നിർഭയ മുതൽ ജിഷ വരെ


മനുഷ്യ ശരീരത്തിലുണ്ടാകുന്ന ട്യൂമറുകൾ ഒരു ഘട്ടം കഴിഞ്ഞാൽ മുറിച്ചു നീക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ അത് ചുറ്റുമുള്ള കോശങ്ങൾക്കു കൂടി ദോഷം ചെയ്യും. ഒടുവിൽ ട്യൂമറുള്ള മനുഷ്യന്റെ ജീവൻ തന്നെ അപകടപ്പെടും. പക്ഷേ ആ ട്യൂമറിനു നിലനിൽക്കാനും യഥേഷ്ടം വളരാനുമുള്ള അവകാശത്തിനു വേണ്ടി നിലപാടെടുക്കാനും പ്രക്ഷോഭം നടത്താനും ആവശ്യമെങ്കിൽ അന്താരാഷ്ട്ര വേദികളിൽ തന്നെ ഇക്കാര്യത്തെക്കുറിച്ച് ശബ്ദമുയർത്താനും ഇവിടെ ആളുണ്ടാവും. അമ്മയെ തച്ചാലും രണ്ടുണ്ട് പക്ഷമെന്നതാണല്ലോ ഭൂമിമലയാളത്തിലെ അവസ്ഥ. അഭിപ്രായ സ്വാതന്ത്ര്യം നല്ലതു തന്നെയാണ്. ജനാധിപത്യത്തിന്റെ ആണിക്കല്ലുമാണ്. എന്നാൽ ചിലകാര്യങ്ങളിൽ പൊതു സമൂഹം വാദപ്രതിവാദ സാധ്യതകളിൽ മാത്രം അഭിരമിക്കുന്പോൾ നഷ്ടമാകുന്നത് നമ്മുടെ സാമൂഹ്യ സുരക്ഷയാണ്. പെരുന്പാവൂരിലെ ജിഷയുടെ അന്ത്യം വ്യക്തമാക്കുന്നത് അതുതന്നെയാണ്.

ഓരോ ഇടങ്ങൾക്കും അനുസരിച്ചാണ് നമ്മുടെ പൊതുസമൂഹങ്ങളെല്ലാം ഓരോ കാര്യങ്ങളോടും പ്രതികരിക്കുന്നത്. ഒരേ സംഭവം തന്നെ നടക്കുന്ന സ്ഥലവും സാഹചര്യവും ഒക്കെ നോക്കി മാത്രമേ നമ്മളും നമ്മുടെ മാധ്യമങ്ങളും ഒക്കെ പ്രതികരിക്കൂ. ഒരു തരത്തിലും രാഷ്ട്രീയം കാണരുതാത്ത കാര്യങ്ങളെപ്പോലും രാഷ്ട്രീയകണ്ണടവച്ചു മാത്രമേ നമ്മൾ വായിക്കൂ. നമുക്കറിയാത്ത ഒരിടത്ത് ഒരു ദളിത് കുടുംബത്തെ നഗ്നരാക്കി മർദ്ദിച്ചു എന്ന വാർത്തയോട് നമ്മുടെ മാധ്യമങ്ങളും നമ്മളും പ്രതികരിച്ചത് മറക്കാറായിട്ടില്ല. വാർത്ത കേട്ടതും ദളിത് പീഡനമെന്നു ഗോഗ്വാ വിളിച്ച നമ്മൾ അന്നു നടന്നത് ആ കുടുംബത്തിന്റെ നഗ്ന പ്രതിഷേധമാണെന്നറിഞ്ഞിട്ടും തുടക്കത്തിൽ അതറിഞ്ഞ മട്ടു കാട്ടാതെ പ്രതികരണങ്ങൾ തുടർന്നു. അതേ നമ്മൾ നമ്മുടെ സ്വന്തം നാട്ടിൽ ദളിത് പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട വാർത്ത വൃത്തിയായി തമസ്കരിച്ചു. ആളും തരവും നോക്കി മാത്രമായിരിക്കുന്നു നമ്മുടെ പ്രതികരണങ്ങൾ. ആത്യന്തികമായി നമുക്കു രാഷ്ട്രീയ നേട്ടവും ചാനലുകൾക്കു വരുമാന നേട്ടവും ഉണ്ടാക്കാനായില്ലെങ്കിൽ പിന്നെ അതിനൊക്കെ വേണ്ടി ശബ്ദമുയർത്തിയിട്ട് എന്തു പ്രയോജനം എന്നതാണ് നടപ്പു രീതി. 

ഡൽഹിയിൽ യാത്രാ ബസിൽ അസമയത്ത് ഒരു പാവം പെൺകുട്ടി ആക്രമിക്കപ്പെട്ടപ്പോൾ രാജ്യം ഒന്നാകെ അവൾക്കു വേണ്ടി ശബ്ദമുയർത്തി. പ്രതിഷേധാഗ്നിയിൽ രാജ്യം ചുട്ടുപൊള്ളി. വിദേശ മാധ്യമങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ആ വാർത്ത ആവോളമുപയോഗിച്ചു. ജ്യോതി സിംഗെന്ന പെൺകുട്ടി നിർഭയ എന്ന പേരിൽ, ആക്രമിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകമാക്കപ്പെട്ടു. അവളുടെ പേരിൽ നമ്മൾ മണൽ ശിൽപ്പങ്ങളും കവിതകളും തീർത്തു. പുരസ്കാരങ്ങളും സംവാദങ്ങളും അവളുടെ പേരിലുണ്ടായി. അവളെ പിച്ചി ചീന്തിയവരെ വേഗത്തിൽ തന്നെ പിടികൂടി വിചാരണയും വിധിപ്രസ്താവനയും പൂർത്തിയാക്കി. അവളെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച യുവകാപാലികൻ സാങ്കേതികതയുടെ പേരിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുന്നതിനും നമ്മൾ സാക്ഷികളായി. 

അതിനും മുന്പ് 2011ൽ  ഭൂമിമലയാളത്തിൽ യാത്രാ ട്രെയിനിൽ ക്രൂരമായി ആക്രമിക്കപ്പെട്ട് സൗമ്യയെന്ന പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ നമ്മുടെ പൊതു സമൂഹം നിർഭയയുടെ കാര്യത്തിലുണ്ടായതുപോലെ പ്രതികരിച്ചിരുന്നില്ല. അവളെ ക്രൂരമായി ഇല്ലായ്മ ചെയ്ത ചാർലി തോമസ് ഗോവിന്ദച്ചാമി കാരാഗ്രഹത്തിൽ തിന്നു കൊഴുത്തു സുഖിക്കുന്നു. കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടങ്ങളും സാഹചര്യങ്ങളും അതിനോടുള്ള സമൂഹത്തിന്റെ പ്രതികരണത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവം. പെരുന്പാവൂരിലെ ജിഷയുടെ കൊലപാതകം നടന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. അതിന്റെ പേരിൽ കാര്യമായ പ്രതിഷേധങ്ങളുയരുന്നത് ഇന്നു മാത്രമാണ്. നമ്മൾ തെരഞ്ഞെടുപ്പു ചൂടിലാണ്. അതിനിടെ സൗമ്യമാരെയും ജിഷമാരെയും ശ്രദ്ധിക്കാൻ നമുക്കെവിടെ സമയം. മറ്റു വല്ലയിടങ്ങളിലുമായിരുന്നെങ്കിൽ നമുക്കു സംഗതി കൊഴുപ്പിക്കാമായിരുന്നു എന്നു കരുതുന്നവരും നമ്മുടെ ഇടയിൽ തന്നെയുണ്ട്. 

നിലപാടുകളിലെ കടുത്ത ഇരട്ടത്താപ്പ് ഇത്തരം വിഷയങ്ങളിലെങ്കിലും പൊതുസമൂഹം മാറ്റിെവയ്ക്കാതെ ഈ പ്രശ്നങ്ങളുടെ തോതു കുറയ്ക്കാൻ നമുക്കാവില്ല. കാല, ദേശ ഭേദമില്ലാതെ സ്ത്രീത്വം ആക്രമിക്കപ്പെടുകയാണ്. ടെക്കികളുടെ നാടായ ബംഗളുരുവിൽ താമസിക്കുന്ന വീടിനു മുന്നിൽ നിന്നും ഒരു പെൺകുട്ടിയെ തൂക്കിയെടുത്തു കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം വലിയ വാർത്തയായിരിക്കുന്നു. അക്രമിയുടെ കൈയിൽ കടിച്ചു മുറിവേൽപ്പിച്ചാണ് പെൺകുട്ടി രക്ഷപ്പെട്ടത്. ഉത്തരേന്ത്യയിൽ അടുത്തിടെ ഒരു ഓഫീസിൽ നിന്നും പട്ടാപ്പകൽ വലിച്ചിഴച്ചു കൊണ്ടുപോകപ്പെട്ട പെൺകുട്ടി പക്ഷേ പീഡിപ്പിക്കപ്പെട്ടു. ഇവിടെയെല്ലാം പൊതു സമൂഹം നിഷ്ക്രിയമായിരുന്നു. ഈ നിഷ്ക്രിയാവസ്ഥ മാറിയേ തീരൂ. അക്രമികൾക്ക് ഭയമുണ്ടാകുന്ന സാഹചര്യമാണ് അടിയന്തിരമായി ഉണ്ടാവേണ്ടത്. ജിഷയുടെ കൊലപാതകിയെ ജനം പിച്ചിച്ചീന്തണമെന്നാണ് 2011 ൽ കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ പറയുന്നത്. ഭരണകൂടങ്ങൾ പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ജനം നിയമം കൈയിലെടുക്കും എന്നുറപ്പാണ്. 

അപകടകരമായ ട്യൂമറുകൾ മുറിച്ചു നീക്കപ്പെട്ടേ മതിയാവൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed