വിശ്വാസം അതല്ലേ എല്ലാം


ഒരു അത്താഴ വിരുന്നിൻ്റെ ബഹളത്തിനിടയിൽ, കോഴിക്കാല് കടിച്ച് പറിച്ച് ആഘോഷിക്കുന്പോഴാണ് whats appലേക്ക് ഒരു വീഡിയോ വന്ന് പതിച്ചത്.

വലത് കയ്യുടെ കുഞ്ഞു വിരൽ കൊണ്ട് വീഡിയോ കുത്തി നോക്കുന്പോൾ അത് ഉരുണ്ട് ഉരുണ്ട് വലുതായി ജീവൻ വെച്ച് തുടങ്ങി. വീഡിയോവിൽ നേപ്പാളിലെ ഭൂകന്പ പ്രദേശത്തെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ തല മാത്രം ഭൂമിക്ക് പുറത്തായി നിൽക്കുന്ന ഒരു മനുഷ്യൻ. അദ്ദേഹത്തിൻ്റെ കണ്ണുകളിൽ കണ്ണുനീർ തുള്ളിയില്ല. തൊണ്ടയിൽ നിന്ന് നിലവിളി ഉയരുന്നില്ല. പകരം നിസ്സംഗതയോടെ നോക്കുന്ന കണ്ണുകളിൽ ദേഷ്യവും, പരിഭ്രമവും, പരിഭ്രാന്തിയും, സങ്കടവും, അസ്വസ്ഥതയും എല്ലാം പ്രതിഫലിക്കുന്നുണ്ട്.

ഭൂമിക്കടിയിൽ ഒരു പാതാളമുണ്ടെന്നും അതിന് എഴുപതിനായിരം യോജന താഴ്ച്ചയുണ്ടെന്നും, അതിൽ ഭൂമണ്ധലത്തെ മുഴുവൻ തലയിലേറ്റി ആയിരം തലയുള്ള അനന്തൻ എന്ന നാഗമുണ്ടെന്നും ആ നാഗം കോട്ടുവായിടുന്പോഴാണ് ഭൂമി കുലുങ്ങുന്നതെന്നും അമ്മൂമ്മയാണ് ചെറുപ്പത്തിൽ പറഞ്ഞ് തന്നത്.

ആ കഥ ശരിയാണെങ്കിലും തെറ്റാണെങ്കിലും ഇന്നലെ നമ്മുടെ അനന്തൻ വീണ്ടും ഒരു കോട്ടുവായിട്ടു. ഊശാൻ താടിയും തടവി കാലാവസ്ഥ നിരീക്ഷകർ കോട്ടുവായുടെ വേഗത 7.8 റിക്ട‍ർ സ്കെയിലാണെന്ന്, പുഴയും, കടലും, വനങ്ങളും, കെട്ടിടങ്ങളും, ഹിമാലയവും കുലുങ്ങി തീർന്നപ്പോൾ സ്ഥിരീകരിച്ചു.

ഗ്രീക്ക് പുരാണത്തിൽ പറയുന്നത് പോബിനോൺ എന്ന സമുദ്ര ദേവതയാണ് ഈ കുലുക്കത്തിൻ്റെ കാരണമെന്നാണ്.

യേശുദേവൻ പിറക്കുന്നതിന് മുന്പ് തന്നെ ഭൂമി കുലുങ്ങുകയും, നഗരങ്ങൾ ഇല്ലാതാകുകയും, ലക്ഷകണക്കിന് മനുഷ്യർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 2011ൽ ജപ്പാനിൽ ഉണ്ടായ ഭൂകന്പ കെടുതിയിൽ രാജ്യത്തിന് വന്ന നഷ്ടം 235 ബില്യൺ യു.എസ് ഡോളറാണ്. 1556ൽ ചൈനയിലുണ്ടായ ഭൂകന്പത്തിൽ മരിച്ചത് എട്ട് ലക്ഷത്തിലധികം ആൾക്കാരായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്നലെ നേപ്പാളിൽ ഉണ്ടായ ഭൂകന്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം 1900 കഴിഞ്ഞിരിക്കുന്നു. ചൈനയിൽ ഉണ്ടായ ഭൂകന്പത്തിൽ അന്നത്തെ അറുപത് ശതമാനത്തോളം വരുന്ന ജനസമൂഹം ഇല്ലാതായി.

അന്നും ഇന്നും, ശാസ്ത്രലോകം ഇത്തരം പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കാൻ പറ്റാതെ പരാജയപ്പെടുകയാണ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങൾ അയക്കുകയും ഇരുപത്തിനാല് മണിക്കൂറും ഭൂമിക്ക് ചുറ്റും കറങ്ങുന്ന കൃത്രിമ ഉപഗ്രഹങ്ങൾ കാലാവസ്ഥ നിരീക്ഷിക്കുകയും, ഫോട്ടോയും സന്ദേശങ്ങളും അയച്ചിട്ടും എത്തും പിടിയും കിട്ടാതെ നോട്ടോട്ടമോടുകയാണ് ശാസ്ത്രലോകം. 

പലപ്പോഴും കാലാവസ്ഥ വ്യതിയാനങ്ങൾ പ്രകൃതിയിലേക്ക് സൂക്ഷമമായി നിരീക്ഷിച്ചാൽ ഒരു പരിധിവരെ നമുക്ക് ഉപകരിക്കാൻ സാധിക്കും. കുറെ ദിവസമായി വീശുന്ന ശക്തമായ പൊടിക്കാറ്റ്, കേരളത്തിൽ തകർത്ത് പെയ്യുന്ന മഴ, കർണാടകത്തിൽ പെയ്ത ആലിപ്പഴം എല്ലാം മാറ്റത്തിൻ്റെ സൂചനകൾ തന്നെയായിരുന്നു. നേപ്പാളിലും ഭൂട്ടാനിലും ഒക്കെ ഈ മാറ്റങ്ങൾ പ്രതിഫലിച്ചിരിക്കാം. ഇതോടൊപ്പം കടന്ന് വന്നതാകാം ഈ ഭൂമികുലുക്കവും.

ഭൂമികുലുക്കത്തിന് മുന്പ് പട്ടി കുരയ്ക്കുമെന്നും മറ്റ് മൃഗങ്ങൾ പരിഭ്രാന്തിയോടെ ഒാടികളിക്കുമെന്നും ഉറുന്പ്, പാറ്റ, കൂറ പോലുള്ള പ്രാണികൾ നിരനിരയായി നടക്കുമെന്നതും, കായലിൽ വെള്ളം കയറുമെന്നും പറയപ്പെടുന്നു. അതോടൊപ്പം കാലാവസ്ഥ മാറുമെന്നും, പൊടിക്കാറ്റ്, മഴ എന്നിവയുണ്ടാകുമെന്നും പറയപ്പെടുന്നു.

പണ്ട് ബോബനും മോളിയും എന്ന പംക്തിയിൽ കാലാവസ്ഥ പ്രവചിക്കുന്ന ഒരു രംഗം ചിത്രീകരിച്ചിരുന്നു. കേരളത്തിൻ്റെ ഭൂപടത്തിൻ്റെ മുകളിൽ ഒരു തവളയെ മാറ്റി മാറ്റി വെച്ച് തവള കരയുന്പോൾ ഈ പ്രദേശത്ത് മഴ പെയ്യുമെന്ന് പ്രവചിക്കുന്ന കാലാവസ്ഥ പ്രവചനങ്ങൾക്കപ്പുറം ശാസ്ത്രലോകം ഇനിയും വളർന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

പണ്ട് കാലത്ത് കപ്പലിൽ മാസങ്ങളോളം യാത്ര ചെയ്തിരുന്നവർ കാലാവസ്ഥ പ്രവചിച്ചത് പ്രകൃതിയെ സൂക്ഷമമായി നിരീക്ഷിച്ച് കൊണ്ടാണ്. മഴ പെയ്യുന്നതിന് മുന്പ് മഴക്കാറും കാറ്റും കാണുന്നത് പോലെ പ്രകൃതിയിലെ ഒാരോ മാറ്റത്തിനും പ്രകൃതി വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. അസ്തമയ സൂര്യന്റെ നിറം നല്ല ചുവപ്പാണെങ്കിൽ അടുത്ത ദിവസം തെളിഞ്ഞ കാലാവസ്ഥയാണെന്നുറപ്പിക്കാം. അരിസ്റ്റോട്ടിലും, തിയോ ഫ്രാസ്റ്റസും വ്യക്തമായ ചില ധാരണയും അതിനെ അടിസ്ഥാനമാക്കി ‘Book of signs’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

ഭൂമിയിലേക്ക് വർഷങ്ങളായി വീണുകൊണ്ടിരിക്കുന്ന ഉൽക്കയെ തടയുവാൻ ശാസ്ത്രജ്ഞർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും അന്യഗ്രഹത്തിൽ ജീവന്റെ തുടിപ്പ് കണ്ടെത്തുമെന്നൊക്കെ നാസ പോലുള്ള സ്ഥാപനങ്ങൾ വീന്പിളക്കുന്പോൾ മറുഭാഗത്ത് ഭൂമികുലുക്കവും, പൊടിക്കാറ്റും, സുനാമിയും എന്തിനധികം മഴ പോലും വ്യക്തമായി പ്രവചിക്കാൻ സാധിക്കാത്ത ശാസ്ത്രലോകത്തെ നമ്മൾ എങ്ങനെ വിശ്വസിക്കും.

കാലാവസ്ഥ നിരീക്ഷകർക്ക് ഇനി നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കുവാനുള്ള ഒരേ ഒരു മാർ‍ഗ്ഗം പറ്റുമെങ്കിൽ അവരുടെ ഒാഫീസിൽ ഒരു പട്ടിയെയും, തവളെയും കുറച്ച് ഉറുന്പിനെയും വളർത്തുക എന്നതാണ്. അതിന് പുറമെ ഒരു സമതലത്തിൽ ഗ്ലാസ് നിറയെ വെള്ളം നിറച്ച് വെയ്ക്കുക.

പട്ടി പരിഭ്രാന്തിയോടെ ഒാരിയിടുന്പോൾ തവള  ബഹളം വെയ്ക്കുന്പോൾ ഉറുന്പ് വരിവരിയായി നടന്ന് നീങ്ങുന്പോൾ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. വെള്ളം കരകവിഞ്ഞ് ഒഴുകുകയാണെങ്കിൽ ധൈര്യത്തിൽ ടി.വിയിലും റേഡിയോവിലും വിളിച്ച് പ്രവചനം നടത്തുക.

You might also like

  • Straight Forward

Most Viewed