രാ­മകഥാ­മൃ­തം - ഭാ­ഗം 7


എ. ശിവപ്രസാദ്

ശ്രീരാമന്റെ വാക്കുകൾ ലക്ഷ്മണനെ ശാന്തനാക്കി. പക്ഷെ ശ്രീരാമദേവനോടൊപ്പം വനവാസത്തിന് അനുഗമിക്കും എന്ന് ലക്ഷ്മണൻ നിശ്ചയിച്ചു. ശ്രീരാമന്റെ തടസവാദങ്ങൾ കൊണ്ടൊന്നും ഫലമുണ്ടായില്ല. ഒടുവിൽ ലക്ഷ്മണനെയും വനവാസത്തിന് കൂടെ കൊണ്ടുപോകാൻ ശ്രീരാമൻ തീരുമാനിച്ചു. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർ ജടാവൽക്കങ്ങൾ ധരിച്ച് വനയാത്രക്ക് ഒരുങ്ങി.

അത്യന്തം ദുഃഖജനകമായിരുന്നു അവരുടെ വേർപാട്. അയോധ്യാ നഗരം ശോകമൂകമായി. അയോധ്യാ നിവാസികൾ ശ്രീരാമന്റെ വേർപാടോർത്ത് കണ്ണീർ വാർത്തു. ശ്രീരാമലക്ഷ്മണന്മാർ യാത്ര പറയാനായി ദശരഥന്റെയും മാതാക്കളുടെയും അടുത്തത്തി. ദശരഥൻ ശ്രീരാമനെ ചേർത്തു പിടിച്ചു കൊണ്ട് ദുഃഖഭാരത്തിൽ വാവിട്ടു കരഞ്ഞു. കൗസല്യാദേവിക്ക് ശ്രീരാമന്റെ വനയാത്ര സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. മുഴുവൻ കൊട്ടാര വാസികളും കണ്ണീർ വാർത്തു. ലക്ഷ്മണൻ യാത്ര പറയാനായി അമ്മയായ സുമിത്രയുടെ അടുത്തെത്തി. മകനെ ചേർത്തു പിടിച്ച് ശിരസിൽ കൈ വെച്ച് അനുഗ്രഹിച്ച സുമിത്ര ലക്ഷ്മണനോട് പറഞ്ഞു. “പ്രിയപ്പെട്ട മകനേ ശ്രീരാമനെ നീ അച്ഛനായ ദശരഥനെപ്പോലെ കണക്കാക്കണം. സീതാദേവിയെ നിന്റെ അമ്മയായ എന്നെപ്പോലെ കാണണം. നിങ്ങൾ താമസിക്കാൻ പോകുന്ന കാടിനെ അയോധ്യയുമായി സങ്കല്പിച്ചു കൊണ്ട് സുഖമായി പോയി വരൂ”, സുമിത്രയുടെ ഈ വാക്കുകളാണ് രാമായണത്തിലെ ഏറ്റവും മികച്ച ശ്ലോകമായി കണക്കാക്കപ്പെടുന്നത്.

ശ്രീരാമൻ സീതാ ലക്ഷ്മണ സമേതം വനയാത്രക്ക് തയ്യാറായി. വനയാത്രയ്ക്കുള്ള രഥവുമായി സുമന്ത്രൻ എത്തി. ശ്രീരാമനും സീതയും ലക്ഷ്മണനും സുമന്ത്രന്റെ രഥത്തിലേറിയിരുന്നു. രഥം നീങ്ങിത്തുടങ്ങി. അയോധ്യാനിവാസികൾ രഥത്തോടൊപ്പം നടന്നു തുടങ്ങി. ശ്രീരാമചന്ദ്രൻ അയോധ്യയിൽ നിന്നും യാത്രയാകുകയാണെന്ന യാഥാർത്ഥ്യത്തോട് ഇണങ്ങിച്ചേരാൻ അവർക്ക് കഴിഞ്‍ഞില്ല. ശ്രീരാമനോട് അയോധ്യയിലേക്ക് തിരിച്ചു വരാൻ അവർ അപേക്ഷിച്ചുകൊണ്ടിരുന്നു. ശ്രീരാമൻ അവരോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.പക്ഷെ ശ്രീരാമനോടൊപ്പം വനവാസത്തിന് വരാൻ തയ്യാറാണെന്ന് അവർ പറഞ്ഞു. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ അവർ തമസാനദിയുടെ തീരത്തെത്തി. സമയം രാത്രിയായിരുന്നു. അന്ന് അവിടെ വിശ്രമിച്ച് പിറ്റേന്ന് രാവിലെ യാത്ര തുടങ്ങാം എന്ന് നിശ്ചയിച്ച അവർ തമസാതീരത്ത് വിശ്രമിക്കാനാരംഭിച്ചു.

