ഇത് കേരളമാണ് ചേട്ടാ...

ലോക സാക്ഷരതാദിനമായിരുന്നു ഇന്നലെ. 1991 ഏപ്രിൽ 18ന്റെ സായാഹ്നത്തിൽ കോഴിക്കോടെ മാനഞ്ചിറ മൈതാനത്തെ നിറഞ്ഞ വേദിയിൽ ആയിഷ ഉമ്മ കൊളുത്തിയ ആ അക്ഷരവിളക്കിന്റെഅഹങ്കാരം ഇപ്പോഴും നമ്മൾ മലയാളികൾ തലയിലേറ്റികൊണ്ടുനടക്കുന്നുണ്ട്. സന്പൂർണ സാക്ഷരത നേടിയ ജനതയായി കേരളം മാറിയത് അന്നായിരുന്നു. ഇന്ന് വർഷങ്ങൾക്കിപ്പുറത്ത് ആ സാക്ഷരത പ്രവർത്തനത്തെ വിലയിരുത്തിയാൽ സാംസ്കാരികമായുള്ള സാക്ഷരത ഇനിയും നമ്മൾ നേടാനിരിക്കുന്നതേയുള്ളൂ എന്ന് മനസ്സിലാകും.
ഒരാഴ്ച്ച മുന്പ് കാഞ്ഞങ്ങാടുള്ള ഫോർ പി.എമ്മിന്റെ ഓഫീസിൽ പോയ നേരത്താണ് മുകളിൽ കണ്ട ചിത്രം ശ്രദ്ധയിൽ പെട്ടത്. വൃത്തിയായി, വെടിപ്പോടു കൂടി വെക്കാൻ ആഗ്രഹിക്കുന്ന ഒരു ഏണിപ്പടിയുടെ ചുവരാണ് ഇത്. അവിടെ പരസ്യം പതിപ്പിക്കരുത് എന്ന വളരെ മാന്യമായ ഒരു അറിയിപ്പ് ആ കെട്ടിടത്തിന്റെ ഉടമ നൽകിയിട്ടുണ്ട്. അതിന്റെ തൊട്ടുതാഴെ ‘‘ഞങ്ങൾ അങ്ങിനെ ചെയ്യുവോ ചേട്ടാ’’ എന്ന കളിയാക്കൽ. ഇത് കാഞ്ഞങ്ങാട് മാത്രം നടക്കുന്ന സംഭവമായി തോന്നുന്നില്ല. മറിച്ച് തലപ്പാടി മുതൽ പാറശാല വരെ നീണ്ടുനിൽക്കുന്ന പടവലങ്ങ പോലെയുള്ള കേരളനാട്ടിലെ ഒട്ടുമിക്ക നഗരങ്ങളിലും, ഗ്രാമങ്ങളിലും ഇത്തരത്തിലുള്ള കളിയാക്കലുകൾ ഉണ്ടാകും. ഇതൊക്കെ കണ്ടുകൊണ്ട് ഇവിടെ സാക്ഷരത കാരണം എന്ത് ഗുണമാണ് ഉണ്ടായത് എന്ന് ചിന്തിച്ചാൽ കുറ്റം പറയാൻ
സാധിക്കുമോ.
ഇതൊക്കെ തമാശയായി കാണണമെന്ന് പറയുന്നവരാണ് പലപ്പോഴും ബഹുഭൂരിപക്ഷം മലയാളികൾ. പക്ഷെ മാനസ്സികമായി വളർച്ചയെത്താത്ത ഒരു സമൂഹത്തിന്റെ നേർചിത്രമായിട്ട് മാത്രമേ ഇത്തരം കാഴ്ച്ചകളെ വിലയിരുത്താൻ സാധിക്കൂ എന്നതാണ് സത്യം. ഇതേ മാനസികാവസ്ഥ കൊണ്ട് തന്നെയാണ് തീവണ്ടികളിലെ ടോയ്ലറ്റുകളിൽ കുട്ടികളെയും കൊണ്ട് കയറാൻ സാധിക്കാത്തത്. അവിടെയും ചുമർ സാഹിത്യം ഗംഭീരമായി നടക്കുന്നു. ഇതൊക്കെ
കാണുന്പോൾ അറിയാതെ ചോദിച്ചു പോകുന്നു എന്തിനാണീ ഈ പഠിപ്പെന്ന്? സന്പൂർണ സാക്ഷരതയുള്ള നാടെന്ന് അഭിമാനിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്ന് ??
രണ്ട് ദിവസം മുന്പ് കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്ക് വന്നത് കെ.എസ്.ആർ.ടി.സി ബസ്സിലായിരുന്നു. പിറകിലെ സീറ്റിൽ എന്റെയൊപ്പം ഇരുന്നത് ഒരു അന്യഭാഷാ തൊഴിലാളിയും. തൃശ്ശൂർ വരെ നല്ല ഉറക്കത്തിലായിരുന്ന അദ്ദേഹത്തിന്റെ ഭാരിച്ച തലയാണെങ്കിൽ എന്റെ ചുമലിലും. പാവം, ഉറങ്ങട്ടെ എന്നു കരുതി ഞാനും സഹിച്ചിരുന്നു. തൃശ്ശൂർ എത്തിയപ്പോൾ ചേട്ടാ എവിടെയെത്തി എന്ന ഒരു ചോദ്യം പച്ച മലയാളത്തിൽ ആ സ്നേഹിതന്റെ വായിൽ നിന്ന് വീണു. നമ്മുടെ മക്കൾക്ക് പോലും ഇത്ര സ്ഫുടമായി മലയാളം പറയാൻ പറ്റുന്നില്ലെന്ന് അദ്ദേഹത്തോട് സംസാരിച്ച് കൊണ്ടിരുന്നപ്പോൾ മനസ്സിലായി. സംസാരിക്കാൻ മാത്രമല്ല മലയാളം എഴുതാനും തനിക്ക് അറിയാമെന്ന് പറഞ്ഞപ്പോൾ ഒരു സംസ്കാരം മറ്റൊരു സംസ്കാരത്തെ ഗതികേട് കൊണ്ടാണെങ്കിലും പഠിച്ചുതുടങ്ങിയിരിക്കുന്നു എന്ന യാഥാർത്ഥ്യം എനിക്ക് ബോധ്യമായി. അദ്ദേഹത്തിന്റെ അടുത്ത ആഗ്രഹം കേരളത്തിൽ നിന്ന് വിവാഹം
കഴിക്കുക എന്നതാണ്. പത്ത് പാസായപ്പോൾ തന്നെ കേരളത്തിലെത്തിയ ഇദ്ദേഹം ഇപ്പോൾ ഏഴ് കൊല്ലമായി ഇവിടെ തന്നെയാണ്. വർഷത്തിലൊരിക്കൽ നാട്ടിൽ പോകും. വംഗദേശത്തിൽ നിന്നും എത്തി ഈ നാടിന്റെ മണ്ണും മണവും ഇഷ്ടപ്പെട്ടു തുടങ്ങുന്ന ആ സുഹൃത്ത്
ആലുവയിൽ ഇറങ്ങി. പിന്നീട് എറണാകുളം എത്തുന്നത് വരേക്കും ഞാൻ ചിന്തിച്ചത് നമ്മുടെ വിദ്യാഭ്യാസ രീതികളെ പറ്റിയാണ്.
ഇന്ന് നമ്മുടെ കുട്ടികളിൽ വലിയൊരു വിഭാഗവും പഠിക്കുന്നത് കേവലം അക്ഷരങ്ങളും, അക്കങ്ങളും മാത്രമാണ്. നവോന്ഥാന കാലഘട്ടം വളർത്തി വലുതാക്കിയ ശാസ്ത്ര ബോധം നമ്മുടെ സമൂഹത്തിൽ നിന്ന് പിൻതിരിഞ്ഞു നടക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം ഇങ്ങിനെ അർത്ഥമറിയാതെ അക്ഷരങ്ങൾ പഠിക്കുന്നത് തന്നെയാണ്.
കേവല അർത്ഥത്തിലുള്ള സാക്ഷരത സത്യത്തിൽ ഇവിടെ അന്ധവി
ശ്വാസങ്ങളെയും അനാചാരങ്ങളെയും വളർത്തുകയാണ്. വിദ്യാഭ്യാസത്തിന്റെ ഈ നിലവാര തകർച്ച തന്നെയാണ് നമ്മുടെ സാംസ്കാരിക സാക്ഷരത വളരാത്തതിന്റെ പ്രധാന കാരണം.
ഇതൊക്കെ പറയുന്പോൾ ഇത് കേരളമാണ് ചേട്ടാ എന്നെങ്കിലും എന്തെങ്കിലും ഒക്കെ ഇവിടെ നടക്കുമോ എന്നൊരു അശിരീരി ഞാനും കേൾക്കുന്നുണ്ട്.. വെറുതെ ഈ മോഹങ്ങൾ എന്നല്ലെ കവി പാടിയത്..അതു കൊണ്ട് വെറുതെ മോഹിക്കുവാൻ ഒരു മോഹം!!