കി­ളി­പ്പാ­ട്ടു­മാ­യി­ കർ­ക്കി­ടകം


പി.പി

ളെ കർക്കിടകം ഒന്ന്. രാമായണ മാസത്തിന്റെ ആരംഭം. ഹിന്ദുഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണത്തിന്റെ ശീലുകൾ ഉയർന്നു കേൾക്കും. മലയാള വർഷത്തിന്റെ അവസാന മാസമാണ് കർക്കിടകം. പണ്ടുകാലത്ത് മഴക്കാലം അതിന്റെ എല്ലാ ശക്തിയിലും പെയ്തിരുന്നത് കർക്കിടകത്തിൽ ആയിരുന്നു. കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന പഴമക്കാർ നെൽപ്പാടങ്ങളിൽ ജോലി ചെയ്തും വിതച്ചും കൊയ്തും കിട്ടുന്നതും കൊണ്ട് ജീവിച്ചു പോന്നിരുന്നവരാണ്. അവർക്ക് കർക്കിടക മാസം തീർത്തും പഞ്ഞ മാസമായിരുന്നു. തകർത്തു പെയ്യുന്ന മഴയിൽ പുറത്തിറങ്ങി പണി ചെയ്ത് നിത്യവൃത്തി ചെയ്തിരുന്നവർ പ്രധാനമായും കൃഷിക്കാർ, പട്ടിണിയിൽ തന്നെയും, അല്ലാത്തവർ മുൻകൊല്ലത്തെ കൊയ്ത്തിൽ നിന്നും കിട്ടിയ ധാന്യങ്ങൾ ശേഖരിച്ചു വെച്ചതും കൊണ്ടായിരുന്നു ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. പട്ടിണിയും അസുഖങ്ങളും കാരണം കഷ്ടത അനുഭവിച്ചിരുന്നവർ ആ കാലത്ത് സന്ധ്യാസമയത്ത് നിലവിളക്കിനു സമീപമിരുന്ന് രാമായണം വായിച്ചിരുന്നു. രാമായണം വായിക്കുന്നിടത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകും എന്നും വിശ്വസിച്ചിരുന്നു. അതിനാലാവണം കർക്കിട മാസത്തിന് പഞ്ഞ കർക്കിടകം എന്നും രാമായണ മാസം എന്നും പേര് വീണത്. മലയാള പഞ്ചാംഗമനുസരിച്ച് പഞ്ഞ കർക്കിടകത്തിൽ ഐശ്വര്യപ്രദമായ യാതൊരു കാര്യങ്ങളും തീർത്തും െചയ്തിരുന്നില്ല. പൗരാണിക കാലം മുതൽ തന്നെ ഹിന്ദുക്കൾ പാരായണത്തിന് അതീവ പ്രാധാന്യം നൽകി പോരുന്നുണ്ട്. ആദ്യമായി വാത്മീകി രാമായണം ഏകദേശം ബി.സി മൂന്നാം ശതകത്തിൽ (ത്രേത്രാ യുഗം) ആണ് രചിക്കപ്പെട്ടത് എന്നൊരു അഭിപ്രായമുണ്ട്. കർക്കിടകം ഒന്നാം തീയതി മുതൽ തുടങ്ങുന്ന പാരായണം മാസാവസാനം ആണ് വായിച്ചു തീർക്കേണ്ടത്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ മലയാളത്തിലേക്ക് തർജ്ജിമ ചെയ്ത അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ആണ് കേരളത്തിലെ ഹിന്ദുഭവനങ്ങളിൽ വായിക്കുന്നത്. ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം. മറ്റൊന്നാണ് മഹാഭാരതം. രാമന്റെ യാത്ര എന്നാണ് രാമായണത്തിന്റെ അ‍ർത്ഥം. വാത്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇന്ത്യൻ സംസ്കാരത്തിൽ ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. ധാർമ്മിക മൂല്യങ്ങളെ മുറുകെ പിടിക്കാനായി രാജ സിംഹാസനം വരെ ഉപേക്ഷിച്ച രാമനെയും ഭരതനെയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാത്മീകി രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. രാമപത്നിയായ സീതയുടെ ചരിത്രവും രാക്ഷസരാജാവായ രാവണന്റെ വധവുമാണ് രാമകഥാസംക്ഷേപണ സാരം. ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാത്മീകി മഹർഷി ഒരു വേടൻ ക്രൗഞ്ച മിഥുനങ്ങളിൽ ആൺപക്ഷിയെ അന്പെയ്ത് വീഴ്ത്തുന്നത് കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാത്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റിമറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലയിച്ചു. അദ്ദേഹത്തിന്റെ ഉള്ളിൽ ഉറഞ്ഞു കൂടിയ വികാരം. “മാനിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീ സമാഃ യൽ ക്രൗഞ്ചമിഥുനാദേകമവധീഃ കാമമോഹിതം” എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായെന്നും അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ ജീവിതകഥ രചിക്കുവാൻ വാത്മീകിയെ ഉപദേശിച്ചുവെന്നുമാണ് ഐതിഹ്യം. 

അഞ്ഞൂറ് അദ്ധ്യായങ്ങൾ ഇതിലുണ്ട്. ഏഴ് കാണ്ധങ്ങളിലായി 24,000 ശ്ലോകങ്ങളിലൂടെയാണ് രാമകഥ രചിച്ചിരിക്കുന്നത്. ബ്രഹ്മർഷിമാരിൽ ഒരാളായ വാത്മീകിയുടെ ആശ്രമത്തിൽ വന്ന നാരദനോട്, ധൈര്യം, വീര്യം, ക്ഷമ, വിജ്ഞാനം, കാരുണ്യം, സൗന്ദര്യം, പ്രൗഢി, ശമം, ക്ഷമ, ശീലഗുണം, അജയ്യത തുടങ്ങിയ ഗുണങ്ങളോടു കൂടിയ ഏതെങ്കിലും ഒരു മനുഷ്യൻ ഭൂമുഖത്തുണ്ടോ എന്ന വാത്മീകിയുടെ ചോദ്യത്തിനുത്തരമായി നാരദൻ വിവരിച്ചു കൊടുക്കുന്നിടത്ത് നിന്നുമാണ് രാമായണം തുടങ്ങുന്നത്. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന്റെയും പട്ടമഹിഷിയായായിരുന്ന കൗസല്യയുടെയും ആദ്യ പുത്രനായിട്ടാണ് രാമന്റെ ജനനം. മറ്റ് ഭാര്യമാരായ സുമിത്രയിൽ ലക്ഷ്മണനും ശത്രുഘ്നനും കൈകേയിയിൽ ഭരതനും പുത്രന്മാരായി ദശരഥന് ഉണ്ടായിരുന്നു. മൂത്ത പുത്രനെന്ന നിലയിൽ രാമനെ രാജ്യഭാരം ഏൽപ്പിക്കാൻ തുടങ്ങിയപ്പോൾ കൈകേയി രാജ്യാഭിഷേകം മുടക്കി ഭരതനെ രാജാവാക്കാൻ ആഗ്രഹിച്ചു. ദശരഥൻ കൈകേയിക്ക് പണ്ട് നൽകിയ മൂന്ന് വരം തക്ക സമയത്ത് ഉപയോഗിക്കുകയും ചെയ്തു. അതിൽ ഒന്ന് രാമൻ പതിനാല് വർഷക്കാലം വനവാസം അനുഷ്ഠിക്കുക എന്നും, മറ്റൊന്ന് ഭരതനെ രാജാവാക്കുക എന്നതും ആയിരുന്നു. അച്ഛന് നൽകിയ വാക്ക് പാലിക്കാൻ രാമൻ വനവാസം അനുഷ്ഠിക്കാൻ തീരുമാനിച്ചു. ഭാര്യ സീതയോടും സഹോദരൻ ലക്ഷ്മണനോടും കൂടി വനവാസത്തിനായി പുറപ്പെട്ടു. രാമൻ അയോദ്ധ്യയിൽ നിന്നും പോയപ്പോൾ അയോദ്ധ്യയിൽ  ഐശ്വര്യവും ക്ഷേമവും നഷ്ടപ്പെട്ടു തുടങ്ങിയിരുന്നുവത്രേ. വനവാസ യാത്രയിൽ അസുരന്മാരുടെ ആക്രമണത്തിൽ നിന്നും തപസ്വികളെ രക്ഷിക്കാമെന്ന് രാമൻ മുനിമാർക്ക് വാക്ക് നൽകി. ഇതിനിടയിൽ ദണ്ധകാരണ്യത്തിൽ വെച്ച് അസുരരാജാവായ രാവണന്റെ സഹോദരി ശൂർപ്പണഖയുടെ അംഗഭംഗം വരുത്തി. ഇതിൽ കുപിതനായ രാവണൻ സഹോദരിയുടെ ആഗ്രഹപ്രകാരം മാരീചന്റെ സഹായത്തോടെ സീതയെ അപഹരിച്ചു. തന്റെ സാമ്രാജ്യമായ ലങ്കയിലേക്ക് കൊണ്ടുപോകുന്നു. തുടർന്ന് രാമൻ ഹനുമാന്റെയും വാനരപ്പടയുടെയും സഹായത്തോടെ കടലിൽ ചിറ കെട്ടി ലങ്കയിൽ പോയി രാവണനെ വധിച്ച് സീതയെ രക്ഷിക്കുന്നു. രാമരാവണ യുദ്ധം കഴിഞ്ഞു രാമൻ രാവണനെ വധിച്ചു തിരികെ സീതയും ആയി അയോദ്ധ്യയിൽ എത്തിയപ്പോൾ അവിടെ ജനങ്ങൾക്ക് നഷ്ടപ്പെട്ട ഐശ്വര്യവും സന്തോഷവും വീണ്ടുകിട്ടി. ഇതുവരെയുള്ള കഥകൾ ബാലകാണ്ധം, അയോദ്ധ്യകാണ്ധം, ആരണ്യകാണ്ധം, കിഷ്കിന്ധാകാണ്ധം, സുന്ദരകാണ്ധം, യുദ്ധകാണ്ധം, ഉത്തരകാണ്ധം എന്നിങ്ങനെ ഏഴ് കാണ്ധങ്ങളിലായാണ് രാമായണത്തിൽ പറയുന്നത്. ധർമ്മം, നീതി, ആദ‍ർശം തുടങ്ങിയ എല്ലാ രൂപത്തിനും അനുയോജ്യനായാണ് രാമനെ രാമായണത്തിൽ പ്രകീർത്തിക്കുന്നത്. രാമനെ സാധാരണ മനുഷ്യനായാണ് വാമീകി രാമായണത്തിൽ വിവരിക്കുന്നത്. രാമായണത്തിന്റെ പൊരുളനുസരിച്ച് ശ്രീരാമൻ മനുഷ്യകുലത്തിലുള്ള ഉത്തമപുരുഷനായും സീതാദേവിയെ ഉത്തമ സ്ത്രീയായും കരുതപ്പെടുന്നു. ഭൂമിയിൽ ജനിച്ച ഓരോ ജീവിക്കും അതിന്റെതായ കർമ്മങ്ങളും കടമകളും നിറവേറ്റാനുണ്ടെന്നും അവ നിറവേറ്റി സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിച്ചു മരിക്കേണ്ടതാണെന്നും ഓരോ രാമായണം വായനയും വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed