മസിലുളള മനസ്സുകൾ
എല്ലാം മറന്ന് ഒന്ന് ഉറങ്ങുവാൻ പറ്റുന്നവർ ഭാഗ്യവാനാണ്. കോടികളുടെ ആസ്തിയും ആയിരക്കണത്തിന് പാദസേവകരുമുള്ള പ്രമാണികൾ രാത്രിയിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്പോൾ ഉറക്കിത്തിനായി ചിലർ മദ്യത്തിനെയും മറ്റ് ചിലർ ഉറക്കഗുളികകളെയും കൂട്ട് പിടിക്കുന്നു.
നമ്മൾ നേടുന്ന ഓരോ പദവിയും സന്പത്തും ഒരു ബാദ്ധ്യതയാണ്. ഇത്തരം ബാദ്ധ്യതകളില്ലാത്ത അനേകം പേർ ഇന്നും ഇന്ത്യയിൽ ജീവിക്കുന്നുണ്ട്.
അന്നത്തെ ഭക്ഷണം, വസ്ത്രം, ജോലി, അത് കഴിഞ്ഞാൽ കിട്ടുന്നിടത്ത് കിടന്നുറങ്ങുന്നവന് പാതയോരവും വിഷ്ണുലോകവും തന്നെ.
അങ്ങിനെ എല്ലാം മറന്ന് ഉറങ്ങുന്ന ഒരു പാവപ്പെട്ടവന്റെ നെഞ്ചത്താണ് ബോളിവുഡിലെ മസിൽഖാൻ മദ്യപിച്ച് കാർ കയറ്റി കൊന്നത്.
‘Being Human’ എന്ന വലിയ ബാനർ ടീഷർട്ടിലും ഷഡ്ഡിയിലും എഴുതി പിടിപ്പിച്ച് നെഞ്ചും വിരിച്ച് നടക്കുന്ന ഖാൻ താൻ വാഹനം ഇടിച്ച് ജീവൻ രക്ഷിക്കുവാൻ നിലവിളിക്കുന്ന പാവത്തിനെ റോഡരികിൽ ഉപേക്ഷിച്ച് ഇരുളിന്റെ മറവിലേയ്ക്ക് ഓടി മറഞ്ഞു.
പിന്നെ സ്വയം രക്ഷക്കായി പറ്റാവുന്ന എല്ലാ കുതന്ത്രങ്ങളും പയറ്റി. കൂടെ വാല് പോലെ നടന്നിരുന്നവനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച് ഈ ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കി.
പ്രസ്തുത സംഭവത്തിൽ കോടതിയിൽ സൽമാഖാനെതിരെ ശക്തമായി വാദിച്ച സാക്ഷിയെ സ്വയം രക്ഷക്കായി നശിപ്പിക്കുകയും താൻ കാറിടിച്ച് കൊന്ന കുടുംബത്തെ തിരിഞ്ഞ് നോക്കാതെ നടക്കുകയും ചെയ്തു.
സൽമാൻഖാനെ കോടതി അഞ്ച് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചു എന്നറിഞ്ഞപ്പോൾ ബോളിവുഡ് ലോകം കുറ്റപ്പെടുത്തുന്നത് റോഡരികിൽ ഉറങ്ങുന്നത് നിയമപരമായി തെറ്റാണ് എന്ന ന്യായം നിരത്തിയാണ്.
ഇവിടുത്തെ പ്രധാന ചോദ്യം അന്തസ്സായി താമസിക്കുവാൻ വീടും പറന്പും ഉള്ള ഒരു വ്യക്തി റോഡരികിൽ മഴയും വെയിലും കൊതുകു കടിയും പട്ടിശല്യവും മറന്ന് ഉറങ്ങുവാൻ തയ്യാറാകുമോ?
കാറപകടത്തിൽ മരണപ്പെട്ട ഫിറോസ് ഷെരീഫിന്റെ മകൻ നൂറുള്ള മെഹ്ബുബും കാറപകടത്തിൽ കാല് നഷ്ടപ്പെട്ട് നരകയാതന അനുഭവിച്ചയാളുടെ മകൻ അബ്ദുള്ളയും പറയുന്നത് ഒറ്റ കാര്യം മാത്രമാണ്.
സൽമാൻഖാനെ ജയിലിൽ അടച്ചാലോ, തൂക്കിക്കൊന്നാലോ നഷ്ടപ്പെട്ട അച്ഛനെയോ നഷ്ടപ്പെട്ട് പോയ കാലുകളോ തിരിച്ച് വരികയില്ല. 12 വർഷം മുന്പ് പക്വത വരാത്ത പ്രായത്തിൽ സൽമാൻ ചെയ്ത കുറ്റത്തിന് ശിക്ഷ കഴിഞ്ഞ 12 വർഷമായി സൽമാൻ അനുഭവിക്കുന്നുണ്ട്. അതിലുപരിയായി ഇനി അഞ്ച് വർഷം ജയിലിലടച്ചാൽ അതിൽ യാതൊരു സന്തോഷവും ലഭിക്കുകയില്ല. പകരം വളരെ കഷ്ടതയനുഭവിക്കുന്ന കുടുംബം ആവശ്യപ്പെടുന്നത് നഷ്ടപരിഹാരം മാത്രമാണ്.
കേസ് നീട്ടിക്കൊണ്ടുപോകാൻ രാഷ്ട്രീയക്കാരുടെ മക്കളെ സിനിമയിൽ അഭിനയിപ്പിച്ചും പാടിപ്പിച്ചും കൈക്കൂലി കൊടുത്തും മുടിച്ചത് കോടികളാണെന്ന് പറയപ്പെടുന്നു.
സൽമാൻഖാനെ ജയിലിൽ അടച്ചാൽ അതുവഴി സിനിമാ ലോകത്തിന് നഷ്ടമാകുന്നത് 200 കോടിയിലധികം രൂപയാണെന്നും കരുതപ്പെടുന്നു.
കഴിഞ്ഞ 12 വർഷത്തിലധികമായി സൽമാൻ അനുഭവിച്ച മാനസിക സംഘർഷം തന്നെ ഏറ്റവും വലിയ ശിക്ഷയാണ്.
കോടതി നഷ്ടപരിഹാരമായി നൽകുവാൻ പറഞ്ഞത് കേവലം പത്ത് ലക്ഷം രൂപ മാത്രമാണ്. ജീവൻ നഷ്ടപ്പെട്ട വ്യക്തിയുടെ മൂല്യത്തിനനുസരിച്ചാണ് കോടതി നഷ്ടപരിഹാരം വിധിക്കുന്നത്. ജനകീയ കോടതി സൽമാൻഖാന് മാപ്പ് നൽകുവാൻ തയ്യാറാകാത്തത് അദ്ദേഹം അപകടത്തിൽ പെട്ടവരെ തിരിഞ്ഞ് നോക്കാതെ, സഹപ്രവർത്തകൻ നരകിച്ച് മരിക്കുന്പോൾ, നിസ്സംഗതയോടെ നോക്കി നിൽക്കുകയും കുറ്റം ഡ്രൈവറുടെ തലക്കിട്ട് രക്ഷപ്പെടുവാൻ നോക്കി എന്നത് കൊണ്ടാണ്.
12 വർഷം മുന്പ് നടന്ന സംഭവവും അദ്ദേഹത്തിന്റെ പക്വതയില്ലായ്മയായി കാണാമെങ്കിലും ഇപ്പോഴും സത്യസന്ധമായി കുറ്റം ഏറ്റു പറഞ്ഞ് തെറ്റ് തിരുത്താനുള്ള മനസ്സ് കാണാതിരിക്കുന്പോൾ കോടതിയോട് പറയുവാനുള്ളത് Dont be Human എന്ന് മാത്രം!