് ഷിയാ പള്ളിയിൽ നടന്ന ആക്രമണത്തിന് പിറകിൽ ഫാഹദ് സുലൈമാൻ അബ്ദുൾ മോഹ്്വൻ അൽ ക്വാബ എന്ന 23 വയസ്സുകാരനായിരുന്നു.
ഇതുവരെ സൗദി അറേബ്യയുടെ അതിർത്തി കടന്ന് യാത്ര ചെയ്യാത്ത, േവറെ യാതൊരു ക്രിമനൽ രേഖകളും ഇല്ലാത്ത കേവലം 23 വയസ്സ് മാത്രമുള്ള ഈ ചെറുപ്പക്കാരൻ എന്തിന് ഇത്തരം ഒരു ക്രൂരകൃത്യത്തിന് ഒരുങ്ങി? ഐ.എസ്.ഐ.എസ് എന്ന സംഘടനയ്ക്ക് സൗദി അറേബ്യയിൽ കാര്യമായ വേരുകൾ ഉണ്ടെങ്കിൽ അത് എത്രത്തോളം ആഴത്തിൽ പോയിട്ടുണ്ട്?
ഇതുപോലെ വേറെയും യുവാക്കൾ ബഹ്റിനടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമാക്കി വിവിധ ജി.സി.സി രാജ്യങ്ങളിൽ തന്പടിച്ചിട്ടുണ്ടോ?
ഭീകരാക്രമണത്തിന് ഏറ്റവും ക്രൂരമായ ശിക്ഷ നൽകുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയിലും കുവൈറ്റിലും നിർഭയം ഇവർ ആക്രമിച്ച് കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായിട്ടും ഗൾഫിൽ തന്നെ ഏറ്റവും കൂടുതൽ ഷിയാ വിഭാഗക്കാരുള്ള ബഹ്റിൻ തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഡസ്റ്റിനേഷൻ ആണെന്ന് ഐ.എസ്സിന്റെ തലപ്പത്തിരിക്കുന്ന പഴയ ബഹ്റിനി പൗരൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.
കുവൈറ്റിൽ ബോംബ് ആക്രമണം നടത്തിയ ചാവേർ ബഹ്റിനിൽ ഇറങ്ങാതിരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ബഹ്റിനിലെ ഷിയാ പള്ളികളുടെ സമീപത്തായി കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയത് കൊണ്ടാകാം.
ബഹ്റിൻ, പ്രധാനമന്ത്രിയും രാജകുമാരനും ജനങ്ങളോട് കൂടുതൽ കരുതലോടെ ജീവിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു.
ഇന്നലെ ബഹ്റിൻ അഭ്യന്തര വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ അടിയന്തിരയോഗം കൂടുകയും വരും ദിവസങ്ങളിൽ ഇത്തരം ആക്രമണങ്ങളെ എങ്ങിനെ നേരിടണമെന്ന ചർച്ച നടക്കുകയുമുണ്ടായി.
പള്ളികളുടെ മുന്പിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുവാനും ഓരോ പ്രാർത്ഥനക്ക് ശേഷവും പള്ളി അടച്ചിടുവാനും പൊതുജനങ്ങളുടെ ഇടയിൽ നിന്നും സ്ഥിതിഗതികൾ വിലയിരുത്തുവാനും ആഭ്യന്തര മന്ത്രാലയത്തെ സഹായിക്കുവാനുമുള്ള വോളന്റിയേഴ്സിനെയും നിയോഗിക്കുകയുണ്ടായി. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ വരെ ഭീകരാക്രമണത്തിന്റെ പിടിയിൽപ്പെട്ടുഴലുന്പോൾ, ബഹ്റിൻ പോലുള്ള രാജ്യം ഇതെങ്ങിനെ മറികടക്കുമെന്ന ചോദ്യം ഓരോരുത്തരുടെയും മനസ്സിൽ ഉയരുന്നുണ്ട്.
ബഹ്റിൻ വഴി കുവൈറ്റിലേക്ക് കടന്നുപോയ തീവ്രവാദി എങ്ങിനെ ബോംബ് ശേഖരിച്ചു. കുവൈറ്റിൽ ഇയാളെ ആര് സഹായിച്ചു, ഇതിനുള്ള നിർദ്ദേശം ആര് നൽകി എന്ന കാര്യങ്ങളൊക്കെ വിശദമായി ഇരു രാജ്യങ്ങളും പഠിക്കുന്നുണ്ടെങ്കിലും ഒരു കാര്യം ഉറപ്പ്. മരിക്കുവാൻ തയ്യാറായ ഒരു വ്യക്തിയെ തടയുവാൻ ലോകത്തെ ഒരു സെക്യൂരിറ്റിക്കും സാധിച്ചിട്ടില്ല.
അമേരിക്കൻ പ്രസിഡണ്ടുമാരായ അബ്രഹാം ലിങ്കണെയും ജെയിംസ് എ ഗ്യാർഫീൽഡ് ഈജിപ്ഷ്യൻ പ്രസിഡണ്ട് അൻവർ സദാത്തിനെയും ഇന്ത്യയിൽ മഹാത്മാഗാന്ധി മുതൽ രാജീവ് ഗാന്ധിവരെയും കൊല്ലപ്പെട്ടപ്പോൾ നമ്മൾ തിരിച്ചറിഞ്ഞത് ഈ സത്യം തന്നെ.
ബേനസീർ ബൂട്ടോയും ജോൺ എഫ് കെന്നഡിയും ഇന്ദിരാഗാന്ധിയും മാർട്ടിൻ ലൂതർ കിംങ്ങും സൗദി മുൻ ഭരണാധികാരി ഫൈസൽ ബിൻ അബ്ദുൾ അസീസ് അൽ സുആദും കൊല്ലപ്പെടുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇപ്പോൾ ബഹ്റിനിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രൂപപ്പെട്ട രാഷ്ട്രീയ സാമുദായിക വൈര്യം എല്ലാം മറന്ന് സുന്നി ഷിയാ വിഭാഗം ഒറ്റക്കെട്ടായ് ഐ.എസ് എന്ന ഭീകരസംഘടനക്കെതിരെ ഒരുമിക്കുകയാണ്. ബഹ്റിനിലെ മലയാളികളടക്കമുള്ള വിദേശിയരും പറ്റാവുന്ന സഹായസഹകരണങ്ങൾ നൽകേണ്ട സമയാണിത്.
വരും ദിനങ്ങളിൽ താഴെ പറയുന്ന ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും.
1. റോഡരികിൽ നിന്ന് ലിഫ്റ്റിനായി കൈകാണിക്കുന്ന അജ്ഞാതരെ വാഹനങ്ങളിൽ കയറ്റരുത്.
2. സ്വന്തമായി വാഹനമുള്ളവർ വാഹനത്തിന്റെ ചാവിയോ, വാഹനമോ മറ്റുള്ളവർക്ക് കൈമാറുന്നത് പരമാവധി കുറയ്ക്കുക.
3. കള്ളടാക്സി ഓടിക്കുന്നവരിൽ ഭൂരിഭാഗം മലയാളികളാണെന്നത് പലർക്കും അറിയാവുന്ന സത്യം തന്നെ. അങ്ങിനെയുള്ളവർ, അജ്ഞാതരെയോ അജ്ഞാതമായ വസ്തുക്കളെയോ കാറിൽ കയറ്റുവാൻ തയ്യാറാകരുത്.
4. സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വ്യക്തിയെയോ വസ്തുവോ കണ്ടാൽ പോലീസിനെ വിളിച്ച് വിവരമറിയിക്കാൻ മടിക്കരുത്.
5. റോഡരികിലുള്ള വലിച്ചെറിഞ്ഞ വസ്തുക്കളോ പെപ്സി കാനുകൾ കാല് കൊണ്ട് തട്ടുകയോ എടുക്കുകയോ ചെയ്യരുത്. (കഴിഞ്ഞ വർഷം തമിഴ് നാട്ടിൽ നിന്നുമുള്ള ഒരു വ്യക്തി റോഡരികിൽ നിക്ഷേപിച്ച ബോംബ് കാല് കൊണ്ട് തട്ടിതെറിപ്പിച്ച് മരണപ്പെട്ട സംഭവം ഓർക്കുക.)
6. കുട്ടികളെ കഴിയുന്നതും വെള്ളിയാഴ്ച ദിവസങ്ങളിൽ ഒറ്റയ്ക്ക് പുറത്ത് കറങ്ങാൻ വിടുന്നത് തടയുക.
ബഹ്റിൻ എന്ന ഈ കൊച്ചുരാജ്യം ഇപ്പോൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഇത്തരം തീവ്രവാദി ഭീഷണി അതിജീവിക്കുമെന്ന് ഇവിടെ വർഷങ്ങളായി ജീവിച്ച് വരുന്ന ഓരോ പ്രവാസിക്കും ഉറപ്പുണ്ട്.
ഈ വ്രതാനുഷ്ഠാനത്തിന്റെ പുണ്യനാളുകൾ എല്ലാവർക്കും സന്തോഷവും നന്മയും നല്ല ചിന്തയും മാത്രം പകരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്...