വി­ടവാ­ങ്ങി­യത് നർ­മ പ്രസംഗങ്ങളു­ടെ­ തന്പു­രാ­ൻ


നർ‍മസംഭാഷണം കൊണ്ട് ആരെയും പിടിച്ചിരുത്താൻ കഴിവുള്ള ഒരു നേതാവിനെയാണ് ഉഴവൂർ‍ വിജയന്റെ മരണത്തോടെ കേരളാ രാഷ്ട്രീയത്തിന് നഷ്ടമായിരിക്കുന്നത്. സംസാരിക്കുന്പോഴും പ്രസംഗിക്കുന്പോഴുമെല്ലാം ഓരോ വാക്കിലും ചിരിയുടെ വെടിക്കെട്ട് നിറയ്ക്കാനും അത് കുറിക്കുകൊള്ളുന്ന രീതിയിൽ അവതരിപ്പിക്കാനും ഉഴവൂരിനുള്ള മിടുക്കിനെ കുറിച്ച് രാഷ്ട്രീയ എതിരാളികൾക്ക് പോലും എതിരഭിപ്രായം ഇല്ല.

പ്രസംഗം കേൾക്കാൻ വരുന്നത് പച്ചമനുഷ്യരാണ്. അവരോട് കാര്യങ്ങൾ അവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുകയാണ് താൻ ചെയ്യുന്നത്. പറയുന്നത് തമാശയല്ല, കാര്യങ്ങളാണ് തന്റെ പ്രസംഗത്തെ കുറിച്ച് ഉഴവൂർ വിജയൻ ഇങ്ങനെ പറഞ്ഞു. 

ഒരു തിരഞ്ഞെടുപ്പ് വന്നാൽ പ്രചാരണങ്ങളിൽ‍ സ്ഥാനാർത്ഥികളെക്കാൾ തിരക്ക് വിജയനായിരുന്നു. ഉഴവൂർ‍ വിജയനെ പ്രസംഗത്തിനായി കിട്ടാൻ സ്ഥാനാർത്‍ഥികൾ‍ മത്സരിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും എൽ.‍ഡി.എഫിന്റെ പ്രാസംഗികരിൽ‍ ഏറ്റവും തിരക്ക് ഉഴവൂരിനായിരുന്നു. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുന്നതുമായിരുന്നു അദ്ദേഹത്തിന്റെ ഒാരോ പ്രസംഗവും. നർമം കലർത്തി സംസാരിക്കുമെന്നതിനാൽ വിജയന്റെ പ്രസംഗത്തിന് എതിർ പാർട്ടിയിൽ പോലും ആരാധകരേറെയായിരുന്നു. കൃത്യമായ തയ്യാറെടുപ്പോടെയാണ് ഒരോ പ്രസംഗത്തിനും അദ്ദേഹം തയ്യാറെടുത്തിരുന്നത്. 2001ൽ കെ.എം മാണിക്കെതിരെ പാലാ മണ്ധലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടപ്പോൾ പരാജയത്തേയും ചിരികൊണ്ട് നേരിട്ട വിജയൻ തോൽവിയെ കുറിച്ച് ചോദിച്ചവരോട് “ബസ് ഇടിച്ചാണല്ലോ മരിച്ചത് ഓട്ടോറിക്ഷ ഇടിച്ചല്ലല്ലോ” എന്ന മറുപടിയാണ് നൽകിയതന്ന്. എൻ.സി.പി സംഘടിപ്പിച്ച ‘ഉണർത്തുയാത്രയിൽ’ കേരളത്തിൽ അങ്ങോളമിങ്ങോളം തമാശ കലർന്ന പ്രസംഗത്തിലൂടെ യു.‍ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് മുന്നേറിയ ഉഴവൂർ വിജയന്റെ ഒരു വെപ്പു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കി. അല്ലെങ്കിൽ തന്നെ സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിർത്ത് സംസാരിക്കുന്പോൾ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് സംഭവത്തെക്കുറിച്ച് ഉഴവൂർ വിജയൻ പ്രതികരിച്ചത്. സിനിമ പ്രേമിയായിരുന്ന വിജയൻ സിനിമയിലെ പഞ്ച് ഡയലോഗ് പ്രസംഗങ്ങളിൽ‍ ഉപയോഗിക്കുന്നതിലും അതീവ വൈദഗ്ദ്ധ്യം പുലർ‍ത്തിയിരുന്നു. നാല് ചലച്ചിത്രങ്ങളിൽ അതിഥി വേഷത്തിൽ അദ്ദേഹം അഭിനയിച്ചുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് വാശിപിടിക്കരുതെന്നായിരുന്നു വിജയന്റെ നിലപാട്. എല്ലാവരും അസംബ്ലിയിലേയ്ക്ക് പോയാൽ പുറത്തും ആളുവേണ്ടേ എന്ന് അദ്ദേഹം ചിരിയോടെ പറയും. ഇ.കെ നായനാർക്കും, ലോനപ്പൻ നന്പാടനും ടി.കെ ഹംസയ്ക്കും ശേഷം മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാകുമോ എന്ന് സംശയമാണ്.

കോട്ടയം ഉഴവൂർ‍ കാരാംകുന്നേൽ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനായ ഉഴവൂർ വിജയൻ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചത്. വള്ളിച്ചിറ നെടിയാമറ്റത്തിൽ ചന്ദ്രമണിയമ്മയാണ് ഭാര്യ. വന്ദന, വർഷ എന്നിവർ മക്കളാണ്. ഉമ്മൻ ചാണ്ടിക്കും വയലാർ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ ഉഴവൂർ വിജയൻ കോൺ‍ഗ്രസ് പിളർന്നപ്പോൾ കോൺ‍ഗ്രസ് എസിനൊപ്പം നിലയുറപ്പിച്ചു. ഒടുവിൽ കോൺ‍ഗ്രസ് എസ് ശരദ് പവാറിനൊപ്പം പോയപ്പോൾ മുതൽ എൻ.സി.പിയുടെ നേതൃസ്ഥാനങ്ങളിലേക്കും എത്തി. എൻ.സി.പിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് സീനിയർ വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു. വികലാംഗ ക്ഷേമബോർഡ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവിൽ മലിനീകരണ നിയന്ത്രണ ബോർഡ്, എഫ്.സി.ഐ ഉപദേശക സമിതി എന്നിവയിൽ അംഗമായിരുന്നു. ക

ടുത്ത പ്രമേഹരോഗിയായ അദ്ദേഹം ദിവസവും ഇൻസുലിൻ കുത്തിവച്ചാണ് രാഷ്ട്രീയ പര്യടനം നടത്തിയിരുന്നത്. ആഹാരത്തിലും കടുത്ത നിയന്ത്രണമായിരുന്നു. അരിയാഹാരം വളരെക്കുറച്ചേ കഴിച്ചിരുന്നുള്ളൂ. പണ്ടു മുതലേ ശുദ്ധ വെജിറ്റേറിയനാണ് ഉഴവൂർ‍ വിജയൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed