കറുത്ത വെളുത്ത അമേരിക്ക


വി.ആർ. സത്യദേവ്

തിഹാസമാനമാർന്ന നടപടികളിലൂടെ അമേരിക്കയിൽ അടിമക്കച്ചവടം അവസാനിപ്പിച്ചത് കരുത്തനായ പ്രസിഡണ്ട് ഏബ്രഹാം ലിങ്കനാണെന്നു വായിച്ചാവർത്തിച്ചു മനപ്പാഠമാക്കിയത് വിദ്യാലയദിനങ്ങളിലാണ്. അടിമക്കച്ചവടത്തോടൊപ്പം അന്നാണ് തൊലി കറുത്തവന്റെ വേദനകളുടെ കഥകളും അറിഞ്ഞു തുടങ്ങിയത്. എന്നാൽ ഏബ്രഹാം ലിങ്കനെക്കുറിച്ച് ആ മലയാള പുസ്തകത്തിൽ എഴുതിവെച്ചിരുന്നതെല്ലാം കാണാപ്പാഠം പഠിച്ചപ്പോൾ മനസ്സിലുറച്ച ധാരണ ലിങ്കന്റെ കാലത്തേ അമേരിക്കൻ ഐക്യ നാടുകളിലെ വർണ്ണ വിവേചനത്തിനും അറുതിയായി എന്നാണ്. അന്ന് അതു പഠിച്ചതിന്റെ കുഴപ്പമാണോ പറഞ്ഞു തന്നവരുടെ കുഴപ്പമായിരുന്നോ അതോ ചരിത്രം തിരുത്തിയെഴുതിയ പുസ്തകങ്ങളുടെ കുഴപ്പമായിരുന്നോ അങ്ങനെയൊരു ധാരണാ പിശകിനു കാരണം എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഞാൻ മാത്രം പഠിച്ചതിന്റെ കുഴപ്പമാണെങ്കിൽ തലമുറകൾക്ക് അമേരിക്കൻ ഐക്യ നാടുകളെക്കുറിച്ച് ഒരു തെറ്റിദ്ധാരണയ്ക്കു സാദ്ധ്യതയില്ല. ഇന്നും തുടരുന്ന വർണ്ണ വിവേചനത്തെക്കുറിച്ച് ബാഹ്യ ലോകത്തിന് കാര്യമായ ധാരണയുണ്ടാകാതെ കാക്കാനുള്ള അവരുടെ സംവിധാനങ്ങൾ തന്നെയാണ് ഇതിനു കാരണം.

സ്വന്തം രാജ്യത്തുണ്ടാകുന്ന കാര്യങ്ങളൊക്കെ ഒന്നിനു പത്തായി വിദേശ രാജ്യങ്ങൾക്കു മുന്പിൽ വിളന്പുകയും സ്വന്തം നാടിനെയും രാജ്യ നായകരെയും ആവുന്നിടത്തൊക്കെ ഇകഴ്ത്തുകയും ചെയ്യുന്ന നമ്മിൽ ചിലരുടെ കുലംകുത്തി സ്വഭാവം എത്ര ഹീനമാണെന്ന് ഈ ശൈലി വ്യക്തമാക്കുന്നു. ചോറിവിടെയും കൂറവിടെയും എന്ന സ്വഭാവം പ്രായേണ ഇത്തരം വികസിത രാജ്യങ്ങൾക്കൊക്കെ അന്യമാണ്. അത് അവരുടെ പ്രതിച്ഛായ മെച്ചമാക്കുന്നു. ആഗോള തലത്തിൽ അവർക്കു മേധാവിത്വം നൽകുകയും ചെയ്യുന്നു. എന്നാൽ യാഥാർത്ഥ്യം ഇതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമാണ്. 

സാദ്ധ്യതകളുടെയും സ്വാതന്ത്ര്യത്തിന്റെയും നാടാണ് അമേരിക്ക. കഴിവും പരിശ്രമവുമുണ്ടെങ്കിൽ ആർക്കും ഏത് ഉയരങ്ങളും താണ്ടാൻ അവസരങ്ങളുള്ള നാട്. ആഗോള സന്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആ രാജ്യമാണ്. സൈനിക പരമായും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ലോകത്തെ ഒന്നാം നന്പർ രാജ്യം അമേരിക്ക തന്നെയാണ്. ഐ.ടി. രംഗത്തിന്റെ ആഗോള തലസ്ഥാനം അമേരിക്കയിലെ സിലിക്കൺ വാലിയാണ്. ലോക പോലീസെന്ന ഇല്ലാ സ്ഥാനവും അവർ തന്നെയാണ് വഹിക്കുന്നത്. ഭൂഗോളത്തിന്റെ മറുപുറങ്ങളിലുള്ള രാജ്യങ്ങളിൽ പോലും ആരു ഭരിക്കണമെന്ന കാര്യം തീരുമാനിക്കാൻ പോലും തങ്ങൾക്ക് അവകാശമുണ്ടെന്ന് ഈയടുത്തകാലം വരെ അമേരിക്ക വിശ്വസിച്ചു പോന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും തൊലി കറുത്തവൻ അപമാനം നേരിട്ടപ്പോൾ കറുത്ത വർഗ്ഗക്കാരനായ ബറാക് ഒബാമയെ സ്വന്തം നായകനാക്കി അമേരിക്ക ലോകത്തിനു തന്നെ മാതൃകയായി. ആ നടപടി വെറും തട്ടിപ്പല്ലെന്നു വ്യക്തമാക്കിക്കൊണ്ട് വീണ്ടുമൊരിക്കൽക്കൂടി അവർ ഒബാമയെ തങ്ങളുടെ പ്രസിഡണ്ടായും തെരഞ്ഞെടുത്തു.

ഇന്ത്യക്കാരായ നിരവധിയാൾക്കാർക്കും സ്വപ്നഭൂമി തന്നെയാണ് അമേരിക്ക. ഉപരിപഠനത്തിനായി ഏഴാം കടലിന്നക്കരെയെത്തപ്പെട്ട ഒരുപാടുപേർ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഗ്രീൻ കാർഡു സ്വന്തമാക്കി മഹത്തായ അമേരിക്കൻ പൗരത്വം സ്വന്തമാക്കി. പണവും പ്രതാപവും വായിൽ നിറച്ച് ഹാഷ് പൂഷ് ഇംഗ്ലീഷുമായി പിന്നീട് നാട്ടിലെത്തിയ അവരെ നമ്മളൊക്കെ അസൂയ കലർന്ന ബഹുമാനത്തോടേ നോക്കിക്കണ്ടു. അങ്ങനെ കുടിയേറിയവരിൽ ചിലർ അപ്പനെയും അമ്മയെയുമൊക്കെ ഇടയ്ക്കിടെ അമേരിക്കായിൽ വിരുന്നിനു കൊണ്ടുപോകുന്നതു നമ്മൾ കണ്ടു. അതു പലപ്പോഴും പേറെടുക്കാനും കുട്ടിയെ നോക്കാനും ഒക്കെയായിരുന്നെന്നു പിന്നീടു നാമറിഞ്ഞു. സാദ്ധ്യതകളുടെയും സൗകര്യങ്ങളുടെയും അമേരിക്കൻ പളപളപ്പിനും ഒരു മറുപുറമുണ്ടായേക്കാം എന്ന് ആദ്യമായി നമ്മൾ തിരിച്ചറിഞ്ഞത് ഒരുപക്ഷേ അന്നായിരിക്കാം. കൂടുതലറിയുന്പോൾ വൈക‍ൃതങ്ങളുടെ ആ മുഖം അതിലും പൈശാചികമാണ്. ചിലപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതുമാണ്. അങ്ങനെയൊന്നാണ് ലോകം ഇപ്പോൾ അമേരിക്കൻ ഐക്യ നാടുകളിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. അത് അമേരിക്കയിൽ ഇന്നും നിർബാധം തുടരുന്ന വർണ്ണ വിവേചനത്തെക്കുറിച്ചുള്ളതാണ്. വർണ്ണ വിവേചനത്തിന്റെ പേരിൽ ദിനംപ്രതി രാജ്യത്ത് അരങ്ങേറുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ളതാണ്.

പരിഷ്കാരത്തിന്റെ പരകോടിയാണ് നമ്മുടെ മനസ്സിലെ അമേരിക്ക. എന്നാൽ മനുഷ്യനൊന്നാണെന്നു കാണാൻ ഇന്നുമാവാത്ത പ്രാകൃത മനസ്സുകൾ ഒരുപാടുള്ള ഒരു ഇടം കൂടിയാണ് അമേരിക്ക എന്ന സത്യം അടിവരയിട്ടുറപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന സംഘർഷ വർത്തമാനങ്ങൾ.  അമേരിക്ക 1960 കളിലേതിനു സമാനമായ സംഘർഷ സാഹചര്യങ്ങലിലേയ്ക്കു മടങ്ങിപ്പോയിട്ടില്ല എന്നു പറഞ്ഞത് അമേരിക്കയുടെ ആദ്യ കറുത്ത പ്രസിഡണ്ട് ബറാക് ഒബാമ തന്നെയാണ്. വാഴ്സോയിലെ നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോടു സംവദിക്കുകയായിരുന്നു അദ്ദേഹം. ചിലർ ആശങ്കപ്പെടും വിധം അമേരിക്ക വർണ്ണ വിവേചനകാര്യത്തിൽ വിഭജിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു ഒബാമ പറഞ്ഞത്. കാര്യങ്ങൾ വിലയിരുത്തുന്പോൾ അച്ഛൻ പത്തായത്തിലില്ല, തട്ടുന്പുറത്തുമില്ല എന്ന പ്രയോഗത്തിനു തുല്യമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വാഴ്സോ സന്ദർശനം വെട്ടിച്ചുരുക്കി ഒബാമ അമേരിക്കയിലേയ്ക്കു മടങ്ങി എന്നു ചേർത്തു വായിക്കുന്പോൾ പക്ഷേ കാര്യങ്ങളുടെ കിടപ്പുവശം ആർക്കും പകൽ പോലെ വ്യക്തം.

തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡി.സിയിലും പ്രമുഖ നഗരങ്ങളായ ചിക്കാഗോ, അറ്റ്ലാൻ്റാ, മിയാമി, ഫ്ളോറിഡ എന്നിവിടങ്ങളിലുമൊക്കെ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘർഷം കൂടുതൽ ആൾനാശത്തിലേയ്ക്ക് എത്താനുള്ള സാദ്ധ്യത ഏറെയാണ്. മിനിസോട്ടയിലെ സെൻ്റ് പോൾസിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ മൂന്നു പോലീസുകാർക്കു പരിക്കേറ്റു. സമാധാനപരമായി പ്രതിഷേധ സമരം നടത്തി വന്ന പ്രതിഷേധക്കാർ പൊടുന്നനെ അക്രമാസക്തരാവുകയായിരുന്നു. പോലീസിനുനേരേ പ്രകടനക്കാർ കുപ്പികളും ഇഷ്ടികകളും കൊണ്ടാണ് ആക്രമണം നടത്തിയത്. കറുത്ത വർഗ്ഗക്കാർക്കു നേരേ രാജ്യത്ത് ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതായി ആരോപിച്ചായിരുന്നു മാർച്ച്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന കറുത്ത വർഗ്ഗക്കാരായ യുവാക്കളുടെ എണ്ണം സമീപകാലത്തായി കുത്തനെ ഉയർന്നിട്ടുണ്ട്. രാജ്യത്തെ പൊതുവിലുള്ള അക്രമ നിരക്കിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ കറുത്ത വർഗ്ഗക്കാരായ യുവാക്കളുടെ നേർക്കുള്ള പോലീസ് നടപടിയിൽ വലിയ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളക്കാരായ യുവാക്കളെക്കാൾ 11 ഇരട്ടി കറുത്ത വർഗ്ഗക്കാരായ യുവാക്കൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നു. നിസാര കാര്യങ്ങൾക്കു പോലും കറുത്ത വർഗ്ഗക്കാരേ പോലീസ് നിർദ്ദയം വെടിവെച്ചു കൊലപ്പെടുത്തുന്നു. 

കഴിഞ്ഞ വർഷം സൗത് കാരലിനയിലെ ചാർലെസ്റ്റണിൽ ഡൈലൻ റൂഫെന്ന യുവാവ് കറുത്ത വർഗ്ഗക്കാരായ 9 പേരേ ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊന്ന സംഭവവും ഇതിനോടു ചേർത്തു വായിക്കാം. ഒരു വംശീയയുദ്ധത്തിനു തുടക്കം കുറിക്കുക എന്നതായിരുന്നു കൂട്ടക്കുരുതിക്കു പിന്നിലുള്ള തന്റെ ലക്ഷ്യമെന്ന് പിന്നീട് റൂഫ് വ്യക്തമാക്കിയിരുന്നു. റൂഫിന്റെ പ്രവ‍ൃത്തിയിലൂടെ അങ്ങനെയൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടില്ല. എന്നാൽ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത് ഒരു വലിയ പൊട്ടിത്തെറിയുടെ വക്കിൽ തന്നെയാണ് അമേരിക്ക എന്നതാണ്. കഴിഞ്ഞയാഴ്ച രണ്ടിടങ്ങളിലാണ് ഇത്തരം വർണ്ണവെറിയൻ കാട്ടു നീതി നടപ്പാക്കപ്പെട്ടത്. ആൾട്ടൺ െസ്റ്റർലിംഗ്, ഫിലാൻഡോ കാൈസ്റ്റൽ എന്നീ യുവാക്കൾക്കായിരുന്നു വെള്ളപ്പോലീസിന്റെ ദയാശൂന്യതയ്ക്കു മുന്പിൽ ജീവൻ നഷ്ടമായത്. ഇതിനെതിരെയാണ് രാജ്യത്ത് പ്രതിഷേധം വ്യാപകമായത്. അങ്ങനെയൊരു പ്രതിഷേധം മറ്റൊരു വലിയ കൂട്ടക്കുരുതിയ്ക്കും വേദിയായി.

വ്യാഴാഴ്ച രാത്രി ടെക്സസിലെ ഡാലസിൽ ഇത്തരത്തിലൊരു പ്രതിഷേധ റാലിക്കിടെ പൊട്ടിപ്പുറപ്പെട്ട വെടിവെപ്പിൽ അഞ്ചു പോലീസുകാരാണ് കൊല്ലപ്പെട്ടത്. മറ്റ് 7 പോലീസുകാർക്കും സാധാരണക്കാരായ രണ്ടു പേർക്കും പരിക്കേറ്റു ഇതിൽ ചിലരുടെ നില ഗുരുതരമാണ്. കറുത്ത വർഗ്ഗക്കാരനായ മൈക്കാ ജോൺസണെന്ന യുവാവാണ് വെടിവെപ്പു നടത്തിയത് എന്നാണ് പോലീസ് ഭാഷ്യം. ഇയാളെ ബോംബ് നിർവ്വീര്യമാക്കുന്ന ഉപകരണമുപയോഗിച്ച് സ്ഫോടനെ നടത്തി പോലീസ് കൊലപ്പെടുത്തി. തന്റെ കൈവശം സ്ഫോടക വസ്തുക്കളുണ്ടെന്നും അതുപയോഗിച്ച് കൂടുതൽ നാശം വിതയ്ക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയെന്നും അതോടേ അയാളെ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. എന്നാൽ ഇയാളുടെ പക്കൽ മറ്റ് ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അക്രമം നടത്തിയത് മിക്ക തന്നെയാണെന്ന് ഉറപ്പില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങളും പുറത്തു വന്നിട്ടുണ്ട്. നേരത്തെ സംഭവത്തിലെ പ്രധാന പ്രതി മറ്റൊരു യുവാവാണ് എന്ന തരത്തിൽ പോലീസ് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത പിന്നീട് നിഷേധിക്കപ്പെട്ടു. അക്രമവുമായി ബദ്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്നു കറുത്ത വർഗ്ഗക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നും റിപ്പോർട്ടുണ്ട്. 

