സമയരഥത്തിലെ വിവാദയാത്ര


ലോകത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് ആരാണ് എന്ന ചോദ്യത്തിന് സമയം എന്നതാണ് ഉത്തരം. ആരോടും, ഏത് പദവിയിൽ ഉള്ളതോ എത്ര നിസ്സാരനായതോ ആവട്ടെ, ഒരേ സമീപനം വ്യത്യാസം കൂടാതെ പുലർത്തുന്നത് സമയം മാത്രമാണ്. സമയത്തോട് ഓരോരുത്തരും പുലർത്തുന്ന സമീപനം ജീവിതത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. സമയത്തെ ബഹുമാനപൂർവ്വം പരിഗണിച്ചവർക്ക് മാത്രമേ പിന്നിട്ടുപോന്ന കാലഘട്ടങ്ങളെപ്പറ്റി സംതൃപ്തിയോടെ തിരിഞ്ഞുനോക്കാൻ സാധിക്കൂ. എട്ട് മണിക്കൂർ ഉത്സാഹം എട്ട് മണിക്കൂർ ഉല്ലാസം, എട്ട് മണിക്കൂർ ഉറക്കം എന്നിങ്ങനെ ഒരു ദിവസത്തെ ഭാഗിക്കാൻ പറയാറുണ്ടെങ്കിലും പ്രായോഗിക ജീവിതത്തിൽ അങ്ങിനെയൊന്നും കൃത്യമായല്ല കാര്യങ്ങളുടെ പോക്ക്. ഓരോരുത്തരുടെയും ജീവിതഗതിയനുസരിച്ച് ഈ അനുപാതം മാറിമറിയാറുണ്ട്. എങ്ങിനെയെങ്കിലും ഗുണകരമാവുമെങ്കിൽ ആരോഗ്യത്തെ ബാധിക്കാത്ത ചെറിയ ക്രമവ്യത്യാസങ്ങൾ തെറ്റല്ലതാനും.

ഈ വിലപ്പെട്ട പ്രതിഭാസത്തോട് പലപ്പോഴും നാം സ്വീകരിക്കുന്ന സമീപനം ഉദാസീനവും നീതിരഹിതവുമാണ്. സമയത്തോട് നാം ചെയ്യുന്നതെന്തോ അത് നമ്മിലേയ്ക്ക് തന്നെ തിരിച്ചു വരുന്നു.അങ്ങിനെയാണ് സമയത്തോടുള്ള ഉദാസീനത ജീവിതത്തോടുള്ള ഉദാസീനതയാവുന്നതും സമയത്തോടുള്ള ബഹുമാനം ജീവിതത്തോടുള്ള ബഹുമാനവുമാകുന്നതും. സമയത്തിന് മേൽ സന്പൂർണ്ണ ആധിപത്യം നേടിയവർ ഭൂത വണർത്തമാന, ഭാവി കാലങ്ങളിലൂടെ സഞ്ചരിക്കാൻ പ്രാപ്തിയുള്ളവരാണ്. പ്രവചനങ്ങൾ നടത്തിയവർ അതിന്റെ നിതാന്തഗതിയെ മുൻകൂട്ടി കണ്ടവരാണ്. സമയത്തിന്റെ അനുഭവം പോലും മനസ്സിന്റെ സമീപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. സമയവും സ്പെയിസുമായി ഉള്ള പരസ്പ്പര പൂരകത്വം ശാസ്ത്രലോകം മനസ്സിലാക്കിയതാണ്. സമയത്തിന് അല്ലെങ്കിൽ കാലത്തിന് അതീതമായി മനുഷ്യരാശിക്ക് ചരിക്കാൻ സാധിച്ചാൽ മാത്രമേ സന്പൂർണ ഗോളാന്തരയാത്ര എന്ന ലക്ഷ്യം സാധ്യമാവൂ എന്ന സത്യം ശാസ്ത്രം എന്നേ കണ്ടെത്തിക്കഴിഞ്ഞു. സാമാന്യമായ യുക്തിചിന്തക്ക് അതീതമായ ചില സത്യങ്ങൾ നിഗൂഡമായ പ്രപഞ്ചത്തിന്റെ സങ്കീർണതകളിൽ കുടുങ്ങിക്കിടപ്പുണ്ട്.മനുഷ്യന്റെ സാമാന്യമായ യുക്തിചിന്തയ്ക്കും ബുദ്ധിക്കും അതീതമായ സത്യങ്ങളാണിവ. അവയെ അഭിവീക്ഷണം ചെയ്യാനും വേണ്ടപോലെ ഉൾക്കൊള്ളാനും ഭാവനയുടെ ചൈതന്യം മനസ്സിലുണ്ടാവണം.

ചരിത്രഗതിയിലെല്ലാം സമയത്തിനതീതമായി ചിന്തിച്ചവർ കാലാതീതരായിട്ടുണ്ട്. സമയത്തെ സമർത്ഥമായി വിനിയോഗിച്ചവർക്ക് കാലം വഴിപ്പെട്ടിട്ടുണ്ട്, അവരൊക്കെ സമയത്തെ കടഞ്ഞെടുത്ത സത്യങ്ങൾ ലോകത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലുകളാണ്.പക്ഷെ ഇന്നിന്റെ ലോകം സമയത്തോട് അനുവർത്തിക്കുന്ന നയം പൊതുവായ ദൃഷ്ടിയിൽ ഒട്ടും ആശാസ്യകരമല്ല. സമയം കടഞ്ഞെടുക്കുകയല്ല കുടഞ്ഞു കളയുകയാണ് പലരും ചെയ്യുന്നത്.ജീവിതത്തിന് ഉപകാരപ്പെടുന്നത് ചെയ്യുന്നില്ല എന്നത് മാത്രമല്ല, ഉപദ്രവകരമായ ആശയങ്ങളെ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും സമയം വിനിയോഗിക്കപ്പെടുന്നു. സമൂഹത്തിലെ ഓരോ തുറയിലും പെട്ടവർ സമയത്തോടു അനീതി പുലർത്തി ജീവിക്കുകയാണ്. ഗഹനവും ഉദാത്തവുമായ സമയ ചിന്തകളിൽ നിന്നും താഴേയ്ക്ക് ഇറങ്ങിവരുന്നത് ആഹിതകരമായ അനുഭവമെങ്കിലും ഇന്നത്തെ ജീവിതവുമായി അതിനെ ബന്ധപ്പെടുത്തുവാൻ മറ്റ് മാർഗങ്ങളില്ല.

ഒരു കൂട്ടർ തങ്ങളുടെ ജോലി ചെയ്യുന്നതിലൂടെ മറ്റുള്ളവരുടെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് വൃഥാവിലാകുന്ന സമയത്തെപ്പറ്റി ഇത്രയൊക്കെ ചിന്തിക്കുവാൻ പ്രേരിപ്പിച്ചത്. ക്രിസ്തുവിന് മുന്പ് ആറാം നൂറ്റാണ്ടിൽ ആറ്റം സങ്കൽപ്പത്തെ ബൗദ്ധികമായ മനനം കൊണ്ട് കണ്ടെത്തി ഭാരതീയ മുനിയായ കണാദൻ. ഇന്ന് മഹത്വം ആരിലെങ്കിലും കണ്ടെത്തിയാൽ അതിനെ അണുവായി എങ്ങിനെ ചുരുക്കാം എന്ന കണ്ടുപിടുത്തം നടത്തുന്ന മഹാന്മാർ നമ്മുടെയിടയിൽ ജീവിക്കുകയാണ്.

കഴിഞ്ഞ ദിവസം ചില ന്യൂസ് ചാനലുകൽ നടത്തിയ സുദീർഘമായ ചർച്ച ഈ ചിന്തകൾക്ക് വഴിമരുന്നായി, വിഷയം വെടിക്കെട്ട് അപകടത്തെ തുടർന്ന് പ്രധാനമന്ത്രി നടത്തിയ സന്ദർശനം. അതായിരുന്നു വിവാദ ഫാക്ടറിയിലെ അന്നത്തെ ഉൽപ്പന്നം. അദ്ദേഹം വരാതിരുന്നെങ്കിൽ ചർച്ചയുടെ തലക്കെട്ടിൽ ചെറിയൊരു മാറ്റം വരുമായിരുന്നു. ‘പ്രധാനമന്ത്രിയുടെ സന്ദർശനം’ എന്നത് മാറിയിട്ട് ‘പ്രധാനമന്ത്രിയുടെ അനാസ്ഥ’ എന്നാകുമായിരുന്നു, അത്രമാത്രം. വിവാദ ഫാക്ടറി തൊഴിലാളികളുടെ നിലനിൽപ്പിന്റെ പ്രശ്നമായിരിക്കുന്നു ഇത്. കേരളത്തിലെ മനുഷ്യർക്ക് ഇതൊരു വിവാദമല്ല. ആപത്തുകാലത്ത് സഹായവുമായി വരുന്നതും വിവാദമാക്കിയാൽ ഇനി ആർക്കും ഒരു നന്മയും പ്രവർത്തിക്കാനാവാത്ത നിഷ്ക്രിയാവസ്തയിലേയ്ക്ക് നമുക്ക് പോകേണ്ടി വരും, ഈ നാട്ടിൽ ജീവിച്ചുപോകാൻ. പ്രധാനമന്ത്രി കൂടെക്കൊണ്ടുവന്ന പൊള്ളൽ ചികിത്സാ വിദഗ്ദ്ധരായ ഡോക്ടർമാർ ഈച്ചയും ആട്ടി ഇരിക്കുകയാണെന്ന് വരെ ഒരു മനുഷ്യൻ പറയുന്നത് കേട്ടപ്പോൾ ഇത്തരക്കാരെ കേൾക്കേണ്ടി വരുന്ന അവസ്ഥയിൽ ആത്മനിന്ദ തോന്നിയതിനാൽ ടി.വി സ്വിച്ചോഫ് ചെയ്തു. ഇങ്ങനെ ഒരാൾക്കും ഗുണം ചെയ്യാത്ത ഇത്തരം അപഹാസ്യ ചർച്ചകൾ നടത്തി ജനങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കാൻ ഇവർക്കൊക്കെ ആരാണ് അവകാശം കൊടുത്തത് എന്ന ചോദ്യം മനസ്സിൽ നിറഞ്ഞു. വിവേചനബുദ്ധി ഉപയോഗിക്കുന്നവർക്ക് കാണാതിരിക്കാം.പക്ഷെ പൊതുമാധ്യമങ്ങൾ സമയത്തെ നന്നായി ഉപയോഗിക്കാൻ പ്രേക്ഷകർക്ക് പ്രചോദനം കൊടുക്കാതെ അതിനെ ഏറ്റവും അധമമായി ഉപയോഗിക്കാനുള്ള മാതൃകകൾ കാട്ടിക്കൊടുക്കുന്നത് തികച്ചും അപലപനീയം തന്നെയാണ്, സംശയമില്ല.

You might also like

Most Viewed