വീണ്ടും ഒരു രാമായണ മാസമെത്തുന്പോൾ...

പ്രദീപ് പുറവങ്കര
ഓരോ കർക്കിടവും നമ്മുടെ മുന്പിലെത്തുന്പോൾ അത് രാമായണ മാസത്തിന്റെ കൂടി തുടക്കമാകുന്നു. രാമായണവും മഹാഭാരതവും നമ്മുടെ രാജ്യം ലോകത്തിന് സമ്മാനിച്ച ഇതിഹാസങ്ങളാണ്. ഇത് രണ്ടും കെട്ടുകഥകളോ മിത്തുകളോ ആയിരിക്കാമെന്ന് വിമർശകർ പറയുന്പോൾ തന്നെ ഇതിന്റെ വിശാലമായ ഫ്രെയിമിനെ നാം കാണാതിരിക്കരുത്. ഇത് എഴുതിയത് വാത്മീകിയോ വ്യാസനോ അല്ലെങ്കിൽ പലരും ചേർന്നായിക്കൊള്ളട്ടെ, അവരുടെ കാഴ്ച്ചപ്പാടിനെ ഒന്നും തള്ളിപ്പറയാനും സാധ്യമല്ല. നൂറ്റാണ്ടുകൾക്ക് മുന്പ് രചിക്കപ്പെട്ട ആ ഇതിഹാസങ്ങൾ അതുകൊണ്ട് തന്നെ നമുക്ക് അഭിമാനം നൽകേണ്ടവയാണ്.
സ്വയം ശുദ്ധീകരിക്കുന്നതിന് ഏറ്റവും ഉദാത്തമായത് നല്ലത് വായിക്കുക എന്നതാണ്. അത് തന്നെയാണ് ഓരോ മതവും അനുശാസിക്കുന്ന ഉപവാസത്തിന്റെയോ പ്രാർത്ഥനയുടെയോ നാളുകളിൽ എല്ലായിടത്തും നടക്കുന്നത്. രാമായണം രചിക്കപ്പെട്ടിട്ട് കാലങ്ങളായിരിക്കുന്നു. അതിൽ വാത്മീകി എഴുതിയിരിക്കുന്ന ഒരു വാക്കിന്റെ അപ്പുറത്തേയ്ക്ക് ഇന്നും മനുഷ്യന് സഞ്ചരിക്കാൻ സാധ്യമായിട്ടില്ല എന്നത് തന്നെ ആ എഴുത്തിന്റെ ശക്തി വെളിവാക്കുന്നു. തന്റെ മുന്പിൽ പിടഞ്ഞു വീണ ഇണക്കിളികളില്ലൊന്നിനെ കണ്ടപ്പോൾ ഉണ്ടായ ആഘാതമാണ് അദ്ദേഹം രാമായണം രചിക്കാൻ തന്നെ കാരണമായതെന്ന് നമ്മളൊക്കെ വായിച്ച് പഠിച്ചിട്ടുണ്ട്. മാനിഷാദ പ്രതിഷ്ഠാത്വമഗമ എന്ന് ആരംഭിക്കുന്ന അരുത് കാട്ടാളാ എന്ന് വിലപിക്കുന്ന വരികളിൽ നിന്നാണ് ഈ മഹാ ഇതിഹാസത്തിന്റെ പിറവി.
ഓരോ ദിവസവും നമ്മളൊക്കെ ഇന്ന് പരസ്പരം പറയുന്നുണ്ട് മാനിഷാദാ എന്ന്. പക്ഷെ കേൾക്കേണ്ടവർ കേൾക്കാതെ പോകുന്നു എന്നത് യാഥാർത്ഥ്യം. പീഢനോത്സവസങ്ങളാണ് മാധ്യമങ്ങൾ കൊണ്ടാടുന്നത്. രാക്ഷസീയമായ പ്രവർത്തികളാണ് ചുറ്റിലും നിറയുന്നത്. രാത്രി ഉറങ്ങാൻ പോകുന്പോൾ എഫ്.ഐ.ആർ ആയും, ക്രൈം ഫയലായും ഒക്കെ നമ്മുടെ മുന്പിൽ തെളിയുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പോലും രാക്ഷീയമായ പ്രവർത്തികളുടെ വിശദമായ വിവരണമാണ്. ഇന്നത്തെ കന്പോളവ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യനിലെ നിഷാദനെ ഉണർത്താനുള്ള കാര്യങ്ങളാണ്. ഈ ഒഴുക്കിനൊത്ത് നീന്തിയില്ലെങ്കിൽ മുങ്ങിച്ചാകുമെന്ന ഭയവും നമ്മുക്കൊപ്പം കൂടുന്നു. മാത്സര്യവും, ആർത്തിയും, സ്വാർത്ഥ താൽപ്പര്യങ്ങളുമാണ് നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ പെട്ട് സ്നേഹവും, സഹനവും, വിശ്വാസവും ഞെരിഞ്ഞമരുന്നു. അനുസരണയും, അനുകന്പയും കൈമോശം വന്നുപോകുന്നു. വെട്ടിത്തിളങ്ങുന്ന വസ്ത്രങ്ങൾക്കുള്ളിൽ രാക്ഷസീയത വളരെ നന്നായി ഒളിപ്പിക്കപ്പെടുന്നു.
ഇത്തരം കാര്യങ്ങളെ ഓർമ്മിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല, മറിച്ച് അക്രമങ്ങളും പീഢനങ്ങളുമൊന്നും തന്നെ ഈ ലോകത്ത് ആർക്കും ഒന്നും നേടിക്കൊടുത്തിട്ടില്ലെന്ന് പറയാൻ മാത്രമാണ്. കാരണം ലോകം ഭരിക്കുന്ന ഏത് പത്ത് തലയുള്ള രാവണനായാൽ പോലും അനാവശ്യം പ്രവർത്തിച്ചാൽ തിരിച്ചടി ലഭിക്കുമെന്ന് വാത്മീകി രാമായണത്തിലൂടെ എത്രയോ കാലങ്ങൾക്ക് മുന്പ് പറഞ്ഞ് വെച്ചിരിക്കുന്നു.