മിക്കാ ജോൺസൺന്റെ തീവ്രവാദ ബന്ധം വെളിവാക്കുന്ന നിരവധി ഘടകങ്ങൾ പോലീസ് പുറത്തു വിട്ടിട്ടുണ്ട്. വെടിവെപ്പിനു ശേഷം നടന്ന മധ്യസ്ഥ ചർച്ചയിൽ മിക്കാ കടും പിടുത്തം തുടർന്നു. കഴിഞ്ഞദിവസം കറുത്ത വർഗ്ഗക്കാരായ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് വെള്ളക്കാരായ പോലീസുകാരെ കൊലപ്പെടുത്താൻ താൻ തീരുമാനിച്ചതെന്ന് മധ്യസ്ഥനോട് അയാൾ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. ഇതിൽ പ്രതിഷേധിച്ച് കൂടുതൽ വെള്ളക്കാരായ പോലീസുകാരെ കൊലപ്പെടുത്തണം എന്നാണ് തന്റെ ആഗ്രഹം. ഇതിനായി സ്വന്തം നാടായ മെസ്ക്്വൈറ്റിലെ ഗൺ ക്ലബ്ബിൽ പതിവായി അയാൾ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. രാജ്യത്തെ കറുത്ത വർഗ്ഗക്കാരുടെ പ്രമുഖ സംഘടനകളുമായി അയാൾക്കു ബന്ധമുണ്ടായിരുന്നു. കറുത്ത വർഗ്ഗക്കാരുടെ തീവ്രവാദസംഘടനാംഗങ്ങൾ നടത്തുന്ന തരത്തിൽ അഭിവാദ്യം ചെയ്യുന്ന സെൽഫി അയാളുടെ ഫെയ്സ്ബുക് പേജിലുണ്ടായിരുന്നു. കറുത്തവന്റെ മോചനത്തിനായുള്ള ബ്ലാക് പാന്തർ പാർട്ടിയുടെ കൊടിയുടെ ചിത്രവും അയാളുടെ ഫെയ്സ് ബുക് ഫോട്ടോ ശേഖരത്തിലുണ്ട്. 

എന്നാൽ അയാൾ അമേരിക്കൻ സേനാംഗമായിരുന്നു എന്ന കാര്യം പല വാർത്തകളിലും അർഹിക്കുന്ന പ്രാധാന്യത്തോടേ കൊടുത്തു കണ്ടില്ല. അമേരിക്കൻ സേനാംഗമായി അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ടിക്കുന്നതിനിടെ സേനാ ബഹുമതിയ്ക്കും അർഹനായി. എന്നാൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനാണ് മിക്കാ സേനയിൽ നിന്നും പുറത്തായത് എന്ന് ആരോപിക്കുന്നവരുണ്ട്. ഇതൊന്നും കൊടിയ അക്രമത്തിന്റെ പാതയിലേയ്ക്ക് നിപതിച്ചതിനുള്ള ന്യായീകരണങ്ങളാവുന്നില്ല. അതേസമയം അമേരിക്കയിൽ നിലവിലുള്ള സാഹചര്യങ്ങൾ കൂടുതൽ കറുത്ത വർഗ്ഗക്കാരായ യുവാക്കളെ അക്രമ പാതയിലേക്കു തള്ളി വിടുന്നതു തന്നെയാണെന്നും കാണുന്നു.

