തിരിച്ചറിയാം നമുക്ക് നമ്മെ...

അന്പിളിക്കല - അന്പിളിക്കുട്ടൻ
കഴിഞ്ഞ ദിവസം യാദൃശ്ചികമായി നാട്ടിലെവിടെയോ പണിതുയർത്തിയ ഒരു ആഡംബര വസതിയെപ്പറ്റി അറിയുവാൻ ഇടയായി.കോടികൾ ചിലവിട്ടു നിർമ്മിച്ച ആ സൗധത്തിന്റെ ചുവരുകൾ മുഴുവൻ മനോഹരമായ മ്യൂറൽ ചിത്രങ്ങളാൽ സന്പന്നമാക്കിയിരുന്നു. അതിന്റെ പേര് എനിക്ക് വളരെ കൗതുകകരമായി തോന്നി. കാരണം അത് കുടിൽ എന്നായിരുന്നു. ഇതിലെ നൈതികത എന്നെ ചിന്തിപ്പിച്ചു. കൊട്ടാരം പണിതിട്ട് കുടിൽ എന്ന് പേര് കൊടുക്കുന്നതിൽ നിന്ന് ഉടമസ്ഥൻ അർത്ഥമാക്കുന്നത് തന്റെ എളിമയെ ആണോ അതോ ഇതും തന്റെ ദൃഷ്ടിയിൽ വെറും കുടിൽ ആണ് എന്നാണോ എന്നൊക്കെ സ്വാഭാവികമായി ചിന്തിച്ചുപോയി. തിരിച്ച് ഒരു പാവപ്പെട്ട വ്യക്തി ഒരു കുടിൽ കെട്ടിയിട്ട് അതിന് കൊട്ടാരം എന്ന് പേരിട്ടാൽ അത് എങ്ങിനെ വിലയിരുത്തപ്പെടും എന്നുള്ള ചിന്തയും അസ്വസ്ഥത പകർന്നു.കൊട്ടാരത്തിനെ കുടിലാക്കുന്ന മനോഭാവത്തെ നമുക്ക് പല രീതിയിൽ കാണാം. കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് എത്തിയ ഒരു അശ്രാന്ത പരിശ്രമത്തിന്റെ കഥയാവാം അത്. അപ്പോഴും കുടിലിൽ ഉണ്ടായിരുന്ന നന്മയും നൈർമല്യതയും ബന്ധങ്ങളുടെ ഊഷ്മളതയും കാത്തു സൂക്ഷിക്കുന്ന മനസ്സിന്റെ അവസ്ഥയാവാം. അല്ലെങ്കിൽ കുടിൽ എന്ന പേരിൽ നിന്നുണ്ടാവുന്ന സങ്കൽപ്പം മനസ്സിലേറ്റിക്കൊണ്ട് ആ ആഡംബര വസതി കാണുന്പോൾ ഉണ്ടാവുന്ന ഒരു വൈയക്തിക അനുഭവത്തിലൂടെ വിചിത്രമായ അത്ഭുതാദരവുകൾ കാഴ്ചക്കാരിൽ സൃഷ്ടിക്കാൻ വേണ്ടിയുള്ളതാവാം. ഏതായാലും അതൊന്നും വലിയ കാര്യമല്ല. എന്നാൽ കുടിലുകളുടെ പരിമിതിയിൽ ജീവിച്ച് പരിമിതിയില്ലാത്ത സ്വപ്‌നങ്ങൾ കണ്ട്⊇അവ യാഥാർത്ഥ്യമാക്കിയ ആത്മായനങ്ങളെ അപ്പോൾ മനസാ നമിച്ചു. നാം പഠിക്കേണ്ടത് നമുക്ക് വഴിയൊരുക്കേണ്ടത് ആ യാത്രകളാണ്. പക്ഷെ വൈരുദ്ധ്യങ്ങളുടെ കേളീരംഗമായ ജീവിതം നമ്മുടെ മുന്നിൽ കുടിലിനും കൊട്ടാരത്തിനും അതീതമായ നിരവധി രംഗങ്ങൾ കാട്ടിത്തരുന്നു. ഇത്തരം മറ്റൊരു കാഴ്ച ശ്രദ്ധയിൽ പെട്ടത് തന്റെ പിറന്നാൾ ആഘോഷിക്കുന്ന വേദിയിൽ അതിഥികൾ കസേരകളിൽ നിരന്നിരിക്കുന്പോൾ ഒരു ഇരിപ്പിടം കിട്ടാത്തതിനാൽ വെറും നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന വന്ദ്യ വയോധികയായ ഒരു പ്രമുഖ വനിതാ രാഷ്ട്രീയ നേതാവിനെ കണ്ടപ്പോഴാണ്.പ്രകടനപരമായ ഉപചാരങ്ങൾക്കിടയിൽ യഥാർത്ഥത്തിൽ ആദരിക്കപ്പെടുന്ന വ്യക്തിയെ മറന്നുപോകുന്ന അന്തസ്സാരഹീനമായ ഉപരിപ്ലവ ലോകത്തെ ആ ദൃശ്യവും കാട്ടിത്തന്നു. ഇങ്ങനെയുള്ള പല വൈരുദ്ധ്യങ്ങളുടെയും വൈചിത്ര്യങ്ങളുടെയും നിത്യദൃശ്യങ്ങളിലൂടെയാണ് നമ്മുടെ ജീവിതം പുരോഗമിക്കുന്നത്.
ശതകോടീശ്വരരുടെ എണ്ണത്തിൽ ലോകത്ത് ഏതാണ്ട് പത്താം സ്ഥാനം ഉള്ളപ്പോഴും ജനങ്ങളിൽ എഴുപത്തഞ്ച് ശതമാനത്തിനും ദിവസം നൂറുരൂപയിൽ താഴെമാത്രം ഉണ്ടാക്കാൻ സാധിക്കുന്ന വൈരുദ്ധ്യവും നമ്മുടെ നാട്ടിൽ ഉണ്ട്. സന്പന്ന ധാരാളിത്തത്തിന്റെ മഹാസൗധങ്ങൾ വിരാജിക്കുന്നതിനോട് ചേർന്ന് ശപ്ത ജീവിതത്തിന്റെ ചാളകൾ ദുർഗന്ധം ചൊരിയുന്ന വൈരുദ്ധ്യം. പരസ്പരം ഇടപഴകിക്കൊണ്ട് തന്നെ പരസ്പര പൂരകമാകുന്ന വൈരുദ്ധ്യങ്ങളുടെ സങ്കലനം ജീവിതത്തിന്റെ ദയനീയമായ അവസ്ഥയാണ്, സത്യവുമാണ്. അനിവാര്യമായ ആ ദയനീയതയുടെ കൂടെ⊇സങ്കലനമാകുന്നു മനുഷ്യ ജീവിതം.എന്നാൽ ഇരുട്ടിനെയും വെളിച്ചത്തെയും കൂട്ടിക്കലർത്തി ദിനത്തെ സൃഷ്ടിക്കുന്ന പ്രകൃതി സമഞ്ജസമായ വൈരുദ്ധ്യങ്ങളുടെ പ്രണേതാവാണ്. വൈരുദ്ധ്യങ്ങളുടെ സൗന്ദര്യാത്മകമായ സങ്കലനം കലയുടെയും ആത്മാംശമാണ്. വിവാദി സ്വരങ്ങളെ കൂട്ടിയിണക്കിയും സംഗീതം അതിന്റെ സർഗാത്മകത സൃഷ്ടിക്കുന്നു. തന്റെ വിരുദ്ധ നിറക്കൂട്ടുകളുടെ സങ്കലന പ്രഭാവത്തിലൂടെ ചിത്രകാരൻ സമൂഹത്തോടുള്ള എതിർപ്പും പ്രകൃതിയോടുള്ള പ്രണയവും ഒരേ സമയം ആവിഷ്ക്കരിക്കുന്നു. ആകർഷണ വികർഷണങ്ങളെ അനുപാതീകരിച്ച് ഈ പ്രപഞ്ചം തന്നെ നിലനിൽക്കുന്നു.
ഏത് വൈരുദ്ധ്യങ്ങൾക്കും, ഒന്നിനുംതന്നെ⊇പരിമിതപ്പെടുത്താനാവാത്ത മനുഷ്യന്റെ പുരോഗതിക്കായുള്ള ജീവശക്തിയെയാണ് ഇതിലൂടെ ഞാൻ ഓർക്കുന്നത്. കുടിലിൽ നിന്നും കൊട്ടാരത്തിലേക്കും തിരിച്ചും യാത്രചെയ്തിട്ടുണ്ട് മനുഷ്യൻ. രണ്ടിനും നിരവധി ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ കൊട്ടാരത്തിൽ നിന്നും മണ്ണിലേക്ക് മനുഷ്യ ദുഃഖങ്ങൾ തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഗൗതമബുദ്ധനാണ് എന്റെ മനസ്സിൽ നിറയുന്നത്. മഹാജന്മങ്ങൾ മനുഷ്യൻ എന്ന അത്ഭുതകരമായ പ്രതിഭാസം ലോകത്തിനു മുന്നിൽ തുറന്നുവെച്ചു. ലോകം പടുത്തുയർത്തിയ മനുഷ്യൻ, ശാസ്ത്ര സത്യങ്ങളെ ഒന്നൊന്നായി കണ്ടെത്തിയ മനുഷ്യൻ, പ്രകൃതിയെ വരുതിയിലാക്കിയ മനുഷ്യൻ, ഗോളാന്തര യാത്രയ്ക്ക് തയ്യാറെടുക്കുന്ന മനുഷ്യൻ, ഒരു സമൂർത്തമായ സാമൂഹ്യ ക്രമത്തിലൂടെ ജീവന്റെ ശൃംഖലകളെ ബലവത്താക്കാനുമുള്ള ഔചത്യം നേടിയ ഏക ജീവിയായ മനുഷ്യൻ, സംഗീത സാഹിത്യാദികളിലൂടെ ആത്മാവിഷ്ക്കാരം നടത്തുന്ന മനുഷ്യൻ, മറ്റുള്ളവരുടെ ദുഃഖങ്ങളിൽ സ്വയം വേദനിച്ച മനുഷ്യൻ അത്ഭുതകരമായ ഒരു പ്രതിഭാസമാണ്. തിന്മകളെയും വൈരുദ്ധ്യങ്ങളെയും മാത്രം കണ്ടാൽ അത് വസ്തുതാവിരുദ്ധവും അയഥാർത്ഥ്യവുമാണ്.ഏത് പ്രതിലോമ ഗുണത്തിനും അതീതനായി മനുഷ്യൻ ഭൂമിയിൽ ജനിച്ച് പ്രപഞ്ചത്തോളം വളർന്നവനാണ്. മനുഷ്യന്റെ കഥ വളർച്ചയുടെ നൈരന്തര്യത്തിന്റെ കഥ തന്നെയാണ്.