ഗോത്ര മനുഷ്യരുടെ പങ്കപ്പാടുകൾ

ഒരു ജനത വികസിതവും സംസ്കാര സന്പന്നവുമാണോ എന്ന് നിരീക്ഷിക്കുന്നതിന് പല മാനധണ്ധങ്ങളുമുണ്ട്; “നിങ്ങളുടെ പ്രദേശത്തെ നിസ്വനും നിരാലംബനും ആയ ഏറ്റവും അവസാനത്തെ മനുഷ്യന്റെ മുതുകിൽ സമൂഹത്തിന്റെ സാന്ത്വന സ്പർശം എപ്പോഴാണ് പതിക്കുന്നത് അപ്പോഴേ നിങ്ങളുടെ നാട് വികസിതവും സംസ്കാര സന്പന്നവുമാണ് എന്ന് പറയൂ.”
മുകളിൽ ഉദ്ധരിച്ചത് ഗാന്ധിജിയുടെ വാക്കുകളാണ്. അതായത് ഗാന്ധിയെ സംബന്ധിച്ചിടത്തോളം വികസനം എന്നത് ജി.ഡി.പി (Gross Domestic Production)യുടെ വികസനം ആയിരുന്നില്ല. നിങ്ങൾ കൂറ്റൻ കെട്ടിടങ്ങളും, അണക്കെട്ടുകളും, വലിയ ഹൈവേകളും, അതിവേഗ റെയിൽ ഇടനാഴികളും, ആകാശ−സമുദ്ര യാനങ്ങളുമൊക്കെ നിർമ്മിക്കാൻ വിദഗ്ദ്ധരായിരിക്കാം. കുഴിച്ചെടുക്കുന്നതോ അല്ലാത്തതോ ആയ ഊർജ്ജം കൊണ്ട് താണ്ധവമാടുന്നുണ്ടാവാം. അതൊന്നും അദ്ദേഹത്തിന് വികസനത്തിന്റെ സൂചകങ്ങളായി അനുഭവപ്പെടുന്നില്ല. അത് മാത്രമല്ല ഗാന്ധിജിക്ക് വികസനം ഒറ്റപ്പെട്ട് നിൽക്കുന്ന ഒന്നല്ല. അതൊരു സംസ്കാരത്തിന്റെ കൂടെ ഭാഗമാണ്.
ഉല്പാദനവും സന്പത്തും വളർന്നത് കൊണ്ടൊന്നും ഒരു ജനത വികസിതമാവുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. ഇത് പക്ഷേ അഭിനവ ഗാന്ധിമാർക്കു ബോധ്യമുള്ളതായി തോന്നുന്നില്ല. ഭാരതീയ പാരന്പര്യത്തിൽ അഭിമാനിക്കുന്നു എന്ന് അവകാശപ്പെടുന്നവരാണല്ലോ, ഇപ്പോൾ കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്നത് ‘ബ്രഹ്മം സത്യം ജഗത് മിഥ്യ’ എന്നത് വേദാന്ത ദർശനത്തിന്റെ കാഴ്ച്ചപ്പാടാണ്. അതനുസരിച്ച് ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളത്. നാം ഇന്ന് കൈവരിച്ചതായി അവകാശപ്പെടുന്ന ഭൗതികനേട്ടങ്ങളൊക്കെ മിഥ്യയാണ്. മിഥ്യയുടെ വ്യവഹാരലോകത്ത് അഭിരമിക്കുന്നവർ വിഡ്ഢികളാണ്, ആത്മജ്ഞാനം ഇല്ലാത്തവരാണ്. ആത്മജ്ഞാനം ആർജിക്കുന്നവർ മാത്രമാണ് മോക്ഷം പ്രാപിക്കുന്നത് അപ്പോൾ ഭൗതിക പുരോഗതി കൊണ്ട് നാട് പുരോഗമിക്കുകയാണെന്ന് അവർക്കും അവകാശപ്പെടാനാകില്ല.
ഇന്ന് സമൂഹത്തിലെ നിസ്വരായ മനുഷ്യർ എവിടെയാണുള്ളത്? സംശയരഹിതമായി പറയാവുന്നത് ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളിലും കാടുകളിലും അധിവസിക്കുന്ന ദളിതരും ആദിവാസികളുമൊക്കെയാണ് ഈ നാടിന്റെ യഥാർത്ഥ അവകാശികളായ മനുഷ്യർ എന്നതാണ്. പക്ഷെ ലോകത്താകെയുള്ള സന്പത്തിന്റെ പകുതി അറുപത് കുടുംബങ്ങളുടെ കൈകളിൽ കുമിഞ്ഞുകൂടിയതായി ഏതോ ഒരു പഠനത്തിൽ ഈയിടെ കണ്ടിരുന്നു. എഴുന്നൂറ് കോടി മനുഷ്യർക്ക് അവശേഷിക്കുന്ന പകുതിയേ ഉള്ളൂ. അവരാണ് ദാരിദ്യത്തിലും പട്ടിണിമരണത്തിലും അഭയം തേടിയുള്ള പലായനങ്ങളിലും ജലായനങ്ങൾ മുങ്ങിയുള്ള കൂട്ടമരണങ്ങളിലും മോക്ഷപ്രാപ്തി കൈവരിക്കുന്നത്. അതുകൊണ്ടാണ് ഐലാൻ കുർദി എന്ന പിഞ്ചുകുഞ്ഞ് ഈ കാലത്തിന്റെ സിഗ്നേച്ചർ പടമായി തീരുന്നത്. ജനിതക എഞ്ചിനീയറിംഗിലൂടെ പ്രകൃതിയുടെ നിശ്ചയങ്ങളെ മറികടക്കാമെന്നും ‘പുതിയ മനുഷ്യനെ’ നിർമ്മിക്കാമെന്നും ഹൈഡ്രജൻ ബോംബുകൊണ്ട് വൻശക്തി ആകാമെന്നും തീവ്രവാദം കൊണ്ട് ദൈവരാജ്യം സൃഷ്ടിക്കമെന്നും ചിന്തിക്കുന്നവരാണ് ആധുനിക മനുഷ്യർ. പിന്നീട് ഈ ഭൂമിയിൽ മനുഷ്യൻ ബാക്കിയണ്ടാകുമോ എന്നതാണ് മറ്റൊരു ചോദ്യം.
ഇനി മറ്റൊരു കാഴ്ച്ചപ്പാടിലേക്ക്; സമനില തെറ്റിയവരോട് ഒരു സമൂഹം എങ്ങനെ പെരുമാറുന്നു എന്ന് പരിശോധിച്ചാൽ ആ സമൂഹം എത്രയേറെ വികസിതമാണ് എന്ന് പഠിക്കാൻ കഴിയും എന്ന് മനോവിജ്ഞാനീയം എന്ന ശാസ്ത്രശാഖ ചൂണ്ടിക്കാട്ടുന്നുണ്ട്. പണ്ടൊക്കെ മൂടില്ലാത്ത ഇരുന്പു തൊട്ടിയിൽ മനോനില തെറ്റിയ രോഗികളെക്കൊണ്ട് വെള്ളം കോരിക്കുമായിരുന്നത്രേ! മൂടില്ലാത്ത തൊട്ടി മുകളിൽ എത്തുന്പോൾ വെള്ളം എവിടെ എന്ന് ചോദിച്ച് രോഗികളെ പ്രഹരിക്കുമായിരുന്നു പോലും. അങ്ങനെ തല്ല് കൊണ്ട് പുളയുന്പോൾ മൂടില്ലത്തത് കൊണ്ടാണ് തൊട്ടിയിൽ വെള്ളം നിൽക്കാത്തത് എന്ന തിരിച്ചറിവുണ്ടാവുകയും ഭ്രാന്ത് മാറുകയും ചെയ്യും എന്നാണ് സങ്കൽപ്പം.
ഇത്തരം ചികിത്സകളൊക്കെ കാലഹരണം വന്നു എന്നാണ് ആധുനിക മനോവിജ്ഞാന ശാസ്ത്രം ഇപ്പോൾ പറയുന്നത്. പക്ഷേ ഇത്തരം ചികിത്സയ്ക്ക് വിധേയരാകേണ്ട ഭരണാധികാരികളും ഉദ്യോഗസ്ഥ വിഭാഗവും ഇന്നും നമുക്കിടയിലുണ്ട് എന്ന തോന്നലുളവാക്കുന്ന ചില പഠനങ്ങൾ അടുത്ത ദിവസം പ്രസിദ്ധീകൃതമാകുകയുണ്ടായി. ഇത് വെറുതെ പറയുന്നതല്ല.
സ്വയം തൊഴിൽ കണ്ടെത്താൻ, ആട്ടോറിക്ഷ ഓടിച്ച് ജീവിതം കരുപ്പിടിപ്പിക്കാൻ, സംസ്ഥാനത്തെ ആദിവാസി വികസന വകുപ്പ് ചെലവാക്കിയത് കേവലം 1000 രൂപയാണ്. ആയിരം രൂപയ്ക്ക് ഒരു കളിപ്പാട്ട ഓട്ടോ പോലും ഇപ്പോൾ കിട്ടാനിടയില്ല. ആട്ടോയുടെ എന്തെങ്കിലും സ്പെയർ പാർട്ട്സുകൾ ലഭിച്ചാലായി. പിന്നെ എങ്ങനെയാണ് അവർ ആട്ടോ വാങ്ങി നൽകുവാൻ ആയിരം രൂപ ചെലവഴിച്ചിട്ടുണ്ടാവുക? പക്ഷേ ഇതേ ഡിപ്പാർട്ട്മെന്റ് ആദിവാസികളെ ആട്ടോ ഡ്രൈവിംഗ് പഠിപ്പിക്കാൻ ചെലവഴിച്ച തുക കേട്ടാൽ നിങ്ങൾ ഞെട്ടും. അതിനു ഏഴ് കോടി രൂപയാണ് ചെലവഴിച്ചത്.
ഏഴ് കോടി രൂപ ചെലവഴിച്ച് എത്ര ആദിവാസികളെ ഡ്രൈവിംഗ് പഠിപ്പിച്ചു എന്നതിന്റെ കണക്കില്ല. പക്ഷെ ആയിരക്കണക്കിന് ആദിവാസികൾ അത് പഠിച്ചിരിക്കണമല്ലോ. അപ്പോൾ പിന്നെ ആട്ടോ ഡ്രൈവിംഗ് പഠിച്ച ആദിവാസികളൊക്കെ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും?
വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്ന ആദിവാസികൾ ഇങ്ങനെ കൂട്ടത്തോടെ ഡ്രൈവിംഗ് പഠിക്കാൻ എത്തിയോ? അങ്ങനെ പഠിച്ചവർക്കു ആട്ടോ നൽകിയത് കേവലം 1000 രൂപയ്ക്കാണോ? ഇനി ഡ്രൈവിംഗ് പഠിച്ചവർക്ക് സാക്ഷാൽ ആണ്ടവൻ ആട്ടോറിക്ഷ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇട്ട് കൊടുത്തു എന്ന് തന്നെ സങ്കൽപ്പിക്കുക. അപ്പോൾ പിന്നെ ആട്ടോറിക്ഷ ഓടിക്കാൻ കാട്ടിലെവിടെയാണ് റോഡ്?
മറ്റൊരു കാര്യം കൂടി ശ്രദ്ധയിൽ പെടുത്തട്ടെ! ആദിവാസി സ്ത്രീകളെ മാത്രമാണ് ഓട്ടോ ഡ്രൈവിംഗ് പഠിപ്പിച്ചതായി പറയുന്നത്. പുരുഷന്മാർക്ക് ഈ പദ്ധതിയിൽ സ്ഥാനമില്ല. കൊയിലാണ്ടി നഗരത്തിൽ ആട്ടോറിക്ഷ സൗജന്യമായി നൽകാമെന്നും, ഡ്രൈവിംഗ് പരിശീലനം നഗരസഭ ഏറ്റെടുക്കാമെന്നുമൊക്കെ പദ്ധതി തയ്യാറാക്കിയെങ്കിലും ഒന്പതു പേരാണ് ഡ്രൈവിംഗ് പഠിക്കാൻ എത്തിയത്. അതിൽ തന്നെ നാല് പേർ മാത്രമാണ് സൗജന്യമായ ആട്ടോറിക്ഷ വാങ്ങി വണ്ടി റോട്ടിലിറക്കിയത്. അവർ തന്നെ പറയുന്നത് തങ്ങൾക്ക് ആട്ടോ ഓടിക്കാൻ ഭയമാണെന്നും അത് കൊണ്ട് ഭർത്താക്കന്മാരെ വണ്ടി ഓടിക്കാൻ അനുവദിക്കണമെന്നാണ്. നഗരത്തിലെ സ്ത്രീകളുടെ നില ഇതാണെങ്കിൽ വനവാസികളായ ആദിവാസി സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?
ആദിവാസി ക്ഷേമത്തിന് ഇത്തരം പദ്ധതികൾ വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണാധികാരികളുടെയും അത് നടപ്പിലാക്കിയ ഉദ്യോഗസ്ഥ മേലാളന്മാരെയും നമ്മളെന്താണ് ചെയ്യേണ്ടത്?
ഊളൻപാറയിലോ കുതിരവട്ടത്തൊ ഒക്കെ ആ പഴയ മൂടില്ലാത്തൊട്ടിയും കിണറുമുണ്ടെങ്കിൽ വെള്ളം കോരിച്ച് നല്ല പെട പെടച്ചാൽ ഇവർക്ക് ബുദ്ധിയുദിക്കുമോ? ആകെ 4,84,839 ആദിവാസികളാണ് സംസ്ഥാനത്തുള്ളതെന്നാണ് സർക്കാർ രേഖകൾ പറയുന്നത്. ഇതിൽ ഒന്നര ലക്ഷത്തിൽ അധികം വയനാട് ജില്ലയിലാണ്. രണ്ടാം സ്ഥാനം ഇടുക്കിക്കാണ്. കോഴിക്കോട് ജില്ലയിൽ 15,228 ആദിവാസികളാണ് ഉള്ളത്. 4,84,839 ആദിവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കഴിഞ്ഞ ആറ് വർഷം കൊണ്ട് സർക്കാർ ചെലവഴിച്ചത് 1347 കോടി രൂപയാണ്. ഈ തുക നേരിട്ട് ആദിവാസികൾക്ക് കൈയ്യിൽ കൊടുത്തിരുന്നെങ്കിൽ കുഞ്ഞു കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് 28000 രൂപ ലഭിക്കുമായിരുന്നു!
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകാൻ ചെലവഴിച്ചത് 113 കോടി രൂപയാണ്! കൃഷിയോഗ്യമായ ഒരേക്കർ ഭൂമിക്ക് പത്ത് ലക്ഷത്തിൽ താഴെ മാത്രം മാർക്കറ്റു വിലയുള്ളതാണ് ഈ മേഖല എന്നോർക്കണം. ഇവിടെ വീട് നിർമ്മിക്കുവാൻ 248 കോടി രൂപ ചെലവഴിച്ചതായാണ് കണക്ക്. അപ്പോഴും സംസ്ഥാനത്തെ ആദിവാസികളിൽ 80 ശതമാനത്തിന് ഇപ്പോഴും വാസയോഗ്യമായ വീടുകളില്ല. വിവാഹ ധനസഹായമായി വിതരണം ചെയ്തത് 56 കോടിയാണ്. ആദിവാസി കുട്ടികൾക്ക് പഠിക്കാനുള്ള ഹോസ്റ്റൽ നിർമ്മിക്കാനും അറ്റകുറ്റപ്പണികൾക്കുമായി 76 കോടിയാണ് ചെലവാക്കിയത്! തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ 24 കോടി ചെലവഴിച്ചതായി രേഖകളുണ്ടെങ്കിലും പട്ടിണി മൂലവും രോഗങ്ങൾ ബാധിച്ചും മരിച്ചുകൊണ്ടിരിക്കുന്ന ആദിവാസികളെക്കുറിച്ചുള്ള വാർത്തകളാണ് എന്നും മാധ്യമങ്ങളിൽ നിറയുന്നത്.
ഉൾക്കാടുകളിലെ ആദിവാസികളുടെ ക്ഷേമത്തിന് മറ്റൊരു അഞ്ചു കോടി ചെലവഴിച്ചതായി രേഖകളുണ്ട്. അതെന്തു ചെയ്തതാണ് എന്നറിയില്ല. പട്ടിക വർഗ്ഗ വകുപ്പിനെ ആധുനികവൽക്കരിച്ച് ആദിവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിന് ആറുകോടി ചെലവഴിച്ചു!
പുറം ലോകവും സർക്കാരാപ്പീസുമൊന്നും പരിചയമില്ലാത്ത ആദിവാസികൾക്ക് ആനൂകൂല്യങ്ങൾ വാങ്ങി നൽകാൻ ട്രൈബൽ പ്രമോട്ടേഴ്സ് എന്നൊരു വിഭാഗമുണ്ട്. അവർക്ക് ശന്പളമായി നൽകിയത് 23 കോടി രൂപയാണ്. ഇതിൽ മിക്കവാറും പേർ ഭരണകക്ഷി നേതാക്കളുടെ ശിങ്കിടികൾ എന്ന നിലയിൽ ജോലി തരപ്പെടുത്തുന്നവരാണ്. ജോലി ലഭിച്ചു കഴിയുന്നതോടെ ഇവരെ എങ്ങനെയൊക്കെ പറ്റിക്കാം എന്നതായിരിക്കും ഇവരുടെ ചിന്ത.
ഇത്രയും പ്രമോട്ടർമാരുള്ളപ്പോഴും താങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ഒന്നുമറിയാതെ വനത്തിനകത്ത് പട്ടിണിയും രോഗങ്ങളുമായി ഇപ്പോഴും ആദിവാസി ജനത.
ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ധാരാളം സന്നദ്ധ സംഘടനകൾ ഇന്ന് കാടറുതികളിൽ ധാരാളമായുണ്ട്. ഇവർ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ പടങ്ങൾ പത്രത്തിൽ നിറയെ കാണാം. ഇത്തരം പടങ്ങളും വാർത്തകളുമൊക്കെ അയച്ചു കൊടുത്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ ധാരാളം ഫണ്ട് തട്ടുന്നവരാണ് ഈ എൻ.ജി.ഒകളിൽ പലതും. ആദിവാസി ക്ഷേമ സമിതി, ഗോത്ര മഹാസഭ എന്നിങ്ങനെ പേരുകളിൽ രാഷ്ട്രീയ പാർട്ടികളും മറ്റും നേതൃത്വം കൊടുക്കുന്ന ആദിവാസി സംഘടനകൾ വേറെയുണ്ട്. അതിന് പുറമെയാണ് ആദിവാസി ക്ഷേമ വകുപ്പ്. പോരാത്തതിന് ആദിവാസികൾക്കിടയിൽ നിന്ന് വന്ന യുവതിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി.
ഇന്നും നവജാതശിശുക്കൾ പോഷകാഹാരക്കുറവ് കൊണ്ടും മറ്റ് കുട്ടികൾ പട്ടിണി കിടന്നും മരിക്കുന്ന, അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലകളെ മുൻനിർത്തി, ഇത്തരം റിപ്പോർട്ടുകൾ മുന്നോട്ട് വെയ്ക്കാൻ ഒരു മനഃസാക്ഷിക്കുത്തും സർക്കാറിന് അനുഭവപ്പെടുന്നില്ലെങ്കിൽ, നമ്മുടെ വികസന സങ്കൽപ്പത്തെക്കുറിച്ച് എന്താണ് പറയുക? അവരെ മുൻനിർത്തി കോടാനു കോടി രൂപ വെട്ടിച്ചെടുക്കുന്നവരെക്കുറിച്ച് പറയുന്നതിന് നമുക്കിനിയും അറപ്പ് തോന്നുന്നുമില്ലല്ലോ?
മനുഷ്യന്റെ ആധുനികതാ വികസന സങ്കൽപ്പങ്ങൾക്ക് വഴങ്ങി മറ്റിതര ജന്തുജാലങ്ങളെപ്പോലെ ജീവിക്കേണ്ടി വന്നവരാണ് വിവിധ ഗോത്രജനവിഭാഗങ്ങൾ എന്ന കാഴ്ച്ചപ്പാട് തന്നെ എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ്? നാം മുന്നോട്ട് വയ്ക്കുന്ന ഉല്പാദന കാഴ്ച്ചപ്പാടുകൾ, ഗൃഹനിർമ്മാണ രീതി, ആധുനിക വിദ്യാഭ്യാസം, ആധുനിക ചിത്സാരീതികൾ, ഭക്ഷണ രീതികൾ തുടങ്ങി അവർക്ക് വൈകൃതങ്ങളായി അനുഭവപ്പെടുന്ന പലതും അവരിൽ വികസനത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കാനാണ് നാം നിശ്ചയിക്കുന്നത്.
പ്രകൃതിയുമായി പൊരുത്തപ്പെട്ട് പോകാത്ത അതുമായി വൈരുദ്ധ്യത്തിൽ വർത്തിക്കുന്ന ഒന്നും ആദിവാസികൾക്ക് സ്വീകാര്യമല്ല. പക്ഷെ അവരെ ബലം പ്രയോഗിച്ച് നമ്മുടെ പള്ളിക്കൂടങ്ങളിൽ എത്തിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്ന നാം, അവർക്കിടയിൽ നിരവധി തലമുറകളിലൂടെ വികസിച്ച അനന്ത സാധ്യതകളുള്ള നാട്ടറിവുകളെ നിരാകരിക്കുന്നു. പക്ഷെ അവർക്കിടയിലുള്ള ചികിത്സാരീതികളുടെ മഹത്വം അറിയണമെങ്കിൽ തിരുനെല്ലിയിലെ ആദിവാസിവൈദ്യനെ തേടിയെത്തുന്ന പട്ടണ പരിഷ്കാരികളുടെ എണ്ണം നോക്കിയാൽ മതി.
ആധുനിക വൈദ്യ ശാസ്ത്രത്തിന് കീഴടങ്ങാത്ത പല അസുഖങ്ങളും ആദിവാസി ചികിത്സയിൽ ഭേദമാകുന്നതിന്റെ സാക്ഷ്യപത്രങ്ങൾ നിരവധിയാണ്. ഗൃഹനിർമ്മാണത്തിനും കൃഷിക്കും എല്ലാറ്റിനും അവർക്കവരുടെതായ രീതി ശാസ്ത്രങ്ങളുണ്ട്. കാട്ടിലെ ആദിവാസികളുടെ ജീവിതം വനത്തിനോ പരിസ്ഥിതിക്കോ എന്തെങ്കിലും കോട്ടം വരുത്തിയതായും അറിവില്ല. നമ്മുടെ ഭരണക്രമവും അധികാര സംവിധാനങ്ങളുമൊന്നുമല്ല അവർക്ക് വേണ്ടത്. അത് മനസ്സിലാക്കി ജനാധിപത്യപരമായി ഇടപെടാനുള്ള ബാധ്യത ആധുനിക സമൂഹത്തിനുണ്ട്. അതിനു പകരം അവരുടെ തനതായ ജീവിതം തടസ്സപ്പെടുത്തുകയും ആധുനികതാ രീതികളെ നൽകുന്നതായി ഭാവിച്ച് അവരുടെ അസ്ഥിത്വം തന്നെ ഇല്ലതാക്കലുമാണ് നാം ചെയ്യുന്നത്.