മീശ പിരിക്കാത്ത പുരുഷൻ
ഒരു തീവണ്ടി നിറയെ പുരുഷന്മാരെയും നിറച്ച് സരിത ജൈത്രയാത്ര തുടരുകയാണ്. അസ്വസ്ഥതയോടെ, പരിഭ്രമത്തോടെ, നാണത്തോടെ, അപമാനഭാരത്തോടെ, പലരും തലകുനിച്ച് കമാന്ന് ഒരക്ഷരം പറയാതെ അച്ചടക്കമുള്ള വിദ്യാർത്ഥികളെ പോലെ സരിത എന്ന പുതുജനറേഷൻ ടീച്ചറുടെ ലെക്ചർ കേട്ട് തലകുലുക്കുകയാണ്.
മീശ പിരിച്ച്, ഉടുമുണ്ട് മടക്കി, നീളമുള്ള ട്രൗസർ കാണിച്ച് പുരുഷവർഗ്ഗത്തിന്റെ പ്രതിനിധിയായ കേണലും ഡോക്ടറും പത്മശ്രീയുമുള്ള മോഹൻലാൽ മുതൽ കേരള രാഷ്ട്രീയത്തിലെ യുവ ജനറേഷൻ നായകനായ ഹൈബി ഈഡൻ വരെ കൈയും കെട്ടി, തലയും താഴ്ത്തി മൗനം ഭജിക്കുകയാണ്.
സരിതയുടെ ബ്ലാക്ക് മെയിലിംങ്ങും തൊലി കട്ടിയും രാഷ്ട്രീയ നേട്ടങ്ങളും ചരട് വലികളും നമ്മൾ ആവശ്യത്തിലധികം ചർച്ച ചെയ്ത് തേയ്്മാനം വന്ന വിഷയം തന്നെ. എന്നാൽ ഇവിടെ അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയം പുരുഷന്മാരുടെ ഏറുന്ന ഭീരുത്വത്തെക്കുറിച്ചുള്ള ചിന്തകളാണ്.
തച്ചോളി ഒതേനനും കുഞ്ഞാലിമരയ്ക്കാരും, പഴശ്ശിരാജയും, ഭഗത്്സിംഗും മുതൽ സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള പുരുഷ കേസരികൾക്ക് ജന്മം നല്കിയ നാടാണ് ഇന്ത്യാ മഹാരാജ്യം.
കേരളത്തിലെ വടക്കൻ കഥകളിലെ നായകന്മാരിൽ നേരന്പോക്കിനായ് സമയം കളഞ്ഞത് വാൾമുന കൊണ്ട് പരസ്പരം കൊന്പ് കോർത്തിട്ടാണ്. തല തെറിക്കും വരെ അഭിമാനത്തോടെ പേരാടി മരിച്ച ചേകവന്മാരുടെ നാട്ടിലെ പുരുഷ കേസരിയുടെ ജാഡയും ശൗര്യവും എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
പുരുഷന്മാർ ഒരുതരം ഭീതിയുടെ നിഴലിലാണ്. സ്ത്രീയെ നോക്കിയാലും തൊട്ടാലും, മുട്ടിയാലും സ്നേഹിച്ചാലും രമിച്ചാലും കുറ്റക്കാരൻ പുരുഷൻ മാത്രം. ഒരു പാർട്ടി സംസ്ഥാന സമ്മേളനത്തിന് വേണ്ടത്ര പുരുഷന്മാർ ചിലപ്പോൾ സരിതയുടെ ലിസ്റ്റിൽ കാണുമായിരിക്കും. അതിൽ അവരുടെ കൂടെ ശയിച്ചവരും പേടിച്ചോടിയവരും കാണുമായിരിക്കും. ചോദ്യം ഇതല്ല. എന്തുകൊണ്ടാണ് ഇതിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഒരു പുരുഷകേസരി (പൂച്ച) പോലും സരിതയോട് പ്രതികരിക്കുന്നില്ല ? സരിത കാണാൻ കുഴപ്പമില്ലാത്ത സുന്ദരിയായ സ്ത്രീയാണ്. അവർ വിളിച്ചാൽ ഇനിയും കിടപ്പറ പങ്കിടാൻ ഞാൻ തയ്യാറാണ് എന്ന് ചങ്കൂറ്റത്തോടെ ഒരുത്തൻ പ്രതികരിച്ചാൽ അപ്പോൾ തീരുന്നതേയുള്ളൂ ഈ കോലാഹലങ്ങൾ.
ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയും പ്രായപൂർത്തിയായ പുരുഷനും സ്്ത്രീയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകരമായി കണക്കാക്കുന്നില്ല. പകരം സാന്പത്തിക ആവശ്യത്തിനായി സ്ത്രീ വ്യഭിചരിക്കുകയും അറിയാത്ത ഒരു സ്ത്രീയെ കേവലം ശാരീരിക സുഖത്തിന് വേണ്ടി മാത്രം പണം പ്രതിഫലമായി നൽകി ഉപയോഗിക്കുന്പോഴാണ് കേസ് നിലവിൽ വരുന്നത്.
കേരളത്തിൽ ഹോട്ടലിൽ നിന്നും ഫ്ളാറ്റുകളിൽ നിന്നും പിടിക്കപ്പെടുന്ന സ്ത്രീകളും കൂടെ പ്രതി ചേർക്കുന്ന പുരുഷന്മാരും ജയിൽ കയറിയ കഥകൾ വളരെ കുറവാണ്. പലപ്പോഴും പോലീസുകാർ അത്തരം കേസുകളിൽ എഫ്.ഐ.ആർ എഴുതുന്പോൾ എഴുതി ചേർക്കുന്നതിൽ സംഭവസ്ഥലം റെയ്ഡ് ചെയ്യുന്ന നേരത്ത് മുറിയുടെ ജനാല തുറന്ന് കിടന്നിരുന്നുവെന്നും അതിലൂടെ പ്രതി പിടിക്കപ്പെട്ട സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കണ്ടു എന്നൊക്കെയാണ്. ആയിരം തവണ ഒരേ കഥയെഴുതിയും കേട്ടു മടുത്ത കോടതി ഇത് പോലീസ് എഴുതിച്ചേർത്ത നാടകമാണെന്ന തിരിച്ചറിവിൽ ഒരു പെറ്റിക്കേസ് ചാർജ് ചെയ്ത് വിടും.
ചില പോലീസുകാർ പിടിക്കപ്പെട്ട സ്ത്രീ പോലീസിന്റെ മുന്പിൽ വെച്ച് പ്രതിഫലമായി ലഭിച്ച തുക ബ്ലൗസിനുള്ളിൽ തിരുകുന്നത് കണ്ടു എന്നൊക്കെ എഴുതി വെയ്ക്കും.
ഇവിടെ പിടിക്കപ്പെട്ട സ്ത്രീ അവർ പണത്തിനു വേണ്ടിയാണ് സഹശയനം നടത്തിയത് എന്ന് സമ്മതിച്ചാൽ സ്ത്രീയും പുരുഷനും ശിക്ഷിക്കപ്പെടും. സരിതയുടെ കേസിലും ഇത് ബാധകമാണ്.
സരിത തന്റെ ഹിറ്റ് ലിസ്റ്റിൽ ക്യൂ നില്ക്കുന്ന ഏതെങ്കിലും ഒരു പ്രതി കാശ് തന്നാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞാൽ അവരും ശിക്ഷ അനുഭവിക്കണം. അതല്ല പരസ്പരം അറിഞ്ഞ് സന്തോഷത്തോടെയാണ് കിടക്ക പങ്കിട്ടതെന്ന് പറഞ്ഞാൽ കേസ് ഒന്നും തന്നെ ചാർജ് ചെയ്യുവാൻ പറ്റില്ല.
സ്ത്രീ സംരക്ഷണത്തിനായി പുതിയ നിയമങ്ങളും, സംഘടനകളും ഉണ്ടാകുകയും, ഗാർഹിക പീഢന നിയമം ശക്തമാക്കുകയും ചെയ്തതോടെ പുരുഷൻമാർ കൂടുതൽ ഭീരുകളാവുകയും, സ്ത്രീകൾ ആവശ്യത്തിലധികം ധൈര്യം ആർജ്ജിച്ചു തുടങ്ങുകയും ചെയ്തു. ഇത്തരം പരിഗണനകൾ ദുരുപയോഗം ചെയ്ത് പണസന്പാദനത്തിനായി സരിതയെ പോലുള്ളവർ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.
ഇന്നത്തെ പുരുഷൻ ഒരു ഭാഗത്ത് സ്ത്രീയെ അമിതമായി ബഹുമാനിക്കുന്നത് പോലെ അഭിനന്ദിക്കുകയും മറുഭാഗത്ത് പുരുഷസദസ്സുകളിൽ പുച്ഛിച്ച് തള്ളുകയും ചെയ്യുന്നു.
കോട്ടയത്ത് റെയിൽവേ ട്രാക്കിൽ കുഴഞ്ഞുവീണ സ്ത്രീയെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കാതെ വീഡിയോ എടുത്ത് മരണം പകർത്തിയ യുവാക്കൾ പ്രതിനിധീകരിക്കുന്നതും ഈ പുതിയ പുരുഷ വർഗ്ഗത്തെത്തന്നെയാണ്.
ഇന്ത്യാ മഹാരാജ്യം മുഴുവൻ പുരുഷവർഗ്ഗത്തിന്റെ വീര്യവും, ധൈര്യവും, ഊർജ്ജവും കുറഞ്ഞുവരുന്പോൾ ഒരു ആശ്വാസമായി കടന്നുവന്നത് വിദേശകാര്യ മന്ത്രി വി.കെ. സിങ്ങാണ്. സ്വന്തം ജീവൻ പണയപ്പെടുത്തി അദ്ദേഹം യെമനിൽ നിന്നും ഇന്ത്യക്കാർക്ക് പുറമേ മറ്റ് രാജ്യക്കാരെയും രക്ഷിച്ചപ്പോൾ സംരക്ഷിക്കപ്പെട്ടത് ഇന്ത്യൻ പുരുഷവർഗ്ഗത്തിന്റെ അഭിമാനം കൂടിയാണ്.