ടിക്കറ്റെടുക്കുന്നതിന് മുന്പ്


1980ലെ ഒരു പ്രഭാതം; ചുവന്ന മണ്ണും മഴവെള്ളവും അവിഹിതമായി ലയിച്ച ഭൂമിയിൽ, ധനരാജ് ബസ്സിന്റെ  ടയറുകൾ മണ്ണിൽ മുഖം അമർത്തി നിന്നപ്പോൾ എന്റെ ഗ്രാമം മുഴുവനും ആദ്യ ബസ്സ് വന്ന സന്തോഷത്തിൽ തുള്ളിച്ചാടുകയായിരുന്നു.

തല മൊട്ടയടിച്ച് നിൽക്കുന്ന ഗർഭിണിയെ പോലുള്ള മൊട്ടക്കുന്നുകളും കുണ്ടും കുഴിയും നിറഞ്ഞ് വസൂരിക്കല പിടിച്ച ടാറിടാത്ത റോഡുകളും പച്ചയുടുപ്പിൽ നെൽക്കതിർ കൊണ്ട് കരയിട്ട വയലുകളും കടന്ന് ധനരാജ് ബസ്സ് കുതിച്ച് പാ‍‍ഞ്ഞു. ഇതൊക്കെ കണ്ടും രസിച്ചും ഡ്രൈവറുടെ സീറ്റിന്റെ പിറകിലുള്ള കന്പിയിൽ ഒട്ടിപ്പിടിച്ച് ഞാനടക്കമുള്ള വിദ്യാർത്ഥികൾ ‍‍‍ഡ്രൈവറെ നോക്കി മനസ്സിൽ പറഞ്ഞു,’ ഇയാളൊരു പ്രേംനസീർ തന്നെ’.

ദിനംപ്രതി അധികരിച്ച് വരുന്ന യാത്രക്കാരുടെ അമിതഭാരം സഹിക്കാനാവാതെ ബസ്സ് കാസരോഗിയെപ്പോലെ ചുമച്ച് തുടങ്ങിയപ്പോൾ, വാതിലിൽ അള്ളിപിടിച്ച് നിൽക്കുന്ന കിളി പ്രവേശനത്തിന് ക്വാട്ട നിശ്ചയിച്ചു. വളയിട്ട കൈകളും പാദസരമിട്ട കാലുകളും നോക്കി ബസ്സിനകത്തേക്ക് കയറ്റി വിട്ടപ്പോൾ ചൊറി പിടിച്ച ബാലന്മാരുടെ കൈകൾ തള്ളി മാറ്റി.

ബസ്സിന്റെ പിറകെ സ്കൂൾ ബാഗും തൂക്കി ഓടുന്ന ആൺപിള്ളേരെ നോക്കി ബസ്സിലെ ജയഭാരതിമാർ കളിയാക്കി ചിരിച്ചപ്പോൾ, ദേഷ്യം തീർത്തത് വഴിയരികിലെ ചാവാലിപ്പട്ടിയെ നോക്കി എറിഞ്ഞ ഉന്നം തെറ്റിയ കല്ലുകൾ വഴിയായിരുന്നു. 

കുഞ്ഞ് രോദനങ്ങൾ ൈദവവിളിയായി മാറിയപ്പോൾ, തികച്ചും അപ്രതീക്ഷിതമായി ധനരാജ് ബസ്സിന്റെ തൊട്ടു പിറകിലായി മല്ലികാർജ്ജുന എന്ന സുന്ദരി ബസ്സ് കുണുങ്ങി നിന്നു. ധനരാജ് ബസ്സിനെ നോക്കി കൊഞ്ഞനം കുത്തി പുതിയ ബസ്സിന്റെ  ഏറ്റവും മുന്നിൽ  ചേകവൻമാരെ പോലെ വിദ്യാർത്ഥികൾ നിവർന്നു നിന്നു.

ചന്തയിലേക്ക് ചക്കയുമായി ബസ്സ് കാത്ത് നിൽക്കുന്ന ചന്തുവേട്ടനും മുണ്ടിനടിയിലെ വെളുത്ത ട്രൗസറിന്റെ കീശയിൽ പുത്തൻ നോട്ടുകളുടെ കെട്ടുകൾ തിരുകി വെച്ച കുഞ്ഞിരാമേട്ടനും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന വാസുവേട്ടനും ഞെട്ടിയത് അതിനും പിറകെ നിത്യാനന്ദ എന്ന മൂന്നാമത്തെ ബസ്സ് വന്നു നിന്നപ്പോഴാണ്.

മലയോര പ്രദേശങ്ങളിൽ നിന്നും മലവെള്ളപ്പാച്ചിൽ പോലെ ഒഴുകി വരുന്ന മൂന്ന് ബസ്സുകളും വ്യത്യസ്ത സമയമാണെങ്കിലും ഞാൻ കാത്ത് നിൽക്കുന്ന സ്റ്റോപ്പിലെത്തുന്നത് പലപ്പോഴും ഒരേ സമയത്ത് തന്നെയായിരുന്നു.

ഒരിക്കൽ സ്റ്റോപ്പിൽ ഒരുമിച്ചെത്തിയ നിത്യാനന്ദ, മല്ലികയെ അറിയാതെ ഒന്ന് തൊട്ടുരുമ്മിയപ്പോൾ ബഹളമായി, അടിയായി, പോലീസ് കേസായി. അന്ന് കാൽനടയായി യാത്രക്കാരെല്ലാം നടന്ന് നീങ്ങുന്പോൾ കൂടെയുണ്ടായിരുന്ന അന്പു മാഷ് പറഞ്ഞത്. ഇത് തന്നെയാ ഭേദം, തിക്കും തിരക്കും ഇല്ല. ചവിട്ടും കുത്തും കേൾക്കണ്ട, പണം നഷ്ടപ്പെടില്ല. ആരോഗ്യം മെച്ചപ്പെടും ഒപ്പം ശുദ്ധവായുവും ലഭിക്കും!

 

സീൻ രണ്ട്: 

മീനമാസത്തിലെ സൂര്യൻ ആകാശത്ത് ജ്വലിച്ച് നിൽക്കുന്ന സമയം. ഒരു സ്വകാര്യ ലക്ഷ്വറി കോച്ച് വാഹനം കണ്ണൂരിൽ നിന്നും തിരുവനന്തപുരം വരെ ഓടുന്ന വിവരം നാട്ടിലെ ചില പ്രമാണിമാർ അറിയുന്നു. സ്വന്തമായി വാഹനം ഉള്ളവരും, സ്വന്തം വാഹനത്തിന്റെ പെർഫോമൻസിൽ സംതൃപ്തരല്ലാത്തവരും സ്വന്തം വാഹനം പഴകി മൈലേജ് കുറവാണെന്ന് വിശ്വസിക്കുന്നവരും ഈ ലക്ഷ്വറി കോച്ചിൽ യാത്ര തിരിക്കുവാൻ തീരുമാനിക്കുന്നു.

ബസ് കണ്ടവർ ഞെട്ടി. പ്രതീക്ഷിച്ചതിലും നല്ല ബോഡി. അതിലും നല്ല സീറ്റിംഗ് കപ്പാസിറ്റി. മൈലേജ് ആണെങ്കിൽ പ്രതീക്ഷിച്ചതിലും അപ്പുറം. ഇരുന്നും കിടന്നും യാത്ര െചയ്യാനുള്ള സൗകര്യം.

യാത്ര ചെയ്തവർ ആഘോഷതിമിർപ്പിനിടയിൽ കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. ഇത് കേട്ടറിഞ്ഞ മറ്റ് പ്രമാണിമാരും റോ‍‍ഡരികിൽ ടിക്കറ്റെടുത്തും, എടുക്കാതെയും ക്യൂ നിന്നു. വണ്ടി പുറപ്പെട്ടത് കണ്ണൂരിൽ നിന്നായതു കൊണ്ട് കാസർഗോഡുള്ള പ്രമാണിമാർക്കൊന്നും സീറ്റ് ലഭിച്ചില്ല.

അങ്ങിനെ വിവിധ യാത്രക്കാർ വിവിധ സ്റ്റോപ്പിൽ ഇറങ്ങുകയും പുതിയ പ്രമാണിമാർ കയറുകയും ചെയ്ത് ആടിപ്പാടി വണ്ടി തിരുവനന്തപുരം എത്തിയപ്പോഴാണ് വണ്ടി ആർ.ടി.ഒ തടഞ്ഞത്.

വണ്ടിക്ക് ലൈസൻസും ബ്രേക്കും ബെല്ലും സ്റ്റിയറിംഗും വരെ ഇല്ലെന്നും ഫസ്റ്റ് എയ്ഡ് ബോക്സിൽ സിൽക്ക് സാരിയും കുട്ടികൂറാ പൗ‍‍ഡറും കണ്ട ഉദ്യോഗസ്ഥർ ഞെട്ടിത്തരിച്ചു.

യാത്രക്കിടയിൽ പ്രമാണിമാരുമായി നടത്തിയ കൂട്ടുകച്ചവടത്തിന്റെ രേഖകൾ കണ്ട് മൂക്കത്ത് വിരൽ വെച്ചു.

പിന്നെ കേസായി. ബഹളമായി. തെറ്റ് യാത്രക്കാരുടേതാണോ, വണ്ടിയുടേതാണോ എന്നറിയാൻ മാധ്യമങ്ങളിൽ രാഷ്ട്രീയ നേതാക്കൾ മുതൽ തട്ട് കടക്കാരൻ വരെ വായിട്ടലച്ചു.

അവസാനം വണ്ടി കട്ടപ്പുറത്താകുമെന്നായപ്പോൾ വണ്ടിയുടമ തലയൂരാൻ കട്ടതും കിട്ടിയതും തട്ടിപ്പറിച്ചതും കൂട്ടു നിന്നതും പ്രമാണികളായ യാത്രക്കാരാണെന്ന് ആരോപിച്ചു.

ഇപ്പോൾ വണ്ടി ഉരുണ്ടുരുണ്ട് അരുവിക്കരയിലെത്തി നിൽക്കുന്നു. ഇതെല്ലാം കാണുന്പോൾ ഓർമ്മ വരുന്നത് പണ്ട് ബസ്സിൽ നിന്നിറങ്ങി സ്കൂളിലേക്ക് നടക്കുന്പോൾ അന്പു മാഷ് പറഞ്ഞ വാചകമാണ്.

ഇത്തരം കുടുക്ക് വണ്ടികളിൽ കയറുന്നതിനേക്കാൾ ഭേദം സ്വന്തം വണ്ടിയെ ആശ്രയിക്കുകയോ അല്ലെങ്കിൽ ഒറ്റയ്ക്ക് നടക്കുകയോ ആണ്. ഇതുവഴി ലഭിക്കുന്നത് പണലാഭം, സ്വസ്ഥത, മാനം, ഒപ്പം ഇടിയും കുത്തിൽ നിന്നും രക്ഷപ്പെടാം. ഇതിനൊക്കെ പുറമെ പരിപൂർണ്ണ ആരോഗ്യവും.

ലക്ഷ്വറി കോച്ചുകൾ കണ്ട് പരിഭ്രമത്തിൽ വീഴുന്നവരുടെ ശ്രദ്ധയ്ക്ക്. ശ്രീ. ഒ.എൻ.വി മാഷ് എഴുതിയ ഒരു വണ്ടിക്കാരന്റെ പാട്ടിലെ അവസാന വരികൾ ഒന്ന് കൂടെ കുറിക്കുന്നു.

നട നട കാളേ ഇടം വലം ആടി

കുടമണിതുള്ളി നട നടോ നട...

കടാ കടാ ചക്രം മുരണ്ടുരുണ്ടുപോൽ

പഴയൊരീ വണ്ടി വലിച്ചു മുന്നോട്ട്...

നമുക്കുമുന്നിലെ വഴിയും നീളുന്നു

നമുക്കൊരുപോലെ വയസ്സുമേറുന്നു...

അറുതിയറ്റൊരീ നടവഴിയിൽ

വീണടിയുവോളം നട നട നട...

You might also like

  • Lulu Exchange
  • Straight Forward

Most Viewed