അഭി­നവ ഗോർ­ബച്ചേവു­മാർ ഇന്ത്യൻ കമ്മ്യൂ­ണി­സ്റ്റ്‌ പ്രസ്ഥാ­നത്തി­ന്റെ­ വി­ധി­ എഴു­തും


മുഹമ്മദ്‌ വി.പി.കെ

റെ ചർച്ചകൾക്കും വാദങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായ യച്ചൂരി-കാരാട്ട്‌ കരടുകൾ കേന്ദ്ര കമ്മറ്റിയിൽ വോട്ടിനിട്ടതും, ഒടുവിൽ യച്ചൂരിയുടെ കരട്‌ വോട്ടിനിട്ടു തള്ളിയതും പുതിയ വിഭാഗീയ ചർച്ചകൾക്ക്‌ തുടക്കമിട്ടിരിക്കുകയാണ്. തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ സൈന്താദ്ധികനായ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പാർട്ടിയുടെ ഇനിയുള്ള മൂന്ന് വർഷത്തേക്കുള്ള‌ തന്റെ കരടിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചത്‌‌.. പ്രായോഗിക രാഷ്ട്രീയമാണ്.

നിലാപാടുകളുടെ, സമീപനങ്ങളുടെ പേരിൽ പരുവപ്പെടുന്ന ഭിന്നതകളോ, പിളർപ്പോ ചരിത്രത്തിൽ ആദ്യമായൊന്നുമല്ല കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇത്തരം പ്രതിസന്ധി നേരിടുന്നത്‌. 1960തിനു തുടക്കത്തിൽ തന്നെ തുടങ്ങിയതാണ്. അന്നും പ്രശ്നവൽകരിക്കപ്പെട്ട വിഷയം കോൺഗ്രസ്സുമായുള്ള സമീപനം തന്നെ. ‌വേണ്ടത്ര ആദർശങ്ങളും നയങ്ങളും, അച്ചടക്കമുള്ള അണികളും പാർട്ടിയെ സന്പന്നമാക്കുന്നണ്ടെങ്കിലും, മതേതര ഇന്ത്യയിൽ വേരുറപ്പിക്കാൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇന്നും പാടുപെടുന്നത്‌ എന്ത്കൊണ്ട്‌ എന്ന വലിയ ചോദ്യങ്ങൾക്ക്‌ അംഗഭംഗം വന്ന ഉത്തരങ്ങളായിരിക്കും ലഭിക്കുക. ഫാസിസ്റ്റ്‌ ഭരണ സംവിധാനം ഉപയോഗപ്പെടുത്തി മതവും, വർഗ്ഗീയതയും ആളിക്കത്തിച്ച്‌ മനുഷ്യരാശിയെ തന്നെ അപായപ്പെടുത്തുന്ന അവസ്ഥയിൽ നിന്ന് ഒരു മോചനം ഇന്ത്യൻ ജനത ആഗ്രഹിക്കുന്നുണ്ട്‌. ഈ ഒരു സാഹചര്യം സിപിഎം കാണാതെ പോകുന്നത്‌ അതിശയോക്തിയോടെ കാണാനേ കഴിയൂ. 

പണം കൊണ്ടും അധികാരം കൊണ്ടും ഇന്ത്യയെ ഒരിക്കൽ കൂടി വിലക്കുവാങ്ങാൻ പാകത്തിൽ ബിജെപി പഴുതുകൾ അടച്ചു മുന്നേറിയിട്ടുണ്ട്‌. ഈ ഒരു സാഹചര്യം മുൻനിറുത്തി ബിജെപിയെ എതിരിടാൻ ദേശീയതലത്തിൽ വിശാലമായ ഒരു മതേതര ഐക്യം കെട്ടിപ്പെടുക്കേണ്ടതുണ്ട്‌. പ്രത്യേകിച്ചും മൂന്നാം മുന്നണി എന്ന സങ്കൽപ്പം അസ്ഥാനത്താണ്, സോഷ്യലിസ്റ്റുകൾ യോജിക്കാൻ സാധ്യതയില്ലാത്ത വിധം വഴിപിരികയും ദുർബലപ്പെടുകയും ചെയിതിരിക്കുന്നു. പ്രതീക്ഷയുടെ തിരിനാളം എന്ന നിലയിൽ കോൺഗ്രസ് ചെറുതല്ലാത്ത മുന്നേറ്റം കാഴ്ച വെക്കുന്നു എന്നത്‌ ഗുജറാത്ത്‌ തിരഞ്ഞടുപ്പിലെ ഫലത്തിലൂടെ തുറന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഒരു തിരിച്ച്‌ വരവിനുള്ള സാധ്യത ഉണ്ടന്നിരിക്കേ, മോദിയുടെ ഫാസിസ്റ്റ്‌ ഭരാണത്തെ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്ക്‌ സാധ്യത കൽപ്പിക്കപ്പെടുന്നു. കഴിഞ്ഞ ലോകസഭ തിരഞ്ഞടുപ്പിൽ യുപിയിൽ മതേതര പാർട്ടികൾ എന്ന അവകാശപ്പെടുന്ന എസ്‌പി, ബിഎസ്‌പി, ആർജെഡി, സിപിഎം, കോൺഗ്രസ് എന്നീ പാർട്ടികൾ ഒരു സമവായവും കൂടാതെ തിരഞ്ഞടുപ്പിനെ നേരിട്ടപ്പോൾ ഫലം ബിജെപി ബഹുപൂരിക്ഷം സീറ്റോട്‌ കൂടി യുപി പിടിച്ചടക്കുകയാരിന്നു. ഈ ഒരു ദീർഘ വീക്ഷണം കരട്‌ രൂപപ്പെടുത്തുന്പോൾ സിപിഎം നടത്തേണ്ടിയിരുന്നു.

ഫാസിസത്തിന്റെ ഉഗ്രരൂപങ്ങൾ പലവുരും ഇന്ത്യൻ ജനത അനുഭവിച്ചിട്ടും അതിനെ കൃത്യമായി തിരിച്ചറിയുന്നതിൽ പോലും കാരാട്ടും, യച്ചൂരിയും ഭിന്നഭിപ്രായക്കാരാണ്. ആർഎസ്‌എസും അതിന്റെ ഭരണ സംവിധാനവും ഫാസിസ്റ്റാണന്ന് യച്ചൂരി ആണയിടുന്പോൾ, കാരാട്ടിന് അതത്ര സ്വീകാര്യമല്ല എന്ന് തുറന്ന് പറഞ്ഞത്‌ ഈ കഴിഞ്ഞ കാലങ്ങളിലാണ്. ഫാസിസത്തേ തിരിച്ചറിയാതെ ജനസംഘവുമായുള്ള ബാന്ധവം കമ്യൂണിസ്റ്റുകാർ‍ക്ക് ഉണ്ടായത് ചരിത്രപരമായ പിഴവാണ്. അന്ന് അത്‌ സംഭവിച്ചിരുന്നില്ലായെങ്കിൽ ഇന്ന് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മറ്റൊന്നാകുമായിരുന്നു. ചരിത്രത്തിൽ ‍‍‍‍നിന്ന് നമ്മൾ ഒരു പാഠവും പഠിക്കുന്നില്ലന്നാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഇടപെടൽ കൊണ്ട്‌ ബോധ്യമാവുന്നത്‌. മോദിയുടെ ഭരണകൂടം ഫാസിസ്റ്റായിട്ടില്ലന്നാണ് ഇപ്പോഴും കമ്മ്യൂണിസ്റ്റ്‌ നേതൃ നിരയിലെ ബഹു ഭൂരിഭാഗവും പറയുന്നത്‌ എന്നത്‌ നേതൃത്വത്തിന്റെ ദീർഘ വീക്ഷണത്തിലെ പിഴവായി കരുതേണ്ടിവരും. 

ഇന്ത്യയിലെ സിപിഎം സാഹചര്യം വളരെ ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു. തിരഞ്ഞടുപ്പ്‌ ആസന്നമായിരിക്കുന്ന ത്രിപുരയിൽ പോലും രാഷ്ട്രീയ സ്ഥിതി വിശേഷം അത്ര ശുഭകരമല്ല എന്നത്‌ പാർട്ടീ നേതൃത്വത്തിന് നന്നായി അറിയാം. പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായി സിപിഎം കേന്ദ്രകമ്മറ്റിയിൽ സീതാറാം യച്ചൂരി മുന്നോട്ടുവെച്ച കരട്‌‌ തികച്ചും കാലികമാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രസക്തി മുന്നിൽ കണ്ടുകൊണ്ടാവണം യച്ചൂരി എതിർപ്പുകൾ ഉണ്ടാവും എന്നറിഞ്ഞിട്ടും കരടുമായി മുന്നോട്ട്‌ പോയത്‌. ചരിത്രത്തിൽ ഇതിന് മുൻപും ഫാസിസത്തിനതിരെ ഐക്യപ്പെടണം എന്ന ആഹ്വാനം പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിച്ചതായി കാണാം. 

സിപിഎം കേന്ദ്രകമ്മറ്റിയിൽ അവതരിപ്പിക്കപ്പെട്ട ഇരു കരടുകളും, പാർട്ടിയിലെ അഭിപ്രായ സ്വാതന്ത്ര്യവും, തുറന്ന ചർച്ചകളെയും മൂല്യവൽകരിക്കപ്പെടുന്നുണ്ടങ്കിലും കാരാട്ടും യച്ചൂരിയും തമ്മിലുള്ള ഐക്യത്തിന്റെ അന്തർധാര അത്ര സുഖമുള്ളതല്ല. ഇതൊരു ഒരു മൂപ്പിളതർക്കമല്ല എന്ന് തള്ളിക്കളയാനാവില്ല. തന്റെ നിലപാടുകൾക്കൊപ്പം അംഗങ്ങളെ കൂടെ നിറുത്തി തന്റെ പാർട്ടി അധീശത്വം ഉറപ്പിക്കുകയും, ജനറൽ സെക്രട്ടറിയെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിലേക്ക്‌ കരട്‌ വോട്ടിനിട്ടത്‌ വിഭാഗീയതയുടെ ആഴം മനസ്സിലാക്കാൻ കഴിയും. 

2019 ലോകസഭാ തിരഞ്ഞടുപ്പിൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ഇടതു പക്ഷത്തിന് പ്രധാന പങ്കുവഹിക്കാനുള്ള സാഹചര്യം ഉരുണ്ടുകൂടുന്പോൾ അത്‌ വേണ്ടന്ന് വെക്കലാണ് കാരാട്ടിന്റെ കരട്‌ ലൈൻ. കാരാട്ടിന്റെ കരടിന്റെ ജീവിക്കുന്ന തെളിവാണ് പാലക്കാട്‌ നഗരസഭാ തിരഞ്ഞടുപ്പിലെ പാർട്ടി നയം. മുഖ്യ ശത്രു ബിജെപി എന്ന് കാരാട്ട്‌ പ്രസ്ഥാവിക്കുന്പോഴും അതിനെ അകറ്റി നിറുത്താനുള്ള അവസരം കോൺഗ്രസിലൂടെ ഒരു ധാരണ നിലനിറുത്തിയിരുന്നെങ്കിൽ ബിജെപിക്ക്‌ പാലക്കാട്‌ നഗരസഭ ഭരണം ലഭിക്കുമായിരുന്നില്ല.‌ കേരളാ സാഹചര്യത്തെ മുൻ നിറുത്തിയാവരുത്‌ തിരഞ്ഞടുപ്പ്‌ നയവും നിലപാടും രൂപപ്പെടുത്തേണ്ടത്‌. 

അതേസമയം കമ്മ്യൂണിസത്തിന്റെ അസ്തിത്വം പണയം വെക്കാതെ ബിജെപിയെ മുഖ്യ ശത്രുവായികണ്ട്‌ ഭരണത്തിൽ നിന്ന് താഴെ ഇറക്കാൻ കോൺഗ്രസ് മുന്നണിയുമായി തിരഞ്ഞടുപ്പിലെ ഐക്യ സാധ്യതകൾ തുറന്നിടണം എന്ന യച്ചൂരിയുടെ വാദം തികച്ചും ന്യായവും, പ്രായോഗികമായ രാഷ്ട്രീയ അടവു നയവുമായി കാണണം. തിരഞ്ഞടുപ്പ്‌ ഐക്യത്തിലൂടെ രൂപപ്പെട്ടുവരുന്ന സീറ്റ്‌ ധാരണകളിലും മറ്റും പലയിടങ്ങളിലായി പാർട്ടിയുടെ എംപിമാരെ ലോകസഭയിലേക്ക്‌ പറഞ്ഞയക്കാൻ സാധിക്കും എന്നത്‌ നിഷേധിക്കാൻ കഴിയുന്ന ഒന്നല്ല. ഇടതുപക്ഷം ഇന്ത്യയിലെ നിർണ്ണായക സാധീന ശക്തിയാവുകയും അത്‌ വഴി ദേശീയ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ്‌ നയങ്ങളിലും നിലപാടുകളിലും, ആശയങ്ങളുടെ മേൽ ചർച്ചകൾക്ക്‌ വേദിയൊരുങ്ങുകയും ചെയ്യുന്നത്‌ വരും കാലങ്ങളിൽ ഇടതുപക്ഷത്തിന് ഉത്തരേന്ത്യൻ ബൽറ്റുകളിൽ ‌‌‌‌പാർട്ടിയെ വളർത്താൻ സഹായകരമാവും. 

തീർച്ചയായും ഇടതുപക്ഷം കാലോചിതമായി നയങ്ങളിലും നിലപാടിലും സമീപനങ്ങളിലും മാറ്റം വരുത്തേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം അഭിനവ ഗോർബച്ചേവുമാർ, തൊണ്ണൂറുകളിൽ സോവിയറ്റ്‌ യൂണിയനുണ്ടായ ഗതി‌‌‌‌ ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന് വന്ന് ഭവിക്കും. 

You might also like

  • Straight Forward

Most Viewed