ഉദ്ഗ്രഥന വയാഗ്ര


ശരശയ്യ - നിതിൻ നാങ്ങോത്ത്

പോൺ  നായികയുടെ കൊച്ചിൻ‍ വിസിറ്റോടെ ഡീസന്‍റ് കേരളത്തിന്‍റെ സദാചാരക്കുരു പൊട്ടിയൊലിക്കുകയാണ്. ദർ‍ശനപുണ്യം നേടിയ ആന്പിള്ളേരെ പ്രകീർ‍ത്തിച്ചും ആന്പിയർ തീരെയില്ലാത്ത സ്ത്രൈണമാഹാത്മ്യങ്ങളെ ഭർ‍ത്സിച്ചും കഥകളതിസാദരം!! കൊച്ചുപുസ്തകത്തിൽ പുല്ലിംഗപ്പെട്ടും ഉച്ചപ്പടങ്ങളിൽ വിജൃംഭിച്ചും, അപ്പുറത്തെ അങ്കിൾ ഗൾ‍ഫീന്ന് കൊണ്ടുവന്ന ഫിലിപ്പിയൻ‍ നീലക്കന്പികളിൽ നിരന്തരം നിർ‍വാണപ്പെട്ടും, വെളളിയാഴ്ചകളിലെ നട്ടപ്പാതിരവരെ രാപ്പടകട്ടഫാനായി ദൂരദർ‍ശന് നമോ നമോ ആശംസിച്ചും പിഴച്ചുപോയ പഴംജന്നിന്, ന്യൂജന്നിന്‍റെ ഈ വിശ്വവിരുന്ന് അസൂയയുടെ അണക്കെട്ട് പൊട്ടിയമാതിരിയായിപ്പോയി. ആ ദുരന്തസ്മൃതിയുടെ തോൽ‍വിയാണ് അവരെ ഇങ്ങനെയൊരു കല്ലേറിന് പ്രേരിപ്പിക്കുന്നത്..

ആൾ‍ക്കൂട്ടമനഃശാസ്ത്രം എല്ലായ്പ്പോഴും പ്രവചനത്തിന് അതീതമായിരിക്കും. ഒരു ഇന്ദ്രനും ചന്ദ്രനും ലാത്തിവീശാനോ ജലമൂത്രമൊഴിപ്പിക്കാനോ പറ്റുന്നതിലും മേലെ. ദേശീയ പാർ‍ട്ടിയുടെ സംസ്ഥാന സമ്മേളനനഗരിയിൽ പോലും അഞ്ഞൂറും ബിരിയാണിയും ഓഫർ ‍ചെയ്താലും ഈ ആർ‍ജ്ജവ രക്തങ്ങളെ ഇവന്‍റ്മാനേജിങ് ചെയ്യിക്കാൻ പറ്റില്ല. ചുംബനമാമാങ്കം, സണ്ണിലിയോൺ‍ ദർ‍ശനസായുജ്യം... ഇനിയങ്ങോട്ട് ഓപ്പൺ‍സെക്സ് അഥവാ മൈതാനരതി വരെ കൊച്ചിയിൽ ബിനാലെ ചെയ്യപ്പെട്ടാൽ അത്ഭുതം കൂറേണ്ട.കൊച്ചി പഴയ കൊച്ചിയല്ല. പബ്ബും മാംസമാർ‍ക്കറ്റിംഗും ചന്ദ്രോത്സവവും തകൃതിയായി ആഘോഷിക്കപ്പെടുന്ന ഒരു അന്തർ‍ദേശീയ ബുളുവെയിൽ ക്ലൈമെറ്റ് ഇപ്പോൾ അവിടെയുണ്ട്. ഈ പകർ‍ച്ചവ്യാധി അക്രമരാഷ്ട്രീയം പോലെ ജില്ലജില്ലാന്തരം റൂട്ട് മാർ‍ച്ച് നടത്തിയാൽ‍ ജോറായി. വൈശികതന്ത്രത്തിന്‍റെ ലഘുലേഖകൾ‍ വീടുവീടാന്തരം വിതരണം ചെയ്യാൻ‍ ആൾ‍ക്കാരെ പ്രബോധിപ്പിച്ചാൽ‍ മതി. മുത്തലാക്കൊക്കെ നിരോധിക്കുന്നതോടു കൂടി ശരീരപ്രണയത്തിന് വിശാലമായ സാധ്യതകളാണ് വരാനിരിക്കുന്നത്. പെണ്ണുങ്ങളുടെ ബേൺ‍ ദ ബ്രാ മോഡൽ‍ സമരവിപ്ലവിപ്പിക്കൽ‍ കൊണ്ട് ഇനി ഇടയ്ക്കിടെ ജനജീവിതം സ്തംഭിക്കും. സർ‍ക്കാർ ആടിയുലയും. വാത്സ്യായന കോച്ചിങ് സെന്‍ററും കൊക്കോകൻ‍ മെമ്മോറിയൽ‍ ആർ‍ട്സ്&സയൻ‍സ് കോളേജുകളും‍‍ മുക്കിന് മുക്കിന് എൻഒസി തരപ്പെടുത്തും.

അഞ്ചുനേരവും മൃഷ്ടാനം അസൂയയും കുശുന്പും കുന്നായ്മയും കൂട്ടിക്കുഴച്ച് ഫേസ്ബുക്കിൽ‍ ഗവേഷണ പ്രബന്ധമവതരിപ്പിക്കുന്ന സത്യവാൻ സാവിത്രിമാരുടെ നാണയപ്പെടുത്തലാണ് അൺ‍സഹിക്കബിൾ‍... ആരാന്‍റെ പുയിപ്പും കുറ്റവും പേക്കറ്റിലാക്കി ഡയലോഗിക്കുന്ന ഇവർ‍ക്കൊക്കെ ഒരുനൂറുജന്മം കഴിഞ്ഞാലും സ്വന്തം ശരീരത്തെ ട്രെയ്ൻ ‍ചെയ്ത് ഷേപ്പാൻ‍ പറ്റുമോ എന്ന ടാസ്ക്ചാലഞ്ചാണ് സണ്ണിക്കുട്ടന്‍മാർ‍ നടത്തുന്നത്. ഉത്തരം മുട്ടി എന്ന് മാത്രമല്ല ആത്മവ്രണം കുത്തിയൊലിച്ച് ചാലിയാർ‍ പരുവമായി. വാക്കുകൊണ്ട് ബളബളാ വരയ്ക്കുന്നതുപോലെ ഈസിയല്ലല്ലോ ശരീരവളവിന്‍റെ ഇഞ്ചോടിഞ്ച് അളവെടുക്കൽ‍. ഭക്ഷണവും ചിന്തയും സ്വപ്നവും കണ്‍ട്രോൾ‍ ചെയ്ത് വന്‍മതിൽ‍ക്കെട്ടി മെയിന്‍റനൈൻ‍ ചെയ്താലേ കരിയർ‍ പൂപ്പൽ‍ പിടിക്കാതെ ലൈഫ് ലോങ് ചെയ്യാൻ‍  പറ്റൂ. ഉജാലബോട്ടിലിന്‍റെ ഫിഗറില്ലേലും ഒരു പത്തുവർ‍ഷ മലയാളി യൗവനം ഷക്കീല, മറിയ, രേഷ്മമാരുടെ ത്രൈണാക്ഷരനാമത്തിൽ‍ ഉണ്ടുറങ്ങിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻ‍ലാൽ‍ താരസമ്രാട്ടുകളുടെ സിനിമയ്ക്ക് പോലും ഇരിപ്പിടങ്ങളിൽ‍ മൂട്ട സർ‍ക്കസ് തുടങ്ങിയപ്പോ ഫിലിംകച്ചോടത്തെ ‘പിടിച്ചു‘ നിർ‍ത്തിയതിന് ആയമ്മമാരോട് കനിവുണ്ടായിരിക്കണം. കാലം മാറിപ്പോയീ സദാചാര വാർ‍ഡന്മാരേ... നിങ്ങൾ‍ എത്രമാത്രം ദമനം ചെയ്യുന്നുവോ അത്രമാത്രം ആക്രാന്തമായി അത് പിടിച്ചെടുക്കാനുളള ത്വര പുരുഷുമാരുടെ ഇൻ‍ബോൺ‍ ടാലന്‍റാണ്. ആൺ‍ സുഹൃത്തുക്കളോട് നല്ല ക്ലാരിറ്റി കന്പികൾ‍ വാട്സാപ്പിൽ‍ ഇരന്നുവാങ്ങുന്ന നവോഢകളും മൂരിശൃംഗാര മഹിളാരത്നങ്ങളും നിരവധിയുണ്ട് ഈ മാവേലീ നാട്ടിൽ‍. കള്ളവും ചതിവും പൊളിവചനവും എള്ളോളമല്ല, എവറസ്റ്റോളമായിരിക്കുന്നു.സ്വന്തം മക്കളെ ആദ്യം സെക്സ്റ്റിങ്ങിൽ‍ നിന്നും ഡേറ്റിങ്ങിൽ‍ നിന്നും കൂതറ ചാറ്റിങ്ങിൽ‍ നിന്നും ടീസി വാങ്ങിച്ചുകൊടുക്കേണ്ടതിലേയ്ക്ക് ഫോക്കസ് ചെയ്യപ്പെടട്ടെ, ഈ ആവേശവും മുഖകമലം ചുവക്കലും വിപ്ലവവിരൽ‍ വ്യായാമങ്ങളും. കന്പിടോക്കൊക്കെ പതിനായിരങ്ങൾ‍ ഇയർ‍ഫോണിൽ‍ ആസ്വദിക്കുന്പോഴാണ്, കൈവിട്ടുപോയ ലോകഗതിയുടെ ലേറ്റസ്റ്റ് എഡിഷൻ‍ വായിക്കാതെ പോയ പഴയ സിൽ‍ക്ക് സ്മിതയൻ ജ്ഞാനപീഡകരോട് എംപതിയും സിംപതിയും. എന്‍റെ ശരീരമാണ് എന്‍റെ സന്ദേശം എന്ന അരാജകഫിലോസഫിയിലേയ്ക്ക് കാലം കർ‍ട്ടനുയർ‍ത്തി സഹയാത്രികരേ...

ഓണം വരും, വിഷു വരും, വർ‍ഷം വരും... ഇപ്പോ ഒരു സണ്ണി മാത്രമേ വന്നുളളൂ... പാത്രമറിഞ്ഞ് വിളന്പിക്കൊടുക്കുന്ന ഒരു കോർ‍പ്പറേറ്റ് കാലത്ത് നേരത്തേ നമ്മളുടെ ഇരിപ്പിടം റിസേർ‍വ് ചെയ്യുക. ബുഫേ ക്യൂവിൽ‍ സംഗതി തീർ‍ന്നുപോയതിനാൽ‍ വിയർ‍ക്കുന്ന ഓൾ‍ഡ്പൂവർ‍ ഫെല്ലോസ് ആയി നമ്മളെ നവലിബറൽ‍ ലോകം പുച്ഛിക്കാനിടവരാതിരിക്കട്ടെ... ഐസിയുവിൽ‍ നിന്നും ഇന്നലെ ഡിസ്ചാർ‍ജ് ചെയ്ത വല്യപ്പച്ചൻ പോലും ആരെടാ ഈ സണ്ണീലിയോൺ‍, എടുക്കടാ ക്ലിപ്പിങ്സ് എന്ന് ഓപ്പൺ‍ ഫോറത്തിൽ‍ ചോദിച്ചതായി കരക്കന്പിയുണ്ട്. ഒരുകാര്യം ഉറപ്പിച്ച് പറയാം. ഈ ആഴ്ച മാളോരുടെ കണ്ണിന് കർ‍പ്പൂരമായ ബ്ലൂനൈൽ‍ നദി സണ്ണിലിയോൺ എന്ന പഞ്ചാബി മുത്താണ്. സദാചാരം ഓരോരുത്തരുടെയും മൈന്‍റിലാണെന്നും അവരുടെ മൈന്‍റിന്‍റെ കാപട്യത്തിലാണെന്നും പ്രശസ്തലൈംഗികപണ്ഡിറ്റായ കോത്താരീകമ്മീഷൻ‍ ഉച്ചൈസ്തരം അപഗ്രഥനം നടത്തിയിട്ടുണ്ട്. ജീവിതം ലൈംഗികോർ‍ജ്ജം മാത്രമാകുന്നു എന്ന ആഴസത്യത്തെ അംഗീകരിച്ചു കൊടുക്കാൻ‍ എന്നാണാവോ ഈ മലയാളി ഉഗ്രജീവികൾ‍ക്ക് സമയവും കാലബോധവുമുണ്ടാവുക. ആഗമനോദ്ദേശത്തിൽ‍ ആഹ്ളാദവതിയായ പോൺ രാജ്ഞി ഒരു ഭാരതപര്യടനം പ്ലാൻ‍ ചെയ്യുന്നതിന് മുന്നേ സർ‍വരോഗമലയാളികളിലും നിർ‍ബന്ധിമാനസാന്തരം സംഭവിക്കട്ടെ... ആ...ലിയോൺ‍ !!!

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed