വായനയുടെ വസന്തം തിരികെ വരുന്നു ; പവിത്രൻ തീക്കുനി

പ്രദീപ് പുറവങ്കര
വായനയുടെ വസന്തം വീണ്ടും തിരികെ വരുന്ന കാലമാണിതെന്ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ പവിത്രൻ തീക്കുനി. ബഹ്റൈൻ പ്രവാസിയായ റിഥിൻരാജിന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഇവിടെയെത്തിയ പവിത്രൻ തീക്കുനി 4പിഎമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. മനുഷ്യൻ മനുഷ്യനല്ലാതാകുന്ന അവസ്ഥയിൽ നിന്ന് ഒരു തിരികെ പോക്ക് താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും, അതിന് ഏറ്റവുമധികം സ്വാധീനിക്കാൻ പോകുന്ന സംഗതി വായന തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് മാറ്റങ്ങൾ സംഭവിക്കുന്പോൾ തീർച്ചയായും സാഹിത്യത്തിലും ആ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നും എന്നാൽ സാഹിത്യം ഇല്ലാതാകില്ലെന്നും പറഞ്ഞ കവി വായു, വസ്ത്രം, ഭക്ഷണം, പാർപ്പിടം എന്നിവയ്ക്കൊപ്പം തന്നെ ചേർത്ത് വെയ്ക്കേണ്ടതാണ് വായനയെന്ന് തിരിച്ചറിയപ്പെടുന്ന കാലമാണിതെന്നും അഭിപ്രായപ്പെട്ടു.
കൂലിപ്പണിക്ക് പോയാൽ ഒരു ദിവസം 650 രൂപ വരെ കിട്ടുന്ന സാഹചര്യം ഉണ്ടായത് കൊണ്ടും കുടുംബത്തെ പുലർത്തേണ്ടതു കൊണ്ടുമാണ് ഫിഷറീസ് വകുപ്പിൽ ലഭിച്ച ജോലി ഉപേക്ഷിച്ചത്. 350 രൂപയായിരുന്നു ദിവസ കൂലി. ഏകദേശം 140 കിലോമീറ്റർ ദിവസവും സഞ്ചരിക്കേണ്ടിയും വന്നു. പക്ഷെ ഇപ്പോൾ യാത്രകൾ കൂടി വരുന്ന അവസ്ഥയാണുള്ളത്. അതിന്റെ പ്രധാന കാരണം താൻ തന്നെ പുസ്തകങ്ങളുടെ വിതരണം നടത്തുന്നത് കൊണ്ടാണ്. വിതരണക്കാരന്റെ സഹായമില്ലാതെ നേരിട്ടാണ് തന്റെ പുസ്തകങ്ങൾ വായനക്കാരന് നൽകുന്നത്. പുസ്തകമിറക്കാൻ എംഎ ബേബിയടക്കമുള്ളവർ തന്നെ സഹായിക്കുന്നുണ്ട്. അവ കേരളത്തിലൂടനീളം യാത്ര ചെയ്ത് താൻ തന്നെ വായനക്കാരന് കൊണ്ടുകൊടുക്കുകയാണ്. ഇതുകാരണം പത്തോ പതിനഞ്ചോ ശതമാനം റോയൽറ്റി എന്നതിലുപരിയായി വരുമാനം നേടാൻ സാധിക്കുന്നു. വിതരണക്കാരെ കുറ്റപ്പെടുത്തുന്നില്ലെങ്കിൽ പോലും അവരുടെ റോയൽറ്റി പണം കിട്ടിയിട്ട് മാത്രം കേരളത്തിൽ ഒരു എഴുത്തുക്കാരന് ജീവിക്കാൻ സാധിക്കില്ല. ഡിസി ബുക്സും, ചിന്ത പബ്ലിക്കേഷനുമൊക്കെ കൃത്യ സമയത്ത് വരുമാനം നൽകുന്നവരാണ്. ഗൾഫ് മലയാളികളാണ് തന്റെ വലിയൊരു ശക്തിയെന്നും പ്രാവസലോകത്ത് എത്തുന്പോൾ തന്റെ പുസ്തകം വാങ്ങി തന്നെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം സുഹൃത്തുക്കളുണ്ടെന്നും പവിത്രൻ തീക്കുനി പറഞ്ഞു. പ്രവാസികൾക്ക് സാഹിത്യമെന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. തന്നെ പോലെയുള്ള എഴുത്തുകാർക്ക് അവർ നൽകുന്ന സ്നേഹവും അതിന്റെ തെളിവാണ്. സോഷ്യൽ മീഡിയ ഇത്തരം പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണ്. ഇതുകാരണം ഭിക്ഷ യാചിക്കേണ്ട അവസ്ഥയില്ല ഇന്ന് മാന്യമായിട്ട് തന്നെ കുടുംബത്തെ നല്ല നിലയിൽ തന്നെ പുലർത്താനും സാധിക്കുന്നു. എഴുത്തിലൂടെ തന്നെ ജീവിക്കാൻ പറ്റുന്പോൾ അത് നൽകുന്ന സന്തോഷവും ഏറെയാണ്. ഒപ്പം നേരിട്ട് വായനക്കാരന് പുസ്തകം കൊടുക്കുന്പോൾ വലിയ അനുഭവങ്ങളും സൗഹൃദങ്ങളും ഉണ്ടാക്കാൻ പറ്റുന്നു.
മറ്റ് പല രാജ്യങ്ങളിലും സാഹിത്യ പ്രവർത്തനങ്ങൾക്ക് മാത്രമായി അവിടെ സർക്കാർ തലത്തിൽ വലിയ സാന്പത്തിക സഹായം നൽകി വരുന്നുണ്ട്. അവർ എഴുത്തിന് കൊടുക്കുന്ന പ്രാധാന്യമാണ് ഇത് കാണിക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും അത്തരമൊരു പ്രവർത്തനം നടക്കുന്നില്ല. കാലികറ്റ് സർവ്വകലാശാലയുടെ ബിഎഡിന് പഠിക്കുന്ന പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന തന്റെ കവിതയ്ക്ക് ലഭിച്ചത് 1500 രൂപയാണെന്നത് ഇതിന്റെ തെളിവാണ്. ഇടത് പക്ഷത്തിന്റെ ചേരിയിൽ നിൽക്കാനേ തനിക്ക് പറ്റുകയുള്ളു എന്നും എന്നാൽ അതേ സമയം ഈ പക്ഷത്തിലെ ശരിതെറ്റുകളെ പറ്റി ആശങ്കപ്പെടുന്നുണ്ടെന്നും പറഞ്ഞ പവിത്രൻ തീക്കുനി ടിപി ചന്ദ്രശേഖരൻ മരണപ്പെട്ട സമയം കവിത എഴുതിയപ്പോൾ എന്തിനാണ് ഇങ്ങിനെയൊരു കവിത എന്ന് ചോദിച്ചവരെ പറ്റിയും സൂചിപ്പിച്ചു. പക്ഷെ തന്നിലെ എഴുത്തുക്കാരന് അത് എഴുതാതിരിക്കാൻ സാധ്യമായിരുന്നില്ലെന്നും ഈ നിലപാട് പക്ഷെ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
യാത്രകൾ ധാരാളം ഇഷ്ടപ്പെടുന്നയാളാണ് താൻ. ആ യാത്രകളിലെ ജീവിതാനുഭവങ്ങളിലെ ചൂടും ചൂരും തന്നെയാണ് തന്റെ സാഹിത്യപ്രവർത്തനങ്ങൾക്ക് സഹായിച്ചിട്ടുള്ളതെന്നും ആ അനുഭവങ്ങളിൽ നിന്നുണ്ടായ വേദനയും സന്തോഷവും ഒക്കെ തന്നെയാണ് തന്റെ അക്ഷരങ്ങളിലൂടെ വരച്ചിട്ടത്. ഇന്ന് യാത്ര ചെയ്യുന്പോൾ പക്ഷെ പലതും ഒരു മധുരപ്രതികാരങ്ങളാണ്. ജീവിതത്തിൽ തോറ്റവനെ പോലെ പലയിടത്തും അലഞ്ഞ് തിരിഞ്ഞ ഭൂതകാലത്തിൽ നിന്ന് ആ സ്ഥലങ്ങളിലേയ്ക്ക് വീണ്ടും പോകുന്പോൾ അവ നൽകുന്നത് വലിയ അനുഭവങ്ങളാണ്. വെള്ളം പോലും ലഭിക്കാതെ തളർന്ന് വീണ സ്ഥലങ്ങളിൽ ഇന്ന് പ്രസംഗിക്കാൻ പോകുന്നതും അവിടെ വലിയ സ്വീകരണം ലഭിക്കുന്നതും സന്തോഷമുള്ള കാര്യമാണ്. കേരള സാഹിത്യ അക്കാദമിയുടെ മുന്പിൽ നേരത്തേ റോഡ് നിർമ്മാണത്തിന് പണിയെടുത്ത തനിക്ക് ഇപ്പോൾ ആ അക്കാദമിയുടെ അകത്ത് ഒരു ബോർഡ് അംഗമായിരിക്കാൻ സാധിക്കുന്നു എന്നതിലും സന്തോഷമുണ്ട്. ഇതൊക്കെ സാധിച്ചത് അക്ഷരങ്ങളിലൂടെ തന്നെയാണ്.
സോഷ്യൽ മീഡിയകളിൽ എഴുതുന്ന കവിതകളൊക്കെ മോശമാണെന്ന് പറയാൻ സാധിക്കില്ല. ഈ ഇടങ്ങളിൽ വരുന്ന കവിതകളുടെപേരുകൾ പോലും അതിമനോഹരമാണ്. ബഹ്റൈൻ പ്രവാസിയായ റിഥിന്റെ ആദ്യ പുസ്തകം തൃശ്ശൂരിൽ വെച്ച് പ്രകാശനം ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ തന്നെ രണ്ടാമത്തെ പുസ്തകവും ഇവിടെ ബഹ്റൈനിൽ വെച്ച് പ്രകാശനം ചെയ്യാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, റിഥിന്റെയുള്ളിലും അവഗണിക്കാൻ പറ്റാത്ത ഒരുകവിയുണ്ടെന്നും പവിത്രൻ തീക്കുനി പറഞ്ഞു.