ഒരേ പന്തിയിൽ രണ്ടു വിളന്പ് എന്ന പ്രയോഗം നമുക്കു പരിചിതമാണ്. എന്നാൽ പതിറ്റാണ്ടുകളായി അമേരിക്കയിൽ വെള്ളക്കാരും കറുത്തവരും ഒരേ പന്തിയിൽ ഉണ്ണാൻ വിമുഖത കാട്ടുന്നവരാണ്. നിയമപരമായി അറുതി വരുത്തിയിട്ടും വ്യത്യസ്ത പന്തികളിൽ ഒരേ ഊണ് എന്നതാണ് അവിടുത്തെ നടപ്പു രീതി. ഒരേ പന്തിയിൽ ഉണ്ണാൻ അറയ്ക്കുന്നവൻ വിളന്പിലും വ്യത്യസ്തത പുലർത്തും എന്നുറപ്പ്. പലകാര്യങ്ങളിലും കറുത്തവൻ ഇന്നും രണ്ടാം തരം പൗരന്മാരാണ് അവിടെ. നിയമം തുല്യത ഉറപ്പു നൽകുന്പോഴും അവകാശങ്ങളൊന്നും കറുത്തവന് നേടിയെടുക്കാനാകാത്ത അവസ്ഥ. രാജ്യത്തിന്റെ പലയിടങ്ങളിലും കറുത്തവന് ഭൂമി വാങ്ങാനും വീടു കെട്ടാനുമാവില്ല. കറുത്തവൻ കാലുെവയ്ക്കുന്ന മണ്ണിന് വില കുത്തനെ കുറയുന്നു. അത്തരം സ്ഥലങ്ങളിൽ ലോൺ സൗകര്യം ലഭ്യമല്ലാതാകും. വിവാഹത്തിന്റെ കാര്യത്തിലുള്ള വിലക്കുകൾ കേട്ടാൽ ഇക്കാര്യത്തിൽ സങ്കുചിതത്വം പുലർത്തുന്ന ഭാരതീയൻ പോലും ഞെട്ടിപ്പോകും. കറുത്തവന്റെ ജീവിത സാഹചര്യങ്ങൾ അനുദിനം മോശമായിക്കൊണ്ടിരിക്കുന്നു. 

വർണ്ണവിവേചനത്തിന്റെ പേരിൽ വലിയ വിലകൊടുക്കേണ്ടി വന്ന നാടാണ് അമേരിക്ക. 1861 മുതൽ 65 വരെ നടന്ന ആഭ്യന്തര യുദ്ധത്തിനിപ്പുറം 1898 ൽ നോർത് കാരലിനയിൽ നടന്ന കലാപത്തിൽ നിരവധി കറുത്ത വർഗ്ഗക്കാർ കശാപ്പു ചെയ്യപ്പെട്ടു. 1917ൽ തങ്ങൾക്കുനേരേ വെടിയുതിർത്ത രണ്ടു പോലീസുകാരെ കറുത്ത വർഗ്ഗക്കാർ കൊലപ്പെടുത്തി. പക്ഷേ ഇതിനെത്തുടർന്നു പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 39 കറുത്ത വർഗ്ഗക്കാർ കൊല്ലപ്പെട്ടു, 9 വെള്ളക്കാരും. നീണ്ട നിയമയുദ്ധങ്ങൾ അതിന്റെ പേരിലുണ്ടായി. നിയമം മറികടക്കാൻ തൊലിവെളുത്ത യൂറോപ്യൻ വംശജർ അനധികൃത ഉടന്പടികൾ പലതും കൊണ്ടു വന്നു. പരിഷ്കാരത്തിന്റെ പരകോടിയിലും ഇന്നും അത്തരം ഉടന്പടികളിൽ പലതും പ്രാബല്യത്തിലുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

നമ്മളറിയുന്നതിനും അപ്പുറമാണ് ഓരോ വിദേശ രാജ്യങ്ങളിലെയും യാഥാർത്ഥ്യങ്ങൾ. അമേരിക്കയും അക്കാര്യത്തിൽ വ്യത്യസ്ഥമല്ല. പ്രസിഡണ്ടു തെരഞ്ഞെടുപ്പുകൂടി നടക്കുന്ന വേളയിൽ രാജ്യത്തുണ്ടായിരിക്കുന്ന വംശീയ സംഘർഷം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. അതിൽ നിന്നും മോചിതമാകാൻ അമേരിക്കയ്ക്കു കഴിയട്ടെ എന്നു നമുക്കു പ്രത്യാശിയ്ക്കാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed