മക്കളറിയാൻ


പി. ഉണ്ണികൃഷ്ണൻ

ഗാന്ധിജയന്തി നമ്മൾ ആഘോഷിക്കുന്നത് മഹാത്മാഗാന്ധിയെയും, ശിശുദിനം ചാച്ച നെഹ്റുവിനെയും, ചതയദിനം ശ്രീ നാരായണഗുരുവിനെയും ഓർക്കാനാണ്. ഈ ഭൂമിയിൽ നിന്ന് മൺമറ‍ഞ്ഞ ഇത്തരം മഹാന്മാരായ ശക്തികളെ പുതുതലമുറ മനസ്സിലാക്കുകയും ഓർമ്മിക്കുകയും വേണം എന്ന ആശയമാണ് അവ‍ർക്ക് വേണ്ടി ഒരു ദിനം ആഘോഷമാക്കി മാറ്റിയതും, ആ ദിവസത്തെ പൊതുഅവധിയായി പ്രഖ്യാപിച്ചതും. ഒരു പരിധിവരെ ഇത്തരം ആശയങ്ങൾ വഴി നാം മഹാത്മാഗാന്ധി മുതൽ നാരായണഗുരുവിനെ വരെ ഓർമ്മിക്കുകയും പ്രസ്തുത ദിനത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു.

ഒരു വർഷത്തിലെ 365 ദിവസവും ഓരോ വിശേഷ ദിവസങ്ങളായി ആഘോഷിക്കുവാനുള്ള ഒരു വിപണന തന്ത്രം നാം അറിയാതെ നമ്മുടെ സംസ്കാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമായിരിക്കുന്നു. അതിലൊന്നാണ് ഇന്നലെ കഴിഞ്ഞ മദേർസ് ഡേ എന്ന ആഘോഷം. സോഷ്യൽ മീഡിയകളിൽ പലരും അവരുെട അമ്മമാരുടെ കൂടെയുള്ള ഫോട്ടോ നിരത്തി പറ്റാവുന്ന കവിതാശകലങ്ങൾ മുറിച്ചെടുത്ത് ഒട്ടിച്ച് അമ്മയെ വാഴ്ത്തുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. പലരുടെയും അമ്മമാർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. 

ചോദ്യം ഇതാണ് ഗാന്ധിയെയും നെഹ്റുവിനെയും നാരായണഗുരുവിനെയും പോലെ നമ്മൾ വർഷത്തിൽ ഒരിക്കൽ മാത്രം ഓർക്കേണ്ട വ്യക്തിയാണോ അമ്മ?

പാശ്ചാത്യ സംസ്കാരത്തിൽ, ജീവിതരീതിയിൽ മിക്കവാറും മാതാപിതാക്കൾ കുട്ടികൾക്ക് കഴിഞ്ഞ് കൂടാനുള്ള ചിലവ് നൽകി ഒന്നിലധികം വിവാഹം കഴിച്ച് വിദൂരസ്ഥലങ്ങളിൽ ജീവിക്കുന്നവരാണ്.

പലപ്പോഴും മക്കളെ അപൂർവ്വമായി മാത്രം കാണുന്ന മാതാവും പിതാവും മക്കളും ഈ ഭൂലോകത്തിൽ തനിക്കൊരു അമ്മയുണ്ടെന്നും ആ അമ്മ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്നും തട്ടിമുട്ടി ജീവിക്കുവാൻ ചിലവിന് തരുന്ന അമ്മയെ ഒരു വർഷത്തിൽ ഒരിക്കലെങ്കിലും ഓർക്കണം എന്ന് ചിന്തയിലാണ് അവർ മദേർസ് ഡേയ്ക്ക് രൂപം നല്കിയിരിക്കുന്നത്.

ഇത് അതേ പടി കോപ്പി അടിച്ച് പകർത്തുന്പോൾ നാം ഓർക്കേണ്ടത് നമ്മളും വിദേശീയരെപ്പോലെ വർഷത്തിൽ ഒരിക്കൽ മാത്രം ഓർക്കപ്പെടേണ്ട വ്യക്തിയായി അമ്മയെ ബ്രാന്റ് ചെയ്യുന്നു എന്ന സത്യമാണ്.

അമ്മ ഒരു വ്യക്തിയുടെ സ്വകാര്യ അഹങ്കാരമാണ്. തന്നെ സ്നേഹിച്ച, വളർത്തിയ, പരിപാലിച്ച, സംരക്ഷിച്ച അമ്മ നമ്മുടെ ശരീരത്തിന്റെ ഒരു ഭാഗമാണ്. നമ്മൾ ഏതൊരു ആപത്ഘട്ടത്തിലും, ആപത്തിലും പെടുന്പോൾ ആദ്യം ഓർക്കുന്നത് അമ്മയെയാണ്. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ, ലോകത്തിന്റെ ഏത് കോണിലാണെങ്കിലും നമ്മൾ ഓർത്തിരിക്കേണ്ട നാമം. 

മദേർസ് ഡേ ആഘോഷിക്കുക വഴി നമ്മൾ പുതുതലമുറയോട് ഒരു െതറ്റായ സന്ദേശം നൽകുകയാണ്. വർഷത്തിൽ ഒരു പ്രാവശ്യം മാത്രം ഓർത്താൽ മതി എന്ന സന്ദേശമാണ് ഇതുവഴി നാം നൽകുന്നത്.

ഇന്ന് പിറന്നാൾ ആഘോഷിക്കുന്പോൾ നമ്മൾ ചെയ്യുന്നത് വലിയൊരു കേക്ക് വാങ്ങി അതിൽ മെഴുകുതിരികൾ കത്തിച്ച് വെച്ച് ഊതി കെടുത്തുക എന്ന ആചാരമാണ്. ഇന്ത്യൻ സംസ്കാരത്തിൽ വെളിച്ചം കത്തിക്കുക, അതിലൂടെ പ്രകാശം പരത്തുക എന്ന ചിന്തക്കുപരി വെളിച്ചം കെടുത്തി ആഘോഷിക്കുന്നത് പാശ്ചാത്യരുടെ രീതി തന്നെ. മെഴുകുതിരികൾ കെടുത്തുന്പോൾ അതിൽ നിന്നുയരുന്ന പുക നേരെ സ്വർഗ്ഗത്തിൽ പോകുമെന്നും നമ്മൾ മനസ്സിൽ ആഗ്രഹിച്ച ചിന്തകൾ പുകയോടൊപ്പം ദൈവത്തിലേത്തിക്കുന്നു എന്നതാണ് പാശ്ചാത്യ വിശ്വാസം.

കേക്കിന്റെ മുകളിൽ വെയ്ക്കുന്ന മെഴുകുതിരി പെട്ടെന്ന് കെടുത്തുന്നത് അത് കൂടുതൽ കത്തിയാൽ അതിന്റെ മെഴുക് കേക്കിൽ വീഴുന്നത് കൊണ്ടായിരിക്കാം.

ഒരുകാര്യം ഉറപ്പാണ്. നമ്മളും ഒരു ആഗോള സംസ്കാരത്തിലേക്ക് കടക്കുകയാണ്. നമ്മളറിയാതെ അത് നമ്മുടെ വിശ്വാസങ്ങളിലേക്കും ആഘോഷങ്ങളിലേക്കും സംസ്കാരത്തിലേക്കും കുടിയേറി കഴി‍‍‍‍ഞ്ഞു.

വസ്ത്രത്തിലും ഭക്ഷണത്തിലും ആഘോഷത്തിലും ജീവിതരീതിയിലും നമ്മൾ മാറ്റം വരുത്തി തുടങ്ങിയിരിക്കുന്നു. ഇനി ഒരു പത്ത് വർഷത്തിനുള്ളിൽ വസ്ത്രത്തിലും ഭക്ഷണത്തിലും ആഘോഷത്തിലും ജീവിതരീതിയിലും നമ്മൾ മാറ്റം വരുത്തി ഇന്ത്യയും അമേരിക്കയെ പോലെ, പാരിസീനെപ്പോലെയാകും.

മക്കളെക്കുറിച്ചോർക്കാൻ ഒരു ദിവസം, കുട്ടികളെക്കുറിച്ചോർക്കാൻ ഒരു ദിവസം, പ്രണയിനിയെ കുറിച്ചോർക്കാൻ വേറൊരു ദിവസം. അങ്ങിനെ വർഷത്തിലെ ദിവസങ്ങൾ പങ്കിട്ട് നൽകുന്പോൾ അതിന്റെ പേരിൽ വിപണിയിൽ ഉൽപ്പന്നങ്ങൾ വിറ്റ് കാശ് സന്പാദിക്കുന്നവർ ചിരിക്കുന്പോൾ ഓർക്കേണ്ടത് നമ്മൾ യഥാർത്ഥത്തിൽ ആഘോഷിക്കേണ്ടത് വിഡ്ഢിദിനം മാത്രമാണെന്ന സത്യം മാത്രം !

You might also like

  • Straight Forward

Most Viewed