ഇനി വരുന്ന തലമുറയ്്ക്ക് ഇവിടെ വാസം സാധ്യമോ?


ആകാശം തലയിൽ നിന്നു കറുത്ത കന്പിളിപുതപ്പ് എടുത്ത് മാറ്റുന്നതേയുള്ളൂ. ഇടയ്ക്കിടെ സൂര്യൻ ഒളികണ്ണാൽ എല്ലാം ഒന്ന് നോക്കി വീണ്ടും കണ്ണടയ്ക്കുന്ന സമയം. വിമാനത്തിന്റെ ചെറിയ ജനാലയിലൂടെ ഭൂമിയിലേക്ക് നോക്കിയപ്പോൾ അവ്യക്തമായി ചില രൂപങ്ങൾ കാണാം.

മറ്റുള്ളവരോട് അധികം സംസാരിക്കാതെ, സല്ലപിക്കാതെ വേറെ എന്തൊക്കെയോ ചിന്തിച്ച് നടക്കുന്നവനെ കാണുന്പോൾ പലരും പറയാറുള്ളത്. “അഹങ്കാരമാണ് ഭൂമി തൊടാതെയാണ് അവന്റെ നടപ്പ്” എന്നാണ്. പക്ഷേ അപ്പോഴും ഭൂമിയിൽ നിന്ന് ഉയരത്തിലേയ്ക്ക് വിമാനത്തിൽ പറന്നുയരുന്പോഴാണ് നമ്മൾ ഭൂമി എത്ര ചെറിയ സ്ഥലമാണെന്നും അതിലെ മനുഷ്യൻ എന്ന ജീവജാലം എത്ര ചെറുതാണെന്നും ചിന്തിച്ചു പോകുക.

മനുഷ്യൻ ഉണ്ടായ കാലം തൊട്ട് ഇന്നുവരെ കണക്ക് കൂട്ടിയാൽ ഭൂമിയിൽ മരിച്ച മനുഷ്യരുടെ എണ്ണം 10700 കോടി കവിയുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

800 ബി.സിയിൽ ഭൂമിയിലെ മൊത്തം ജനസംഖ്യ കേവലം അഞ്ച് ലക്ഷം മാത്രമായിരുന്നു. പിന്നീട് ഒന്നാം നൂറ്റാണ്ടിലേയ്ക്ക് എത്തിയപ്പോഴേയ്ക്കും ജനസംഖ്യ രണ്ട് കോടിയായി അധികരിച്ചു. അന്നത്തെ ജനസംഖ്യ വളർച്ചയുടെ അനുപാതം കേവലം .05 ശതമാനം മാത്രമായിരുന്നു. പിന്നീട് 18ാം നൂറ്റാണ്ടിലെത്തിയപ്പോഴേയ്ക്കും ജനസംഖ്യ നൂറ് കോടിയായി മാറി. പിന്നീട് നൂറ് കോടി ഇരുനൂറ് കോടിയായി മാറുവാൻ എടുത്തത് 130 വർഷം മാത്രം. 200കോടിയിൽ നിന്നും ജനസംഖ്യ 300 കോടിയിലേക്ക് എത്താൻ എടുത്തത് കേവലം 30 വർഷം മാത്രമായിരുന്നു!

മനുഷ്യൻ തീ കണ്ടുപിടിക്കുകയും സ്വന്തമായ പാർപ്പിടങ്ങൾ നിർമ്മിക്കുകയും വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുവാനും തുടങ്ങിയപ്പോൾ ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും മരിക്കാതെ, സംരക്ഷിക്കുവാനും അവരെ വളർത്തുവാനും ആരോഗ്യത്തോടെ കൂടുതൽ കാലം ജീവൻ നിലനിർത്തുവാനും മനുഷ്യൻ ശ്രമിച്ച് തുടങ്ങി.

300 കോടിയിൽ നിന്ന് ജനസംഖ്യ 400 കോടിയിലേക്ക് വളരുവാൻ എടുത്തത് കേവലം 15 വർഷം മാത്രമായിരുന്നു. അത് അഞ്ഞൂറ് കോടിയിലെത്താൻ എടുത്തതാകട്ടെ കേവലം 13 വർഷവും. 

2005 സെപ്തംബർ 7ാം തിയതി എടുത്ത സർവ്വെ പ്രകാരം അന്ന് GMT സമയം 13.09ന് ലോക ജനസംഖ്യ 6465035104 ആയിരുന്നു. ഇന്ന് അത് 7.32 ബില്യൺ ആയി മാറിയിരിക്കുന്നു. 

കഴിഞ്ഞ വർഷം ലോകമെന്പാടും ജനിച്ച് വീണവരുടെ എണ്ണം ഏകദേശം ആറരകോടിയാണെങ്കിൽ മരിച്ചവരുടെ എണ്ണം കേവലം 2.7 കോടി മാത്രം. ഇതുവഴി ഒരു വർഷം കൂടി വരുന്ന അധിക ജനസംഖ്യ 3.8 കോടിയാണ്!

