പൊടി പിടിക്കുന്ന ജീവിതങ്ങൾ
ഇടവഴികൾ വിജനമായി തുടങ്ങുന്പോൾ ഇരുട്ട് പതിയെ വെളിച്ചത്തെ വിഴുങ്ങി തുടങ്ങുന്പോൾ രാഘവൻ തയ്യാറായി കഴിഞ്ഞിരിക്കും. കൈയിൽ ഒരു വടിയുമായി എതെങ്കിലും ഒരു മരത്തിന്റെയോ ചെടിയുടെയോ പിറകിൽ അവൻ ഒളിഞ്ഞിരിക്കും. പ്രതീക്ഷിച്ച ഇര അടുത്തെത്തിയാൽ പിന്നെ ഒരു ചാട്ടമാണ്. വടി നിലത്തടിച്ച് വലത് കാൽ ചവിട്ടി, പിന്നെ നിവർന്ന് നിന്ന് ഒരു അലറൽ. ശത്രു എത്ര ശക്തനാണെങ്കിലും ഒന്ന് പതറും. അധികം ചിന്തിക്കാൻ നിൽക്കാതെ ശത്രു പിന്തിരിഞ്ഞോടും. പിറകെ വടിയുമായി ഓടുന്ന രാഘവൻ ഉറക്കെ അലറിക്കൊണ്ടിരിക്കും. നീയൊക്കെ എനിക്ക് കേവലം പൊടിയാടാ...
വടിയെക്കുറിച്ചും പൊടിയെക്കുറിച്ചും എനിക്കുള്ള ധാരണ മാറിയതും മാറ്റിയതും വടി രാഘവനായിരുന്നു. വടി ഏ.കെ 47നെക്കാൾ നല്ല ഒരു ആയുധമാണെന്നും പൊടി വെറും പൊടി മാത്രമാണെന്നും ചിന്തിച്ച് തുടങ്ങിയ കാലത്താണ് ഫിസിക്സ് ക്ലാസിൽ സൗന്ദര്യ ടീച്ചർ കണികകളെക്കുറിച്ച് പഠിപ്പിച്ച് തുടങ്ങിയത്.
സ്കൂളിന്റെ വരാന്തയിൽ ഒരു ഇന്റർവെൽ സമയത്ത് ഗുണകോഷ്ഠം മനഃപാഠമാക്കുന്പോഴാണ് കോയന്പത്തൂരിൽ നിന്നും നാട്ടിലെത്തിയ കുടിയേറ്റക്കാരൻ സഹപാഠി രാമകൃഷ്ണൻ ചുരുട്ടിയ ഒരു കടലാസ് തുറന്ന് എനിക്ക് നേരെ നീട്ടിയത്.
അച്ഛന്റെ മൂക്ക് പൊടി മോഷ്ടിച്ചെടുത്ത് ഒറ്റയ്ക്ക് വലിച്ച് നോക്കുവാൻ കെൽപ്പില്ലാതെ ഒരു കൂട്ടിനായി എന്നെ കൂടി കൂട്ടുപിടിച്ചതാണ്. സംഭവം വെറുമൊരു പൊടിയല്ലേ എന്ന് കരുതി മൂക്കിലേയ്ക്ക് വലിച്ച് ഒന്ന് പിടിച്ചപ്പോൾ തലയ്ക്കുള്ളിൽ ആരോ പഞ്ചവാദ്യം പെരുക്കുന്ന പോലെ ഒരു പിടി.
ഇത് ഒരു ഒന്ന് ഒന്നര പൊടിയാണല്ലോ എന്ന് കരുതി തിരികെ ഫിസിക്സ് ക്ലാസിൽ എത്തിയപ്പോഴാണ് സൗന്ദര്യ ടീച്ചർ പ്രപഞ്ചോത്പത്തിയെക്കുറിച്ച് വിവരിച്ചത്.
പ്രപഞ്ചം ഉണ്ടായത് ഒരു മഹാസ്ഫോടനം മൂലമാണെന്നും അത് അത്യുഗ്ര താപമുള്ള അമിതമായ പദാർത്ഥം അടങ്ങിയ കേവലം ഒരു ന്യൂക്ലിയസ്സിൽ നിന്നുമാണെന്ന് പറഞ്ഞപ്പോൾ മൂക്ക് പൊടി കാവടിയാട്ടം നടത്തുന്ന തലയിൽ ലഡു പൊട്ടി തുടങ്ങി.
വിശാലമായി കിടക്കുന്ന ശൂന്യാകാശം ഈ സ്ഫോടനം വഴി വികസിക്കുകയും വിദ്യുത് കാന്ത വികരണത്തിന്റെയും അതിസൂക്ഷ്മമായ കണികകളുമായി ചേർന്ന് മിശ്രിതം ഉണ്ടാക്കുകയും ചെയ്തുവത്രേ! തിളച്ച് കൊണ്ടിരുന്ന ആ മിശ്രിതമാണത്രേ പ്രപഞ്ച ജീവിതത്തിന്റെ ആദ്യത്തെ ചലനം.
കേളേജിന്റെ വരാന്തകളിൽ ക്ലാസിൽ കയറാതെ ഉഴപ്പി ‘ഇന്ത്യൻ പ്രസിഡണ്ട് പദം’ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന സയമത്താണ് ഡിഗ്രി അവസാന വർഷക്കാരൻ ജോൺസൺ വന്ന് വീണ്ടുമൊരു പൊതി തുറന്നത്. പഞ്ചസാര പോലുള്ള പൊടിയാണന്നും പഞ്ചസാരയെക്കാൾ മധുരമാണെന്നും പറഞ്ഞ് നൽകിയ പൊടി ബുദ്ധിയെ കീഴ്പ്പെടുത്തിയപ്പോൾ ശൂന്യാകാശ പേടകത്തിൽ കയറിയ പ്രതീതി. ടിക്കറ്റും പാസ്പോർട്ടുമില്ലാതെ ആകാശത്തിന്റെ അനന്തതയിൽ ഊളിയിട്ടിറങ്ങിയപ്പോൾ എല്ലാം മനസ്സിലായി തുടങ്ങിയിരുന്നു. ഈ ബ്രഹ്മാണ്ധം ഉണ്ടായത് കത്തിക്കൊണ്ടിരിക്കുന്ന അഗ്നിഗോളം തണുത്ത് തുടങ്ങിയപ്പോഴാണെന്നും പിന്നീട് പടിപടിയായി കണികകൾ അതിന്റെ ഏകതയെ ആർജ്ജിക്കുകയും പിന്നീട് ആറ്റത്തിനുള്ളിൽ ഘനീഭവിക്കുകയും ചെയ്തത്രേ! അതുവരെ മനസ്സിലാക്കാത്ത ഇത്തരം സിദ്ധാന്തങ്ങൾ മനസിലായി തുടങ്ങിയതും ഒരു പൊടിയുടെ ‘കിക്കിൽ’ തന്നെ. ഭൂമിയും അതിന് ചുറ്റുമുള്ള സൂര്യനക്ഷത്രങ്ങളടങ്ങുന്ന ഗാലക്സികളും എന്റെ ചുറ്റും കറങ്ങി തിരിയുന്പോൾ ആരോ പറയുന്നത് കേട്ടു. കോളേജിൽ പോയ പയ്യൻ എങ്ങിനെയാ ബസ്സ് വെയിറ്റിങ്ങ് ഷെൽട്ടറിൽ മയങ്ങി വീണതെന്ന്?
അമ്മ ദോശയ്ക്കൊപ്പം തന്ന ഉഴുന്ന്പൊടിയിൽ എണ്ണ ചാലിച്ച് വിഴുങ്ങുന്പോഴാണ് വിഡ്ഢിപ്പെട്ടിയിൽ ഒരു പാൽപ്പൊടിക്കാരന്റെ ‘പൊടി പോലുമില്ല കണ്ടുപിടിക്കാൻ’ എന്ന പരസ്യം നിലവിളിച്ച് കടന്ന് വന്നത്.
പിന്നീട് അമ്മൂമ്മയ്ക്ക് കാസരോഗം മൂർച്ഛിച്ച് വൈദ്യന്റെ അരികിലെത്തിയപ്പോൾ വിവിധതരം പൊടികൾ പൊതിയിലാക്കി വൈദ്യൻ പറഞ്ഞു. എണ്ണയിലും തേനിലും നെയ്യിലും സേവിക്കേണ്ട പൊടികൾ കുറിപ്പിലെഴുതിയ പോലെ കഴിക്കണം. ഇല്ലെങ്കിൽ രോഗം ഭേദമാകില്ലായെന്ന്.
മുഖത്ത് ഒരു പൊടിമീശ മുളച്ച് തുടങ്ങിയപ്പോഴാണ് പൊടി കേവലം ഒരു ശൂന്യമല്ലെന്നും, ശൂന്യം ഒരു ഒന്നാണ് എന്നും ഒന്ന് രണ്ടാണെന്നും തോന്നിത്തുടങ്ങിയത്. ‘നേദി നേദി’ എന്ന് ചോദിച്ച് ശങ്കരാചാര്യർ നടന്ന വഴികളിലൂടെ നടന്ന് നീങ്ങിയപ്പോഴാണ് ബാല്യകാല സുഹൃത്ത് ക്യാൻസർ പിടിപെട്ട് കിടപ്പിലായത്.
അധികം കാത്തു നിൽക്കാതെ സുഹൃത്ത് പൊടിയും തട്ടി കടന്ന് പോയപ്പോൾ ചുടുകാട്ടിൽ അവസാന നിമിഷം വരെ ഞാനും ഉണ്ടായിരുന്നു. അവന്റെ നെഞ്ചിൻ കൂട് പൊട്ടി തകരുന്നതും പൊട്ടാത്ത എല്ലിൻ കഷണങ്ങൾ ചാന്പലാക്കുവാൻ പഞ്ചസാര പൊടി വിതറിയതും പിന്നീട് പൊടി പോലും ഇല്ല അവശേഷിച്ച് എന്ന ദഹനക്കാരന്റെ ഓർമ്മിപ്പിക്കലും ഇന്നും ഓർക്കുന്നു.
പൊടിയിൽ നിന്ന് തുടങ്ങുന്ന പ്രപഞ്ചവും ജീവിതവും പൊടിയിൽ തന്നെ തീരുന്നു എന്ന തിരിച്ചറിവിൽ എല്ലാ പ്രശ്നങ്ങളും നിസ്സാരമാണെന്ന ചിന്ത വളർത്തും.
കഴിഞ്ഞ കുറേ ദിവസങ്ങൾ മാധ്യമങ്ങൾ പൊടിപൂരമായി ആഘോഷിച്ച ബഡ്ജറ്റ് അവതരണം, കസേരയേറ്, ഹർത്താൽ, സ്ത്രീപീഡനം, കോഴ, ബസ്സ് കത്തിക്കൽ തുടങ്ങിയ വാർത്തകൾ പ്രവാസികളും ആഘോഷിച്ചിരുന്നു.
ബഹ്റിനിൽ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച പൊടിക്കാറ്റിൽ നാം നമ്മുടെ കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയക്കാരുടെ പൊടികൈകൾ മറന്നു. മാണിയെ മറന്നു. കോഴയെ മറന്നു. ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും സർവത്ര പൊടിമയം. യഥാർത്ഥത്തിൽ പൊടി ഇത്രയും വലിയ പൊടിയാണെന്ന് തിരിച്ചറിയുന്പോഴാണ് നമ്മൾ രാഷ്ട്രീയത്തിലെ പൊടിയൻമാരെ മറക്കുന്നത്. ദൈവത്തിന്റെ സാന്നിദ്ധ്യം പൊടിയിലുമുണ്ടെന്ന് തിരിച്ചറിയുന്പോൾ കൺമുന്പിൽ തെളിയുന്നത് കേവലം പൊടി മാത്രം.