ചില ആനക്കാര്യങ്ങൾ
പാതിയുറക്കത്തിന്റെ ആലസ്യത്തിൽ ഞെട്ടിയുണർന്നത് നിർത്താതെയുള്ള െടലിഫോണിന്റെ നിലവിളി കേട്ടാണ്. ഒരു കുരങ്ങിന്റെ പൃഷ്ട ഭാഗത്തിൽ ഒന്ന് തലോടിയാൽ അത് വലിയൊരു തെറ്റാണോ? ചോദ്യം സുഹൃത്തിന്റേതാണ്. ഡി.ടി ന്യൂസിൽ വാനരനെ മൃഗശാലയിൽ വെച്ച് മർദ്ദിച്ചു എന്ന് പറഞ്ഞ് ചിത്രത്തോടൊപ്പം വന്ന വാർത്തയാണ് സുഹൃത്തിന്റെ ക്ഷോഭത്തിന് കാരണം.
ഒരു സ്വകാര്യ വ്യക്തിയുടെ സ്വകാര്യ മൃഗശാലയിൽ അദ്ദേഹത്തിന്റെ ഒരു ബന്ധുവിനേയാണ് പരിചാരകനായി നിർത്തിയിരുന്നത്. ടിയാൻ ഒരു നേരംപോക്കിനായി വാനരന്റെ പിറക് വശത്ത് അടിക്കുകയും, അതിന്റെ ചാട്ടം കണ്ട് രസിക്കുകയും ചെയ്യുന്ന വീഡിയോ ഒരു സന്ദർശകൻ യൂട്യൂബിൽ വിതറി. സംഭവം വൈറലായി. മൃഗസ്നേഹികളും സംരക്ഷകരും സടകുടഞ്ഞെഴുന്നേറ്റു. സംഭവം അന്വേഷണത്തിനിട്ടു. വാർത്ത പത്രത്തിലും വന്നു. വാനരൻ ഇപ്പോൾ സസുഖം സർക്കാർ ചിലവിൽ പ്രത്യേക സംരക്ഷണത്തിലാണ്. മൃഗസ്നേഹികളുടെയും സംരക്ഷകരുടെയും എണ്ണം കൂടുന്നത് ഒരു രാജ്യം സാംസ്കാരികമായി വളരുന്നതിന്റെ ലക്ഷണമായിട്ടാണ് മഹാതമാ ഗാന്ധി പറഞ്ഞിട്ടുള്ളത്.
കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിറകെ സുന്ദരികളുടെ ക്യൂവായിരുന്നു. റെജിനയിൽ തുടങ്ങി സരിതയിൽ അവസാനിക്കുമെന്ന് കരുതിയപ്പോഴാണ് ഇപ്പോൾ വിശ്വസുന്ദരികളും കൂടെകൂടിയിരിക്കുന്നത്. ബെ വാച്ച് എന്ന ടി.വി സീരിയലിലൂടെ ബിക്കിനി മാത്രം ധരിച്ച് കടലിൽ മുങ്ങുന്നവരെ രക്ഷിക്കുവാൻ ഓടി കോടികൾ വാരിയ പാമേല ആൻഡേഴ്സൺ എന്ന 48കാരി സുന്ദരി മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇപ്പോൾ ഒരു കത്തയച്ചിരിക്കുന്നു. സംഭവം പീഡനം തന്നെ. പൊരിയുന്ന വെയിലിലും ചൂടുള്ള ടാറിട്ട റോഡിലും പഞ്ചവാദ്യത്തിന്റെ ഘോരവാദ്യ ബഹളത്തിലും ആൾക്കൂട്ടത്തിന്റെ ആരവത്തിലും എല്ലാം കണ്ടും, കേട്ടും സഹിച്ചും, കാലിൽ ചങ്ങലയിട്ടും പീഢനമനുഭവിക്കുന്ന ആനകളെ കുറിച്ചാണ് പാമേലയുടെ നിവേദനം. ഇതോടൊപ്പം പാമേല മുഖ്യമന്ത്രിക്ക് ഒരു ഓഫർകൂടി നൽകിയിട്ടുണ്ട്. ആനകൾക്ക് പകരം പൂരങ്ങളിലും അന്പലങ്ങളിലും നിരന്ന് നിൽക്കുവാൻ മുളകൊണ്ട് ആനകളെ ഉണ്ടാക്കി നൽകാമെന്നാണ് ആൻഡേഴ്സൺ ഉറപ്പ് നൽകിയത്. ഇതിന് വേണ്ട സാന്പത്തിക ചിലവ് സഹിക്കാനും തയ്യാറാണെന്ന് ബിക്കിനി താരം ഉറപ്പ് നൽകിയിരിക്കുന്നു. സംഭവം നിസ്സാരമായി മുഖ്യമന്ത്രിയും, സർക്കാരും തള്ളികളഞ്ഞെങ്കിലും സംഗതി ഇവിടെ തീരുമെന്ന് നമ്മൾ കരുതേണ്ട.
ബെ വാച്ച് എന്ന സീരിയൽ പ്രശസ്തമായി കഴിഞ്ഞപ്പോഴാണ് പാമേലക്ക് പ്രകൃതി സ്നേഹം കൂടിയത്. കരയ്ക്കടിയുന്ന നീർനായകളെ സംരക്ഷിക്കുവാനുള്ള ദൗത്യം ഏറ്റെടുത്തതോടെയാണ് ടി.വി താരത്തിന് സാമൂഹ്യ പ്രവർത്തകയുടെ പുതിയ വേഷം ലഭിച്ചത്. മൃഗങ്ങളുടെ തൊലിയും രോമങ്ങളും പറിച്ചെടുത്ത് വസ്ത്രങ്ങളുണ്ടാക്കി ഫാഷൻ ഷോയിൽ പങ്കെടുക്കുന്നവർക്കെതിരെ പ്രതിഷേധിക്കുവാൻ നഗ്നയായി റാന്പിൽ നടന്ന കയ്യടി വാങ്ങിയ ഈ സുന്ദരി മൃഗങ്ങളെ സംരക്ഷിക്കുവാൻ ഏതറ്റവും വരെ പോകുമെന്ന കാര്യം ഉമ്മൻചാണ്ടി സാർ ഓർക്കുന്നത് നന്ന്.
കാനഡയിൽ നീർനായകളെ വേട്ടയാടുന്നതിനെതിരെ ആൻഡേഴ്സൺ നടത്തിയ പ്രതിഷേധം ഒടുവിൽ അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ ഇടപെട്ടാണ് ഒത്തുതീർപ്പാക്കിയത്. കെ.എഫ്.സിക്ക് എതിരെയും ഗോവധത്തിനെതിരെയുമൊക്കെ പ്രതിഷേധിക്കുവാൻ തുണിയുരിയുന്ന പാമേല അടുത്ത് തന്നെ കേരള നിയമസഭയിൽ വന്ന് തുണിയുരിഞ്ഞാൽ പ്രതിഭാഗത്ത് ഉമ്മൻചാണ്ടി സാറായിരിക്കും ലോകമാധ്യമങ്ങളാൽ നിറയുക.
ആന കാട്ടിൽ ജീവിക്കേണ്ട മൃഗം തന്നെയാണ്. എന്നാൽ ആനയെ അന്പലങ്ങളിലും മറ്റ് ഉത്സവങ്ങളിലും പങ്കെടുപ്പിക്കുക വഴി ആനയെ വളർത്തുവാനും സംരക്ഷിക്കുവാനും നമ്മൾ മനുഷ്യൻ ശ്രമിക്കും. അതുകൊണ്ട് തന്നെ വെള്ളക്കടുവയെ പോലെ സിംഹത്തെ പോലെ വംശനാശം സംഭവിക്കാനുള്ള സാധ്യത ആനയുടെ കാര്യത്തിൽ കുറവാണ്. ഇവിടെ പറയുന്ന പ്രശ്നം മൃഗങ്ങളെ വളർത്തുന്നതിനെ കുറിച്ചല്ല. പകരം എങ്ങിനെ വളർത്തുന്നു എന്നതിലാണ്. ആന കുത്തികൊന്ന പാപ്പാനെ കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇപ്പോഴും നിറയുന്നുണ്ട്. ആന വിശന്ന് മണ്ണ് തിന്നുന്നത് കണ്ടവരും ആനയെ പാപ്പാൻ പീഡിപ്പിക്കുന്നത് കണ്ടവരും പ്രിതികരിക്കുന്നുണ്ട്.
ഗൊറില്ല കഴിഞ്ഞാൽ ഏറ്റവുമധികം ബുദ്ധിയുള്ള മൃഗം ആനയാണ്. ആനയെ ശരിയായി പരിചരിക്കുകയും സ്നേഹിക്കുകയും ചെയ്താൽ അതിനെ വടിയും കുന്തവും ചങ്ങലയും ഇല്ലാതെ കൂടെ നടത്തുവാൻ സാധിക്കും. പൂരത്തിന് ആനയെ നിരത്തി നിർത്തുന്ന സ്ഥലത്ത് എയർ കൂളറും ഫാനും കുറച്ച് തണലും ഉണ്ടെങ്കിൽ ആനയും അതിന്റെ കൂടെയുള്ള വാദ്യക്കാർക്കും സ്വസ്ഥത ലഭിക്കും. ആനയുടെ മുകളിലുള്ളവർ വെഞ്ചാമരം വിശുന്നത് കാറ്റ് ലഭിക്കുവാനാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.
ഏതായാലും കേരളത്തിലെ ആനക്കാരും മുഖ്യമന്ത്രിയും പറ്റുമെങ്കിൽ ആനക്കാര്യം ആനക്കാര്യമായി തന്നെ എടുക്കുക. ഇല്ലെങ്കിൽ പാമേല കേരളത്തിൽ വന്ന് തുണിയുരിഞ്ഞാൽ ലോക മാധ്യമങ്ങൾ എല്ലാം നിലവിളിച്ച് മുഖ്യമന്ത്രിയെ കൊണ്ട് ആനയ്ക്ക് അണ്ടർവെയറും, കാലിൽ ഷൂസും ധരിപ്പിക്കുമെന്നുറപ്പ് !