രാ­മകഥാ­മൃ­തം - ഭാ­ഗം 19


എ. ശിവപ്രസാദ്

മഹേന്ദ്ര പർവ്വതത്തിന് മുകളിൽ കയറിയ പക്ഷിശ്രേഷ്ഠനായ സന്പാതി ലങ്കാനഗരിയെക്കുറിച്ചുള്ള വിവരങ്ങൾ വാനരന്മാർക്കു നൽകി. ഹനുമാൻ, ജാംബവാൻ, അംഗദൻ, മൈന്ദൻ, വിവിദൻ തുടങ്ങിയയ വാനരശ്രേഷ്ഠർ ഒരുമിച്ചു കൂടി. എങ്ങിനെയാണ് സമുദ്രം തരണം ചെയ്ത് ലങ്കയിലെത്തുക എന്നതായിരുന്നു അവരുടെ ചിന്ത. സമുദ്രത്തിന്റെ വിസ്തൃതി നൂറു യോജനയുണ്ടായിരുന്നു. ഓരോരോ വാനരന്മാ‍ർ തങ്ങൾക്ക് ചാടാനാകുന്ന ദൂരം പറയാൻ തുടങ്ങി. പത്തു യോജന ചാടാമെന്ന് ഗജൻ പറഞ്ഞു. ഇരുപതു യോജന ചാടാമെന്ന് ഗവാക്ഷൻ പറഞ്ഞു. നൂറു യോജന ചാടി ലങ്കയിലെത്താമെന്ന് അഗദൻ പറഞ്ഞു. പക്ഷേ തിരിച്ച് ചാടാനുള്ള ശക്തി തനിക്കില്ലെന്ന് പറഞ്ഞു.

ഇതിനിടയിൽ വൃദ്ധനായ വാനരശ്രേഷ്ഠൻ ജാംബവാൻ മുന്നോട്ടു വന്ന് ഹനുമാന് ലങ്കയിലേക്ക് ചാടാനും തിരിച്ചുവരാനുമുള്ള ശക്തിയുണ്ടെന്ന് പറഞ്ഞു. ഹനുമാൻ നിശബ്ദനായി ഇരിക്കുകയായിരുന്നു. ജാംബവാൻ ഹനുമാന്റെ ശക്തിയെ പുകഴ്ത്തി സംസാരിച്ചു കൊണ്ടിരുന്നു. ജാംബവാന്റെ വാക്കുകൾ കേട്ട ഹനുമാൻ എഴുന്നേറ്റ് നിന്നു. ഹനുമാൻ തന്റെ ശരീരം വലുതാക്കാൻ തുടങ്ങി. കണ്ടുകണ്ടിരിക്കെ ഹനുമാൻ ഭീമാകാരമായി വള‍ർന്നു. ഇതുകണ്ട വാനരസൈന്യം ഉത്സാഹത്താൽ തുള്ളിച്ചാടി. ഒരു സിംഹത്തെപ്പോലെ ഗർജിച്ച ഹനുമാൻ താൻ സമുദ്രലംഘനം നടത്താൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ഹനുമാൻ പറഞ്ഞു. “പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വായുവിന്റെ പുത്രനാണ് ഞാൻ. ചാടിക്കിടക്കുന്ന വിദ്യയിൽ എന്നെ വെല്ലാൻ ആരുമില്ല. മേരുപർവതത്തെ ആയിരം തവണ ചുറ്റാൻ എനിക്കു കഴിയും. എന്റെ കരബലത്താൽ പർവ്വതങ്ങളും കാടുകളും അടക്കമുള്ള ഈ ഭൂഭാഗം സമുദ്രത്തിലേക്ക് മറിച്ചിടാൻ എനിക്ക് കഴിയും. എനിക്ക് ആകാശയാത്ര ചെയ്യാൻ കഴിയും. ഞാൻ ഗരുഡനും വായുവുമാണ്. ഞാൻ രാമന്റെ രാജ്ഞിയെ കാണാം. എന്നോടൊപ്പം ദേവിയെ മടക്കിക്കൊണ്ടുവരികയും ചെയ്യും. നിമിഷനേരം കൊണ്ട് ഞാൻ സമുദ്രം തരണം ചെയ്യും. ഞാൻ ലങ്കയെ രാവണനടക്കം പുഴക്കിയെടുത്ത് ശ്രീരാമദേവന്റെ പാദങ്ങളിൽ സമർപ്പിക്കും. ഞാൻ തീരുമാനിച്ചു കഴി‍‍ഞ്ഞു. ഞാനിതാ പുറപ്പെടുകയായി.”

ഹനുമാന്റെ രൂപവും വാക്കുകളും വാനരസൈന്യത്തെ ഉത്സാഹഭരിതരാക്കി. അവർ സീതയെ കണ്ടുകഴിഞ്ഞു എന്ന മട്ടിൽ തുള്ളിച്ചാടി. അപ്പോൾ ജാംബവാൻ പറഞ്ഞു. “ഹനുമാൻ, താങ്കൾ വീരനാണ്, താങ്കളുടെ ശക്തി കാരണം നാമെല്ലാം വലിയ ഒരു ആപത്തിൽ നിന്നു രക്ഷപ്പെട്ടിരിക്കുകയാണ്. അങ്ങയുടെ സാഹസകൃത്യം സഫലമായിത്തീരണേ എന്നു ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. ഒരാപത്തും കൂടാതെ സമുദ്രലംഘനം നടത്താൻ അങ്ങേയ്്ക്ക് കഴിയട്ടെ. അങ്ങയുടെ മടങ്ങിവരവും കാത്ത് ഞങ്ങൾ ഇവിടെ ഇരിക്കാം. ഞങ്ങളുടെ എല്ലാവരുടെയും ജീവൻ അങ്ങയുടെ കൈകളിലാണ്.” ഇതുകേട്ട ഹനുമാൻ പറഞ്ഞു. “ഞാൻ ആകാശത്തിലേക്ക് ചാടുന്പോൾ അതിന്റെ ശക്തി താങ്ങാൻ ഈ ഭൂമിക്ക് കഴിയില്ല. അതുകൊണ്ട് കഠിനമായ പാറകളുള്ള ഈ മഹേന്ദ്രപർവ്വതത്തിനു മുകളിൽ നിന്നും ഞാൻ ചാടാം. എനിക്ക് നൂറുയോജന ചാടാനുണ്ട് ഈ പർവ്വതത്തിലെ പാറകൾക്കു മാത്രമേ ഈ ആഘാതം തടുക്കാനാവൂ.”

വായുവിനെപ്പോലെ ശക്തനായ ഹനുമാൻ മഹേന്ദ്ര പർവതത്തിനു മുകളിൽ കയറി. അദ്ദേഹത്തിന്റെ കാൽവെപ്പുകളാൽ മഹേന്ദ്ര പർവ്വതം ആടിയുലയുന്നതുപോലെ തോന്നി. തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള ദൃഢമായ ബോധം ഹനുമാനുണ്ടായിരുന്നു. ഹനുമാൻ തന്റെ കഴുത്ത് മേൽപ്പോട്ടുയർത്തിപ്പിടിച്ച് ദേഹമൊന്ന് കുടഞ്ഞ് ഒരു ഗർജനം നടത്തി. മൂന്നു ലോകങ്ങളും ആ ഗർജനത്താൽ നടുങ്ങി. അതിനുശേഷം രണ്ടു ചുവട് പിന്നോട്ടാഞ്ഞ് ഒരു വിദ്യുത് മേഘം വായുവിലേക്ക് പോകുന്നതുപോലെ ആകാശത്തേക്ക് കുതിച്ചു. സ്വർഗത്തിൽ നിന്ന് പുഷ്പവൃഷ്ടിയുണ്ടായി. ഹനുമാന്റെ ദൗത്യം വിജയിക്കാനായി ദേവന്മാരും ആഗ്രഹിച്ചു. സൂര്യൻ ചൂടുകൊണ്ട് ഹനുമാനെ ദ്രോഹിച്ചില്ല. വായു മന്ദമാരുതനായി ചെന്ന് അദ്ദേഹത്തെ തലോടി. ഹനുമാന്റെ മനസു മുഴുവൻ സീതാദർശനം മാത്രമായിരുന്നു. അതുകൊണ്ട് തന്നെ വിശപ്പോ ദാഹമോ ഹനുമാനെ തൊട്ടുതീണ്ടിയില്ല. ഹനുമാൻ സമുദ്രത്തിനു മുകളിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed