രാ­മകഥാ­മൃ­തം - ഭാ­ഗം 3


എ. ശിവപ്രസാദ്

ടകാവധത്തിന് ശേഷം രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി. ഉടൻ തന്നെ വിശ്വാമിത്രൻ യാഗത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. യാഗം തുടങ്ങി. അപ്പോഴേയ്ക്കും അശുഭലക്ഷണങ്ങൾ കണ്ടുതുടങ്ങി. യാഗം മുടക്കാനായി മാരീചൻ, സുബാഹു എന്നീ രണ്ട് രാക്ഷസന്മാർ എത്തിയിരുന്നു. അവ‍ർ രണ്ടുപേരും യാഗാഗ്നിയിലേക്ക് രക്തവും മാംസ കഷ്ണങ്ങളും വർഷിച്ചു തുടങ്ങി. വിശ്വാമിത്രമഹർഷി ശ്രീരാമനെ വിവരങ്ങൾ ധരിപ്പിച്ചു. യാഗശാലയിലെത്തിയ ശ്രീരാമൻ തന്റെ ആവനാഴിയിൽ നിന്നും മാനവാസ്ത്രം കൈയിലെടുത്ത് മാരിചന് നേരെ തൊടുത്തു. മാനവാസ്ത്രമേറ്റ മാരീചൻ നൂറുയോജന അകലെ തെറിച്ചു വീണ് ഇഹലോകവാസം വെടിഞ്ഞു. അടുത്തതായി ശ്രീരാമൻ സുബാഹുവിന് നേരെ ആഗ്നേയാസ്ത്രമാണ് ശ്രീരാമൻ പ്രയോഗിച്ചത്. ആഗ്നേയാസ്ത്രമേറ്റ സുബാഹു നെഞ്ച് പിളർന്ന് നിലത്തു വീണു മരിച്ചു. മറ്റ് രാക്ഷസന്മാരെയും ശ്രീരാമൻ വധിച്ചു. അതോടെ വിശ്വാമിത്രൻ്റെ യാഗം ഭംഗിയായി പര്യവസാനിച്ചു.

യാഗാനന്തരം സന്തുഷ്ടനായ വിശ്വാമിത്രൻ രാമലക്ഷ്മണ കുമാരന്മാരെ അടുത്തു വിളിച്ചു. മിഥിലാപുരിയിൽ നടക്കാൻ പോകുന്ന ഒരു സ്വയംവരത്തെക്കുറിച്ച് അവരോട് പറഞ്ഞു. മിഥിലയിലെ രാജാവായ ജനകന് സീത എന്നുപേരായ ഒരു മകളുണ്ടെന്നും അവളുടെ സ്വയംവരത്തിൽ പങ്കെടുക്കണമെന്നും വിശ്വാമിത്രൻ പറഞ്ഞതനുസരിച്ച് അവർ മൂന്ന് പേരും മിഥിലയിലേക്കുള്ള യാത്രയാരംഭിച്ചു. യാത്രാമധ്യേ ധർമ്മാർത്ഥ കാമമോക്ഷങ്ങളെക്കുറിച്ച് വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് ഉപദേശം നൽകി. ഏറെ ദൂരം സഞ്ചരിച്ച അവർ മിഥിലാപുരിയിലെത്തി.

വിശ്വാമിത്രമഹർഷി എത്തിയതറിഞ്ഞ ജനകമഹാരാജാവ് വിശ്വാമിത്രമഹർഷിയെ ഭക്ത്യാദരപൂർവ്വം സ്വീകരിച്ച് ഇരുത്തി. സീതാസ്വയംവരത്തിന് ചില നിബന്ധനകളുണ്ടെന്ന് വിശ്വാമിത്രൻ പറഞ്ഞപ്പോൾ രാമലക്ഷ്മണന്മാർക്ക് അതറിയാൻ കൗതുകമായി. ജനകമഹാരാജാവിന്റെ കൈവശം സാക്ഷാൽ പരമശിവന്റെ ഒരു വില്ല് ഉണ്ടെന്നും അതെടുത്ത് കുലയ്ക്കുന്നവർക്ക് മാത്രമേ സീതാദേവിയെ വിവാഹം കഴിക്കാൻ കഴിയൂ എന്നും വിശ്വാമിത്രൻ പറഞ്ഞു. ഇതുകേട്ട ശ്രീരാമചന്ദ്രന് ആ ശൈവചാപം കാണാൻ ഉത്കണ്ഠയായി.

സ്വയംവരത്തിനുള്ള ഒരുക്കങ്ങൾ മിഥിലാപുരിയിൽ ആരംഭിച്ചു. നിരവധി ദേശങ്ങളിൽ നിന്ന് യുവരാജാക്കന്മാർ സ്വയംവരത്തിൽ പങ്കെടുക്കാനായി മിഥിലാപുരിയിൽ എത്തിയിരുന്നു. അവരുടെ മുന്നിലേക്ക് ഭഗവാൻ ശിവന്റെ ചാപം കൊണ്ടുവരപ്പെട്ടു. അത്യധികം ഭാരമുണ്ടായിരുന്ന ആ ചാപം നിരവധി സൈനികർ ഒരു രഥത്തിലേറ്റിയാണ് കൊണ്ടുവന്നത്. സ്വയംവരത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. യുവരാജാക്കന്മാർ ഓരോരുത്തരായി വില്ലിന്റെ അടുത്തെത്തി അതെടുത്ത് കുലയ്ക്കാൻ ശ്രമിച്ചു. എന്നാൽ ഒരാൾക്കും തന്നെ ശൈവചാപം എടുത്ത് കുലയ്ക്കാൻ കഴിഞ്ഞില്ല. സ്വയംവരത്തിൽ പങ്കെടുക്കാൻ വന്ന ഒരു യുവരാജാവിനും ശൈവചാപം എടുത്തു പൊക്കാൻ പോലും കഴിയാതെ വന്നതു കണ്ട ജനകമഹാരാജാവ് അതീവ ദുഃഖിതനായി. ജനകന്റെ വിഷമസ്ഥിതി മനസിലാക്കിയ വിശ്വാമിത്രമഹർഷി ശ്രീരാമനോട് സ്വയംവരത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി വില്ലു കുലയ്ക്കാൻ പറഞ്ഞു. വിശ്വാമിത്രന്റെ വാക്കു കേട്ട ശ്രീരാമൻ അനുഗ്രഹവും വാങ്ങി ശൈവചാപത്തിനടുത്തെത്തി. ശൈവചാപത്തെ പ്രദക്ഷിണം വെച്ച് വണങ്ങി. തന്റെ ഇടതുകൈ കൊണ്ട് ശൈവചാപം എടുത്ത് ഞാൺ ബന്ധിക്കാനായി വലിച്ചു.

You might also like

  • Straight Forward

Most Viewed