തന്മാത്രകൾ!


2010ലെ ജനുവരി മാസത്തിെല ഡൽഹിയിലെ കുളിര് പെയ്യുന്ന ഒരു പ്രഭാതം. തണൽ മരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന മഞ്ഞിൻ കണികകൾ, തണുത്ത കാറ്റിന്റെ പ്രഹരമേറ്റ് നിലവിളിച്ച് താഴേക്ക് പതിക്കുന്ന നേരം. വഴി പോക്കരെല്ലാം വിറയ്ക്കുന്നുണ്ട്. ഡൽഹിയിലെ പോലീസിനെ ഭയക്കാതെ കള്ളന്മാരും നിയമത്തെ ഭയക്കാത്ത, സ്ത്രീകളെ ബഹുമാനിക്കാത്ത കാട്ടാളന്മാരും ജനങ്ങളെ ഭയക്കാത്ത ജനപ്രതിനിധികളും എല്ലാവരും ഭയക്കുന്നത് മരം കോച്ചുന്ന തണുപ്പിനെ മാത്രം.

തണുപ്പിന്റെ മാത്രകൾ ശരീരത്തിനെ മരവിപ്പിച്ച് തുടങ്ങിയപ്പോൾ സഹിക്കുവാൻ ശേഷിയില്ലാതെ ഹോട്ടലിലേക്ക് തിരിച്ചു നടന്നു. ഹോട്ടലിൽ കയറിയതും ഒരു ചെറിയ ജനക്കൂട്ടം ലോബിയിലൂടെ നടന്നു നീങ്ങുന്നു. പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള അവാർഡ് ജേതാക്കളെ സർക്കാർ ചിലവിൽ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലാണ്. ആൾക്കൂട്ടത്തിന്റെ നടുവിൽ എല്ലാവരോടും സ്നേഹത്തോടെ സൗമ്യനായി ചിരിച്ച് കൊണ്ട് ഉത്തരം നൽകി നീങ്ങുന്നത് പ്രശസ്ത സംഗീത സംവിധാ
യകൻ എ.ആർ റഹ്്മാനാണ്. പോകുന്ന വഴിയിൽ കാണുന്നവർക്കൊക്കെ
ഹസ്തദാനം നൽകുന്പോൾ ദാനമായി എനിക്കും ലഭിച്ചു ഒരു കൈ!

പലരും അദ്ദേഹത്തിന്റെ ചുറ്റും നിന്ന് ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് ഒപ്പിട്ട് വാങ്ങുകയും ചെയ്യുന്നു. അതെല്ലാം സന്തോഷപൂർവ്വം സ്വീകരിച്ച് പുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്യുന്ന ആ മഹാനായ കലാകാരനോട് മനസ്സിൽ എന്തെന്നില്ലാത്ത ബഹുമാനം തോന്നി.

ടാജ് ഹോട്ടലിന്റെ വിശാലമായ ലോബിയിലുള്ള ഒരു സോഫയിൽ തണുപ്പകറ്റുവാൻ ഒരു ചൂട് ചായ നുകർന്നിരിക്കുന്പോഴാണ് തൊട്ട് മുന്പിൽ ഇരിക്കുന്ന മെലിഞ്ഞ കറുത്ത നീളമുള്ള മനുഷ്യനെ ശ്രദ്ധിച്ചത്. ഹിന്ദു പത്രത്തിന്റെ ഏടുകൾ മറിച്ച് നോക്കുന്ന അദ്ദേഹത്തിന്റെ തൊട്ടടുത്തായി വൃദ്ധരായ മാതാപിതാക്കളുമുണ്ട്.

ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരിക്കുന്പോൾ ധരിക്കുന്ന ആഡംബരം നിറഞ്ഞ വസ്ത്രങ്ങളോ ആർഭാടമോ അദ്ദേഹത്തിന്റെ നടപ്പിലോ ഇരിപ്പിലോ കാണാനില്ല. കാലിൽ ധരിച്ചിരിക്കുന്നത് ഒരു സാദാ ചെരിപ്പ്!

ഞാൻ എ.ആർ റഹ്്മാനെക്കുറിച്ച് ഓരോന്ന് ആലോചിച്ചിരിക്കുന്പോഴാണ് എന്റെ തൊട്ടടുത്ത് ചില ദൃശ്യമാധ്യമങ്ങൾ അവരുടെ ക്യാമറ ഫിക്സ് ചെയ്യുന്നത് കണ്ടത്. ചിലർ മുന്പിലിരിക്കുന്ന വ്യക്തിയോട് ബിസിനസ്സ് കാർഡ് കൊടുത്ത് സ്വയം പരിചയപ്പെടുത്തുന്നു. അന്ന് പത്മശ്രീയും പത്മവിഭൂഷണും ഒക്കെ ലഭിച്ചവർക്ക് സർക്കാർ താമസിക്കുവാൻ നൽകിയ ഹോട്ടൽ ആയത് കൊണ്ട് തന്നെ മുന്പിലിരിക്കുന്നത് ഒരു വിശിഷ്ട വ്യക്തിയാണെന്ന് ഞാൻ ഊഹിച്ചു. അപ്പോഴാണ് കൂടെ
യുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത് ഇത് കഴിഞ്ഞ വർഷത്തെ നോബൽ പ്രൈസ് ജേതാവ് ശ്രീ. വെങ്കട്ട് രാമൻ രാമകൃഷ്ണനാണെന്ന്!

ജീവതന്മാത്ര ശാസ്ത്രരംഗത്ത് നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് തമിഴ് നാട്ടിലെ ചിദംബരത്ത് ജനിച്ച് ഇപ്പോൾ ലണ്ടനിൽ സ്ഥിര താമസമാക്കിയ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്.

കുറച്ച് സമയം കഴിഞ്ഞപ്പോൾ മാധ്യമക്കാരൊക്കെ ഒഴിഞ്ഞ് പോയപ്പോൾ അദ്ദേഹത്തിനെ പരിചയപ്പെടാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇന്ത്യയിൽ നിന്ന് അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി ആദരിക്കണം എന്ന് വിളിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ഇന്ത്യൻ ഗവൺമെന്റിനോട് നന്ദി പറയുകയും ഒപ്പം ഒരു സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പറ്റുമെങ്കിൽ അവാർഡ് കൊറിയർ വഴി അയച്ചു തരുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന!

ഈ അവാർഡ് ചടങ്ങിൽ പങ്കെടുക്കുകയാണെങ്കിൽ കൂടെയുള്ള വയസ്സായ മാതാപിതാക്കളെ കൂടെ കൂട്ടണം. യാത്ര ചെയ്യുവാൻ ശാരീരികമായി അസ്വസ്ഥതയുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഒപ്പം തന്റെ സമയം പാഴാക്കാതെ അവാർഡ് സ്വീകരിക്കുവാൻ പറ്റുമോ എന്നാണ് പത്മവിഭൂഷണക്കാരൻ ചിന്തിച്ചത്!

ഇന്ന് ഞാൻ വീണ്ടും ശ്രീ െവങ്കട്ട് രാമനെ കുറിച്ചോർത്തത് കഴിഞ്ഞ മാസം അദ്ദേഹത്തിന് ലഭിച്ച പുതിയ ഒരു പദവിയെക്കുറിച്ചുള്ള വാർത്ത മുഖ്യധാര മാധ്യമങ്ങൾ മുക്കിയതോർത്തപ്പോഴാണ്.

ലണ്ടനിലെ റോയൽ സൊസൈറ്റിയുെട 355 വർഷം നീണ്ട ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യക്കാരനെ തലപ്പത്തിരുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് ഈ സൊസൈറ്റിയുടെ ഫെല്ലോഷിപ്പ് ലഭിച്ചവരിൽ ഗണിത പ്രതിഭ ശ്രീനിവാസരാമാനുജനും, സി.വി. രാമനും, ജഗദീഷ് ചന്ദ്രബോസ് എന്നിവരും പെടും. 2011ൽ ബ്രിട്ടീഷ് രാജ്ഞി വെങ്കട്ട് രാമനെ സർ സ്ഥാനം നൽകി ആദരിച്ചിരിക്കുന്നു. റോയൽ സൊസൈറ്റിയിൽ നിന്ന് ഫെലോഷിപ്പ് ലഭിക്കുക എന്നത് തന്നെ വലിയ വാർത്തയാണ്. അപ്പോൾ അതിന്റെ തലവനായി ഒരു ഇന്ത്യക്കാരൻ മാറിയപ്പോൾ അത് ഇന്ത്യൻ മാധ്യമങ്ങൾ അറിഞ്ഞില്ല.

വെങ്കട്ട് രാമൻ ഇത്തരം അംഗീകാരങ്ങൾ ആഘോഷിക്കാത്തത് അതിൽ ആനന്ദം ലഭിക്കാത്തതു കൊണ്ടാണ്. പരമാണുവിനെയും സൂക്ഷ്മാണുവിനെയും വിഗ്രഹിച്ച് അതിലെ പരംപൊരുൾ തേടുന്ന ശാസ്ത്രജ്ഞന്മാരുടെ മനസ് സന്യാസ തുല്യമാണ്. ശരീരം നശ്വരമാണെന്നും ജീവിതം ക്ഷണികമാണെന്നും തന്മാത്രകൾകൊണ്ടുണ്ടാക്കിയ പദാർ‍ത്ഥങ്ങളാൽ‍ നിർ‍മ്മിക്കപ്പെട്ട പ്രപഞ്ചത്തിൽ‍ തേടേണ്ടത് ആത്മാവിലേക്കുള്ള യാത്രയാണെന്നും തിരിച്ചറിഞ്ഞാൽ‍ പത്മവിഭൂഷൺ‍ പോലുള്ള പുരസ്കാരങ്ങൾ കൊറിയറിൽ‍ അയക്കാനും പഞ്ചനക്ഷത്ര ഹോട്ടലിൽ‍ ഹവായി ചപ്പലിട്ട് അഭിമാനത്തോടേ ഇരിക്കാനും സാധിക്കും. ഇന്ത്യക്കാരെ ഭരിച്ച ബ്രിട്ടീഷുകാരുടെ അഹങ്കാരമായ റോയൽ‍ സൊസൈറ്റിയുടെ തലപ്പത്ത് ഇതിലൊന്നും വലിയ കാര്യമില്ല എന്ന രീതിയിൽ‍ അങ്ങിരിക്കുന്പോൾ തലപൊക്കുന്നത് ഇന്ത്യയുടെ സംസ്കാരമാണ്, ശ്രീ വെങ്കട്ട് രാമൻ. മനസ്സിനുള്ളിൽ‍ നിന്നും അങ്ങേക്കൊരു സല്യൂട്ട്...

You might also like

  • Straight Forward

Most Viewed