ലോകജനസംഖ്യയിൽ ചൈന കഴിഞ്ഞാൽ ഇന്ത്യ തന്നെയാണ് മുൻപന്തിയിൽ. 1990ൽ ഇന്ത്യയുടെ ജനസംഖ്യ 84.9 കോടിയായിരുന്നു. ചൈനയുടേത് 114.1 കോടിയും. നൈജീരിയയുടെ 94 കോടിയും റഷ്യയുടെ 149 കോടിയും ആഫ്രിക്കയുടെ മൊത്തം ജനസംഖ്യ 63.6 കോടിയുമായിരുന്നു.

ഇതേ രാജ്യങ്ങളിൽ 2025 ആകുന്പേഴേയ്ക്കും ജനസംഖ്യ ഇന്ത്യയിൽ 139.8 കോടിയും ൈചനയിൽ 145.8 കോടിയും നൈജീരിയായിൽ 208 കോടിയും ആഫ്രിക്കയിൽ 136.5 കോടിയുമായി വർദ്ധിക്കുന്പോൾ റഷ്യയിൽ ജനസംഖ്യ 137 കോടിയായി കുറയുമെന്നാണ് കരുതപ്പെടുന്നത്.

ജനപ്പെരുപ്പം കൊണ്ട് ദാരിദ്ര്യത്തിൽപ്പെട്ട റഷ്യയിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭിച്ചതും, കടുത്ത കാലാവസ്ഥയും ജനസംഖ്യ കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇപ്പോഴും ദാരിദ്ര്യത്തിൽ വലയുന്ന വിദ്യാഭ്യാസ നിലവാരം ഉയരാത്ത അപരിഷ്കൃതമായ ജനവാസമുള്ള ആഫ്രിക്കപോലുള്ള നാടുകളിൽ ജനപ്പെരുപ്പം രണ്ടിരട്ടിയാകും.

1000 കോടിയോളം ജനങ്ങൾക്ക് ഭൂമിയിൽ വസിക്കണമെങ്കിൽ അവർക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെ വരികയും താമസ സൗകര്യത്തിനായി കാടുകൾ വെട്ടിമാറ്റുകയും ചെയ്യും.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെയും കാലിഫോർണിയാ യൂണിവേഴ്സിറ്റിയും പ്രിൻസ്ട്ടൺ യൂണിവേഴ്സിറ്റിയും നടത്തിയ ഒരു പഠനത്തിന്റെ ഫലം കുറച്ച് ദിവസങ്ങൾക്ക് മുന്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. പോൾ എഹിറിൽച്ച് എന്ന നരവംശ ശാസ്ത്രജ്ഞൻ മറ്റ് പല ജീവജാലങ്ങൾക്കും വംശനാശം സംഭവിച്ച പോലെ അടുത്ത നൂറ് വർഷത്തിനുള്ളിൽ മനുഷ്യവംശത്തിനും വംശനാശം സംഭവിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു.

ഈ ഭൂമുഖത്ത് നിന്ന് ദിനോസറുകൾ അടക്കം 320 ജീവജാലങ്ങൾക്ക് 1600ന് വംശനാശം സംഭവിച്ചിട്ടുണ്ട്.

യോഗയും ആരോഗ്യപരിപാലനവും ചികിത്സാ സഹായവും നൽകി ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളുടെ തലവന്മാരും ആയുസിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുവാൻ ശ്രമിക്കുന്പോൾ മറുവശത്ത് ജനസംഖ്യ ഇതേ പടി കൂടിയാൽ പരസ്പരം ഭക്ഷണത്തിനായി തമ്മിലടിച്ച് പട്ടിണി കിടന്ന് മരിക്കേണ്ടി വരുന്ന ഒരു കാലത്തെക്കുറിച്ച് ചിന്തിച്ച് പരിഭ്രമിക്കുന്നുണ്ട്.

വിമാനമിറങ്ങി എയർപോർട്ടിലെ എമിഗ്രേഷൻ ക്യൂവിലേക്ക് നീങ്ങുന്പോൾ വിവിധ ദേശത്ത് നിന്ന് വിവിധ ഭാഷകൾ സംസാരിക്കുന്ന ആകൃതിയിലും രൂപത്തിലും ചിന്തയിലും വ്യത്യസ്തരായവർ ധൃതിയോടെ മുന്നോട്ട് നടക്കുകയാണ്.

താമരയിതളിലെ വെള്ളത്തുള്ളിപോലെ ഏത് നിമിഷവും തകർന്ന് പോകാവുന്ന ജീവനെക്കുറിച്ചോർക്കാതെ പരക്കം പായുന്പോൾ ഓർത്തത് ശങ്കരാചാര്യരുടെ വരികൾ.

“ജടിലോ മുണ്ധീ ലുഞ്ഛിത കേശഃ

കാഷായാംബര ബഹുകൃത വേഷഃ

പശ്യന്നപിചന പശ്യതി മൂഢോ

ഹ്യുദര നിമിത്തം ബഹുകൃത വേഷഃ”

You might also like

  • Lulu Exchange
  • Straight Forward

Most Viewed