രാമകഥാമൃതം - ഭാഗം 4
എ. ശിവപ്രസാദ്
“ഇടിവെട്ടീടും വണ്ണം വില്ല് മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയിൽപേട പോലെ സന്തോഷം പൂണ്ടാൾ
കൗതുകമുണ്ടായി വന്നു ചേതസി കൗശികനും.”
ശ്രീരാമൻ ശ്രേഷ്ഠമായ ശൈവചാപമെടുത്ത് ഞാൺ ബന്ധിക്കാനായി വലിച്ചപ്പോൾ അത് ഇടിവെട്ടുന്ന ശബ്ദത്തോടെ രണ്ടായി മുറിഞ്ഞു. ഇതുകണ്ട ജനകമഹാരാജാവും വിശ്വാമിത്രനുമടക്കമുള്ള ജനസഞ്ചയം അതീവ സന്തുഷ്ടരായി. അതിനുശേഷം സ്വർണ്ണ വിഭുഷിതയായി സീതാദേവി അവിടെയെത്തി. ശ്രീരാമ സീതാ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത ശുഭമുഹൂർത്തത്തിൽ വിവാഹം നടത്താൻ നിശ്ചയിച്ചു. അയോധ്യയിൽ നിന്ന് ദശരഥ മഹാരാജാവിനെയും പരിവാരങ്ങളെയും ക്ഷണിച്ചു വരുത്തി. ജനക മഹാരാജാവ് പുത്രിയായ സീതാദേവിയെ ശ്രീരാമന് വിവാഹം ചെയ്തു കൊടുത്തു. അതോടൊപ്പം തന്നെ ജനകന്റെ മറ്റ് പുത്രിമാരായ ഊർമ്മിളയെ ലക്ഷ്മണനും മാണ്ധവിയെ ഭരതകുമാരനും ശ്രുതകീർത്തിയെ ശത്രുഘ്നനും പാണിഗ്രഹണം ചെയ്തു. അതിനുശേഷം ദശരഥൻ പുത്രന്മാരോടും പുത്ര വധുക്കളോടും മറ്റ് പരിവാരങ്ങളോടുമൊപ്പം അയോധ്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.
അയോധ്യയിലേയ്ക്കുള്ള യാത്രയിൽ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അവർ ചില ദുശ്ശകുനങ്ങൾ കാണാൻ തുടങ്ങി. പക്ഷികൾ വിചിത്രവും ഭയപ്രദായകവുമായി ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് അങ്ങുമിങ്ങും പറക്കുന്നു. മറ്റു ജന്തുജാലങ്ങൾ അപശബ്ദങ്ങൾ പുറപ്പെടുവിച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ഉടൻ തന്നെ ശക്തിയായി കൊടുങ്കാറ്റടിക്കാൻ തുടങ്ങി. അതിൽ നിന്നുയർന്ന പൊടിപടലങ്ങൾക്കിടയിലൂടെ ജടാവൽക്കല ധാരിയായ ഒരു സന്യാസി അവരുടെ മുന്നിൽ വന്നുനിന്നു. ക്ഷത്രിയാന്തകനായ സാക്ഷാൽ പരശുരാമനായിരുന്നു അത്. കാലാഗ്നിയെപ്പോലെ ജ്വലിക്കുന്നുണ്ടായിരുന്നു പരശുരാമൻ. തന്റെ ആയുധമായ പരശു അദ്ദേഹത്തിന്റെ തോളിലുണ്ടായിരുന്നു.
പരശുരാമനെ കണ്ട മാത്രയിൽ തന്നെ വസിഷ്ഠമഹർഷിയും ദശരഥനുമടക്കമുള്ളവർ പരശുരാമനെ ചെന്ന് നമസ്കരിച്ചു. കോപം കൊണ്ട് വിറച്ചു നിൽക്കുന്ന പരശുരാമനെ അവർ സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് കോപത്തിന്റെ കാരണം അന്വേഷിച്ചു. ശ്രീരാമൻ ജനക രാജധാനിയിലുള്ള ശിവന്റെ ചാപം മുറിച്ചതായിരുന്നു പരശുരാമനെ പ്രകോപിപ്പിച്ചത്. പരശുരാമനെ യുദ്ധത്തിൽ തോല്പിക്കാതെ ഇനി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് പരശുരാമൻ പറഞ്ഞു. പരശുരാമന്റെ ഗുരുവായ പരമശിവന്റെ വില്ലാണ് സ്വയംവര സമയത്ത് ശ്രീരാമൻ മുറിച്ചത്. ക്ഷുഭിതനായ പരശുരാമനെ അനുനയിപ്പിക്കാൻ വസിഷ്ഠമുനിയും ദശരഥനും ആവുന്നത്ര ശ്രമിച്ചു. പക്ഷെ യുദ്ധം അനിവാര്യമാണെന്ന് പരശുരാമൻ പറഞ്ഞു. ശ്രീരാമൻ കേവലം ബാലകനാണെന്നും അസ്ത്രവിദ്യയിൽ വേണ്ടത്ര പ്രാഗത്ഭ്യമില്ലെന്നുമുള്ള ദശരഥന്റെ വാക്കുകൾ പരശുരാമൻ ചെവികൊണ്ടില്ല. അനിവാര്യമായിരുന്ന ആ ശ്രീരാമ പരശുരാമ യുദ്ധം ആരംഭിച്ചു. രണ്ടുപേരും പരസ്പരം കഠിനമായ യുദ്ധത്തിലായിരുന്നു. കൂടെയുണ്ടായിരുന്നവർ പരിഭ്രമിച്ചു. ഒടുവിൽ പരശുരാമന്റെ ശക്തി ക്ഷയിക്കാൻ തുടങ്ങി. ശ്രീരാമന്റെ അസ്ത്രങ്ങൾക്ക് മുന്പിൽ പരശുരാമന് പരാജയം സമ്മതിക്കേണ്ടി വന്നു.
സത്യത്തിൽ തന്റെ അവതാരോദ്ദേശം പൂർത്തിയാക്കിയ പരശുരാമൻ വിഷ്ണുവിന്റെ അടുത്ത അവതാരമായ ശ്രീരാമന് തന്റെ മുഴുവൻ ശക്തിയും പകർന്നു നൽകാനായി വന്നതായിരുന്നു. തന്റെ സർവ്വശക്തിയും ശ്രീരാമന് നൽകിയ പരശുരാമൻ മഹേന്ദ്രപർവ്വതം ലക്ഷ്യമാക്കി സ്വർഗവാസത്തിനായി നടന്നുപോയി. ദശരഥനും പരിവാരങ്ങളും അതീവ സന്തുഷ്ടരായി അയോധ്യയിലേക്ക് യാത്ര പുനഃരാരംഭിച്ചു. നീണ്ട യാത്രയ്ക്കൊടുവിൽ അവർ അയോധ്യയിലെത്തിച്ചേർന്നു. അയോധ്യ നിവാസികൾ അത്യധികം സന്തോഷത്തോടെ അവരെ എതിരേറ്റു. പാട്ടും നൃത്തവുമായി അയോധ്യ നിവാസികൾ രാമലക്ഷ്മണാദികളുടെ വരവ് ആഘോഷിച്ചു.
