തിന്നാൽ തീരാത്ത പാപങ്ങൾ
അന്പലമണികൾ അങ്ങിനെയാണ്. മടിപിടിച്ച് ഉറങ്ങിക്കിടക്കുന്ന മണിയെ ആരെങ്കിലും ഒന്ന് തൊട്ടുണർത്തിയാൽ, അവ തലതല്ലി, നാക്കിട്ടടിച്ച് ബഹളം വെയ്ക്കും. നിശബ്ദമായി കിടക്കുന്ന അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കും.
കസവ് മുണ്ടും തോളിൽ അഴിച്ചിട്ട സിൽക്ക് ഷർട്ടും ധരിച്ച ഒരുവൻ മണിയുടെ താഴെ നട തുറക്കാൻ അക്ഷമയോടെ കാത്ത് നിൽക്കുന്നുണ്ട്. പട്ട് സാരിയുടുത്ത് മുത്ത് മാലകൾ ധരിച്ച് ലിപ്സ്റ്റിക്കും മെയ്ക്കപ്പുമിട്ട് തരുണീമണികൾ കൈക്കൂപ്പി കണ്ണടച്ചും പ്രാർത്ഥിക്കുന്നുണ്ട്. തൂണിലും തുരുന്പിലും ദൈവമുണ്ടെന്ന് പറയുന്പോൾ ഞാനെന്തിനാ പോലീസുകാരുടെ തള്ളും സഹിച്ച് ക്യൂവിൽ ഞെരുങ്ങി നിൽക്കുന്നതെന്നോർത്ത് നെടുവീർപ്പിടുന്പോൾ മണി മുഴങ്ങി. നട തുറുന്നു പൂജാരി പനിനീർ െതളിച്ചു.
കുറച്ച് അപ്പുറം നിന്ന വേറൊരു പൂജാരി പാക്കറ്റിൽ പൊതിഞ്ഞ ലഡു പ്രസാദമായി തന്നു. കൂടെയുണ്ടായിരുന്ന മകനാണ് പറഞ്ഞത് പുതിയ ജനറേഷൻ സന്തതികൾക്ക് വല്ല ലെയ്സിന്റെ ചിപ്പ്സോ ഫ്രെഞ്ച് ഫ്രൈസോ പ്രസാദമായി നൽകിയാൽ നന്നായിരുന്നു എന്ന്.
പലപ്പോഴും അന്പലങ്ങളിൽ കിട്ടുന്ന പ്രസാദം പ്രമേഹരോഗികൾക്ക് കഴിക്കുവാൻ പറ്റാത്തതാണ്. ഗൾഫിലെ ചില അന്പലങ്ങളിൽ ഇപ്പോൾ ചോക്ലേറ്റും പ്രസാദമായി നൽകി തുടങ്ങിയിട്ടുണ്ട്.
പല ഭക്തരും ലഡുവിലും പാൽപ്പായസത്തിലും ഇട്ട പഞ്ചസാര വെജിറ്റേറിയൻ പഞ്ചസാരയാണോ എന്ന് ചിന്തിക്കാറേയില്ല. ഗോമാംസവും ഗോവധവും നിരോധിക്കപ്പെട്ട ഒരു സംവിധാനത്തിൽ പശുവിന്റെ എല്ല് പൊടിച്ച് ബ്ലീച്ച് ചെയ്തെടുത്ത വെളുത്ത പഞ്ചസാര കണങ്ങൾ പ്രസാദത്തിൽ ചേർക്കുന്നത് തെറ്റല്ലേ?
ഗൾഫിലെ അന്പലങ്ങളിൽ Nestleയുടെ ചോക്ലേറ്റ് കൊടുക്കുന്പോൾ അതിൽ അടങ്ങിയിട്ടുള്ളത് ബീഫിൽ നിന്നും വലിച്ചെടുത്ത ചോര കലർന്ന ജ്യൂസ് ആണെന്ന കാര്യവും പലരും മറക്കുന്നു!
മിക്കവരും അന്പലത്തിൽ അണിഞ്ഞൊരുങ്ങിയാണ് പോകുക. മുഖത്ത് പുരുഷന്മാർ ഫെയർ ആന്റ് ലൗവ്ലി ക്രീമും സ്ത്രീകൾ ലിപ്സ്റ്റിക്കും ഇടുന്പോൾ ഓർക്കാറുണ്ടോ അവയിൽ അടങ്ങിയിരിക്കുന്നത് പന്നിയുടെ കൊഴുപ്പാണെന്ന്?
ഇതിലൊക്കെ രസകരം, ഇത്തരം സ്ഥലങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങളാണ്, പട്ടുസാരിയും സിൽക്ക് ഷർട്ടും മുത്ത് മാലയും ധരിച്ച് ദൈവത്തെ കണ്ട് നിലവിളിക്കുന്പോൾ ആരെങ്കിലും ഓർക്കാറുണ്ടോ എത്ര പട്ടുനൂൽ പുഴുക്കളെ കൊന്നിട്ടാണ് ഈ വസ്ത്രങ്ങൾ ഉണ്ടാക്കിയതെന്ന്? പലപ്പോഴും നമ്മൾ കഴിക്കുന്ന ചിപ്സിലും ബിസ്കറ്റ്, ച്യൂയിംഗം, കൂർകൂർ, മാഗി ന്യൂഡിൽസ് എന്നിവ വാങ്ങിയാൽ പായ്ക്കറ്റിന്റെ പിറകിലുള്ള കോഡ് നന്പർ ശ്രദ്ധിക്കാറില്ല. പിറകിൽ E− 631 എന്നാണ് എഴുതിയിട്ടുള്ളതെങ്കിൽ അത് സൂചിപ്പിക്കുന്നത് പ്രസ്തുത ഉത്പന്നത്തിൽ പന്നിക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നാണ്. E 627 എന്നാണെങ്കിൽ കന്പനി തന്നെ ഉറപ്പിച്ച് പറയുന്നത് പ്രസ്തുത ഭക്ഷണത്തിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ്. E 422 എന്ന നന്പറുള്ള ഭക്ഷണമാണ് നിങ്ങൾ വെട്ടി വിഴുങ്ങുന്നതെങ്കിൽ അതിൽ അടങ്ങിയിരിക്കുന്നത് മദ്യമാണ്.
ദൈവം മനുഷ്യനെ മാംസഭുക്കായി മാറ്റിയത് 24 ലക്ഷം വർഷങ്ങൾക്ക് മുന്പായിരുന്നു എന്നാണ് കരുതപ്പെടുന്നത്. നാല് അടി മാത്രം നീളവും കുറിയ നെറ്റിയുമുള്ള ഹോമോ ഹാബിലിസിന്റെ മസ്തിഷ്കത്തിന്റെ വലുപ്പം 400−450 ക്യൂബിക് മീറ്റർ മാത്രമായിരുന്നു. പിന്നീട് ഹോമോ ഇറക്റ്റാസിലെത്തുന്പോൾ മസ്തിഷ്കത്തിന്റെ വളർച്ച 800 സിസി ആവുകയും ഇന്ന് അത് 1350−1400 സിസി വരെയായിരിക്കുന്നു.
മനുഷ്യ തലച്ചോറിന്റെ വളർച്ചയാണ് മനുഷ്യനെ മാംസഭുക്കായി മാറ്റിയതെന്ന് പറയപ്പെടുന്നു. 45 ടൺ ഭാരമുള്ള തിമിംഗലത്തിന്റെ തലച്ചോറിന്റെ ഭാരം കേവലം 7.8 കിലോയും ആറ് ടൺ ഭാരമുള്ള ആനയുടെ മസ്തിഷ്കം അഞ്ച് കിലോയും മാത്രമണ്!
മനുഷ്യമസ്തിഷ്കത്തിൽ 100 ബില്യൺ കോശങ്ങളുണ്ട്. മനുഷ്യമസ്തിഷ്കം ജീൻ ഡ്യൂപ്ലിക്കേഷൻ വഴി മൂന്നിരട്ടിയായി വർദ്ധിച്ചു. ഈ കോശങ്ങൾ നിരന്തരം പ്രവർത്തിക്കുവാൻ ഊർജ്ജം ആവശ്യമായി വന്നപ്പോൾ, അതിനായി പഴം, പച്ചക്കറികൾ എന്നിവ ലഭ്യമാകാതെ വന്നപ്പോൾ, മനുഷ്യൻ മാംസഭുക്കായി മാറിത്തുടങ്ങി.
മസ്തിഷ്ക വികാസത്തോടൊപ്പം മാംസഭുക്കാവുകയും ചെയ്തപ്പോൾ മനുഷ്യന്റെ മുഖച്ഛായ ചിന്പാൻസിയിൽ നിന്നും കുരങ്ങനിൽ നിന്നും മാറിത്തുടങ്ങി. ദഹനസമൂഹത്തിന്റെ ഘടനയിൽ മാറ്റം വന്നു. അതിന് പുറമെ ജീവലോകത്ത് ജന്മവാസനയല്ലാത്ത ആർജ്ജിതമായ അറിവിലേക്ക് നീങ്ങി!
ഇതൊക്കെ ദൈവത്തിന്റെ തീരുമാനങ്ങളായിരുന്നു. അങ്ങിനെ മനുഷ്യനെ മാംസഭുക്കാക്കി മാറ്റിയ ദൈവത്തെ കാണുന്പോൾ സസ്യഭുക്കാകണം എന്ന ചിന്തയിൽ ഒരു കരട് കയറിയ പോലെ തോന്നുന്നു.
ഏതായാലും നടതുറക്കുന്പോൾ ദൈവം ചിരിക്കുന്നത്, തികച്ചും സസ്യഭുക്കാണെന്ന് വിശ്വസിച്ച്, തൊഴുകൈയോടെ നിൽക്കുന്നവന്റെ മുഖത്ത് പന്നിക്കൊഴുപ്പ് പുരണ്ട് കിടക്കുന്നതും, സ്ത്രീജനങ്ങൾ പട്ടുനൂൽ പുഴുക്കളെ കൊന്ന് വസ്ത്രമായി ധരിക്കുന്നതും, സമുദ്രത്തിൽ സസന്തോഷം വാണിരുന്ന ജീവിയെ കൊന്ന് മുത്തുമാലകളാക്കി ധരിക്കുന്നതും, പശുവിന്റെ എല്ല് പൊടിച്ച് പഞ്ചസാരയാക്കി പ്രസാദമായി നൽകുകയും ചെയ്യുന്പോഴുള്ള വിരോധാഭാസമോർത്തിട്ടാണെന്നതിൽ സംശയമില്ല.!