ദു­രന്തമാ­കു­ന്നു­വോ­ ദു­രന്ത നി­വാ­രണം!


കേരള സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (കെ.എസ്.ഡി.എം.എ)യുടെ കീഴിലുള്ള പഠന സ്ഥാപനങ്ങളിലൊന്നായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് 2015 മാർച്ച് മാസത്തിൽ മതപരമായ ചടങ്ങുകൾക്ക് വലിയ ജനാവലി ഉണ്ടാകുന്പോൾ ഭാരവാഹികളും സുരക്ഷ വാഗ്ദാനം നൽകാൻ ബാധ്യതപ്പെട്ട ഏജൻസികളും സ്വീകരിക്കേണ്ടുന്ന മാർഗനിർദേശങ്ങൾ സംബന്ധിച്ച് ഒരു കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ കൊല്ലപ്പെട്ട അപകടങ്ങളിൽ 79 ശതമാനവും മതപരമായ ഉത്സവങ്ങളിലോ തീർത്ഥാടനവേളകളിലോ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു കേരളത്തിലെ അപകട സാധ്യതയുള്ള ഉത്സവങ്ങളെയും ആഘോഷങ്ങളെയും പഠിച്ചുകൊണ്ട് ഇത്തരമൊരു രേഖ അവർ തയ്യാറാക്കാൻ മുതിർന്നത്. പോരാത്തതിന് 1999−ൽ ശബരിമലയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 52 പേർ മരണമടഞ്ഞതും 2011−ൽ അവിടത്തെ തന്നെ ഉണ്ടായ തിരക്കിൽ 102 പേർ കൊല്ലപ്പെട്ടതും മൂലം അടിയന്തര പ്രാധാന്യത്തോടെ പഠിക്കേണ്ട ഒരു വിഷയമാണ് അതെന്ന് അവർ കണ്ടെത്തി. അങ്ങനെയാണ് ആഘോഷങ്ങളുടെ കാര്യത്തിൽ ഒരു സ്റ്റാൻഡേർഡ് ഓപ്പേറേറ്റിങ് പ്രൊസീജിയറിന് (എസ്.എ.പി) അവർ രൂപം നൽകിയത്. വെടിക്കെട്ട്, പൊങ്കാല നിവേദ്യമിടാനുള്ള തീ കത്തിക്കൽ, മതജാഥകൾക്കിടയിലെ തിക്കിത്തിരക്കൽ തുടങ്ങി വിവിധ വിഷയങ്ങൾ ഇതിൽ ചർച്ചയായിട്ടുണ്ട്. 50,000 പേരിലധികം എത്തുന്ന ആഘോഷങ്ങൾക്ക് നിയമപരമായി തന്നെ സ്ഥലത്ത് എമർജൻസി ഓപ്പറേഷൻസ് സെന്റർ വേണമെന്നും അതിൽ പറയുന്നുണ്ട്. അപകട സാധ്യതയുള്ള 46 മതചടങ്ങുകളെ അതിൽ വിശദമായി പഠനവിധേയമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ വെടിക്കെട്ടപകടം നടന്ന പുറ്റിങ്ങൽ ക്ഷേത്രം ഈ പട്ടികയിൽ വരുന്നില്ലെന്നതും അവിടെ നഗ്നമായ നിയമലംഘനങ്ങൾ നടന്നുവെന്നതും സമഗ്രമല്ല ഈ പഠനങ്ങളെന്ന് വെളിവാക്കുന്നു.− അതാകട്ടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെയും അനുബന്ധ സംവിധാനങ്ങളെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണിപ്പോൾ. 

കേരള സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (കെ.എസ്.ഡി.എം.എ) എന്ന സംവിധാനം ഒരു വലിയ ഡിസാസ്റ്റർ ആണെന്ന് ആരോപണമുയർന്നിരിക്കുന്ന സമയമാണിത്. ഈ ആരോപണത്തിന് അടിസ്ഥാനമുണ്ടെന്ന് പലരും വിലയിരുത്തുന്നുമുണ്ട്. അതോറിറ്റിയുടെ വിമർശകർ എടുത്തുപറയുന്ന ഒരു കാര്യം കേന്ദ്രസർക്കാർ ഇക്കാര്യങ്ങൾക്കായി അനുവദിച്ച ഫണ്ട് ക്രിയാത്മകമായി ചെലവിടാതെ അതിനുത്തരവാദപ്പെട്ടവർ പലപ്പോഴും അത് പാഴാക്കിക്കളഞ്ഞുവെന്നതാണ്−. അതോറിറ്റിയുടെയും അതിന്റെ ജില്ലാ അതോറിറ്റികളുടെയും പ്രവർത്തനങ്ങൾക്കായി അതോറിറ്റി രൂപീകൃതമായതിനുശേഷം കേന്ദ്രസർക്കാരും കേരള സർക്കാരും അനുവദിച്ച 12.81 കോടി രൂപയിൽ 10.99 കോടി രൂപ മാത്രമേ ചെലവിട്ടുള്ളുവെന്നതാണ് ആ വാദത്തിന് അടിസ്ഥാനം. പക്ഷേ ആ കണക്കുകൾ വെച്ചുകൊണ്ട് അതോറിറ്റിയുടെ പ്രവർത്തനത്തെ വിലയിരുത്തുന്നത് അത്ര ആശ്വാസ്യമായ കാര്യമല്ല. പകരം ഏതെല്ലാം തരത്തിലുള്ള പ്രവർത്തനങ്ങളാണ് ദുരന്ത നിവാരണ രംഗത്ത് അവർ കൈക്കൊണ്ടത് എന്നു പരിശോധിക്കുകയാണ് കൂടുതൽ നല്ലത്. അങ്ങനെ നോക്കുന്പോൾ ആദ്യം പരിശോധിക്കപ്പെടേണ്ടത് മുല്ലപ്പെരിയാറിൽ അവർ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഇതുവരെ നടപ്പാക്കിയിട്ടുള്ളതെന്നാണ്. കാരണം ഓരോ മഴക്കാലത്തും അണക്കെട്ട് പൊട്ടുമെന്നുള്ള ഭീതി കേരളത്തിൽ ഉയരുന്നു. ജനം പരിഭ്രാന്തിയിലാകുന്നു. ഡാം സുരക്ഷിതമാണെന്നും അല്ലെന്നുമുള്ള പ്രചാരണങ്ങൾ ഉണ്ടാകുന്നു. 110 വർഷത്തിനു മേൽ പഴക്കമുള്ള ഡാമിന്റെ സുരക്ഷിതത്വത്തെപ്പറ്റി ആര് ഉറപ്പുനൽകിയാലും പക്ഷേ അത് വിശ്വസിക്കുന്നതിന് ഒരു പരിധിയുണ്ട്. അതുകൊണ്ടു തന്നെ മുല്ലപ്പെരിയാർ അണക്കെട്ട് എന്ന അടിയന്തരമായി ശ്രദ്ധ പതിപ്പിക്കേണ്ട ഒരു വിഷയത്തിൽ ഏതു മട്ടിലാണ് കെ.എസ്.ഡി.എം.എ പ്രവർത്തിച്ചിരിക്കുന്നതെന്ന് പരിശോധിക്കാം. 

മുല്ലപ്പെരിയാറിൽ എന്തെല്ലാം സംവിധാനങ്ങളാണ് സ്ഥാപിക്കേണ്ടതെന്നും മറ്റിടങ്ങളിൽ എന്തെല്ലാം സുരക്ഷാ താക്കീത് സംവിധാനങ്ങൾ സ്ഥാപിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് നൽകാൻ നിയോഗിക്കപ്പെട്ടത് കെ.എസ്.ഡി.എം.എയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ ലാബോറട്ടറിയായ ഹസാർഡ്, വൾനറബിലിറ്റി ആന്റ് റിസ്‌ക് അസ്സെസ്സ്‌മെന്റ് (എച്ച്.വി.ആർ.എ) സെൽ ആയിരുന്നു. 2011 ജൂലൈയിലെ സർക്കാർ ഉത്തരവ് പ്രകാരം ഡിസാസ്റ്റർ റിസ്‌ക് അസൈസ്സ്‌മെന്റിനായുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഉത്തരവാദപ്പെട്ടവരായിരുന്നു അവർ. 2011 ഏപ്രിലിൽ സൃഷ്ടിക്കപ്പെട്ട എച്ച്.വി.ആർ.എ സെൽ 2012 മാർച്ചിലാണ് പ്രവർത്തനക്ഷമമായത്. 2014 ജനുവരി 20−ന് സർക്കാർ എച്ച്.വി.ആർ.എ സെല്ലിനെ േസ്റ്ററ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ (എസ്.ഇ.ഒ.സി) ആയി പുനർ നാമകരണം ചെയ്യുകയും ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ്) യുടെ കീഴിൽ എസ്.ഡി.എം.എയുടെ ഗവേഷണശാലയായാണ് ഇപ്പോഴത് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെയും ജില്ലകളുടെയും ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാനുകൾ ഉണ്ടാക്കി അത് ബന്ധപ്പെട്ട അതോറിറ്റികൾക്ക് നടപ്പാക്കാനായി നൽകുന്നത് എസ്.ഇ.ഒ.സിയുടെ ചുമതലയാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ അടിയന്തരമായി സംവിധാനങ്ങൾ രൂപകൽപന ചെയ്ത് സ്ഥാപിക്കുന്നതിനു പകരം ഗവേഷണ−പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുകയാണ് എസ്.ഇ.ഒ.സി എന്നാണ് അവർക്കെതിരെയുള്ള ഒരു ആരോപണം. എന്തായാലും മുല്ലപ്പെരിയാറിൽ ഒരു ഏർലി വാണിങ് സിസ്റ്റം (ഇ.ഡബ്ല്യു.എസ്) രൂപകൽപന ചെയ്യുന്നതിന് നാലു വർഷങ്ങൾക്കു മുന്പ് നൽകപ്പെട്ട നിർദേശം ഇന്നും പ്രാവർത്തികമായിട്ടില്ലെന്നതാണ് വാസ്തവം. ദുരന്ത നിവാരണത്തിന്റെ കാര്യത്തിൽ കേരള സർക്കാരിനുള്ള ആത്മാർത്ഥത എത്രത്തോളമാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണത്. അണക്കെട്ടിന് ദോഷകരമാകും വിധമുള്ള വ്യതിയാനങ്ങൾ കാണുന്നപക്ഷം ഡിജിറ്റൽ സെൻസറിലൂടെ ആ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും പ്രദേശവാസികൾക്ക് സൈറനിലൂടെ അപായ സിഗ്നൽ നൽകുന്നതിനുമുള്ള സംവിധാനമായിരുന്നു ആ പദ്ധതി. എന്താണ് അടിയന്തരപ്രാധാന്യമുള്ള അത്തരമൊരു പദ്ധതി പോലും ഇന്നും പ്രവർത്തനക്ഷമമാകാതിരിക്കാനുള്ള കാരണം? ഏർലി വാണിങ് സംവിധാനം വികസിപ്പിച്ചെടുക്കുന്ന പദ്ധതി ഔട്ട്‌സോഴ്‌സ് ചെയ്യാനായിരുന്നു ആദ്യ തീരുമാനം. 2013 ജൂണിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഐ.ബി.എമ്മിനും വെർഡിയൂർ എന്ന കന്പനിക്കും സൈറ്റ് സർവേ ചെയ്യാനുള്ള അനുമതി നൽകിയിരുന്നതുമാണ്. കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി ഇത് നടപ്പാക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും അവർ അതിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് സ്വകാര്യ കന്പനികളെ ഏൽപിക്കാൻ പദ്ധതിയിട്ടത്. ഈ സംവിധാനം അരുവിക്കരയിൽ വിജയകരമായി പരീക്ഷണവിധേയമാക്കിയെങ്കിലും ഇനിയും മുല്ലപ്പെരിയാറിൽ എത്തിയിട്ടില്ലെന്നതാണ് സത്യം. “2016 ഫെബ്രുവരി 18−ന് ചേർന്ന യോഗത്തിൽ അത് വെയ്ക്കാനുള്ള തീരുമാനം ആയിട്ടുണ്ടെന്നാണ്” എസ്.ഇ.എ.സിയുടെ മേധാവിയായ ഡോക്ടർ ശേഖർ ലൂക്കോസ് കുര്യാക്കോസ് പറയുന്നത്. പക്ഷേ ടെണ്ടർ നടപടികൾ പോലും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ലത്രേ. അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടിയിരുന്ന ഈ സംവിധാനം പോലും പ്രവർത്തനക്ഷമമാകാതിരുന്നതിന്റെ കാരണമെന്താണ്? “വനംവകുപ്പാണ് ഇതിൽ വില്ലനായത്. രണ്ടു വർഷത്തോളം ഈ ഉപകരണങ്ങൾ മുല്ലപ്പെരിയാറിൽ സ്ഥാപിക്കുന്നതിന് വിഘാതം സൃഷ്ടിച്ചത് അവരാണ്. വനംവകുപ്പിന് ഈ പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്വം കൈമാറിയതിലാണ് ഇപ്പോഴവർ അതിനു സമ്മതം മൂളിയിരിക്കുന്നത്,” ശേഖർ ലൂക്കോസ് കുര്യാക്കോസ് തുറന്നു പറയുന്നു. ഉപകരണങ്ങൾക്കായുള്ള ടെണ്ടർ എസ്.ഇ.എ. സിയാകും നടത്തുക. ചുരുക്കത്തിൽ മുല്ലപ്പെരിയാർ വാണിങ് സിസ്റ്റം പോലും നിലവിൽ വരാൻ ഇനിയും ഏറെ സമയമെടുക്കും.− ആ സമയത്ത് അണക്കെട്ടും കേരളവും അവിടെ ഉണ്ടായാൽ അതോറിറ്റി രക്ഷപ്പെട്ടുവെന്നു പറയാം!!

ഇനി ദുരന്തനിവാരണ അതോറിറ്റിയും വാണിങ് സംവിധാനവുമൊക്ക ഉണ്ടായ ശേഷമുള്ള ഒരു കഥയിലേക്കു വരാം. ആലുവ മണപ്പുറത്തിനടുത്ത് പെരിയാറിന്റെ തീരത്താണ് പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ പി.കെ ഇബ്രാഹിം കുഞ്ഞിന്റെ പെരിയാർ ക്രെസന്റ് എന്ന ആഡംബര ബംഗ്ലാവ്. 2013 ഓഗസ്റ്റിൽ ഇതിനു മുന്പൊരിക്കലുമുണ്ടാകാത്തവിധം വീടിന്റെ വരാന്ത വരെയ്ക്കും പെരിയാറിൽ നിന്നും വെള്ളം ഇരച്ചു കയറി. തീർത്തും അപ്രതീക്ഷിതമായിയെത്തിയ വെള്ളം കണ്ട് സംസ്ഥാന മന്ത്രി പോലും അന്പരന്നു. പുഴയിൽ ജലനിരപ്പ് ഇത്ര കണ്ട് ഉയരുമെന്ന് യാതൊരു മുന്നറിയിപ്പും സംസ്ഥാനത്തെ മന്ത്രിക്കു പോലും ലഭിച്ചിരുന്നില്ല. അടുത്ത ദിവസം ചെന്നൈയ്ക്ക് പോകാനിരുന്ന മന്ത്രിയുടെ വിമാനയാത്ര അതോടെ റദ്ദാക്കപ്പെട്ടു. ആലുവയിൽ തന്നെയുള്ള തന്റെ ബന്ധുവിന്റെ വീട്ടിലേക്ക് അതിരാവിലെ പേഴ്‌സണൽ സ്റ്റാഫിനും കുടുംബത്തിനുമൊപ്പം മന്ത്രി കൂടുമാറി. സംസ്ഥാനത്തെ ഒരു മന്ത്രി അതിരാവിലെ തന്നെ പെട്ടിയും സാമഗ്രികളുമെടുത്ത് ബന്ധുവീടിനെ ആശ്രയിക്കേണ്ടി വന്നത് വാസ്തവത്തിൽ സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനത്തിന്റെ വീഴ്ചയാണ് വെളിപ്പെടുത്തുന്നത്. തലേന്ന് പെരിയാറിലെ ജലനിരപ്പ് ഉയരുമെന്ന് കളക്ടറുടെ ജാഗ്രതാ നിർദേശം ഉണ്ടായിരുന്നുവെങ്കിലും അത് എപ്പോഴും നൽകുന്ന പോലുള്ള ഒരു നിർദേശം മാത്രമായതിനാൽ മന്ത്രി പോലും അത് അവഗണിക്കുകയായിരുന്നു. വാണിങ് കിട്ടിയാൽ പോലും അത് നടപ്പാക്കാൻ ജില്ലാ തലത്തിലുള്ള അതോറിറ്റികൾക്ക് കഴിയണമെന്നില്ലെന്ന് വ്യക്തമാക്കുന്നു ആ സംഭവവികാസം. 

നദിയിൽ ജലനിരപ്പ് ഉയരുന്നതും ഉരുൾപൊട്ടലിനുള്ള സാധ്യതകൾ തിരിച്ചറിയുകയുമൊക്കെ ചെയ്യുന്നപക്ഷം അതിവേഗം ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ മുന്നറിയിപ്പുകൾ നൽകപ്പെട്ടാൽ ജീവനാശം ഏറ്റവും കുറയ്ക്കാനാകുമെന്ന കാര്യത്തിൽ സംശയമില്ല. 2004−ലെ സുനാമിക്കുശേഷമാണ് ദുരന്തത്തെപ്പറ്റി മുൻകൂട്ടി അറിയുന്നതിനുള്ള സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കാനും ദുരന്തത്തിന്റെ വ്യാപ്തി പരമാവധി കുറയ്ക്കാനുമുള്ള ഒരു തീരുമാനം ദേശീയ തലത്തിൽ തന്നെ ഉണ്ടാകുന്നത്. അതിന്റെ ഭാഗമായാണ് ദേശീയ ദുരന്ത നിവാരണ സമിതി രൂപീകരിക്കുകയും സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലും ദുരന്ത നിവാരണ കർമ്മ സമിതികൾ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തത്. പ്രതിവർഷം നാലു കോടി രൂപയാണ് കേന്ദ്ര സർക്കാർ ദുരന്ത നിവാരണ അതോറിറ്റിയായ കേരളാ േസ്റ്ററ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിക്ക് (കെ.എസ്.ഡി.എം.എ) ബോധവൽക്കരണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി അനുവദിച്ചിട്ടുള്ളത്. 20 കോടി രൂപയോളമാണ് 2010−-2015 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങൾക്കായി ലഭിച്ചത്. 13−ാം ധനകാര്യ കമ്മീഷന്റെ പ്രത്യേക നിർദേശത്തിനനുസൃതമായാണ് അത് ലഭിച്ചത്. എന്നാൽ പ്രകൃതി ദുരന്തത്തെപ്പറ്റി മുൻകൂട്ടി അറിവു നൽകാൻ സഹായിക്കുന്ന സംവിധാനങ്ങൾ ഇനിയും സംസ്ഥാനത്ത് പ്രവർത്തനക്ഷമമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉരുൾപൊട്ടലുകളും പ്രളയവുമൊക്കെ നിറഞ്ഞു നിന്ന 2013. മലകളും (ഉരുൾപൊട്ടൽ) പുഴകളും (പ്രളയം, അണക്കെട്ട് തകരൽ) കടലും (കൊടുങ്കാറ്റ്, കടലാക്രമണം, സുനാമി) കനത്ത മഴയുമൊക്കെയുള്ള പ്രദേശമായതിനാൽ പ്രകൃതി ദുരന്ത സാധ്യത കേരളത്തിൽ മറ്റിടങ്ങളിലുള്ളതിനെക്കാൾ വളരെ കൂടുതലാണ്. മലന്പാതകളുടെ അശാസ്ത്രീയമായ നിർമ്മാണവും കുടിയേറ്റ കൃഷിയും അശാസ്ത്രീയമായ കെട്ടിട നിർമ്മാണവുമെല്ലാം ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാനിടയാക്കുകയും ചെയ്യുന്നു. ഇതിനു പുറമേയാണ് റിക്ടർ സ്‌കെയിലിൽ 6.5 വരെ രേപ്പെടുത്തിയേക്കാവുന്ന ഭൂകന്പങ്ങൾ ഉണ്ടാകാനിടയുള്ള ഭൂകന്പ മേഖലയിലുള്ള കേരളത്തിന്റെ സ്ഥാനം. ജനസാന്ദ്രത ഏറെയുള്ള സ്ഥലമായതിനാൽ അതിവേഗം പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യതയും വ്യവസായിക ദുരന്തങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളുമൊക്കെ ഇതുപോലെ തന്നെ പരിഗണിക്കപ്പെടേണ്ടവ തന്നെ. അതുപോലെ തന്നെയാണ് വരൾച്ചയുടെ കാര്യവും. ദേശീയ ദുരന്തനിവാരണസമിതിയുടെ ചുവടുപിടിച്ചാണ് സംസ്ഥാന മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യു മന്ത്രി വൈസ് ചെയർമാനുമായി 2007 മേയിൽ സംസ്ഥാന സർക്കാർ കേരള േസ്റ്ററ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിക്ക് (കെ.