“സമരമാണ് ജീവിതം”
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. ചൂണ്ടകളുമായി രാഷ്ട്രീയ പാർട്ടികളും, പ്രവാസ ലോകത്തും ചർച്ചകൾ സജീവം. സൂര്യപ്രകാശം പോലും തെളിഞ്ഞു കാണാത്ത വനമേഖലകളിൽ താമസിക്കുന്ന പട്ടിണിയിലും പകർച്ച വ്യാധി രോഗങ്ങളിലും അടിമപ്പെട്ട് കഴിയുന്ന കാടിന്റെ മക്കൾ എന്ന് വിശേഷിപ്പിക്കുന്ന ആദിവാസി സമൂഹത്തിലേയ്ക്കാണ് വോട്ടു തേടിയുള്ള ചൂണ്ടയിടൽ നാടകത്തിന് വേഷമിടുന്നത്. കുഷ്ഠരോഗികളെ കണ്ട് ക്ഷേമാന്വേഷണം നടത്തുന്നു, കുടുംബ കാര്യം അറിയുന്നു, ജനാധിപത്യം പറയുന്നു, കുഷ്ഠരോഗികളുടെ കാൽപാദം തൊട്ടു വണങ്ങുന്നു, കുഞ്ഞു മക്കളെ വാരിയെടുത്ത് ചുടുമുത്തം നൽകി പടിയിറങ്ങുന്നു. വോട്ടുബാങ്ക് ഉറപ്പാക്കുന്നു. ജനാധിപത്യം കാടിറങ്ങുന്നു. ഇത് ഒരു വോട്ടു പിടിത്ത രംഗമാണ്, എല്ലാം മോഹിപ്പിച്ചു കൊണ്ട് പിന്നിടുന്ന 5 വർഷങ്ങൾക്കിടയിൽ ഒരിക്കൽപോലും ഈ പ്രദേശം കേരളത്തിന്റെ ഏത് ജില്ലയിലാണെന്ന് പോലും ചിലപ്പോൾ ഓർമ്മയുണ്ടാവില്ല. ഇവരുടെ പേരും നിയമസഭ സാമാജികർ എന്നാണ് വിളിക്കപ്പെടുന്നത്. ഇതേ അടവ് നയം തന്നെയാണ് പ്രവാസി സമൂഹത്തോടും പറഞ്ഞു ഫലിപ്പിക്കാൻ വിമാനം കയറി വരുന്നത്. വോട്ടവകാശം ഇനി മുതൽ പ്രവാസികൾക്കും ലഭിക്കുമെന്നും യാത്രാ ക്ലേശം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നും പ്രവാസികളെ രണ്ട് തൽ പൗരന്മാരായി കാണില്ലെന്നുമുള്ള ഓഫറുകളുമായി ജനപ്രതിനിധികളും നേതാക്കളും ഗൾഫിൽ ചുറ്റിയടിക്കുന്നതും കൂറ്റൻ പെട്ടികളുമായി തിരിച്ചു പോകുകയും ചെയ്യുന്നതാണ് നാം കാണാറുള്ളത്. എഴുപത് കോടിയിലേറെ വരുന്ന പൗരന്മാർക്ക് സമ്മതിദാനവകാശമുള്ള ഇന്ത്യരാജ്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ദശലക്ഷ കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക് ഇന്നും വോട്ടവകാശം ഒരു വിദൂര സ്വപ്നമാണ്. ഇന്നും ആറ് മാസക്കാലം രാജ്യത്തിന് പുറത്താണെങ്കിൽ വോട്ടവകാശം നിഷേധിക്കപ്പെടുകയല്ലേ ചെയുന്നത്. എന്നാൽ കൂട്ടത്തിലെ വരേണ്യ വിഭാഗത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയോ മന്ത്രിയാക്കുകയോ ഒക്കെയാകാം. ദീർഘകാലം നയതന്ത്രഞ്ജനെന്ന നിലയ്ക്ക് പ്രവാസ ജീവിതം നയിച്ച വ്യക്തിയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കേരളത്തിൽ നിന്ന് മത്സരിച്ചവരിൽ ഏറ്റവും സന്പന്നനായ സ്ഥാനാർഥി ഒരു ഉദാഹരണം മാത്രം രേഖപ്പെടുത്തുന്നു. രണ്ട് തരം പ്രവാസികൾ എന്ന ഭരണകൂടത്തിന്റെ വിവേചനം തുറന്നു കാണിക്കുകയല്ലേ ഈ സംഭവം ചൂണ്ടി കാണിക്കുന്നത്. ഇപ്പോഴും പരിഹരിക്കപ്പെടാതെ പോകുന്ന വിഷയമാണ് വിമാന കന്പനികൾ പ്രവാസികളോട് കാട്ടുന്ന അനീതിയും ധിക്കാരവും. എയർഇന്ത്യയുടെ നിരന്തര ചൂഷണത്തിൽ നിന്ന് മോചനം തേടിയുള്ള പരിസമാപ്തിയായിരുന്നു ബജറ്റ് എയർലൈൻ അഥവാ ഇന്ത്യൻ എക്സ്പ്രസ് എന്ന പ്രതി പ്രസ്ഥാനം. കൈയടികളോടെയാണ് ഗൾഫ് മലയാളി സമൂഹം എക്സ്പ്രസ്സിനെ വരവേറ്റത്. ചുരുങ്ങിയ ചിലവിൽ പിറന്ന നാട്ടിൽ പറന്നെത്താൻ ഉള്ള അവസരം എന്നാണു പറഞ്ഞു വന്നത്. പക്ഷേ സംഭവിച്ചത് മറ്റൊരു ചൂഷണമായിരുന്നു. നാട്ടിൻ പുറങ്ങളിലെ മറക്കസേരകൾക്ക് പുത്തനുടുപ്പിട്ട ഇരുപ്പിടവും എലിക്കെണി വെക്കാൻ മാത്രം തൂക്കം വരുന്ന ഭക്ഷണവും വിളന്പി ഓട്ടം തുടങ്ങിയ എക്സ്പ്രസ്സിനെയും മലയാളിക്ക് സഹിക്കേണ്ടി വന്നു. ഇപ്പോഴത്തെ ഏറ്റവും വലിയ ചൂഷണവും ചൂതാട്ടവും ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിലൂടെയാണ് നടക്കുന്നത്. പേരിനു ഏതാനും ടിക്കറ്റുകൾ കുറഞ്ഞ വിലക്ക് വിൽക്കുകയും ആവശ്യക്കാർ അധികരിക്കുന്പോൾ കൊള്ള ലാഭം കൊയ്ത് വിൽപ്പന നടത്തുന്നു. ഗൾഫ് മലയാളികളുടെ രോദനങ്ങൾ കേൾക്കാൻ ആരെങ്കിലുമുണ്ടോ? ജനപ്രധിനിധികൾ എന്തിന് ഭരണസിരാ കേന്ദ്രത്തിൽ സ്ഥാനം ഉറപ്പിക്കണം? രാജ്യത്തിന്റെ പലഭാഗത്തും കാലവർഷ കെടുതികൾ അനുഭവിക്കുന്പോഴും, പട്ടിണിയും പകർച്ച രോഗങ്ങൾ വർദ്ധിക്കുന്പോഴും ഭീകരവാദത്തിന്റെയും ഭീഷണികൾ നേരിടുന്പോഴും രാജ്യത്തിന്റെ ഭരണസിരാ കേന്ദ്രത്തിൽ കൂട്ടത്തല്ല് നടന്നു കൊണ്ടിരിക്കുന്നു. രാജ്യത്തിന് വേണ്ടിയോ രാജ്യത്തെ പരകോടി ജനങ്ങൾക്ക് വേണ്ടിയോ അല്ല നെറികെട്ട കയ്യാം കളികൾ നടന്നു കൊണ്ടിരിക്കുന്നത്. മറിച്ച് പാർട്ടികൾ നടത്തിയ വൻ അഴിമതികൾ വെളിപ്പെടുത്തുന്പോഴാണ് ഓരോ പാർട്ടികളും നടത്തിയ അഴിമതികളുടെ ഏറ്റക്കുറച്ചിലിൽ മാത്രമാണ് ഇവിടെ പ്രശ്നം. വർഷങ്ങൾക്കു മുന്പ് നമ്മുടെ പാർലമെന്റ് മന്ദിരത്തിൽ തീവ്രവാദി ആക്രമണമുണ്ടായി. ധാരാളം നാശ നഷ്ടങ്ങളും ആൾ നാശവും സംഭവിച്ചു. ആക്രമണം നടത്തിയവർക്ക് നമ്മുടെ രാജ്യം അർഹമായ ശിക്ഷ നൽകി കഴിഞ്ഞു. എന്നാൽ ഞാൻ ഇതെഴുതുന്പോഴും ഭരണ സിരാ കേന്ദ്രത്തിൽ വോട്ടു കൊടുത്ത് വിജയിപ്പിച്ചവർ തന്നെയല്ലേ ക്രിമിനൽ വിളയാട്ടം നടത്തുന്നത്. ഇവരെ ഏത് വകുപ്പിൽ പെടുത്തി കൊണ്ടാണ് ശിക്ഷിക്കുക. ഭീകരവാദത്തിന്റെ പേരിലോ അതോ തീവ്രവാദത്തിന്റെ പേരിലോ? അറിയാൻ താൽപ്പര്യമുണ്ട്. അനേകം ക്രിമിനലുകളായ പ്രധിനിധികൾ പാർലമെന്റിലും മറ്റു സഭകളിലും അധികാരം ഉറപ്പിക്കുന്നില്ലേ? ഇവർ അഴിഞ്ഞാടാൻ ലൈസൻസുള്ള ക്രിമിനലുകളാണോ? ഭരണകൂടം കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കപ്പെടാത്തത് കൊണ്ടല്ലേ അഴിഞ്ഞാട്ടങ്ങൾ അരങ്ങേറുന്നത്. ഗൾഫ് പ്രവാസികൾക്ക് വോട്ടവകാശം നിഷേധിക്കപ്പെടുന്നു. വരേണ്യ യൂറോപ്യൻ പ്രവാസികൾക്ക് വോട്ടവകാശവും മന്ത്രിസ്ഥാനവും. രണ്ടു തരം നിയമങ്ങൾ ഭരണകൂടം നടപ്പാക്കുന്പോൾ ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ഭരണക്കാർ തന്നെയാണ് ഉത്തരവാദികൾ. ധാർമ്മികത കൈമോശം വരുന്പോൾ സമൂഹത്തിൽ അരാജകത്വം വർദ്ധിക്കും. നന്മയുടെ വിളക്കണയും, ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് നാടിനെ രക്ഷിക്കാൻ നമുക്ക് ബാധ്യതയില്ലേ. എന്നാൽ സമൂഹത്തിനും രാഷ്ട്രത്തിനും ഗുണകരമായത് ചെയ്യാൻ ഭരണപക്ഷം തയ്യാറാകുന്നുണ്ടോ? കേരളീയ സമൂഹം ഈയിടയായി അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ തുടർച്ചയായി പരാമർശിക്കപ്പെടുന്നത് നമുക്കറിയാം. നമ്മുടെ വാഴ്‌ത്തപ്പെട്ട വികസന മാതൃകയുടെ പേരിലല്ല. മറിച്ച് വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെയും സ്ത്രീകളോടും കുഞ്ഞുങ്ങളോടും ഉള്ള ലൈഗീകതിക്രമങ്ങളുടെയും പേരിലാണ്. ഇക്കഴിഞ്ഞ പൊന്നോണ നാളിൽ കേരളത്തിലെ പല ജില്ലകളിലും രാഷ്ട്രീയ സംഘട്ടനങ്ങൾ പൊട്ടി പുറപ്പെട്ടില്ലേ. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പൂക്കളം തീർക്കുന്നതിനു പകരം രക്തച്ചൊരിച്ചൽ കൊണ്ടല്ലേ കളം വരഞ്ഞത്. എല്ലാ അക്രമത്തിന്റെയും അനീതിയുടെയും പിന്നിൽ മദ്യ മെന്ന വില്ലനല്ലേ പ്രവർത്തിക്കുന്നത്. മദ്യപിച്ചാൽ പിന്നെ പോരിനിറങ്ങണം. ആ പോര് കാട്ടു ജന്തുക്കളോടായിരുന്നില്ല. സ്വന്തം വർഗ്ഗത്തോട് തന്നെയാകണം എന്നതാണ് കാട്ടു നീതിയും. നാടിനെ മദ്യത്തിൽ കുളിപ്പിച്ച് കിടത്താനുള്ള അധികാരി അബ്‌കാരി വർഗ്ഗങ്ങളുടെ കോഴപ്പെട്ടികളുടെ കനം അനുസരിച്ചല്ലേ ബാറുകൾക്ക് അനുമതി നൽകുന്നത്. എത്രയെത്ര അമ്മമാർ ഉറങ്ങാത്ത കൂരകളാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ വിളക്കണയാതെ കണ്ണീർ മഴയിൽ കഴിച്ചു കൂട്ടുന്നത്, അധികാര വർഗ്ഗങ്ങൾക്ക് വോട്ടു പെട്ടിയിൽ മാത്രമല്ല കണ്ണ്. ഈ രോദനങ്ങൾ കാണാനും കേൾക്കാനും മാനവീകത ഉണർത്താനും ഇനിയൊരു പ്രവാചകൻ ദൈവത്തിന്റെ സ്വന്തം നാട്ടിൽ വരാനുണ്ടോ? മദ്യനയം മൂലം തന്റെ അവകാശം ഹനിക്കപ്പെട്ടെന്ന വാദവുമായി ഒരു മദ്യപാനി കേസിൽ കക്ഷി ചേരാൻ കോടതിയിൽ എത്തിയത് കഴിഞ്ഞ ദിവസം പത്രങ്ങളിൽ വായിച്ചവരാണ് നാം. തന്റെ ആരോഗ്യത്തിനു വേണ്ടിയാണ് രണ്ട് പെഗ് മദ്യം എല്ലാ ദിവസവും കുടിക്കുന്നതെന്നും ബാറുകൾ അടച്ചത് മൂലം തനിക്ക് മദ്യപിക്കാൻ കഴിയുന്നില്ലെന്നും ഒരു വക്കീൽ മുഖേന ഇയാൾ കോടതിയെ അറിയിച്ചത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നാണെന്നു നമ്മെ എത്രയധികം ചിന്തിപ്പിക്കുന്നു. എന്നാൽ ഈ ഹർജി തള്ളി കളഞ്ഞതായി കോടതി ഉത്തരവിട്ടത് എനിക്കും നിങ്ങൾക്കും സന്തോഷം പകരുന്നുണ്ട്. ധാർമ്മികത തൊട്ടു തീണ്ടാത്ത വാദവും ഹർജിയും അതിനൊരു വക്കീലും. മദ്യത്തിന്റെയും മദിരാക്ഷിയുടെയും മടിത്തട്ടിൽ ജീവിതം ഹോമിച്ചിരുന്ന ആറാം നൂറ്റാണ്ടിലെ മദ്യപാനികൾ പറഞ്ഞത് “ഞാൻ മരിച്ചാൽ എന്റെ ശരീരം മുന്തിരി വള്ളിക്കടുത്ത് കുഴിച്ചു മൂടണം എന്നായിരുന്നു”. മുന്തിരിവള്ളിയുടെ അടിവേരിൽ നിന്നും ഊറിവരുന്ന മ്ലേച്ചമായ പെഗിന്റെ രുചി ആസ്വദിച്ച ആനന്ദനൃത്തമാടാമെന്നായിരുന്നു. മുകളിൽ പറഞ്ഞ ഹർജിക്കാരൻ മദ്യപാനി ആറാം നൂറ്റാണ്ടിലെ ഏക ശേഷിപ്പുകളിൽ ഒരുവനോ. അതോ ഇനിയും വലുത് മാളത്തിലുണ്ടോ? കഴിഞ്ഞ ആറാം നൂറ്റാണ്ട് തീരങ്ങൾ താണ്ടി കടന്ന് കേരള തീരത്തണഞ്ഞോ ബന്ധപ്പെട്ടവർ വേണ്ടത്ര ജാഗ്രത പാലിക്കുക. പ്രവാസി സമൂഹമേ... നമുക്ക് പ്രതികരിക്കാൻ ബാലറ്റ് പേപ്പർ ഇല്ല. പ്രവാസി രോദനവും അവഗണനയും കേൾക്കാൻ ആരുമില്ല. പ്രവാസി ഇന്ത്യക്കാരെ പ്രധിനിധീകരിക്കുന്ന അനേകം സംഘടനകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇനിയും ജനനായകൻമാർ എന്ന് പറയുന്നവർ നമ്മെ തേടി വിമാനം കയറും. ഒറ്റക്കെട്ടായ് ജാതിയുടെയും മതത്തിന്റെയും അതിർവരന്പുകൾ ഇല്ലാതെ ഒരുമയോടെ അണിനിരക്കേണ്ടതുണ്ട്. “നാവും വിരൽതുന്പുമാണ് നമ്മുടെ ആയുധം” പൊതുവേദിയിലേക്ക് ഇവരെ ആനയിക്കപ്പെടും മുന്പ് നമ്മുടെ നിലപാടുകൾ കൂട്ടമായി ചർച്ച ചെയ്യപ്പെടെണ്ടതുണ്ട്. എന്നിട്ട് പോരെ വാഴ്‌ത്തപ്പെടൽ...
അബൂബക്കർ ഇരിങ്ങണ്ണൂർ