പിറ്റേദിവസം ശ്രീരാമ ലക്ഷ്മണന്മാർ സീതയോടൊപ്പം അതിരാവിലെ എഴുന്നേറ്റു. മറ്റ് അയോധ്യ നിവാസികൾ ഉണരുന്നതിന് മുന്പു തന്നെ അവർ യാത്രയാരംഭിച്ചു. ഏറെ നേരം സഞ്ചരിച്ച അവർ ശൃംഗിവേരപുരം എന്ന രാജ്യത്തിൽ എത്തിച്ചേർന്നു. ശ്രീരാമന്റെ ഉറ്റസുഹൃത്തായിരുന്ന വേട പ്രമാണിയായിരുന്ന ഗുഹനായിരുന്നു ശംൃഗിവേരപുരം ഭരിച്ചിരുന്നത്. ശ്രീരാമചന്ദ്രൻ തന്റെ രാജ്യത്തിലെത്തിയതറിഞ്ഞ ഗുഹൻ അത്യധികം ആനന്ദത്തോടെ രാമ ലക്ഷ്മണന്മാരെയും സീതയേയും സ്വീകരിച്ചു. ശ്രീരാമൻ അയോധ്യയിൽ നടന്നതെല്ലാം ഗുഹനെ ധരിപ്പിച്ചു. എന്തു സഹായമാണ് ചെയ്യേണ്ടതെന്ന ഗുഹന്റെ ചോദ്യത്തിനുത്തരമായി ഗംഗാനദി കടക്കാൻ ഒരു തോണിയാണ് ശ്രീരാമൻ ആവശ്യപ്പെട്ടത്. ഒരു ദിവസം ഗുഹനോടൊപ്പം താമസിച്ച അവർക്ക് യാത്ര െചയ്യാനായി പിറ്റേന്ന് രാവിലെ ഗുഹൻ തോണി വരുത്തിച്ചു. തോണിയിൽ കയറി രാമ ലക്ഷ്മണന്മാരും സീതയും യാത്രയാരംഭിച്ചു. ഗുഹൻ തന്നെയായിരുന്നു തോണി തുഴഞ്ഞിരുന്നത്. ഗംഗാനദിയുടെ മറുകരയെത്തിയപ്പോൾ ഗുഹനോട് യാത്ര പറഞ്ഞ് അവർ യാത്രയാരംഭിച്ചു. ലക്ഷ്മണൻ മുന്നിൽ നടുവിൽ സീത പിന്നിലായി ശ്രീരാമൻ ഇങ്ങനെയായിരുന്നു അവർ യാത്ര ചെയ്തിരുന്നത്. കുറച്ചു ദൂരം യാത്ര ചെയ്ത അവർ ഘോരമായ വനമധ്യത്തിലെത്തി. രാത്രി സമയമായതിനാൽ അവർ ഒരു ഗുഹയിൽ കയറി വിശ്രമിക്കാനാരംഭിച്ചു. ലക്ഷ്മണൻ ഉറങ്ങാതെ ശ്രീരാമനും സീതയ്ക്കും കാവൽ നിന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed