പഴയ ജീവിതവും പുതിയ രഹസ്യങ്ങളും
കാണപ്പെടുന്നതും അല്ലാത്തതുമായ പ്രപഞ്ചത്തിലെ ഓരോ സൂക്ഷ്മവും സ്ഥൂലവുമായ പ്രതിഭാസങ്ങൾക്ക് പിന്നിലും അറിയപ്പെടാത്ത ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നത് ഒരു പ്രകൃതി നിയമമാണ്. അതിനെ കണ്ടെടുക്കുന്ന താക്കോൽ എവിടെയെങ്കിലുമൊക്കെ പ്രകൃതി ഒളിച്ചുവെച്ചിട്ടുണ്ട്. അത് കണ്ടെടുത്ത് തുറന്ന് വായിച്ചു മനസ്സിലാക്കേണ്ടത് മനുഷ്യന് പ്രകൃതി തന്ന ബുദ്ധിശക്തിയിലൂടെയാണ്. ദൃശ്യമായ പ്രതിഭാസങ്ങൾക്കപ്പുറം ഒരു മഹാരഹസ്യമുണ്ടെന്നു ചിന്തകരും ശാസ്ത്രഞ്ജരും മനസ്സിലാക്കിയത് ഭൂമി സ്ഥിരമായി നില്ക്കുകയും സൂര്യൻ അതിനുചുറ്റും കറങ്ങുകയും ആണെന്നുള്ള വിശ്വാസം അബദ്ധജടിലമാണെന്നും അതിനു കടകവിരുദ്ധമാണ് സത്യം എന്നും മനസ്സിലാക്കിയതോടെയാണ്. കണ്ണുകൾ കൊണ്ട് കാണുന്നതും ചെവികൾ കൊണ്ട് കേൾക്കുന്നതും മാത്രമല്ല സത്യം, അതിലും ഗഹനമായ സത്യങ്ങളുടെ പിൻബലത്തിലാണ് ഈ ലോകം നിലനിൽക്കുന്നതെന്ന് മനസ്സിലാക്കുവാൻ ഇത് സഹായിച്ചു.ആത്മീയമായ ചിന്താധാരയിലേയ്ക്ക് മനുഷ്യൻ ചേക്കേറിയതും ഇത്തരം തിരിച്ചറിവുകളിലൂടെയാണ്.
നമുക്ക് അദൃശ്യവും അജ്ഞാതവുമായ ഏതോ ശക്തിയാൽ നിയന്ത്രിതമാണ് പ്രപഞ്ചത്തിന്റെയും അതിലെ നമ്മുടെ ഈ ലോകത്തിന്റെയും ഉത്ഭവം മുതൽ നിലനിൽപ്പ് വരെയുള്ള എല്ലാ പ്രതിഭാസങ്ങളും എന്ന ഒരു ചിന്ത ഉണ്ടായപ്പോൾ അതിനെ ദൈവമെന്ന് ഭൂരിപക്ഷവും വിശ്വസിച്ചു. കാരണം രഹസ്യങ്ങളുടെ വ്യാപ്തി അത്രയധികമായിരുന്നു. ദുർഗ്രാഹ്യമായ രഹസ്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുന്പോൾ നമുക്കതീതമായ ഒരു ശക്തിയാലാണ് ഇതൊക്കെ രൂപീക്രുതമായതും നയിക്കപ്പെടുന്നതും എന്ന് വിശ്വസിക്കുന്നത് മനുഷ്യന് ആശ്വാസകരമായിരുന്നു. അതിലൂടെ നമ്മുടെ ജീവിതത്തെയും ആ ശക്തി നയിച്ചുകൊള്ളും എന്ന ആത്മവിശ്വാസത്തിലേയ്ക്ക് മനുഷ്യൻ നയിക്കപ്പെട്ടു. മനസ്സിലാക്കപ്പെട്ടതിനേക്കാൾ എത്രോയോ കൂടുതൽ മനസ്സിലാക്കപ്പെടാനായുണ്ട് എന്ന തിരിച്ചറിവാണ് ഇതിലേയ്ക്ക് പ്രധാനമായും നയിച്ചത്. ഇതുവരെ കണ്ടെത്താത്ത കറുത്ത പദാർത്ഥത്തേയും (ബ്ലാക്ക് മാറ്റർ) ദൈവകണത്തേയും ഇപ്പോൾ കണ്ടെത്തി.എന്നിട്ടും ഈ മഹാപ്രപഞ്ചത്തിൽ സംഭവിച്ചതെന്ത് സംഭവിക്കാൻ ഇരിക്കുന്നതെന്ത് എന്നതിനെപ്പറ്റിയുള്ള മഹാരഹസ്യം ഇപ്പോഴും അങ്ങിനെ തന്നെ അവശേഷിക്കുന്നു. ഈ സമസ്യക്ക് ഒരു ഉത്തരം കണ്ടെത്താനുള്ള മനുഷ്യന്റെ മഹാ യത്നത്തിന്റെ ഭാഗമാണ് ഫ്രാൻസ് സ്വിസ്സ് അതിർത്തിയിലുള്ള മല തുരന്ന് ഇരുപത്തേഴു കിലോമീറ്റർ തുരങ്കമുണ്ടാക്കി അതിൽ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ യന്ത്രോപകരണം, ലാർജ് ഹാഡ്രോൺ കൊള്ളൈഡർ. പ്രോട്ടോൺ കണികകളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് പ്രപഞ്ച രൂപീകരണത്തിന്റെ സമയത്തെ അവസ്ഥ ഉണ്ടാക്കിയെടുക്കാനാണ് ഈ പരീക്ഷണം. അതിലൂടെ മാനവരാശി തേടുന്ന ഉത്തരങ്ങൾ കണ്ടെത്താനാവുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. ദൈവകണമെന്നു പേരിട്ടിരിക്കുന്ന ഹിഗ്ഗ്സ് ബോസോണ് ഈ പരീക്ഷണത്തിലൂടെ കണ്ടെത്തിയതാണ്.
ഇനി പ്രപഞ്ചത്തിന്റെ അന്തരാളങ്ങളിലേയ്ക്ക് പോകാതെ നമ്മുടെ സ്വന്തം ഭൂമിയിലേക്ക് വന്നാലും സമസ്യകൾ നിരവധിയാണ്. ജീവൻ എങ്ങിനെ ഉത്ഭവിച്ചു, മനുഷ്യൻ അടക്കമുള്ള ജീവജാലങ്ങളിൽ ഇത്ര വിശാലമായ വൈവിധ്യം എങ്ങിനെ ഉടലെടുത്തു എന്നൊക്കെയുള്ള രഹസ്യങ്ങൾക്ക് പോലും പൂർണ്ണമായ ഉത്തരം തരാൻ സാധ്യമായിട്ടില്ല. ഭൂമിയിലെ ജീവന്റെ ഉൽപ്പത്തിയെപ്പറ്റി പല ശാസ്ത്രബദ്ധമായ വിശദീകരണങ്ങളുമുണ്ടെങ്കിലും അത് ഏതോ ഉൽക്കാപതനത്തിലൂടെ ഏതോ അജ്ഞാതമായ ഗ്രഹത്തിൽ നിന്നും വന്നതാണെന്ന്പോലും തെളിവുകൾ വെച്ച് അഭിപ്രായപ്പെടുന്ന ശാസ്ത്രവൃന്ദവും ഉണ്ട്. ജീവവൈവിധ്യത്തിന് പാരന്പര്യശാസ്ത്രത്തിന്റെ പിൻബലത്തൊടെ വിശദീകരണം നൽകപ്പെടുന്നുണ്ട്. ഇവയൊക്കെ വിശദീകരിക്കാൻ ശ്രമിക്കുന്നവർ തങ്ങളുടെ ഉത്തരങ്ങളുടെ അപര്യാപ്തതയെപ്പറ്റി ബോധവാന്മാരാണ്, അവരത് ഭാവിക്കുന്നില്ലെങ്കി
ലും.
ഇങ്ങനെ ജീവിതത്തിന്റെ സമഗ്രതയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള പ്രാപഞ്ചിക രഹസ്യങ്ങളെപ്പറ്റി മനസ്സിലാക്കാൻ മനുഷ്യൻ അനുസ്യൂതമായി ശ്രമിക്കുന്നത് അറിയാനുള്ള ഉദ്ഘടമായ അഭിവാഞ്ച കൊണ്ടാണ്. ശാസ്ത്രം മുന്നോട്ടു വെക്കുന്ന ഈ വിലപ്പെട്ട അറിവുകൾ വിദൂരഭാവിയിൽ മനുഷ്യരാശിക്ക് ഏറെ ഉപയുക്തമായി വന്നേക്കാം. ഈ ലോകം മനുഷ്യവിക്രിയകളുടെ ഫലമായി ജീവിക്കാൻ കൊള്ളാതാവുന്പോൾ അന്നത്തെ സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ ചേക്കേറാൻ ഒരു സ്ഥലം കണ്ടെത്തണമല്ലോ. മാത്രവുമല്ല ഭാവിയിൽ ഭൗമമണ്ധലത്തിലേയ്ക്ക് കടന്നുവന്ന് ജീവന് ഭീഷണി ഉയർത്താൻ സാധ്യതയുള്ള ഗോളാന്തരവസ്തുക്കളേയും ഒരുപക്ഷെ ഭൗമേതര നാഗരികതകളേത്തന്നെയും പ്രതിരോധിക്കാൻ അതിലൂടെ സാധിച്ചേക്കാം.
ഇനി നമ്മുടെ അറിയുന്ന ജീവിതത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങളെ കൂടി സൂചിപ്പിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാമെന്ന് ഞാൻ കരുതുന്നു.
കാരണം ഇത്തരം അതിസങ്കീർണമായ പ്രപഞ്ചരഹസ്യങ്ങൾ അറിഞ്ഞില്ലെങ്കിൽ അത് സാധാരണ മനുഷ്യനെയോ അവന്റെ ജീവിതഗതിയെയോ ഉടനെ ബാധിക്കുന്ന ഒന്നല്ല. എന്നാൽ അറിയാതെ ജീവിച്ചാൽ ജീവിതഗതിയേത്തന്നെ സാരമായി ബാധിക്കുന്ന ചില രഹസ്യങ്ങളോടൊപ്പമാണ് നാമിന്ന് ജീവിക്കുന്നത്.
പ്രപഞ്ചവൈപുല്യത്തിൽ നിന്നും നമ്മുടെ ജീവന്റെ പരിമിതിയിലേയ്ക്ക് ആത്യന്തികമായി നാം വന്നേ പറ്റൂ. കാരണം ഏതൊരു ജീവിതത്തിലും സാധാരണവും സ്വാഭാവികവുമായി ഉണ്ടാവുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പലപ്പോഴും ബോധപൂർവം ഏതെങ്കിലുമൊക്കെ താൽപ്പര്യസംരക്ഷണത്തിനായി സൃഷ്ടിക്കപ്പെടുന്നതാണ് എന്നുള്ള നേരറിവ് ആരിലും ഒരു അന്പരപ്പുണ്ടാക്കിയേക്കാം.
സമകാലിക ലോകത്ത് പുറമേ കാണപ്പെടാത്ത സത്യങ്ങളെ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ലോകം മുഴുവൻ അത്തരം ഗൂഡസത്യങ്ങളാൽ നിബിഡമായിരിക്കുകയാണ്. മാർക്കറ്റിൽ ഇറങ്ങുന്ന മരുന്ന് വ്യാപകമായി വാങ്ങപ്പെടുവാൻ സൃഷ്ടിച്ചു വിടുന്ന രോഗഭീതി, വഴീനീളെ മനുഷ്യന്റെ സ്വൈര്യവിഹാരത്തിന് ഗുരുതരഭീഷണിയുയർത്തുന്ന ശ്വാനകുലത്തിനു വേണ്ടി വാദിക്കാൻ എത്തുന്ന വിലപിടിച്ച അഭിഭാഷകർ, നാടിന്റെ നന്മ ഉൾക്കൊള്ളുന്ന എണ്ണക്ക് പൂരിത കൊഴുപ്പിന്റെ പതിത്വം കൽപ്പിക്കുന്ന ഗവേഷണം, സഹജീവിയുടെ ജീവൻ നിഷ്ടൂരമായി കെടുത്തിയിട്ട് സ്വന്തം ഇംഗിതം സാധിച്ച നരാധമനെ സഹായിക്കാനായി നീളുന്ന അദൃശ്യകരങ്ങൾ എന്നിവയെല്ലാം ഇത്തരം ഗൂഡസത്യങ്ങളെയാണ് ഗർഭത്തിൽ വഹിക്കുന്നത്.
ജനം എന്തെല്ലാം ചിന്തിക്കണം എന്തൊക്കെ സംസാരിക്കണം എങ്ങിനെയൊക്കെ ജീവിക്കണം ഏതിനെപ്പറ്റിയൊക്കെ ഉത്കണ്ഠപ്പെടണം, സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ആശയങ്ങളും എങ്ങനെ രൂപീകരിക്കപ്പെടണം തുടങ്ങിയുള്ള എല്ലാ കാര്യങ്ങളും തീരുമാനിക്കുന്ന ചില കേന്ദ്രങ്ങൾ, അതിന് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഡശക്തികൾ, അവയുടെ നിഗൂഡമായ അജണ്ടകൾ ഇങ്ങനെ പുറമേ കാണാത്ത എന്തെല്ലാം നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികൾ തീരുമാനിക്കുന്നു! ഇതിനൊക്കെയുള്ള വ്യക്തമായ ആശയങ്ങളും പദ്ധതികളും എവിടെയൊക്കെയോ അജ്ഞാതകേന്ദ്രത്തിൽ തീരുമാനിക്കപ്പെടുന്നു. ഇതിന്റെയെല്ലാം ഇടയിൽപ്പെട്ട് ജനാധിപത്യത്തിന്റെ ആണിക്കല്ലായ അറിയാനുള്ള അവകാശം ശ്വാസംമുട്ടി ഊർധ്വൻ വലിക്കുന്നു. രാഷ്ട്രീയവും ഉപജീവനവും തമ്മിലുള്ള അതിർവരന്പ് നേർത്തുനേർത്ത് ദൃഷ്ട്ടിയിൽപ്പെടാതായിരിക്കുന്നു. പലയിടത്തും ഭീഷണി നേരിടുന്ന പ്രകൃതിയുടെ ലോലമായ വിവിധ ആവാസവ്യവസ്ഥകളെ സംരക്ഷിക്കണമെന്ന ആത്മാർഥതയിൽ പ്രവർത്തിക്കുന്ന എത്രയോ ഹൃദയങ്ങളുടെ മറവിൽ കുത്തകവ്യവസായത്തിന്റെ വേരുകൾക്ക് വളമിട്ടുകൊടുക്കുന്ന വൈതാളികർ കാര്യം സാധിച്ചു അട്ടഹസിക്കുന്നു.
ജനാധിപത്യം അതിന്റെ ആണിക്കല്ലുകളിൽ ഉറച്ചു നിൽക്കുന്നു, നിയമം പാലിക്കപ്പെടുന്നു, അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നിങ്ങനെയൊക്കെ വിശ്വസിച്ചു ജീവിക്കുന്ന പാവപ്പെട്ട മനുഷ്യൻ വഞ്ചിതനായിക്കൊണ്ടേയിരിക്കുന്നു. എത്ര പരിതാപകരം,, അല്ലെ?