അക്ഷര തെ­റ്റി­ലേ­ക്ക് മാ­റു­ന്ന മലയാ­ളം...


സോന പി.എസ് 

ലത്തിനൊത്ത് കോലം മാറിപ്പോയ മലയാളികൾ സ്വന്തം ഭാഷയിൽ ഉണ്ടായ മാറ്റങ്ങളെ ശ്രദ്ധിച്ചു കാണില്ല. ഉണർന്നെണീക്കുന്പോൾ ആദ്യം തിരയുന്ന മൊബൈൽ ഫോണുകൾക്ക് കൊടുക്കുന്ന പരിഗണന പോലുമില്ല ചുറ്റുമുള്ള വസ്തുക്കൾക്ക് എന്നതാണ് ഇപ്പോളത്തെ അവസ്ഥ. ഇതിനിടയിൽ അക്ഷര തെറ്റിലേയ്ക്ക് അനുദിനം മാറി കൊണ്ടിരിക്കുന്ന മലയാള ഭാഷയെ കുറിച്ച് എന്തിന് ഓർക്കണം അല്ലേ... എങ്കിലും ഈ ദുരവസ്ഥയ്ക്ക് അറിഞ്ഞോ അറിയാതെയോ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന് പറയാതെ വയ്യ. ഡയറികുറിപ്പുകളിൽ എഴുതി വെയ്‌ക്കേണ്ട സ്വകാര്യ കാര്യങ്ങൾ പോലും പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ മടിയില്ലാത്തവരായി മാറിയിരിക്കുന്നു ഇന്നത്തെ മലയാളികൾ.

സുതാര്യമായ സമീപനങ്ങൾ നല്ലത് തന്നെ. പക്ഷെ ഇതിന്റെ ഫലമായുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അറിയേണ്ടതുണ്ട്. വാട്സാപ്പും ഫേസ്ബുക്കും സജീവമായതോടെ പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാന്പലുമായി മാറി സോഷ്യൽ മീഡിയകൾ. സ്വന്തം ഭാഷയിൽ ആശയ വിനിമയം ചെയ്യാനുള്ള ആപ്പുകൾ വന്നതോടെ രാവിലെ ഉണരുന്പോൾ തോന്നുന്ന വികാരങ്ങൾ മുതൽ കട്ടൻകാപ്പി കുടിച്ചതും, പിന്നീടങ്ങോട്ടുള്ള ദിനചര്യകളെ ഇമോജികളിൽ കൂട്ടിയിണക്കി അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കളിക്കുന്നതിനിടയിൽ ഭാഷ പിശകുകൾ ആരും ശ്രദ്ധിക്കാറില്ല. ആശയം മനസ്സിലായാൽ മതി എന്ന അവസ്ഥ വരികയും ചെയ്തു. അതേസമയം മലയാള ഭാഷ എഴുതി അയക്കാനുള്ള മലയാളം എഴുത്ത് ആപ്പുകളിലൂടെ സ്വന്തം ഭാഷയിൽ എഴുതാൻ കഴിയുന്നത് ഒരു തരത്തിൽ ഭാഗ്യവുമാണ്. ഇന്ന് എല്ലാവരുടെയും ലോകം തിരക്ക് പിടിച്ചതാണ്. അതുകൊണ്ട് തന്നെ ഏറ്റവും ആദ്യം പ്രതികരിക്കുന്നവനും, ആശംസ അറിയിക്കുന്നവനും, അനുശോചനം അറിയിക്കുന്നവനും മാത്രമേ പരിഗണിക്കപ്പെടുന്നുള്ളൂ. ഏറ്റവും വേഗത്തിൽ വിവരങ്ങൾ കൈമാറാൻ ശ്രമിക്കുന്പോൾ ഉണ്ടാകുന്ന ചെറിയ ശ്രദ്ധക്കുറവ് പക്ഷെ മാരകമായ അക്ഷരതെറ്റുകൾ ഉണ്ടാക്കുന്നു. അത് ദൗർഭാഗ്യകരം തന്നെയാണ്. ചെറിയ രീതിയിൽ സംഭവിക്കുന്ന ഇത്തരം പിഴവുകൾ മതി മലയാള ഭാഷാ അന്യം നിന്ന് പോകാൻ. 

മുന്പ് നമുക്കെല്ലാം കിട്ടിയ എഴുത്തുകൾ ഇങ്ങനെ ആയിരുന്നില്ല. നല്ല ഭാഷയുടെ ലോകം നമ്മുക്ക് ഉണ്ടായിരുന്നു. അതിന് കാരണം മുൻകാലങ്ങളിൽ പത്രങ്ങളിലോ പുസ്തകങ്ങളിലോ അച്ചടിച്ച് വരുന്ന എഴുത്തുകൾക്ക് പിന്നിൽ മികച്ച പ്രൂഫ് റീഡേഴ്സ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഭാഷ കൈമോശം വരാതെ വായനക്കാരിലേയ്ക്ക് എത്തിയിരുന്നത്. ഇന്ന് നമ്മൾ എഴുതുന്നവയുടെ മേൽ പൂർണ്ണമായ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. ഭാഷാജ്ഞാനം ഒരു പ്രശ്നമാണെങ്കിലും ഒരു വാക്ക് എഴുതുന്പോൾ അതിനോട് സാദൃശ്യം വരുന്ന നിരവധി വാക്കുകൾ ഒരുമിച്ചു വരുന്പോൾ ഏതാണ് ശരിയെന്ന് മനസ്സിലാകാതെ പോകുന്നതും മറ്റൊരു കാരണമാണ്. 

മറ്റൊന്ന് കണ്ണിൽ കാണുന്നവയെ മനസ്സിൽ പതിയുകയുള്ളൂ എന്നതാണ്. ഇന്ന് പത്രങ്ങളോ, ചാനലുകളോ നോക്കിയാൽ ഭാഷാ പ്രയോഗങ്ങളും, വ്യാകരണ പിശകും സർവ്വ സാധാരണമാണ്. ജനകീയമായിരിക്കുകയും, അതോടൊപ്പം സാമൂഹിക പ്രതിബദ്ധത സൂക്ഷിക്കേണ്ട മാധ്യമങ്ങളെങ്കിലും ഇത്തരം നിലപാടുകളിൽ ശ്രദ്ധിക്കണം. തെറ്റേത് ശരിയേത് എന്ന് തിരിച്ചറിയാത്ത ഒരു മലയാളി തലമുറയെ സൃഷ്ടിക്കുക എന്ന വിപത്തിലേയ്ക്ക് ഇനി അധിക ദൂരമില്ല എന്ന വസ്തുത നാം വിസ്മരിക്കരുത്.

കാലത്തിനൊത്ത് സഞ്ചരിക്കുന്നതോടൊപ്പം കാലത്തിന് അതീതമായി നിൽക്കുന്നവയുമാണ് എഴുത്ത്. ഇനിയുള്ള കാലം എല്ലാം ഡിജിറ്റലൈസ് സംവിധാനത്തിലേയ്ക്ക് നീങ്ങുകയാണ്. കൃത്യമായ ഭാഷ എഴുതാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയും, ഭാഷയിലെ വാക്കുകളെയും അവയുടെ സന്ധി, സമാസം തുടങ്ങിയ വ്യാകരണസംബന്ധിയായ കാര്യങ്ങൾ ചെയ്യാൻ വേണ്ട അൽഗോരിതങ്ങളും ടൂളുകളും വികസിപ്പിക്കണം. സ്പെൽ ചെക്കർ, ഗ്രാമർ ചെക്കർ, മെഷീൻ ട്രാൻസ്‌ലേഷൻ സിസ്റ്റം സ്പെൽ ചെക്കർ, ഗ്രാമർ ചെക്കർ, മെഷീൻ ട്രാൻസ്‌ലേഷൻ സിസ്റ്റം തുടങ്ങിയവയും കാര്യക്ഷമമാക്കണം. 

ശ്രേഷ്ഠഭാഷാ പദവിക്ക് വേണ്ടി മുറവിളി കൂട്ടുകയും, അത് ലഭിച്ചു കഴിഞ്ഞപ്പോൾ അഭിമാനം കൊണ്ട് പുളകിതരായവരുമാണ് നമ്മൾ മലയാളികൾ. എന്നാൽ ഇനി വരുന്ന തലമുറയ്ക്ക് നല്ല മലയാളം എന്നത് ഗവേഷണങ്ങളിലൂടെ കണ്ടെത്തേണ്ട ഒരു വിഷയമാകരുത്. നമ്മുടെ അശ്രദ്ധമായ ഇടപെടലുകൾ കൊണ്ട് മാതൃഭാഷ നശിച്ചു പോകാതിരിക്കട്ടെ.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed