പേര് മറച്ചു വെയ്ക്കേണ്ട, ഇതു ‘ജിഷ’ തന്നെയാ!!!

ചെങ്കോട്ടയുടെ നടുവിൽ ഇരുട്ടിന്റെ മറവിൽ ശരീരം കാമ വെറിയുടെ പൈശാചിക കരങ്ങളാൽ പിച്ചി ചീന്തപെട്ട ‘നിർഭയ’ ഒരു പ്രതീകാത്മക പേരാണെങ്കിൽ ഇങ്ങു കൊച്ചു കേരളത്തിൽ ‘ജിഷ’ ഒരു സത്യ നാമമാണ്. ഇരയുടെ പേര് പറയാൻ പാടില്ല എന്ന നിയമമൊന്നും ചെറ്റക്കുടിലിലെ കുട്ടിക്ക് ബാധകമല്ല, അതിന്റെ മേന്മയൊന്നും പറയുകയും വേണ്ട, നിങ്ങൾ വിളിച്ചോളു, ഇത് ബിരുദ വിദ്യാർത്ഥിനി ‘ജിഷ’യാണ്. ശക്തമായ ചവിട്ടേറ്റ് ആന്തരാവയവങ്ങൾ വയർപൊട്ടി പുറത്തേയ്ക്ക് വന്ന നിലയിൽ നെഞ്ചിലും കഴുത്തിലും തലയുടെ പിൻവശത്തും താടിയിലും ആയുധം കൊണ്ടുള്ള പാട്. ചുരിദാറിന്റെ ടോപ്പ് മാത്രമേ ശരീരത്തിൽ ഉണ്ടായിരുന്നുള്ളു. അതും കൃത്യ നിർവഹണത്തിന് ശേഷം വെറിയന്മാർ നാണം മറച്ചതാകാം. ലജ്ജിക്കൂ കേരളമേ എന്നൊന്നും പറഞ്ഞു സാഹിത്യം കൂട്ടുന്നില്ല, ലജ്ജിക്കാനോ, തല കുന്പിടാനോ നമ്മുക്കെവിടെ സമയം? പ്രബുദ്ധതയും സാക്ഷരതയും നാഴികക്ക് നാൽപ്പതു വട്ടം ഉരുട്ടി കഴിക്കുന്ന വർഗ്ഗമല്ലേ നമ്മൾ. ലോകോത്തര പോലീസ് കച്ചി തുരുന്പിനായി വൈക്കോൽ കൂനകൾ തോറും കറങ്ങി നടന്നിട്ട് ദിവസങ്ങളായി, തുരുന്പു പോയിട്ട് തൂന്പ തുരുന്പു പോലും കിട്ടിയില്ല. ആഭ്യന്തരവും, മുഖ്യനും, പ്രതിപക്ഷവും ഒന്നും സംഭവം അറിഞ്ഞ മട്ടില്ല. ഇത്രയൊക്കെയായിട്ടും തുടരണം ഈ ഭരണം.... എന്ന് നാട് നീളെ പ്രസംഗിച്ചു നടക്കുന്ന ഒരു മുഖ്യനെ നമുക്കല്ലാതെ വേറെ എവിടെ കിട്ടും, ശരിയാക്കാൻ നടക്കുന്നവർ വേറെ, വഴികാട്ടി കയറിക്കൂടാൻ മറ്റു ചിലർ.
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകം ക്രൂരമെന്നു വിശേഷിപ്പിച്ചു കൊല്ലപ്പെട്ട സഹോദരിയുടെ ശരീരം കൊത്തിവലിക്കാൻ ആഗ്രഹിക്കുന്നില്ല. അടച്ചുറപ്പിക്കാൻ ശക്തമായ ഒരു വാതിൽ പൊലുമില്ലാത്ത ചെറ്റക്കുടിലിൽ കൂലിവേലയും കഴിഞ്ഞു വന്നുകയറിയ പെറ്റമ്മയുടെ കണ്ണുകളിൽ മകളുടെ ചേതനയറ്റ ശരീരം, അതെ ജിഷ ഇങ്ങനെ കൊല്ലപ്പെട്ടു കിടക്കുകയാണ്. പുറന്പോക്കിൽ രണ്ടു സെന്റ് ഭൂമിയിൽ കുടിൽ കെട്ടിയാണ് ജിഷയും അമ്മയും കഴിഞ്ഞിരുന്നത്. ഈ സംസ്ഥാനം സ്ത്രീകൾക്ക് അനുയോജ്യമല്ല എന്ന സത്യം തിരഞ്ഞെടുപ്പ് സമയത്ത് മറച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്രൂരവും പൈശാചികവുമായ ഈ കൊലപാതകം പുറത്തു വരാതിരിക്കാൻ പോലീസ് നടത്തുന്ന ശ്രമം. ഇനിയും ഈ കൊലപാതകം മറച്ചു പിടിക്കാൻ നിങ്ങൾക്ക് കഴിയില്ല. എന്നാൽ ഇതിന്റെ പേരിൽ ഇവിടെ ഗുജറാത്ത് എന്നും ഡൽഹിയെന്നും ദാദ്രി എന്നും ദളിതെന്നും പറഞ്ഞു കറങ്ങി നടക്കുന്ന കുറുക്കന്മാർ വന്ന വഴി മറക്കാതെ നോക്കണം.
ഭരണകുട ഭീകരതയോടെയുള്ള വർഗീയ കലാപങ്ങളും അക്രമവും ജിഷയുടെ കൊലപാതകവുമായി ബന്ധിപ്പിക്കാനുള്ള നീക്കം ഒരു തരം നിരാശയിൽ നിന്നുള്ള ജൽപ്പനങ്ങളായി മാറുന്ന വിഡ്ഢിത്തങ്ങൾ. കൂലി വേല കഴിഞ്ഞു വന്നതിനാൽ ആ അമ്മ ഒരു വർഗ്ഗ തൊഴിലാളിയെന്ന ബോധ്യമെങ്കിലും ഇടതുപക്ഷം കാണിക്കണമായിരുന്നു. മെയ്ദിനത്തിൽ ആവേശ ആഘോഷ റാലികൾ നടക്കുന്പോൾ മകളുടെ ചേതനയറ്റ ശരീരത്തിൽ അവശേഷിച്ച ചുരിദാർ തുണിയും മാറോടു ചേർത്ത് വിങ്ങിപ്പൊട്ടുന്ന ആ അമ്മയെ ആശ്വസിപ്പിക്കാൻ എന്ത് വാക്കുകളാണ് നാം നൽകുക.
ഗോവിന്ദചാമിമാർ തിന്നു കൊഴുത്തു രമിക്കുന്ന ജയിലുകൾ നമുക്കുള്ളപ്പോൾ സൗമ്യയും, ജിഷയും ആവർത്തിക്കപ്പെടുക തന്നെ ചെയ്യും. ഇനിയും പ്രതികരിക്കാത്ത സമൂഹമേ, ശക്തമായ ഒരു വാതിലു പോലും ആ വീടിന് ഉണ്ടായിരിക്കില്ല... ആഞ്ഞൊന്നു തള്ളിയാൽ തുറന്നു പോയേക്കാവുന്ന വീടുകളിൽ പതിനായിരക്കണക്കിന് സ്ത്രീ ശരീരങ്ങൾ ഉറങ്ങുന്നുണ്ട്... വയർപൊട്ടി ആന്തരികാവയവങ്ങൾ പുറത്തുവരാനായി, പെരുന്പാവൂരിൽ നിന്നും നമ്മുടെ വീടുകളിലേക്കുള്ള ദൂരം വിദൂരമല്ല !!!