എസ്.ഡി.എം.എ) രൂപം നൽകിയത്. സംസ്ഥാന നയരൂപീകരണത്തിനും ദുരന്തസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമുള്ള ചുമതല ഇവർക്കു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ്. ഇതിന്റെ ഭരണനിർവഹണ ചുമതല ചീഫ് സെക്രട്ടറിയുടെ കീഴിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ആരോഗ്യകാര്യ സെക്രട്ടറിക്കുമാണ്. പക്ഷേ 2007−ൽ തുടക്കമിട്ട കെ.എസ്.ഡി.എം.എ കാര്യമായ പ്രവർത്തനങ്ങളൊന്നും തന്നെ നടത്താതെ ഇരുട്ടിൽ തപ്പിത്തടയുകയായിരുന്നുവെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. “ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ പ്രവർത്തനം തന്നെ ഒരു വലിയ ദുരന്തമാണ്. കേന്ദ്രത്തിൽ നിന്നായി കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി പ്രതിവർഷം നാലു കോടി രൂപ നിരക്കിൽ ഉപകരണങ്ങൾ വാങ്ങുന്നതിനും സംവിധാനമൊരുക്കുന്നതിനുമായി 20 കോടി രൂപ ലഭിച്ചുവെങ്കിലും അവയെല്ലാം തന്നെ ഏതുതരത്തിലാണ് വിനിയോഗിക്കുന്നതെന്നതിനു പോലും വ്യക്തമായ കണക്കുകളില്ല.’’ ഒരു സ്രോതസ്സ് പറയുന്നു. 

കേരളത്തിന് വ്യക്തമായ യാതൊരു ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാനുമില്ലെന്ന് അതെപ്പറ്റി പഠിക്കുന്നവർക്ക് മനസിലാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യു മന്ത്രിയായിരിക്കുന്ന സമയത്ത് എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് കാണിക്കാൻ ചില പ്രചാരണങ്ങളൊക്കെ നടത്തിയിരുന്നുവെന്നത് സത്യമാണ്. സുരക്ഷായാനം എന്ന പേരിലുള്ള വർക്‌ഷോപ്പായിരുന്നു അത്. ആ അഭ്യാസത്തിനായി ലക്ഷക്കണക്കിനു രൂപയാണ് പരസ്യത്തിനുവേണ്ടി മാത്രമായി ചെലവിട്ടത്. ബോധവൽക്കരണ പ്രക്രിയയ്ക്കായി വലിയൊരു ഫണ്ട് ഇതിനായി കേന്ദ്രത്തിൽ നിന്നു ലഭിക്കുന്നുണ്ട്. കുറെ ലഘുരേഖകളടിച്ച് പോലും കാശ് എഴുതിയെടുക്കാനാകുമെന്നതിനാൽ ഇക്കാര്യത്തിൽ രാഷ്ട്രീയ സമൂഹത്തിന് ഉത്സാഹം കൂടുതലുണ്ടു താനും. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ കെ.എസ്.ഡി.എം.എ പ്രവർത്തനരഹിതമാണെന്നാണ് ഈ രംഗത്തെ പ്രമുഖരുടെ വിലയിരുത്തൽ. എല്ലാ മഴക്കാലത്തും കേരളത്തെ പ്രശ്‌നത്തിലാഴ്ത്തുന്നവയാണ് മലന്പ്രദേശങ്ങളിലെ ഉരുൾപൊട്ടലുകൾ. ഉരുൾപൊട്ടലുകളുടെ കാര്യത്തിലുള്ള തീരുമാനങ്ങളെടുക്കുന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ)യാണ് നോഡൽ ഏജൻസി. “എവിടെയാണോ ഏറ്റവുമധികം ഉരുൾപൊട്ടലിന് സാധ്യതയുള്ളത്, ജനങ്ങളുടെ പുനരധിവാസം എന്നിങ്ങനെയുള്ള നിരവധി മാർഗനിർദേശങ്ങൾ അവർ നൽകിയിട്ടുണ്ട്. പക്ഷേ സർക്കാർ അവയൊന്നും തന്നെ പ്രാവർത്തികമാക്കാനുള്ള എന്തെങ്കിലും നീക്കങ്ങൾ നടത്തിയതായി ആർക്കുമറിയില്ല. സെന്റർ ഫോർ എർത്ത് സയൻസസ് സ്റ്റഡീസ് കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട് ഒരു ഭൂപടമുണ്ടാക്കുകയും അത് ജില്ല

You might also like

Most Viewed