യഥാർത്ഥ വിജയികൾ


പിറ്റ്സ്ബുള്ളിന്റെ മൊട്ടത്തല ഫ്ളാഷ് ലൈറ്റിന്റെ പ്രകാശത്തിൽ മിന്നിത്തിളങ്ങി. അന്തരീക്ഷത്തിലൂടെ പടരുന്ന ശബ്ദ തരംഗങ്ങൾ അലങ്കരിച്ച തോരണങ്ങളെ മുട്ടിയുരുമ്മി ഇക്കിളിപ്പെടുത്തി. തൊട്ടുരുമ്മി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ പലരും എല്ലാം മറന്ന് ഇല്ലാതാകുകയാണ്. വലിയ ഷൂസും കറുത്ത ട്രൗസറും ധരിച്ച ആറടി നീളമുള്ള സുന്ദരികൾ റാന്പിൽ മുന്നോട്ടും പിന്നോട്ടും നൃത്തം വെച്ച് നടക്കുന്നു.

അഹ്്ലൻ ബഹ്റിൻ എന്ന് ഉച്ചത്തിൽ അഭിസംബോധന ചെയ്ത് പിറ്റ്ബുൾ കൈവീശിയപ്പോൾ ജനങ്ങളുടെ ഇടയിൽ നിന്നും ആയിരക്കണക്കിന് കൈകൾ ഒരു വലിയ ആരവത്തോടെ ഉയർന്നു. പലരുടേയും കയ്യിലുള്ള മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പലരുടേയും തലകൾ താളാത്മകമായി ആടുന്നതു കാണാം. 

പിറ്റ്ബുള്ളിന്റെ സംഗീതത്തിൽ, ലയത്തിൽ, നിറങ്ങളുടെ വർണപ്പൊലിമയിൽ, വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധത്തിൽ എല്ലാം മറന്ന് ജനക്കൂട്ടം ഒന്നാവുകയാണ്. ഒരേ മനസ്സും താളവും. അറബിയും, ഇന്ത്യനും, അമേരിക്കക്കാരനും, ഫിലിപ്പിനോയും, ബ്രിട്ടിനും ഒരേപോലെ ഒത്തുകൂടി ആഹ്ലാദിക്കുന്ന നിമിഷം. 

തണുത്തകാറ്റിന്റെ നേരിയ തലോടലിൽ എല്ലാം മറന്ന് അലിയുന്പോൾ നിശ്ചലമായി കിടന്നിരുന്ന എന്റെ കൈകളും കാലുകളും അനങ്ങുന്നതും അറിയാതെ പാട്ടിനനുസരിച്ച് ചുവടുകൾ വെയ്ക്കാൻ തുടങ്ങുന്നതും ഞാനറിഞ്ഞു.

പിറ്റ്ബുൾ തന്റെ മാന്ത്രിക ശബ്ദത്തിലൂടെ ജനങ്ങളിലേക്ക് ആവേശിച്ച് തുടങ്ങിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് പുറത്തിറങ്ങി ഒരു കുപ്പി വെള്ളത്തിനായി അലയുന്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്.

ബഹളത്തിൽ നിന്ന് വിട്ട് മാറി കുറച്ച് ദൂരത്തായി പാട്ടിന്റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന ദന്പതികൾ. രണ്ടു പേർക്കും വയസ്സ് 70 കഴിഞ്ഞിരിക്കും. അമ്മൂമ്മ ഇട്ടിരിക്കുന്നത് ഒരു നേരിയ മിനിസ്കേർട്ടും ടീ ഷർട്ടുമാണ്. അപ്പൂപ്പനാണെങ്കിൽ ഒരു ട്രൗസറും, ജാക്കറ്റും, തലയിൽ ഒരു തൊപ്പിയും 

രണ്ടു പേരും പരസ്പരം കണ്ണുകളിൽ നോക്കി കൈകൾ കോർത്ത് പിടിച്ച് ഇന്തൊക്കെയോ ഇടയ്ക്കിടെ പറഞ്ഞ് പൊട്ടിച്ചിരിച്ച് നൃത്തം ചെയ്യുകയാണ്. ആരെയും ഗൗനിക്കാതെ, വേറൊന്നും കാണാതെ, കേൾക്കാതെ അവർ ആൾക്കൂട്ടത്തിൽ തനിയെ  അലിയുകയാണ്.

എഫ് 1 സന്പന്നരുടെ ഉത്സവമാണ്. ലോകത്തെ ഏറ്റവും വലിയ വിലകൂടിയ കാറുകൾ, അതിലും വിലകൂടിയ ഡ്രൈവർമാർ, അതിലും സന്പന്നരായ സ്പോൺസർമാർ. ശതകോടീശ്വരന്മാർ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും സ്വന്തം വിമാനം പറത്തി മത്സരങ്ങൾ കണ്ട് പുതിയ ബിസിനസ് ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് ഉല്ലസിച്ച് പോകുന്ന വേദി.

ഒരു കാറോട്ടത്തിനിടയിൽ ഡ്രൈവറുടെ തൂക്കം 1.5 കിലോഗ്രാം വരെ കുറയുന്നു. മാനസിക സംഘർഷവും ചൂടും, ഏകാഗ്രതയും ഒക്കെ കൂടി ഒത്തു ചേരുന്പോൾ കത്തുന്നത് കലോറികളാണ്.

എഫ് 1 പോലെ കേരളത്തിന് കൊണ്ടാടാൻ പറ്റുന്ന സ്പോർട്സ് ആണ് ചുണ്ടൻ വള്ളം കളി മത്സരം. അത് വ്യക്തമായി ബ്രാൻഡ് ചെയ്താൽ വിദേശ രാജ്യങ്ങളിൽ നിന്ന് വരെ മത്സരാർത്ഥികൾ വന്നു ചേരും. എഫ് 1 വഴി ബഹ്റിന്റെ സാന്പത്തിക ഘടന തന്നെ ആ സമയത്ത് മാറുന്നു. ഒരു ടാക്സി ഡ്രൈവർ മുതൽ ഹോട്ടൽ നടത്തിപ്പുകാരന് വരെ ബിസിനസ് കൂടുന്നു. ചെറുകിട ഷോപ്പുൾക്ക് വരെ ബിസിനസ് ലഭിക്കുന്നു. ജാതിയും, മതവും, രാജ്യവും മറന്ന് എല്ലാവരേയും കോർത്തിണക്കുന്ന വേദിയാണ് എഫ് 1 ബഹ്റിനും ഒരുക്കിത്തരുന്നത്.

കാഴ്ച്ചക്കാരായി എത്തുന്നവരെ വിസ്മയിപ്പിക്കുന്ന പലതും എഫ് 1 നടക്കുന്ന വേദിയിൽ ഒരുക്കിയിരുന്നുവെങ്കിലും എന്റെ മനസ്സിൽ ബാക്കി നിൽക്കുന്നത് സന്തോഷത്തോടെ ഷാന്പെയിൻ പൊട്ടിച്ച് ആഹ്ലാദം പങ്കിടുന്ന ഹാമിൽട്ടന്റെ മുഖമല്ല. ചെറിയ നഷ്ടബോധത്തോടെ സന്തോഷം അഭിനയിച്ചു നിൽക്കുന്ന നിക്കോ റോസ് ബെർഗിന്റെ മുഖവുമല്ല, കാതിൽ മുഴങ്ങുന്നത് ഫെരാരിയുടെയും, മാക്കലാരന്റെയും, റെനോൽട്ടിന്റെയും ഇരന്പുന്ന ശബ്ദമല്ല, ജനക്കൂട്ടത്തിന്റെ ആരവവുമല്ല, മറിച്ച് സന്തോഷത്തോടെ ആൾക്കൂട്ടത്തിൽ എല്ലാം മറന്ന് നൃത്തം ചെയ്ത ആ വല്യമ്മയുടേയും അപ്പൂപ്പന്റെയും മുഖമായിരുന്നു.

ഇന്ത്യയിൽ പ്രത്യേകിച്ച് മലയാളികൾക്കിടയിൽ വയസ്സ് 60 കഴിയുന്നതിന് മുന്പ് തന്നെ ഭാര്യയും ഭർത്താവും രണ്ട് വ്യത്യസ്ത ലോകത്തായി ജീവിച്ച് തുടങ്ങും. അതുവരെ ഒരു മുറിയിൽ കിടന്നിരുന്നവർ താമസം വ്യത്യസ്ത മുറികളിലേക്ക് മാറ്റും. പുരുഷൻ ഗൗരവം നടിച്ച് ഇരിപ്പ് ചാരുക്കസേരയിതാക്കും. ഭാര്യയെ കാണുക ഊൺമേശയിൽ മാത്രമായി ഒതുങ്ങും. രാവിലെ ഉറക്കമെഴുന്നേറ്റ് നോക്കുന്പോൾ മാത്രമാണ് തൊട്ടടുത്ത മുറിയിൽ ഭർത്താവ് മരിച്ചു കിടക്കുന്ന സംഭവം പലപ്പോഴും ഭാര്യ  അറിയുന്നത്. വയസ്സുകാലത്താണ് ബന്ധം കൂടുതൽ കെട്ടിയുറപ്പിക്കേണ്ടത്. കൂടുതൽ സ്നേഹവും, കരുതലും, ഇടപഴകലും ഉണ്ടെങ്കിൽ ജീവിതം വാർദ്ധക്യത്തിലും ആനന്ദകരമാണ് എന്ന് ചിന്തിപ്പിച്ച ആ വൃദ്ധദന്പതികളാണ് എന്റെ മനസ്സിൽ എഫ് 1 ട്രാക്കിലെ യഥാർത്ഥ വിജയികൾ.

You might also like

  • Straight Forward

Most Viewed